കുഴല്‍മന്ദം

പാലക്കാട് ജില്ലയില്‍ ആലത്തൂര്‍, പാലക്കാട് താലൂക്കുകളിലായാണ് കുഴല്‍മന്ദം ബ്ളോക്ക് പഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. കോട്ടായി, കുത്തന്നൂര്‍, കുഴല്‍മന്ദം, മാത്തൂര്‍, പെരുങ്ങോട്ടുകുറിശ്ശി, തേങ്കുറുശ്ശി, കണ്ണാടി എന്നീ ആറു ഗ്രാമപഞ്ചായത്തുകള്‍ ഉള്‍പ്പെടുന്നതാണ് കുഴല്‍മന്ദം ബ്ളോക്ക് പഞ്ചായത്ത്. കോട്ടായി, കുത്തന്നൂര്‍, കുഴല്‍മന്ദം, മാത്തൂര്‍, പെരിങ്ങോട്ടുകുറിശ്ശി, തെങ്കുറിശ്ശി, കണ്ണാടി എന്നീ വില്ലേജുകളിലായി വ്യാപിച്ചുകിടക്കുന്ന കുഴല്‍മന്ദം ബ്ളോക്ക് പഞ്ചായത്തിന് 192.12 ചതുരശ്രകിലോമീറ്റര്‍ വിസ്തീര്‍ണ്ണവും 13 ഡിവിഷനുകളുമുണ്ട്. വടക്കുഭാഗത്ത് ഒറ്റപ്പാലം, പാലക്കാട് ബ്ളോക്കുകളും, പാലക്കാട് മുനിസിപ്പാലിറ്റിയും, യാക്കരപ്പുഴയും, കിഴക്കുഭാഗത്ത് മലമ്പുഴ, കൊല്ലങ്കോട് ബ്ളോക്കുകളും, തെക്കുഭാഗത്ത് ആലത്തൂര്‍, നെന്മാറ ബ്ളോക്കുകളും, പടിഞ്ഞാറുഭാഗത്ത് പഴയന്നൂര്‍ (തൃശ്ശൂര്‍ ജില്ല), ഒറ്റപ്പാലം, പാലക്കാട് ബ്ളോക്കുകളുമാണ് കുഴല്‍മന്ദം ബ്ളോക്ക് പഞ്ചായത്തിന്റെ അതിരുകള്‍. കാടും മലയും കുന്നിന്‍ പ്രദേശങ്ങളും സമതലങ്ങളും വയല്‍പ്രദേശങ്ങളും നിറഞ്ഞതാണ് കുഴല്‍മന്ദം ബ്ളോക്കുപ്രദേശത്തിന്റെ പൊതുഭൂപ്രകൃതി. ഈ പ്രദേശത്ത് കൂടുതലും പുളിരസമുള്ള പശിമരാശി മണ്ണും, കളിമണ്ണും ചേര്‍ന്നു കാണപ്പെടുന്നു. 1956-ലാണ് കുഴല്‍മന്ദം എന്‍.ഇ.എസ് ബ്ളോക്ക് ആയി രൂപീകൃതമായത്. പരമ്പരാഗത വ്യവസായങ്ങളായ മരപ്പണി, സ്വര്‍ണ്ണപ്പണി, ഇരുമ്പുപണി, മുളപ്പണി, ഓട്ടുപാത്ര നിര്‍മ്മാണം, മണ്‍പാത്ര നിര്‍മ്മാണം എന്നിവയാണ് ഈ ബ്ളോക്കിലെ പരമ്പരാഗത തൊഴില്‍മേഖലകള്‍. നാഷണല്‍ ഹൈവേ-47 കുഴല്‍മന്ദം ബ്ളോക്കുപ്രദേശത്തിലൂടെ കടന്നുപോകുന്നുണ്ട്. കുഴല്‍മന്ദം ചന്തയ്ക്ക് 150 വര്‍ഷത്തിലധികം പഴക്കമുണ്ടെന്ന് പറയുന്നു. കന്നുകാലി വ്യവസായമായിരുന്നു ഇവിടുത്തെ പ്രധാന കച്ചവടം. ഒരു സമ്പൂര്‍ണ്ണ കാര്‍ഷികമേഖലയായ കുഴല്‍മന്ദം ബ്ളോക്ക് സമൃദ്ധമായ ജലശേഖരങ്ങളുള്ള നാടാണ്. പ്രധാന ജലസേചന പദ്ധതികളായ മലമ്പുഴ, ചിറ്റൂര്‍പുഴ എന്നിവയുടെ ആയക്കെട്ടു പ്രദേശങ്ങള്‍ കുഴല്‍മന്ദം ബ്ളോക്കിലുള്‍പ്പെടുന്നു. നെല്ലാണ് ഇവിടുത്തെ പ്രധാന കാര്‍ഷികവിള. ബ്ളോക്കിന്റെ വടക്കു ഭാഗത്തുകൂടി യാക്കരപുഴ ഒഴുകുന്നു. മയില്‍ വളര്‍ത്തുകേന്ദ്രവും, നിത്യഹരിതവനവുമൊക്കയുള്ള കുഴല്‍മന്ദം ബ്ളോക്ക് പ്രകൃതി മനോഹരമായ ഭൂപ്രദേശമാണ്. പ്രശസ്തമായ ദേശീയോദ്യാനമായ ചുലന്നൂര്‍ മയില്‍ സങ്കേതം സ്ഥിതി ചെയ്യുന്ന ചൂലനൂര്‍ കാടും, ഒ.വി.വിജയന്‍ രചിച്ച “ഖസാക്കിന്റെ ഇതിഹാസം” എന്ന വിഖ്യാതനോവലില്‍ പരാമര്‍ശിക്കപ്പെട്ടിട്ടുള്ള ചിതലിമലയും, പ്രകൃതിരമണീയമായ കുത്തനൂര്‍, കൊട്ടോട് കുന്നിന്‍ പ്രദേശങ്ങളും കുഴല്‍മന്ദം ബ്ളോക്കിലാണ് ഉള്‍പ്പെടുന്നത്.