കുറ്റിക്കോല്‍

 കാസര്‍ഗോഡ് ജില്ലയിലെ കാസര്‍ഗോഡ് താലൂക്കില്‍ കാസര്‍ഗോഡ് ബ്ളോക്കിലാണ് കുറ്റിക്കോല്‍ ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. 2000 ഒക്ടോബറിലാണ് പഞ്ചായത്ത് നിലവില്‍ വന്നത്. 66 ചതുരശ്ര കിലോമീറ്റര്‍ വിസ്തീര്‍ണ്ണമുള്ള പഞ്ചായത്തിന്റെ അതിരുകള്‍ കിഴക്ക് കര്‍ണ്ണാടക റിസ്സര്‍വ് ഫോറസ്റ്റ്, പനത്തടി പഞ്ചായത്ത്, തെക്ക് കള്ളാര്‍, കോടോം ബേളൂര്‍ ഗ്രാമപഞ്ചായത്തുകള്‍, പടിഞ്ഞാറ് ബേഡഡുക്ക ഗ്രാമപഞ്ചായത്ത്, വടക്ക് ദേലംപാടി ഗ്രാമപഞ്ചായത്ത്, കര്‍ണ്ണാടക സംസ്ഥാനം എന്നിവയാണ്. 2001-ലെ സെന്‍സസ് പ്രകാരം 23,642 വരുന്ന ജനസംഖ്യയില്‍ 11,714 പേര്‍ സ്ത്രീകളും, 11,928 പേര്‍ പുരുഷന്‍മാരുമാണ്. കാര്‍ഷിക സമ്പദ്വ്യവസ്ഥയിലധിഷ്ഠിതമാണ് ഈ പഞ്ചായത്ത്. മുഖ്യ തൊഴില്‍ കൃഷിയാണ്. മലനാട് പ്രദേശമായ ഇവിടുത്തെ പ്രധാന കൃഷികള്‍ റബ്ബര്‍, മരച്ചീനി, നെല്ല്, കുരുമുളക്, അടയ്ക്ക, വാഴ, തെങ്ങ് എന്നിവയാണ്. മലാംകുണ്ട്, ഏണ്യാടി, ഉന്താത്തട്ടകം, പനംകുന്ന് എന്നിവ പഞ്ചായത്തിലെ പ്രധാന കുളങ്ങളാണ്. ഹില്‍ടോപ്പ്, ശ്രീമല എന്നിവ പഞ്ചായത്തില്‍ സ്ഥിതി ചെയ്യുന്ന മലകളാണ്. കുറ്റിക്കോല്‍ ഗ്രാമപഞ്ചായത്തിന്റെ മൊത്തം വിസ്തൃതിയുടെ 27% വനപ്രദേശമാണ്. കുറ്റിക്കോല്‍ പഞ്ചായത്തിലൂടെയാണ് തെക്കിന്‍-ആലട്ടി റോഡ് കടന്നു പോകുന്നത്. വിവിധ മതസ്ഥരുടെ ആരാധനാലയങ്ങള്‍ പഞ്ചായത്തിലുണ്ട്. ശ്രീമഹാവിഷ്ണുക്ഷേത്രം കുറ്റിക്കോല്‍, ശ്രീതമ്പുരാട്ടി അമ്മ ഭഗവതിക്ഷേത്രം, ദുര്‍ഗ്ഗപരമേശ്വരിക്ഷേത്രം കരിവേടകം, അയ്യപ്പക്ഷേത്രം മാനടുക്ക, ശ്രീസുബ്രഹ്മണ്യ ക്ഷേത്രം ബന്തടുക്ക, ശ്രീരാമക്ഷേത്രം ബന്തടുക്ക എന്നിവ പഞ്ചായത്തിലെ ഹൈന്ദവ ആരാധനാലയങ്ങളാണ്. ബദല്‍ ജുമാമസ്ജിദ് കുറ്റിക്കോല്‍, ജുമാമസ്ജിദ് പടുപ്പ്, ജുമാമസ്ജിദ് കരിവേടകം, ജുമാമസ്ജിദ് ഏണ്യാടി എന്നിവ പഞ്ചായത്തിലെ മുസ്ളീം പള്ളികളും, സെന്റ് ജോര്‍ജ് ചര്‍ച്ച് പടുപ്പ്, സെന്റ് മേരീസ് ചര്‍ച്ച് കരിവേടകം, സെന്റ് സെബാസ്റ്റ്യന്‍ ചര്‍ച്ച് വീട്ട്യാടി, ചൂരിത്തോട് എന്നിവ ക്രിസ്ത്യന്‍ പള്ളികളുമാണ്. ആരോഗ്യപരിപാലനരംഗത്ത് ബന്തടുക്കയില്‍ ഒരു പ്രാഥമികാരോഗ്യ കേന്ദ്രം പ്രവര്‍ത്തിക്കുന്നുണ്ട്. ഇതു കൂടാതെ സര്‍ക്കാര്‍ ആയുര്‍വേദ ഡിസ്പെന്‍സറി കുറ്റിക്കോല്‍, ബന്തടുക്ക സര്‍ക്കാര്‍ ഹോമിയോ ഡിസ്പെന്‍സറി-പടുപ്പ്, മാനടുക്കം സര്‍ക്കാര്‍ ഹോമിയോ ഡിസ്പെന്‍സറി- ശാസ്ത്രി നഗര്‍ എന്നീ ചികിത്സാ കേന്ദ്രങ്ങളും ഇവിടെ പ്രവര്‍ത്തിക്കുന്നു. മൃഗസംരക്ഷണ രംഗത്ത് പഞ്ചായത്തില്‍ കുറ്റിക്കോലിലും, പടുപ്പിലുമായി ഓരോ മൃഗാശുപത്രികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. കുറ്റിക്കോല്‍ പഞ്ചായത്തില്‍ പൊതുമേഖലയിലും സ്വകാര്യ മേഖലയിലുമായി നിരവധി സ്കൂളുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ജി.എച്ച്.എസ്.എസ് ബേത്തൂര്‍പാറ, ജി.എച്ച്.എസ്.എസ്.ബന്തടുക്ക, ജി.യു.പി.എസ് മാനടുക്കം, ജി.എല്‍.പി.എസ് തവനം, പടുപ്പ്, ജി.എല്‍.പി.എസ് മാണിമൂല എന്നിവ സര്‍ക്കാര്‍ മേഖലയിലുള്ള സ്കൂളുകളാണ്. എ.യു.പി.എസ് കുറ്റിക്കോല്‍, സെന്റ് മേരീസ് എ.യു.പി.എസ് മേരിപുരം, എ.എല്‍.പി.എസ് ബേത്തൂര്‍പാറ, കെ.സി.എന്‍.എം.എ.എല്‍.പി.എസ്. ശങ്കരംപാടി, എ.യു.പി.എസ് കരിവേടകം എന്നിവ പഞ്ചായത്തിലെ സ്വകാര്യ സ്കൂളുകളാണ്. പഞ്ചായത്തില്‍ നിരവധി അംഗന്‍വാടികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. പഞ്ചായത്തിലെ അനൌപചാരിക വിദ്യാഭ്യാസ രംഗത്ത് പ്രവര്‍ത്തിക്കുന്ന പ്രധാന സ്ഥാപനമാണ് നെരുദ ഗ്രന്ഥശാല. കുറ്റിക്കോല്‍, ആനക്കല്ല്, ബന്തടുക്ക എന്നിവിടങ്ങളിലെ വില്ലേജ് ഓഫീസുകള്‍ കുറ്റിക്കോലിലുള്ള കൃഷി ഭവന്‍, കെ.എസ്.ഇ.ബി സെക്ഷന്‍ ഓഫീസ് കുറ്റിക്കോല്‍, സഹകരണ ബാങ്ക് എന്നിവ പഞ്ചായത്തിലുള്ള സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനങ്ങളാണ്. കുറ്റിക്കോല്‍, കരിവേടകം, ബന്തടുക്ക, മാണിമൂല, മാനടക്കം, ശങ്കരംപാടി എന്നിവിടങ്ങളില്‍ തപാല്‍ ഓഫീസുകള്‍ പ്രവര്‍ത്തിക്കുന്നു. കുറ്റിക്കോലിലും, ബന്തടുക്കയിലും ഓരോ ടെലിഫോണ്‍ എക്സ്ചേഞ്ചുകള്‍ നിലവിലുണ്ട്.