ചരിത്രം

വൈപ്പിന്‍കരയുടെ മദ്ധ്യസ്ഥാനത്തിന് അല്പം വടക്കുവശത്തായി സ്ഥിതി ചെയ്യുന്ന ചെറിയ പഞ്ചായത്താണ് കുഴുപ്പിള്ളി. വടക്ക് പള്ളിപ്പുറം പഞ്ചായത്തും, അറബികടലും, തെക്ക് പള്ളിപ്പുറം പഞ്ചായത്തും, അറബികടലും, കിഴക്ക് പള്ളിപ്പുറം പഞ്ചായത്തും പടിഞ്ഞാറ് അറബികടലും അതിര്‍ത്തികളായിട്ടുള്ള ഈ പഞ്ചായത്തിന് 5.76 ച:കി:മീ വിസ്തീര്‍ണ്ണമുണ്ട്. മനപ്പിള്ളി, അയ്യമ്പിള്ളി, ചെറുവൈയ്പ്, തുണ്ടിപ്പുറം എന്നീ നാലുഭാഗങ്ങളിലായി അറിയപ്പെടുന്ന കുഴുപ്പിള്ളി പഞ്ചായത്ത് ഭരണ സൌകര്യത്തിനായി 8 വാര്‍ഡുകളായി തിരിച്ചിരിക്കുന്നു. കൊച്ചി രാജ്യത്ത് പഞ്ചായത്തുകളുടെ രൂപീകരണം സംബന്ധിച്ച ആശയം 1913-ലാണ് ഉദയം ചെയ്യുന്നത്. അങ്ങനെ കൊല്ലവര്‍ഷം 1805 (1913) ധനുമാസത്തില്‍ കൊച്ചിയില്‍ വില്ലേജ് പഞ്ചായത്തുകള്‍ രൂപീകൃതമായി. കുഴിപ്പിള്ളി വില്ലേജിന്റെ ആവിര്‍ഭാവത്തോടുകൂടി ചെറായി ആസ്ഥാനമാക്കി പള്ളിപ്പുറം-കുഴുപ്പിള്ളി ഗ്രൂപ്പ് പഞ്ചായത്ത് നിലവില്‍ വന്നു. ഭരണാധികാരികളുടെ ഇടയില്‍ നിര്‍ണ്ണായകമായ സ്വാധീനം ചെലുത്തുവാന്‍ കഴിവുണ്ടായിരുന്ന കുഴുപ്പിള്ളിയിലെ അന്നത്തെ പ്രബലരുടേയും ഉദ്യോഗസ്ഥരുടേയും പരിശ്രമഫലമായി സബ്ബ് രജിസ്ട്രാര്‍ ഓഫീസ്, വില്ലേജ് ഓഫീസ്, പോസ്റ്റോഫീസ്, അഞ്ചലാഫീസ്, സര്‍ക്കാര്‍ ആശുപത്രി മുതലായ പൊതുസ്ഥാപനങ്ങള്‍ വളരെക്കാലങ്ങള്‍ക്കു മുമ്പുതന്നെ സ്ഥാപിക്കുവാന്‍ കഴിഞ്ഞു. എം.സി.പൌലോസ് പള്ളിപ്പുറം കുഴുപ്പിള്ളി ഗ്രൂപ്പ് പഞ്ചായത്തിന്റെ പ്രസിഡന്റായിരുന്നപ്പോള്‍ കുഴുപ്പിള്ളിക്ക് തനതായി ഒരു പഞ്ചായത്ത് വേണമെന്നുള്ള ആശയത്തിന് ആക്കം കൂടി. അങ്ങനെ 1962 ജനുവരി 1-ാം തീയതി കുഴുപ്പിള്ളി പഞ്ചായത്ത് നിലവില്‍ വന്നു. പള്ളത്താംകുളങ്ങര ക്ഷേത്രത്തിന് പടിഞ്ഞാറുവശത്തുള്ള വാടക കെട്ടിടത്തില്‍ (കോനേരി ബില്‍ഡിങ്സ്) പഞ്ചായത്ത് പ്രവര്‍ത്തനമാരംഭിച്ചു. തിരഞ്ഞെടുക്കപ്പെട്ട കമ്മിറ്റിയുടെ അഭാവത്തില്‍ പഞ്ചായത്ത് ഇന്‍സ്പെക്ടറുടെ കീഴിലായിരുന്നു ഭരണം. 1963 ഒക്ടോബര്‍ അവസാനത്തില്‍ നടന്ന പൊതു പഞ്ചായത്ത് തിരഞ്ഞെടുപ്പിലാണ് കുഴുപ്പിള്ളി പഞ്ചായത്ത് ആദ്യമായി ഭാഗഭാക്കായത്. കുഴുപ്പിള്ളി പഞ്ചായത്തിന്റെ പ്രഥമ പ്രസിഡന്റായി പൌലോസ് പുതുവയെ പ്രതിനിധികള്‍ തെരഞ്ഞെടുത്തു. നീണ്ട 16 വര്‍ഷം പ്രസിഡന്റ് പദവിയലങ്കരിച്ചിരുന്നു. പൌലോസ് പുതുവ പാവങ്ങളുടെ പടത്തലവന്‍ എന്ന അപരനാമധേയത്താലാണ് അറിയപ്പെടുന്നത്. ആദ്യമായി വാടകക്കെട്ടിടത്തില്‍ നിന്ന് പഞ്ചായത്താഫീസിനെ സ്വന്തമായി നിര്‍മ്മിച്ച കെട്ടിടത്തിലേക്ക് മാറ്റി സ്ഥാപിച്ചു. ആദ്യപടിയെന്ന നിലയില്‍ ബീച്ചു റോഡിലേക്കുള്ള പള്ളത്താംകുളങ്ങര