ചരിത്രം

സാമൂഹ്യചരിത്രം

പഴയ കാലത്ത് കുറ്റിപ്പുറം ഗ്രാമം വനമേഖലയായിരുന്നു. പില്‍ക്കാലത്ത് സാമൂതിരി രാജാവിന്റെ സൈനിക മുന്നറ്റങ്ങളാണ് ഈ പ്രദേശത്തെ നാട്ടിന്‍പ്രദേശമായി മാറ്റിയത്. ആദിവാസികളായിരുന്നു ഇവിടെയുണ്ടായിരുന്ന ആദിമനിവാസികള്‍. ഈ ഗ്രാമത്തിന്റെ ജനവാസചരിത്രത്തിനു നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. നാഗപറമ്പ് പ്രദേശത്ത് അഞ്ചും ആറും അടി താഴ്ചയുള്ള പൌരാണിക ഗുഹകള്‍ കണ്ടെത്തിയിട്ടുണ്ട്. കുറ്റിപ്പുറത്തെ ചുള്ളക്കാട്ടില്‍പറമ്പില്‍ എന്ന സ്ഥലത്ത് ഒരു കുടുംബത്തിന് കഴിയാന്‍ മാത്രം വലിപ്പമുള്ള പൌരാണിക ഗുഹയുമുണ്ട്. ഹരിജനങ്ങളും ഈഴവരും നായന്‍മാരും ഇവിടെ എത്തിച്ചേരുന്നതിനു വളരെ മുമ്പ് പതിനൊന്ന് നമ്പൂതിരി ഇല്ലങ്ങള്‍ ഇവിടെ ഉണ്ടായിരുന്നുവത്രെ. തലക്കാട്ടുപടി, ചെങ്ങണ എന്നിവ ഇതില്‍പ്പെട്ടവരാണ്. മാമാങ്കത്തിന്റെ കാലത്ത് പടനായകന്‍മാര്‍ ആഴ്വാഞ്ചേരി നാടുവാഴിയുടെ സൌകര്യത്തിനു വേണ്ടി അവരെ മറ്റു സ്ഥലങ്ങളിലേക്ക് മാറ്റി പാര്‍പ്പിക്കുകയായിരുന്നുവെന്ന് പറയപ്പെടുന്നു. നാട്ടുവട്ടമാണ് പിന്നീട് അവരുടെ കേന്ദ്രമായി മാറിയത്. തുടര്‍ന്ന് ഇരുമ്പിളിയം, വെണ്ടല്ലൂര്‍, കാട്ടിപ്പരുത്തി, തൊഴുവാനൂര്‍, വൈക്കത്തൂര്‍ മുതലായ ഊരുതാവളങ്ങളിലേക്കും അവര്‍ വ്യാപിക്കുകയുണ്ടായി. കുറ്റിപ്പുറം പഞ്ചായത്തിലെ പേരശ്ശന്നൂര്‍, കഴുത്തല്ലൂര്‍, പൈങ്കണ്ണൂര്‍, ചെല്ലൂര്‍, പാഴൂര്‍, പകരനെല്ലൂര്‍, രാങ്ങാട്ടൂര്‍ എന്നീ പ്രദേശങ്ങള്‍ക്കെല്ലാം ഇത്തരത്തില്‍ ചരിത്ര പ്രാധാന്യമുണ്ട്. ക്ഷേത്രങ്ങളായിരുന്നു പഴയ ഗ്രാമവ്യവസ്ഥിതിയുടെ കേന്ദ്രബിന്ദു. ചെല്ലൂര്‍, പാഴൂര്‍, പകരനെല്ലൂര്‍, രാങ്ങാട്ടൂര്‍, വലിയപറപ്പൂര്‍ തുടങ്ങിയ ഊരുകളുമായി ബന്ധപ്പെട്ടതാണ് ആയോധനവിദഗ്ധരുടെ ആവാസ കേന്ദ്രമായിരുന്ന നാട്ടുവട്ടം. നാട്ടുവട്ടം പിന്നീട് നടുവട്ടമായി മാറി. നാട്ടുവട്ടത്തുണ്ടായിരുന്ന യോദ്ധാക്കള്‍ തുളുനാട്ടുകാരായിരുന്നു. ഇവരില്‍ ഒരുവിഭാഗം നിളാതീരത്ത് കുറ്റിപ്പുറം-തിരുനാവായ ഭാഗത്ത് പാര്‍പ്പുറപ്പിച്ചു. അവരുടെ തലമുറയില്‍പ്പെട്ടവരാണത്രെ ചങ്ങമ്പള്ളി ഗുരുക്കന്‍മാര്‍. നാട്ടുവട്ടത്തുള്ള കരിങ്കമണ്ണ കുറുപ്പന്‍മാരും ഈ വിഭാഗത്തില്‍പ്പെട്ടവരാണെന്ന് പറയപ്പെടുന്നു. ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തില്‍ കുറ്റിപ്പുറത്തുനിന്ന് അനല്‍പമായ പങ്കാളിത്തമുണ്ടായിട്ടുണ്ട്. കുറ്റിപ്പുറത്തുനിന്നുള്ള ആലുക്കല്‍ അവറാനും, പൊറ്റാരത്ത് സൈതാലി മുല്ലയും 1921-ലെ ഖിലാഫത്ത് പ്രസ്ഥാനവുമായി ബന്ധപ്പെട്ടുള്ള മലബാര്‍ കലാപവേളയില്‍ അറസ്റ്റ് ചെയ്യപ്പെടുകയും ബൊല്ലാരിയില്‍ വച്ച് ബ്രിട്ടീഷുകാര്‍ വധിക്കുകയും ചെയ്തു. കുറ്റിപ്പുറത്ത് ബ്രിട്ടീഷുകാര്‍ ആരോപിക്കും പോലെ സാമുദായിക കലാപമൊന്നും നടന്നിരുന്നില്ല. വളരെ സൌഹൃദപരമായ അന്തരീക്ഷത്തിലായിരുന്നു എല്ലാ മതവിഭാഗങ്ങളും കഴിഞ്ഞിരുന്നത്. ഇതിനൊരുദാഹരണമാണ് മലബാര്‍ ലഹളകാലത്ത് ആഴ്വാഞ്ചേരിമന കൊള്ള ചെയ്യാന്‍ വരുന്നു എന്ന കിംവദന്തി പരന്നപ്പോള്‍ ഇതറിഞ്ഞ മുസ്ളീങ്ങള്‍ മഞ്ചല്‍ കൊണ്ടുവന്ന് തമ്പ്രാക്കളെ മുക്കോല അമ്പലത്തില്‍ എത്തിക്കുകയും അവിടെ നിന്ന് തിരുവനന്തപുരത്തേക്ക് എത്താന്‍ സഹായിച്ചതുമായ സംഭവം. അതുപോലെ തന്നെയായിരുന്നു മലബാര്‍ കലാപകാലത്ത് മുസ്ളീങ്ങള്‍ക്ക് ഹിന്ദുക്കള്‍ അഭയം നല്‍കിയിരുന്ന സംഭവങ്ങളും. കുറ്റിപ്പുറത്തെ റെയില്‍ പൊളിച്ചുനീക്കിയതും, സ്റ്റേഷനിലേയും, രജിസ്ട്രാര്‍ ഓഫീസിലേയും, അംശകച്ചേരിയിലേയും റെക്കോഡുകള്‍ നശിപ്പിച്ചതുമായ സംഭവങ്ങളാണ് കലാപമായി മുദ്ര കുത്തപ്പെട്ടത്. 1940 കാലങ്ങളില്‍ സി.രാജഗോപാലാചാരി, പ്രകാശം, യാക്കൂബ് ഹസ്സന്‍, ഭക്തവത്സലം, സി.ഗോപാല റെഡ്ഡി, അളകേശന്‍ മുതലായ നിരവധി രാഷ്ട്രീയ നേതാക്കള്‍ കുറ്റിപ്പുറം സന്ദര്‍ശിച്ചിട്ടുണ്ട്. വി.വി.ഗിരി, ഫക്രുദ്ദീന്‍ അലി അഹമ്മദ്, കാമരാജ് നാടാര്‍ തുടങ്ങിയ പ്രമുഖ നേതാക്കളും കുറ്റിപ്പുറത്ത് വന്നിട്ടുണ്ട്. 