ചരിത്രം

സാമൂഹ്യസാംസ്കാരികചരിത്രം

ചിരപുരാതനമായ ഒരു സംസ്ക്കാരവും ചരിത്രവും കുറ്റിയാട്ടൂരിനുണ്ട്. സ്ഥലനാമങ്ങള്‍ സംബന്ധിച്ച് പഴമക്കാര്‍ പറഞ്ഞുവരുന്ന ചരിത്രങ്ങള്‍, പരമ്പരാഗത പ്രയോഗങ്ങള്‍, ഐതിഹ്യങ്ങള്‍, കൂടാതെ ഒട്ടേറെ കാവുകള്‍, ക്ഷേത്രങ്ങള്‍, പുരാതന തറവാടുകള്‍ എന്നിവയൊക്കെ ഈ നാടിന്റെ ചരിത്രപാരമ്പര്യം വിളിച്ചോതുന്നു. കുറ്റ്യാട്ടൂര്‍ എന്ന പേരിനു പിന്നില്‍ പ്രബലമായ ഒരൈതീഹ്യം നിലവിലുണ്ട്. വടക്കേ മലബാറിലെ പ്രസിദ്ധമായ കൊട്ടിയൂര്‍ ശിവക്ഷേത്രത്തില്‍ ആദ്യമായി നെയ്യഭിഷേകം ചെയ്യുന്നതിനുള്ള അവകാശം കോട്ടയം തമ്പുരാനില്‍ നിന്നു കല്‍പിച്ചുകിട്ടിയത് കുറ്റിയാട്ടൂരിലെ പ്രശസ്തരായ നാലുനമ്പ്യാര്‍ തറവാട്ടുകാര്‍ക്കായിരുന്നു. നാലരകുറ്റി പശുവിന്‍ നെയ്യാണ് ഇപ്രകാരം അഭിഷേകം ചെയ്യേണ്ടിയിരുന്നതെന്നും കുറ്റിയാടുന്നവരുടെ ഊര് എന്നറിയപ്പെട്ട പ്രദേശം കുറ്റ്യാട്ടൂരായി എന്നുമാണ് ഐതീഹ്യം. ചിറക്കല്‍ രാജവംശത്തിന്റെ അധികാര പരിധിയില്‍പ്പെട്ട പ്രദേശങ്ങളിലൊന്നായിരുന്നു കുറ്റ്യാട്ടൂര്‍. പില്‍ക്കാലത്ത് ബ്രിട്ടീഷ് ആധിപത്യത്തെതുടര്‍ന്ന്, സാമ്രാജ്യത്വഭരണസ്ഥാപനങ്ങളുടേയും, ജന്‍മി-നാടുവാഴിത്ത കൂട്ടുകെട്ടിന്റെയും നേതൃത്വത്തില്‍ നടത്തപ്പെട്ട അടിച്ചമര്‍ത്തലുകളും ചൂഷണവും കാരണം, മഹാഭൂരിപക്ഷം വരുന്ന അവര്‍ണ്ണരും താഴ്ന്ന ജാതിക്കാരുമായ സാമാന്യജനങ്ങള്‍, സാമൂഹ്യ, സാമ്പത്തിക, സാംസ്കാരിക രംഗങ്ങളില്‍ പിന്തള്ളപ്പെട്ടു. മാത്രമല്ല അടിമ-ഉടമ സമ്പ്രദായമായിരുന്നു അക്കാലത്ത് നിലനിന്നിരുന്നത്. 1935-ല്‍ വിഷ്ണുഭാരതീയന്റെ നേതൃത്വത്തില്‍ കൊളച്ചേരിയില്‍ രൂപം കൊണ്ട കര്‍ഷകപ്രസ്ഥാനം, അയല്‍ വില്ലേജുകളായ കയരളം, കണ്ടക്കൈ തുടങ്ങിയ പ്രദേശങ്ങള്‍ക്കൊപ്പം കുറ്റിയാട്ടൂരിലെ കൃഷിക്കാരിലും, കര്‍ഷകത്തൊഴിലാളികളിലും, പുതിയ ഉണര്‍വും ആവേശവും ഉണ്ടാക്കി. എ.കെ.