പഞ്ചായത്തിലൂടെ

കുഴല്‍മന്ദം - 2010

ഒരു കാര്‍ഷിക മേഖലയായ കുഴല്‍മന്ദം പഞ്ചായത്ത് ഭൂപ്രകൃതി അനുസരിച്ച് ഇടനാട് മേഖലയില്‍ വരുന്ന പ്രദേശമാണ്. പാലക്കാട് ജില്ലയുടെ കിഴക്കുഭാഗത്ത് ഉളള കുഴല്‍മന്ദം പഞ്ചായത്തില്‍ അധികവും കറുത്ത കോട്ടണ്‍മണ്ണാണ് ഉളളത്. പരുത്തികുന്ന്, വെള്ളപ്പാറകുന്ന്, മലയഭഗവതികുന്ന് എന്നീ ചെറിയ കുന്നുകള്‍ ഒഴിച്ചാല്‍ ബാക്കി സമതലപ്രദേശമാണ്. 1956 വരെ മഴയെ മാത്രം ആശ്രയിച്ചാണ് കൃഷി ചെയ്തിരുന്നത്. അതിനു ശേഷം മലമ്പുഴയില്‍ നിന്നുള്ള വെള്ളം ലഭ്യമായി തുടങ്ങി. മുഖ്യമായും നെല്‍കൃഷിയാണ് പഞ്ചായത്തിലുള്ളത്. തെങ്ങ്, വാഴ, മരച്ചീനി, റബ്ബര്‍, കുരുമുളക് എന്നിവയും കൃഷി ചെയ്യുന്നുണ്ട്. പയര്‍, പച്ചക്കറികള്‍ എന്നിവ ഇടവിളയായും കൃഷി ചെയ്തു വരുന്നു. മലമ്പുഴ ലെഫ്റ്റ്ബങ്ക് കനാല്‍ വഴിയാണ് മലമ്പുഴയിലെ വെള്ളം ലഭ്യമാകുന്നത്. കൃഷിക്കുള്ള ജലസ്രോതസ്സുകള്‍ എന്ന നിലയില്‍ 112 കുളങ്ങള്‍ ഈ പഞ്ചായത്തിലുണ്ട്. 1987-ലാണ് പഞ്ചായത്തില്‍ കൃഷിഭവന്‍ ആരംഭിച്ചത്. കുളവന്‍മുക്കിലാണ് കൃഷിഭവന്‍ പ്രവര്‍ത്തിക്കുന്നത്. മൃഗചികിത്സാരംഗത്ത് നിലവിലുള്ള സര്‍ക്കാര്‍ മൃഗാശുപത്രി ചന്തപ്പുരയില്‍ സ്ഥിതി ചെയ്യുന്നു.  1954 മേയ് 24 നാണ് കുഴല്‍മന്ദം ഗ്രാമപഞ്ചായത്ത് നിലവില്‍ വന്നത്. 30.65 ച.കി.മീറ്റര്‍ വിസ്തൃതിയുള്ള പഞ്ചായത്തിലെ ജനസംഖ്യ 26680 ആണ്. ഇതില്‍ 13742 പേര്‍ സ്ത്രീകളും, 12988 പേര്‍ പുരുഷന്‍മാരും ആണ്. മൊത്തം വിസ്തൃതിയുടെ 10% ത്തോളം വനമേഖലയാണ്. 100% സാക്ഷരതാനിരക്കുള്ള പഞ്ചായത്താണ് കുഴല്‍മന്ദം പഞ്ചായത്ത്. കുടിവെള്ളത്തിനായി പഞ്ചായത്തിലെ ജനങ്ങള്‍ കിണറുകളെയാണ് പ്രധാനമായും ആശ്രയിക്കുന്നത്. 47 പൊതുകിണറുകള്‍ പഞ്ചായത്തില്‍ ഉണ്ട്. കൂടാതെ 325 പൊതു ടാപ്പുകളിലൂടെ കുടിവെള്ളവിതരണം നടത്തിവരുന്നുണ്ട്. 