1938-ല്‍ മദ്രാസ് സംസ്ഥാനമന്ത്രി യാക്കൂബ് ഹസ്സന്‍, പ്രധാനമന്ത്രി രാജഗോപാലാചാരി എന്നിവര്‍ വന്നത് കുറ്റിപ്പുറം പാലത്തിന്റെ അതിര്‍ത്തിക്ക് അംഗീകാരം നല്‍കാനും നിര്‍മ്മാണപ്രവര്‍ത്തനം ഉദ്ഘാടനം ചെയ്യുന്നതിനുമായിരുന്നു. രണ്ടാം ലോകമഹായുദ്ധം വന്നതോടെ പാലത്തിന്റെ പണി നിര്‍ത്തിവക്കേണ്ടി വന്നങ്കിലും യുദ്ധാനന്തരം പണി പുനരാരംഭിച്ചു. മലബാറിലെ റെയില്‍വെ തൊഴിലാളികളുടെ സംഘടനയുടെ ഏറ്റവും വലിയ ശക്തികേന്ദ്രമായിരുന്നു കുറ്റിപ്പുറം. കുറ്റിപ്പുറത്തിനു മലഞ്ചരക്കു വ്യാപാരവുമായി ബന്ധപ്പെട്ട് 800 വര്‍ഷത്തിലധികം പഴക്കമുള്ളൊരു ചരിത്രമുണ്ട്. നിളാനദിയിലൂടെയായിരുന്നു തുറമുഖനഗരവുമായി ബന്ധപ്പെട്ടിരുന്നത്. ചെങ്ങണയില്‍കടവ്, കാങ്കപ്പുഴക്കടവ്, മല്ലൂര്‍കടവ് എന്നിവ അക്കാലത്ത് ചെറിയ തുറമുഖങ്ങള്‍ തന്നെയായിരുന്നു. ടിപ്പുവിന്റെ പടയോട്ടം നടന്നിട്ടുള്ള പ്രദേശമാണിത്. കുറ്റിപ്പുറം-ചെമ്പിക്കല്‍-തിരൂര്‍ റോഡിനു “ടിപ്പു സുല്‍ത്താന്‍ റോഡ്” എന്ന പേരു വരാന്‍ തന്നെ കാരണം ഇതാണ്. 1900-ാമാണ്ടില്‍ കുറ്റിപ്പുറത്ത് ഉല്‍ക്ക വീണ സംഭവമുണ്ടായിട്ടുണ്ട്. ഇതിന്റെ അവശിഷ്ടം കല്‍ക്കത്താ മ്യൂസിയത്തില്‍ ഇപ്പോഴും പ്രദര്‍ശനത്തിനു വച്ചിട്ടുണ്ട്. പഴയ കാലത്ത കുറ്റിപ്പുറം ഒരു പ്രധാന വാണിജ്യ കേന്ദ്രമായിരുന്നു. ഇവിടെ നടന്നിരുന്ന ശനിയാഴ്ച ചന്ത പ്രശസ്തമായിരുന്നു. ഒപ്പം കന്നുകാലിച്ചന്തയുമുണ്ടായിരുന്നു. അക്കാലത്ത് മരക്കച്ചവടത്തിലും മുന്‍പന്തിയില്‍ കുറ്റിപ്പുറമുണ്ടായിരുന്നു. കൂടാതെ മാങ്ങ, ചക്ക മുതലായ പഴവര്‍ഗ്ഗങ്ങള്‍ വാഗണുകളിലും, ലോറികളിലും കുറ്റിപ്പുറത്തു നിന്നും അന്യസംസ്ഥാനങ്ങളിലേക്ക് കയറ്റിയയച്ചിരുന്നു. പുരാതനകാലം മുതല്‍ പൊന്നാനി തുറമുഖം വഴി കുറ്റിപ്പുറത്തു നിന്നുള്ള വാണിജ്യ സുഗന്ധവിളകളുടെ ഉല്‍പ്പന്നങ്ങള്‍ കയറ്റുമതി ചെയ്തിരുന്നു. കേരളത്തിലെ പ്രധാന റെയില്‍വേ സ്റ്റേഷനുകളിലൊന്നാണ് കുറ്റിപ്പുറം. കുറ്റിപ്പുറം പാലമാണ് കുറ്റിപ്പുറത്തിന്റെ വികസനത്തില്‍ സുപ്രധാന നാഴികക്കല്ലായത്.