അമ്പലവെളി റോഡിന്റെ പടിഞ്ഞാറെ അറ്റത്തുള്ള കലുങ്കു മുതല്‍ 31 സമാജത്തിന്റെ ചിറ വരെയുള്ള കടപ്പുറം റോഡ് ക്രാഷ് പ്രോഗ്രാമില്‍ ഉള്‍പ്പെടുത്തി നിര്‍മ്മിച്ചു. ചെറുവൈയ്പ്പ് ബോട്ടു ജെട്ടിയിലേക്കുള്ള പടിക്കച്ചിറ ഭാഗം വീതിക്കൂട്ടി സൈഡ്വാള്‍ കെട്ടിച്ചതും ചോയ്സ് കമ്പിനിയുടെ സമീപത്തുള്ള ഏണിപ്പടി കലുങ്കും ചെറുവൈപ്പിലെ ഏണിപ്പടിപ്പാലവും ഉടച്ച് ഇന്നത്തെ നിലയിലാക്കിയതും പൌലോസിന്റെ കാലഘട്ടത്തിലാണ്.കുഴുപ്പിള്ളി പഞ്ചായത്ത് നിവാസികളുടെ കലാസ്വാദന കഴിവിന് ചരിത്രത്തോളം തന്നെ പഴക്കമുണ്ട്. നിശബ്ദചലചിത്രങ്ങളുടെ കാലഘട്ടത്തില്‍ കുഴുപ്പിള്ളിയുടെ വടക്കേ അറ്റത്ത് അയ്യംമ്പിള്ളിയില്‍ ഇപ്പോഴത്തെ ജെ.എം.എസ് ഷെഡ്ഡ് പ്രവര്‍ത്തിക്കുന്ന സ്ഥാനത്തുണ്ടായിരുന്ന പോള്‍തിയേറ്ററും അതിനുശേഷം പള്ളത്താംകുളങ്ങരയില്‍ വന്ന എല്‍.വി.തിയേറ്ററും ചരിത്രത്തില്‍ നിന്നും മാഞ്ഞുപോയ കലാസ്വാദന കേന്ദ്രങ്ങളായിരുന്നു. ശബ്ദചിത്രങ്ങളുടെ പരിവര്‍ത്തനദിശയില്‍ ഏതാനും ശബ്ദചിത്രങ്ങളും പോള്‍തിയേറ്ററില്‍ പ്രദര്‍ശിപ്പിച്ചിരുന്നു. 1953-ല്‍ ടി.വി.അനന്തന്‍ വക്കീലിന്റെ നേത്യത്വത്തില്‍ പള്ളത്താംകുളങ്ങരയില്‍ സ്ഥാപിച്ച ശ്യാമപ്രസാദ് മുഖര്‍ജി സ്മാരക ഗ്രന്ഥശാല കുഴുപ്പിള്ളിയുടെ സാംസ്കാരിക ചരിത്രത്തില്‍ വെള്ളിനക്ഷത്രമായി പ്രശോഭിക്കുന്നു. പ്രൊഫഷണല്‍ നാടകരംഗത്തേക്ക് വളര്‍ന്ന ബാലന്‍ അയ്യമ്പിള്ളിയുടെയും ചന്ദ്രന്‍ മാസ്റ്ററുടെയും നേത്യത്വത്തില്‍ രൂപം കൊടുത്ത റിബല്‍സ് അയ്യമ്പിള്ളി യെന്ന നാടകസമിതി കലാസാംസ്കാരികരംഗത്തേക്കുള്ള ആശാവഹമായ ചുവടു വെയ്പ്പായിരുന്നങ്കിലും ചുരുങ്ങിയ കാലങ്ങള്‍ക്കുള്ളില്‍ പ്രവര്‍ത്തനം നിലച്ചു പോയി. നേതാജി മെമ്മോറിയല്‍ വായനശാല, സീഗോഡ് വായനശാല, സിതാര വായനശാല എന്നീ വായനശാലകളും പഞ്ചായത്തില്‍ പ്രവര്‍ത്തിച്ചിരുന്നു.പ്രധാനക്ഷേത്രോത്സവങ്ങളിലെല്ലാം നാനാ ജാതിമതസ്ഥര്‍ ഒത്തൊരുമയോടെ പങ്കെടുക്കുന്നു. യാക്കോബായ വിഭാഗക്കാരുടെ സെന്റ് ജോണ്‍സ് പള്ളി അതിപുരാതനമായ ദേവാലയമാണ് പുരാതന വാസ്തു ശില്പ രീതിയിലാണ് ഇതിന്റെ നിര്‍മ്മാണം. ജനുവരി മാസത്തില്‍ പെരുന്നാളോഘോഷം നടക്കുന്നു. കുഴുപ്പിള്ളി സെന്റ് അഗസ്റ്റിന്‍സ് ദേവാലയത്തിലേയും ചെറുവൈപ്പ് അമലോത്ഭവ മാതാ ദേവാലയത്തിലേയും പെരുന്നാളോഘോഷങ്ങള്‍ ഉത്സവപ്രതീതി സ്യഷ്ടിക്കുന്നു. ഉടുക്കുപാട്ട്, കൈകൊട്ടിക്കളി, ഭീമന്‍കഥ (കഥകളിയുടെ അനുബന്ധരൂപം) എന്നിവയാണ് പഞ്ചായത്തിലെ നാടന്‍ കലകള്‍. ഇതില്‍ ആദ്യകാലത്തുണ്ടായിരുന്ന ഭീമന്‍ കഥ എന്ന കലാരൂപം നിലച്ചുപോയി. പത്രമാസികകളുടെ ആദ്യപ്രചാരകേന്ദ്രം എസ്.പി. മുഖര്‍ജി വായനശാലയാണ്.