ജി, ഭാരതീയന്‍, കേരളീയന്‍ തുടങ്ങിയ നേതാക്കളുടെ സന്ദര്‍ശനം, പീഡനത്തിന്റേയും അടിച്ചമര്‍ത്തലിന്റേയും നേരെ, ചെറുത്തുനില്‍പ്പിന്റേയും പ്രതിരോധത്തിന്റേയും, അതുവഴി കൂട്ടായ്മയുടേയും ആശയം മെല്ലെമെല്ലെ അവശവിഭാഗങ്ങളില്‍, വിശേഷിച്ചും കൃഷിക്കാരില്‍ എത്തിക്കുവാന്‍ സഹായിച്ചു. പ്രാദേശിക കര്‍ഷകസംഘം രൂപീകരണവും, കര്‍ഷകസമ്മേളനങ്ങളില്‍ ഈ പ്രദേശത്തിന്റെ പങ്കാളിത്തവും ഉണ്ടായിത്തുടങ്ങിയതോടെ ഇവിടെയും പോരാട്ടങ്ങളുടെ നാളുകള്‍ക്ക് തുടക്കമായി. നുരി വെച്ചുകാണല്‍, പാറവശ് തുടങ്ങിയ അക്രമപ്പിരിവുകള്‍ക്കെതിരെ ചിറക്കല്‍ താലൂക്കില്‍ അലയടിച്ചുയര്‍ന്ന പ്രക്ഷോഭത്തില്‍ കുറ്റിയാട്ടൂരിലെ കൃഷിക്കാരും പങ്കെടുത്തു. കുടിയാന്‍ മുട്ടിനു താഴ്ത്തി മുണ്ടുടുക്കുന്നതിനും, തോര്‍ത്ത് തലയില്‍ കെട്ടി നടക്കുന്നതിനും വിലക്കു കല്‍പ്പിച്ചിരുന്നതിനെതിരെ നടത്തിയ പ്രസിദ്ധമായ തലേക്കെട്ട് സമരം, പഴശ്ശിയിലെ വണ്ണാത്തിമാറ്റ് സമരം തുടങ്ങിയവ കര്‍ഷകര്‍ക്കിടയില്‍ സംഘബോധത്തിന്റേയും, കൂട്ടായ്മയുടേയും പുതിയ അവബോധം തുറന്നുകൊടുത്തു. അന്ന് വിദ്യാഭ്യാസമേഖലയില്‍ നിലനിന്നിരുന്ന ശനിയന്‍ സഭയ്ക്കെതിരെ, പ്രത്യക്ഷമായി രംഗത്ത് വന്ന രണ്ട് അധ്യാപകര്‍ അറസ്റ്റ് ചെയ്യപ്പെട്ടതും, പഴയകാല അധ്യാപക നേതാക്കളായ ടി.സി.നാരായണന്‍ നമ്പ്യാര്‍, പി.എം.കുഞ്ഞിരാമന്‍ നമ്പ്യാര്‍ എന്നിവരുടെ സന്ദര്‍ശനവുമെല്ലാം പുതിയൊരു മാറ്റത്തിന്റേയും ചെറുത്തുനില്‍പ്പിന്റേയും തുടക്കമാവുകയായിരുന്നു. സമ്പന്നമായൊരു സാംസ്കാരിക പൈതൃകമുള്ള നാടാണ് കുറ്റ്യാട്ടൂര്‍. മതസൌഹാര്‍ദ്ദത്തിന്റെ വിളനിലമായ ഇവിടെ ഹിന്ദുക്കളും മുസ്ളീങ്ങളും ക്രിസ്ത്യാനികളും ഏകോദരസഹോദരങ്ങളെ പോലെ ജീവിക്കുന്നു. ഇവിടുത്തെ അതിപുരാതനമായ ക്ഷേത്രമാണ് മാണിയൂര്‍ ശ്രീസുബ്രഹ്മണ്യസ്വാമിക്ഷേത്രം. ഇതിനു 1000 വര്‍ഷത്തിലധികം പഴക്കമുണ്ടെന്ന് പറയപ്പെടുന്നു. പഴമക്കാരുടെ കലാവൈദഗ്ദ്ധ്യം വിളിച്ചോതുന്ന, ക്ഷേത്രച്ചുമരുകളിലെ ശില്പവേലകള്‍ കാലപഴക്കത്തെ അതിജീവിച്ചുകൊണ്ട് ജനങ്ങളെ ആകര്‍ഷിക്കുന്നു. ഇതിന്റെ സമീപത്തുള്ള കിഴക്കന്‍കാവ് ഭഗവതീക്ഷേത്രത്തിലെ കളിയാട്ട മഹോത്സവത്തോടനുബന്ധിച്ചുള്ള തിരുമുടി കേരളത്തിലെ തന്നെ അത്യപൂര്‍വ്വങ്ങളായ ക്ഷേത്രാനുഷ്ഠാനങ്ങളിലൊന്നാണ്. വളരെ പുരാതനമായ മുസ്ളീം ദേവാലയമാണ് ചെക്കിക്കുളത്തിനടുത്തുള്ള പാറാല്‍പ്പള്ളി. പള്ളിയോടനുബന്ധിച്ചുള്ള മഖാമില്‍ രണ്ട് ശൂഹതാക്കള്‍ (രക്തസാക്ഷികള്‍) അന്ത്യവിശ്രമം കൊള്ളുന്നു. എല്ലാ വര്‍ഷവും കുംഭം 24-നു ആഘോഷിക്കുന്ന പാറാല്‍പ്പള്ളി നേര്‍ച്ച ഈ പ്രദേശത്തിന്റെ മാത്രമല്ല ജില്ലയുടെ തന്നെ ഒരു മഹോത്സവമാണ്. അന്നത്തെ ദിവസം നാനാജാതിമതസ്ഥര്‍ പ്രസ്തുത ആഘോഷത്തില്‍ പങ്കെടുക്കുകയും നേര്‍ച്ചകള്‍ നേരുകയും ചെയ്യുന്നു. മതമൈത്രിയുടെ പ്രതീകമായ പ്രസ്തുത മഖാമില്‍ എല്ലാവര്‍ക്കും പ്രവേശനമുണ്ട് എന്നതാണ് ഇവിടുത്തെ പ്രത്യേകത. പഞ്ചായത്തിലെ ഗ്രന്ഥശാലകള്‍, വായനശാലകള്‍, മറ്റു കലാസാംസ്കാരിക സ്ഥാപനങ്ങള്‍ എന്നിവയുടെ പ്രവര്‍ത്തനങ്ങള്‍ സാമൂഹ്യപരിവര്‍ത്തനത്തിനു വളരെയേറെ സഹായിച്ചിട്ടുണ്ട്. മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്ന 12 ഗ്രന്ഥശാലകള്‍ പഞ്ചായത്തിലുണ്ട്. വായനശാലകള്‍ക്കും ഗ്രന്ഥാലയങ്ങള്‍ക്കും പുറമെ കലാസാംസ്ക്കാരിക രംഗത്ത് ശ്രദ്ധേയമായ പ്രവര്‍ത്തനം കാഴ്ചവെക്കുന്ന 22 ക്ളബ്ബുകളും പഞ്ചായത്തിലുണ്ട്. ഈ സ്ഥാപനങ്ങള്‍ ഓണാഘോഷ പരിപാടികള്‍, കലാകായിക മത്സരങ്ങള്‍ എന്നിവ മുടങ്ങാതെ സംഘടിപ്പിക്കുന്നതില്‍ ശ്രദ്ധ പുലര്‍ത്തുന്നുണ്ട്. കലാരംഗത്തും മഹത്തായൊരു പാരമ്പര്യം തന്നെ പഞ്ചായത്തിനു അവകാശപ്പെടാനുണ്ട്. ചവിട്ടുനാടകങ്ങളുടേയും സംഗീതനാടകങ്ങളുടേയും കണ്ണൂരിലെ തന്നെ എടുത്തു പറയാവുന്ന സങ്കേതങ്ങളായിരുന്നു ചെക്കിക്കുളവും കുറ്റ്യാട്ടൂരും. കായികരംഗത്ത് മികച്ച നിലവാരം പുലര്‍ത്തുന്ന ഒരു ക്ളബ്ബാണ് ചെക്കിക്കുളത്തെ റെയിന്‍ബോ ആര്‍ട്സ് ആന്റ് സ്പോര്‍ട്സ് ക്ളബ്ബ്. 1980-കള്‍ മുതല്‍ പ്രശസ്തമായ വോളിബോള്‍ ടീമുകളെ പങ്കെടുപ്പിച്ചുകൊണ്ട് ഇവിടെ എല്ലാവര്‍ഷവും വോളിബോള്‍ മത്സരവും അരങ്ങേറാറുണ്ട്.