378 തെരുവുവിളക്കുകള്‍ പഞ്ചായത്തിനെ രാത്രികാലങ്ങളില്‍ പ്രകാശമാനമാക്കുന്നു. പൊതുവിതരണ രംഗത്ത് 6 റേഷന്‍ കടകളും ഒരു മാവേലിസ്റോറുമാണ് പഞ്ചായത്തിലുള്ളത്. പുല്‍പ്പൂരമന്ദം, കുഴല്‍മന്ദം എന്നിവിടങ്ങളിലാണ് വില്ലേജ് ഓഫീസുകള്‍ പ്രവര്‍ത്തിക്കുന്നത്. ചന്തപ്പുരയിലാണ് വൈദ്യുതി ബോര്‍ഡിന്റെ ഓഫീസ്. ചന്തപ്പുരയില്‍ ടെലിഫോണ്‍ എക്സ്ചേഞ്ചും പ്രവര്‍ത്തിക്കുന്നുണ്ട്. ബി.എസ്.എന്‍.എല്ലിന്റെയും തപാല്‍ വകുപ്പിന്റെയും ഓഫീസുകള്‍ പഞ്ചായത്തിലെ കേന്ദ്രസര്‍ക്കാര്‍ സ്ഥാപനങ്ങളാണ്. ക്രമസമാധാന പാലനത്തിനായി ഒരു പോലീസ് സ്റേഷന്‍ കുഴല്‍മന്ദത്ത് പ്രവര്‍ത്തിക്കുന്നു. സ്വകാര്യ ഉടമസ്ഥതയില്‍ മൂന്നു കല്ല്യാണമണ്ഡപങ്ങളും പഞ്ചായത്തില്‍ ഉണ്ട്. പഞ്ചായത്ത് ഓഫീസ്, സബ് രജിസ്ട്രാര്‍ ഓഫീസ്, 19ഓളം സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ എന്നിവ പഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്നു. കാര്‍ഷിക മേഖലയില്‍ മുന്നിലുള്ള കുഴല്‍മന്ദം പഞ്ചായത്തില്‍ പരമ്പരാഗത വ്യവസായങ്ങളും ചെറുകിട വ്യവസായ യൂണിറ്റുകളുമാണുള്ളത്. മണ്‍പാത്ര നിര്‍മ്മാണം, മുള ഉത്പന്നങ്ങളുടെ നിര്‍മ്മാണം എന്നിവയാണ് പരമ്പരാഗത വ്യവസായങ്ങള്‍. ചെറുകിട വ്യവസായരംഗത്ത് പ്രധാനമായി ഉളളത് കൈത്തറിയാണ്. കാര്‍ഷിക രംഗത്ത് മുന്നില്‍ നില്‍ക്കുന്ന ഗ്രാമമായതിനാല്‍ ഇവിടെ കാര്‍ഷികാനുബന്ധ വ്യവസായങ്ങള്‍ക്ക് ധാരാളം സാധ്യതകള്‍ ഉണ്ട്. പ്രാദേശിക വ്യവസായ സംരംഭങ്ങള്‍ക്ക് പ്രോല്‍സാഹനം നല്‍കി വ്യവസായരംഗത്തും പഞ്ചായത്തിന് മുന്നറാനാകും. ഹിന്ദുസ്ഥാന്‍ പെട്രോളിയത്തിന്റെയും, ഇന്‍ഡ്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെയും 2 പെട്രോള്‍ബങ്കുകള്‍ പഞ്ചായത്തിലുണ്ട്. ഒരു ഗ്യാസ് ഏജന്‍സിയും നിലവിലുണ്ട്. കുഴല്‍മന്ദത്തെ ആദ്യ വിദ്യാലയം കണ്ണനൂരില്‍ സ്ഥാപിതമായ സംസ്കൃത വിദ്യാലയമാണ്. 1915-ലാണ് ഈ വിദ്യാലയം ആരംഭിച്ചത്. ഇപ്പോള്‍ ഒരു ഹൈസ്കൂള്‍ അടക്കം 8 വിദ്യാലയങ്ങള്‍ ഇവിടെയുണ്ട്. സി.എ.ഹൈസ്കൂള്‍ 1953-ലാണ് സ്ഥാപിച്ചത്. സര്‍ക്കാര്‍ മേഖലയില്‍ ജി.ബി.എല്‍.പി.എസ് പെരുകുന്നം, ജി.