ചരിത്രം

 1955-ല്‍ കൊളത്തൂര്‍, ബേഡഡുക്ക, കുറ്റിക്കോല്‍, ബന്തടുക്ക എന്നീ നാലു വില്ലേജ് പഞ്ചായത്തുകളായിരുന്നു ബേഡഡുക്ക ഗ്രാമപഞ്ചായത്ത് പ്രദേശം. 1961-ല്‍ നാലു വില്ലേജ് പഞ്ചായത്തുകളും കൂട്ടിച്ചേര്‍ത്തുകൊണ്ട് ബേഡഡുക്ക ഗ്രാമപഞ്ചായത്തിന് രൂപം നല്‍കി. രൂപീകരണത്തിന് ശേഷം ആദ്യമായി കൊളത്തൂര്‍, ബേഡഡുക്ക, മുന്നാട്, കുറ്റിക്കോല്‍, കരിവേടകം, ബന്തടുക്ക എന്നീ വില്ലേജുകള്‍ ഉള്‍ക്കൊള്ളുന്ന ഒരു മലയോര പിന്നോക്ക പ്രദേശമായ ബേഡഡുക്ക ഗ്രാമപഞ്ചായത്ത് അതിര്‍ത്തിയില്‍ നിന്ന് വേര്‍പ്പെടുത്തിയാണ് കുറ്റിക്കോല്‍ രൂപീകരിച്ചത്. കാസര്‍ഗോഡ് ജില്ലയിലെ കാസര്‍ഗോഡ് താലൂക്കില്‍ കാസര്‍ഗോഡ് ബ്ളോക്കിലാണ് കുറ്റിക്കോല്‍ ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. 2000 ഒക്ടോബറിലാണ് പഞ്ചായത്ത് നിലവില്‍ വന്നത്. 66 ചതുരശ്ര കിലോമീറ്റര്‍ വിസ്തീര്‍ണ്ണമുള്ള കുറ്റിക്കോല്‍, കാസര്‍ഗോഡ് ജില്ലയിലെ ഹോസ്ദുര്‍ഗ് താലൂക്കില്‍  കിഴക്ക് മലനാടിന്റെ  ഭാഗമായി കുടക് ജില്ലയോട് തൊട്ടുരുമ്മി സമുദ്രനിരപ്പില്‍  നിന്നും 3480 അടിവരെ ഉയരമുള്ള മലനിരകളും താഴ്വരകളും ചേര്‍ന്ന് കിടക്കുന്ന പ്രകൃതി രമണീയമായ പ്രദേശമാണ്.  മദ്രാസ് സംസ്ഥാനത്തിന്റെ ഭാഗമായി തെക്കന്‍ കര്‍ണ്ണാടക ജില്ലയില്‍  ഉള്‍പ്പെടുന്ന കുറ്റിക്കോല്‍ വിവിധ മതവിശ്വാസികളുടേയും ആചാരാനുഷ്ഠാനങ്ങളുടേയും സംഗമഭൂമി കൂടിയാണ്. ഇവിടുത്തെ ആദിവാസികളെ കൂടാതെ സൌത്ത് കാനറയില്‍  നിന്നും  വന്ന മഹാരാഷ്ട്രാ വംശജരായ മറാഠി സമൂഹം കുറ്റിക്കോലില്‍ കുന്നിന്‍ ചെരിവുകളില്‍  കൂട്ടമായി കുടില്‍ കെട്ടി താമസിച്ചു. ആടുകളെ വളര്‍ത്തുന്ന ഇക്കൂട്ടര്‍ വന്യമൃഗങ്ങളുടെ ഉപദ്രവം ഭയന്നാണ് കൂട്ടമായി താമസിച്ചിരുന്നത് എന്ന് പറയപ്പെടുന്നു. ഹിന്ദി കലര്‍ന്ന മറാഠി ഭാഷയാണ് ഇവര്‍ സംസാരിക്കുന്നത്. കാസര്‍ഗോഡ് ജില്ലയില്‍ കുറ്റിക്കോലിലും അപുര്‍വ്വം ചിലപഞ്ചായത്തുകളിലും കാണുന്ന മറാഠി വിഭാഗം  ഈ നാടിന്റെ  സാമൂഹ്യാചാരങ്ങളുമായി ഇഴുകിചേര്‍ന്ന് കൂലിപ്പണി ചെയ്തും സ്വന്തമായി കൃഷിനടത്തിയും ഉപജീവനം നടത്തുന്ന അദ്ധ്വാനശീലരാണ്. കൃഷിപ്പണി എടുക്കുമ്പോള്‍ മഴ നനയാതിരിക്കാന്‍ ഇലയും മുളയും കൊണ്ടുണ്ടാക്കുന്ന മരക്കൊരമ്പയും തെങ്ങോല കൊണ്ടുണ്ടാക്കുന്ന ഓലക്കൊരമ്പയും  ആദിവാസികളോടൊപ്പം എല്ലാ വിഭാഗം ജനങ്ങളും ഉപയോഗിച്ചിരുന്നു. കൂടാതെ കോപ്പള വിഭാഗക്കാര്‍ കവുങ്ങിന്റെ  പാളകൊണ്ട് നിര്‍മ്മിക്കുന്ന തൊപ്പിയും, അരയില്‍  കത്തി സൂക്ഷിക്കുന്ന തൊടങ്ങും ഇവിടുത്തെ പ്രത്യേക ആകര്‍ഷണങ്ങളായിരുന്നു. ജന്‍മിമാരുടെ ആജ്ഞാനുസരണം പകലന്തിയോളം പണിയെടുത്തിരുന്ന മാവിലര്‍, ചെറുമര്‍, വേട്ടുവര്‍ എന്നീ പട്ടികവര്‍ഗ്ഗക്കാര്‍ പുല്ലുമേഞ്ഞകുടിലുകളിലാണ് താമസിച്ചിരുന്നത്.