ചരിത്രം

സാമൂഹ്യസാംസ്കാരികചരിത്രം

നൂറ്റാണ്ടുകളുടെ പഴമയും പെരുമയുമുള്ള ഹൈന്ദവദേവാലയമാണ് ഈ പഞ്ചായത്തിലുള്ള പുല്ലഞ്ചരി ശ്രീവിഷ്ണുക്ഷേത്രം. കിഴിശ്ശേരി ജുമാമസ്ജിദാണ് പഞ്ചായത്തിലെ ഏറ്റവും പ്രധാനപ്പെട്ട മുസ്ലിംപള്ളി. സൂഫീവര്യനായി കരുതപ്പെടുന്ന മുഹിയുദ്ധീന്‍ മുസ്ലിയാരുടെ മഖ്ബറ ഇവിടെയാണ് സ്ഥിതി ചെയ്യുന്നത്. അക്യൂപങ്ച്ചര്‍ ചികിത്സാ സമ്പ്രദായത്തിന്‍റെ ഒരു പ്രാകൃതരൂപമെന്നു പറയാവുന്ന “കൊമ്പുവൈദ്യം” എന്നൊരു ചികിത്സാരീതി മുന്‍കാലത്ത് ഈ പ്രദേശങ്ങളില്‍ പ്രചാരത്തിലുണ്ടായിരുന്നു. രോഗബാധിതമായ ഭാഗത്ത് ചെറിയ മുറിവുണ്ടാക്കി കാളക്കൊമ്പിലൂടെ അശുദ്ധരക്തം വലിച്ചെടുത്ത് രോഗം ഭേദമാക്കുന്നതായിരുന്നു ഈ രീതി. ഈ രംഗത്ത് പ്രശസ്തനായിരുന്നു കുറ്റിക്കാട്ടില്‍ മാമുസാഹിബ്. ഈ പഞ്ചായത്തില്‍ ഇന്ന് നിലവിലുള്ള ഏറ്റവും പഴക്കമുള്ള വിദ്യാലയം കിഴിശ്ശേരി ജി.എല്‍.പി.സ്കൂളാണ്. 1920 ജൂണ്‍ മാസത്തിലാണ് ഇത് സ്ഥാപിക്കപ്പെടുന്നത്.പിന്നീട് 1926-ല്‍ പുളിയക്കോടും 1928-ല്‍ മേലേ കിഴിശ്ശേരിയിലും വിദ്യാലയങ്ങള്‍ സ്ഥാപിക്കപ്പെട്ടു. 1953-ല്‍ തുടങ്ങിയ ഗണപത് സ്കൂളാണ് ആദ്യത്തെ അപ്പര്‍ പ്രൈമറി സ്കൂള്‍. 1966-ലാണ് കുഴിമണ്ണ ഹൈസ്കൂള്‍ സ്ഥാപിക്കപ്പെട്ടത്. കുഴിമണ്ണ പഞ്ചായത്തിനു പുരാതനമായൊരു സാംസ്കാരിക പാരമ്പര്യമുണ്ട്. നാടകസംഘങ്ങള്‍, കോല്‍ക്കളിസംഘങ്ങള്‍, പരിചമുട്ടുകളി, ചവിട്ടുകളി, കാളപൂട്ട്, പഞ്ചവാദ്യം, അറവനമുട്ട്, ദഫ്മുട്ട്, കല്ല്യാണപാട്ടുകള്‍ എന്നിവയ്ക്ക് ഈ പ്രദേശം പ്രസിദ്ധമായിരുന്നു. പഞ്ചായത്തിലുള്ള രണ്ട് ഗ്രന്ഥശാലകളും 1958-ല്‍ തുടങ്ങിയതാണ്. “കൊണ്ടോട്ടി നേര്‍ച്ച”യായിരുന്നു പഞ്ചായത്തിന്റെ ദേശീയോത്സവമെന്നറിയപ്പെട്ടിരുന്നത്. കൊണ്ടോട്ടിനേര്‍ച്ചയിലെ പെട്ടിവരവുകളില്‍ പ്രധാനപ്പെട്ടതായിരുന്നു കുഴിമണ്ണക്കാരൂടെ നേര്‍ച്ച. താളമേളങ്ങളും, അഭ്യാസപ്രകടനങ്ങളും, കരിമരുന്ന് പ്രയോഗങ്ങളും കൊണ്ട് വര്‍ണ്ണാഭമായി കൊണ്ടാടുന്ന പെട്ടിവരവ് ജാതിമതഭേദമെന്യേ എല്ലാവരും ആഘോഷിക്കുന്നു. മതസൌഹാര്‍ദ്ദം ഊട്ടിയുറപ്പിക്കുന്നതിനു കൊണ്ടോട്ടി നേര്‍ച്ച നല്‍കിവരുന്ന സംഭാവന വളരെ വലുതാണ്.അത് പോലെ കൃഷിക്കാരുടെയും നാട്ടുകാരുടെയും ആവേശമായ വേറൊരു മല്‍സരമാണ് കാളപൂട്ടു മല്‍സരം.