എല്‍.പി.എസ്. കളപ്പെട്ടി, ജി.ബി.യു.പി.എസ്. കുളവന്‍മുക്ക് എന്നിവയാണ് ഉള്ളത്. സ്വകാര്യ മേഖലയില്‍ സി. എ. ഹൈസ്കൂള്‍ ഉള്‍പ്പെടെ അഞ്ച് വിദ്യാലയങ്ങള്‍ പ്രവര്‍ത്തിക്കുന്നു. ഒരു സര്‍ക്കാര്‍ ഐ.ടി.ഐ പഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്‍ഡ്യയുടെയും, യൂണിയന്‍ ബാങ്കിന്റെയും ഒരു ശാഖ കുഴല്‍മന്ദം പഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്നു. പാലക്കാട് ജില്ലാ സഹകരണ ബാങ്ക്, കുഴല്‍മന്ദം സര്‍വ്വീസ് സഹകരണബാങ്ക് എന്നിവ സഹകരണമേഖലയിലെ പ്രധാന സ്ഥാപനങ്ങളാണ്. സേലം-കന്യാകുമാരി ദേശീയപാത ഈ പഞ്ചായത്തിലൂടെ കടന്നു പോകുന്നു. കുഴല്‍മന്ദത്തിന്റെ വികസനത്തിന് ഈ ദേശീയപാത വളരെയധികം ഗുണം ചെയ്തിട്ടുണ്ട്. ഇതിനു പുറമെ പൊതുമരാമത്ത് വകുപ്പിനു കീഴിലും റോഡുകള്‍ ഉണ്ട്. കുളവന്‍മുക്ക്-കുന്നത്തൂര്‍, കുഴല്‍മന്ദം-കൊടുവായൂര്‍, പെരിങ്കുന്നം റോഡ് മുതലായവ പൊതുമരാമത്ത് വകുപ്പിനു കീഴിലുള്ള റോഡുകളാണ്. അലത്തര, പാലക്കാട് ബസ് സ്റ്റാന്റുകളാണ് റോഡ് ഗതാഗതത്തിന്റെ കേന്ദ്രം. പഞ്ചായത്തിനോട് ഏറ്റവും അടുത്ത റെയില്‍വേ സ്റ്റേഷന്‍ പാലക്കാട് റെയില്‍വേ സ്റ്റേഷനാണ്. ഏറ്റവും അടുത്ത വിമാനത്താവളം കോയമ്പത്തൂരാണ്. കുഴല്‍മന്ദം പഞ്ചായത്തിലെ പ്രധാനപ്പെട്ട വ്യാപാരകേന്ദ്രം ചന്തപ്പുരയാണ്. പ്രധാന മാര്‍ക്കറ്റും ചന്തപ്പുര തന്ന. പണ്ടു മുതല്‍ക്കേ ഉള്ള ഒരു പ്രതിവാരചന്തയും ഇവിടെയുണ്ട്. ഇവിടയുളള കന്നുകാലി ചന്തയും പ്രസിദ്ധമാണ്. ഹിന്ദു, മുസ്ളീം, ക്രിസ്ത്യന്‍ വിഭാഗത്തില്‍പെട്ട ജനങ്ങള്‍ അധിവസിക്കുന്ന പ്രദേശമാണ് കുഴല്‍മന്ദം പഞ്ചായത്ത്. ഇവരുടെ ആരാധനാകേന്ദ്രങ്ങളായി അനേകം ക്ഷേത്രങ്ങളും പള്ളികളും ഉണ്ട്. അഴകൊത്ത മഹാദേവക്ഷേത്രം, വടക്കുംനാഥക്ഷേത്രം, മരുതൂര്‍ ശ്രീകൃഷ്ണക്ഷേത്രം, മലയഭഗവതിക്ഷേത്രം എന്നിവ ഇവിടുത്തെ പ്രധാന ക്ഷേത്രങ്ങളാണ്. കുറുംബക്കാവ് ക്ഷേത്രത്തിലെ മീനത്തിലുത്രാടം വേല പ്രസിദ്ധമാണ്. കുഴല്‍മന്ദം