സാംസ്കാരികചരിത്രം

“പൂതപ്പാട്ടി”ന്റെ രചയിതാവും മലയാളകവിതയിലെ ആധുനിക ധാരയുടെ വക്താവുമായിരുന്ന പ്രശസ്ത കവി ഇടശ്ശേരി ഗോവിന്ദന്‍ നായര്‍ക്ക് ജന്മം നല്‍കിയത് കുറ്റിപ്പുറമാണ്. ചലച്ചിത്രനാടകരംഗങ്ങളില്‍ വ്യക്തിമുദ്ര പതിപ്പിച്ച് ഒരു അവധൂതനെപ്പോലെ ജീവിച്ച് കടന്നുപോയ സുരാസു (ബാലഗോപാല്‍) കുറ്റിപ്പുറം സ്വദേശിയും പഞ്ചായത്തിലെ നടുവട്ടം കരിങ്കമണ്ണ കുടുംബാംഗവുമാണ്. അറിയപ്പെടുന്ന സിനിമാനടന്‍, നാടകനടന്‍, നാടകകൃത്ത്, നാടക സംവിധായകന്‍ എന്നീ നിലകളിലെല്ലാം ശ്രദ്ധേയനായിരുന്നു ഇദ്ദേഹം. പ്രശസ്ത നര്‍ത്തകിയും, കലാമണ്ഡലത്തിലെ മോഹിനിയാട്ടം അധ്യാപികയും, വിദേശികളടക്കം വമ്പിച്ച ശിഷ്യസമ്പത്തിനുടമയുമായിരുന്ന കലാമണ്ഡലം കല്ല്യാണികുട്ടിയമ്മ കുറ്റിപ്പുറം പഞ്ചായത്തിലെ നടുവട്ടം സ്വദേശിനിയാണ്. കവിയും ഗ്രന്ഥകാരനുമായിരുന്ന താമറ്റാട്ട് ഉണ്ണികൃഷ്ണനും ഈ നാടിന്റെ യശസ്സ് ഉയര്‍ത്തിയ എഴുത്തുകാരനായിരുന്നു. “ഭാരത സര്‍ക്കസ്സ്” ഉടമയും ലോകപ്രശസ്ത സര്‍ക്കസ്സ് സംവിധായകനുമായിരുന്ന കെ.എസ്.മേനോന്‍ കുറ്റിപ്പുറത്തുകാരനായിരുന്നു. ഏഷ്യയിലെ ഏറ്റവും വലിയ സര്‍ക്കസ്സുകളിലൊന്നായ ഭാരതസര്‍ക്കസ്സിന്റെ ഹെഡാഫീസ് കുറ്റിപ്പുറത്തായിരുന്നു. കുറ്റിപ്പുറം സ്വദേശിയായ പറക്കുന്നന്‍ ചേന്നന്‍ പ്രശസ്ത ചെണ്ടവാദ്യവിദഗ്ധനായിരുന്നു. അന്താരാഷ്ട്ര പ്രശസ്തനായ ചിത്രകാരനും ആധുനിക ഇന്ത്യന്‍ ചിത്രകലയിലെ “റാഡിക്കല്‍ പ്രസ്ഥാന”ത്തിന് രൂപം കൊടുത്തവരില്‍ പ്രധാനിയുമായിരുന്ന കെ.പി.കൃഷ്ണകുമാര്‍ കുറ്റിപ്പുറം സ്വദേശിയാണ്. മൂന്നു ദശകങ്ങള്‍ മാത്രം ജീവിച്ച ആ പ്രതിഭ അകാലത്തില്‍ ജീവനൊടുക്കിയതോടെ ആധുനിക ലോകചിത്രകലയിലെ തന്നെ വഴിത്തിരിവെന്നു പറയാവുന്ന റാഡിക്കല്‍ പ്രസ്ഥാനം ശിഥിലമായിപ്പോയി. 70 കളിലെ തീക്ഷ്ണമായ സാമൂഹ്യ, രാഷ്ട്രീയ സാഹചര്യങ്ങളില്‍ നിന്ന് ഉള്‍ക്കൊണ്ട ഊര്‍ജ്ജവും, തിരുവനന്തപുരം ഫൈന്‍ ആര്‍ട്സ് കോളേജിലെ ആദ്യകാലബാച്ചുകാരായിരിക്കെ ലഭിച്ച മികച്ച ശിക്ഷണവും കൈമുതലാക്കിയ ചിത്രകാരന്മാരും, ശില്പികളുമുള്‍പ്പടുന്ന ഒരു പറ്റം ചെറുപ്പക്കാരുടെ സംഘമായിരുന്നു കൃഷ്ണകുമാറും, ശില്പി കെ.