കേന്ദ്രമായുള്ള അയ്യപ്പന്‍ വിളക്ക് എല്ലാ മതവിഭാഗങ്ങളുടെയും ആഘോഷമാണ്. അഴകൊത്ത മഹാദേവക്ഷേത്രത്തിലെ ആറാട്ടുല്‍സവം, കാളിമുത്തിക്കാവിലെ വിഷുവേല എന്നിവ ഇവിടത്തെ മറ്റ് ആഘോഷങ്ങളാണ്. പള്ളിനേര്‍ച്ചയോടനുബന്ധിച്ച് കുഴല്‍മന്ദത്ത് നിന്ന് തെരുവത്ത് പള്ളിയിലേക്ക് പോകുന്ന നേര്‍ച്ചയില്‍ എല്ലാ മതവിഭാഗങ്ങളും പങ്കെടുക്കുന്നു. പ്രമുഖ സ്വാതന്ത്യ്രസമര സേനാനി എം. അബ്ദുള്ള സാഹിബ് പഞ്ചായത്തിന്റെ ഓര്‍മ്മകളില്‍ ഇന്നും നിറഞ്ഞു നില്‍ക്കുന്നു. പഞ്ചവാദ്യത്തിലെ വിഖ്യാത കലാകാരനായ ചിതലി രാമമാരാര്‍ക്ക് ജന്മം നല്‍കിയ നാടാണ് കുഴല്‍മന്ദം. കണ്യാര്‍കളിയുടെ ആദ്യകാല ആചാര്യന്‍മാരിലൊരാളായിരുന്നു എ.കൃഷ്ണന്‍ ആശാരി. പ്രശസ്ത മദ്ദള വിദ്വാന്‍ കുഴല്‍മന്ദം രാമകൃഷ്ണന്‍ കുഴല്‍മന്ദത്തെ ലോകമെങ്ങും പ്രശസ്തമാക്കിയ കലാകാരനാണ്. പുല്‍പ്പൂരമന്ദത്തുള്ള തപോമന സ്മാരക ഗ്രന്ഥാലയം നല്ല നിലയില്‍ പ്രവര്‍ത്തിച്ചു വരുന്നു. പ്രിയങ്ക റീഡിംഗ് റൂം ആന്റ് ലൈബ്രറി, നാഷണല്‍ റീഡിംഗ് റൂം, എ.കെ.ജി സ്മാരക വായനശാല, ശ്രീനാരായണ വായനശാല എന്നിവയും ഇവിടെ പ്രവര്‍ത്തിക്കുന്നു. കുഴല്‍മന്ദത്തെ സാംസ്കാരിക പ്രവര്‍ത്തനങ്ങളില്‍ സജീവമായ ഏഴോളം കലാസാംസ്കാരികസമിതികള്‍ ഇവിടെയുണ്ട്. സംഗമ യുവജനവേദി, പച്ചിലക്കാട് സാംസ്കാരിക നിലയം, കൃഷ്ണപിള്ള സാംസ്കാരിക കലാസമിതി എന്നിവ അവയില്‍ ചിലതാണ്. കുഴല്‍മന്ദം പഞ്ചായത്തില്‍ ആരോഗ്യസേവന രംഗത്ത് അലോപ്പതി, ആയൂര്‍വേദം എന്നീ രീതികള്‍ നിലവിലുണ്ട്. 1952-ലാണ് പ്രാഥമിക ആരോഗ്യകേന്ദ്രം കുഴല്‍മന്ദത്ത് സ്ഥാപിക്കപ്പെട്ടത്. 1995-ല്‍ പ്രസ്തുത സ്ഥാപനം സാമൂഹ്യ ആരോഗ്യകേന്ദ്രമായി ഉയര്‍ത്തി. ചിതലി, തെച്ചുള്ളി, പെരുകുന്നം എന്നിവിടങ്ങളിലും പി.എച്ച്.സി.കള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ആയുര്‍വേദ രംഗത്തെ സ്ഥാപനമാണ് കുഴല്‍മന്ദത്തെ ആയുര്‍വേദ ആശുപത്രി. അടിയന്തിര ആവശ്യത്തിനായി കുഴല്‍മന്ദത്ത് ആംബുലന്‍സ് സേവനവും ലഭ്യമാണ്.