രഘുനാഥനുമൊക്കെ മുന്നില്‍ നിന്നു നയിച്ച റാഡിക്കല്‍ പ്രസ്ഥാനം. പ്രശസ്ത കവി ഇടശ്ശേരി ഗോവിന്ദന്‍ നായരുടെ അനന്തിരവനും കൂടിയായിരുന്നു കൃഷ്ണകുമാര്‍. കുറ്റിപ്പുറത്തെ ആദ്യത്തെ ഗ്രന്ഥാലയം എം.പി.പോള്‍ സ്മാരക വായനശാലയായിരുന്നു. പ്രശസ്ത കവിയായ ഒ.എന്‍.വി.കുറുപ്പിന്റെ ഭാര്യാഗൃഹം കുറ്റിപ്പുറം പഞ്ചായത്തിലെ നടുവട്ടം കൊള്ളന്‍ചേരിയിലാണ്. കുറ്റിപ്പുറം പഞ്ചായത്തിലെ സാംസ്കാരിക രംഗത്ത് ഗ്രാമീണ സംസ്കൃതിയുടെ സ്വാധീനമാണ് മുഴച്ചുനില്‍ക്കുന്നത്. ഉത്സവാഘോഷങ്ങളാണ് കുറ്റിപ്പുറം ഗ്രാമത്തിലെ ജനതയുടെ ജീവിതത്തിന് സാംസ്കാരികപ്പൊലിമ നല്‍കുന്നത്. കലാ സാംസ്കാരിക സംഘടനകള്‍, വായനശാലകള്‍ എന്നിവയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ഏറെ ജനപിന്തുണ ലഭിക്കുന്ന പ്രദേശമാണിത്. മതപരമായ ആഘോഷങ്ങള്‍ക്കു പോലും അന്യമതസ്ഥരുടെ സജീവ പങ്കാളിത്തമുണ്ടാകാറുണ്ട്. മതാചാരങ്ങളോടുള്ള പരസ്പര ബഹുമാനവും ഇവിടെ നിലനില്‍ക്കുന്നു. ദേശീയ പ്രസ്ഥാനത്തിന്റെ വളര്‍ച്ചയോടുകൂടിയാണ് മതേതരമായ ഒരു സാംസ്കാരികബോധം ഇവിടെ ഉയര്‍ന്നുവന്നത്. തുഞ്ചന്‍ കൃതികളും, മോയിന്‍കുട്ടി വൈദ്യരുടെ ഇശലുകളും നിറഞ്ഞു നിന്ന അന്തരീക്ഷത്തിലേക്ക് ഇടശ്ശേരി കവിതകളുടെ വരവ് ഒരു പുത്തന്‍ ആസ്വാദനതലം സൃഷ്ടിച്ചു. കാര്‍ഷിക മേഖലയിലെ ജന്‍മി-കുടിയാന്‍ ബന്ധത്തിന്റെ ജീര്‍ണ്ണത ഇതിന് പശ്ചാത്തലമേകി. ദേശീയ പ്രസ്ഥാനവും പുരോഗമനപ്രസ്ഥാനങ്ങളും ജനങ്ങളില്‍ ഒരു പുത്തന്‍ ഉണര്‍വ് നല്‍കി. കേരളത്തിലെ മറ്റു പ്രദേശങ്ങളില്‍ നടന്നതുപോലെ ജന്മി-കുടിയാന്‍ ലഹളകള്‍ പ്രതൃക്ഷത്തില്‍ ഇവിടെ നടന്നില്ലെങ്കിലും സ്കൂള്‍ വായനശാലാ വാര്‍ഷികങ്ങളില്‍ അവതരിപ്പിച്ചിരുന്ന നാടകങ്ങളില്‍ പോലും ജന്‍മിത്ത വിരുദ്ധ ആശയങ്ങള്‍ നിറഞ്ഞുനിന്നു. ഇത് ഈ പ്രദേശത്തെ ജനങ്ങളില്‍ സാംസ്കാരികമായൊരു ഉദ്ബുദ്ധത സൃഷ്ടിച്ചു.