പഞ്ചായത്തിലൂടെ

കുറ്റ്യാട്ടൂര്‍ - 2010

കണ്ണൂര്‍ ജില്ലയിലെ തളിപ്പറമ്പ് താലൂക്കില്‍ ഇരിക്കൂര്‍ ബ്ളോക്കിലാണ് കുറ്റ്യാട്ടൂര്‍ ഗ്രാമപഞ്ചായത്ത് സ്ഥിതിചെയ്യുന്നത്. 1962 ജനുവരി 1-നാണ് ഗ്രാമപഞ്ചായത്ത് രൂപീകൃതമായത്. പഞ്ചായത്തില്‍ ഉള്‍പ്പെടുന്ന റവന്യു വില്ലേജുകള്‍ കുറ്റ്യാട്ടൂര്‍ വില്ലേജ്, മാണിയൂര്‍ വില്ലേജ് എന്നിവയാണ്. 35.15 ച.കീ.മീ. ആണ് പഞ്ചായത്തിന്റെ മൊത്തം വിസ്തൃതി. കിഴക്ക്-കൂടാളി പഞ്ചായത്ത്, പടിഞ്ഞാറ്-മയ്യില്‍ പഞ്ചായത്ത്, തെക്ക്-മുണ്ടേരി പഞ്ചായത്ത്, വടക്ക്-വളപട്ടണം പുഴ എന്നിവ ചേര്‍ന്ന് കുറ്റ്യാട്ടൂര്‍ പഞ്ചായത്തിന് അതിരിടുന്നു. 24543 വരുന്ന ജനസംഖ്യയില്‍ 12667 പേര്‍ സ്ത്രീകളും 11876 പേര്‍ പുരുഷന്മാരുമാണ്. മൊത്തം ജനതയുടെ സാക്ഷരതാ നിരക്ക് 95 ശതമാനമാണ്. ഭൂപ്രകൃതി അനുസരിച്ച് കുറ്റ്യാട്ടൂര്‍ ഒരു ഇടനാട് പ്രദേശമാണ്. കശുവണ്ടി, തെങ്ങ്, കവുങ്ങ്, നെല്ല്, റബ്ബര്‍, കുരുമുളക്, മാങ്ങ (കുറ്റ്യാട്ടൂര്‍ മാങ്ങ) എന്നിവയാണ് ഈ പഞ്ചായത്തില്‍ കൃഷി ചെയ്തുവരുന്ന പ്രധാന വിളകള്‍. വളപട്ടണം പുഴ ഈ പഞ്ചായത്തിലൂടെയാണ് ഒഴുകുന്നത്. ഏകദേശം 62-ഓളം കുളങ്ങള്‍ ഈ പഞ്ചായത്തിലുണ്ട്. 50 പൊതുകിണറുകളും പഞ്ചായത്തിന്റേതായിട്ടുണ്ട്. പഴശ്ശികനാലാണ് പഞ്ചായത്തിലെ മറ്റൊരു പ്രധാന ജലസേചന മാര്‍ഗ്ഗം. ഉളുംബകുന്ന് (സാഹസിക അക്കാദമി പ്രവര്‍ത്തിക്കുന്നു), തീര്‍ത്ഥാട്ട് മല, ബകന്റെ കുന്ന്, പാലകുന്ന് എന്നിവ ഇവിടെ സ്ഥിതിചെയ്യുന്ന പ്രധാന കുന്നുകളാണ്. പഞ്ചായത്തിന്റെ മൊത്തം വിസ്തൃതിയുടെ 3 ശതമാനം കണ്ടല്‍കാടുകളാണ് ചെമ്മട് കണ്ടല്‍കാടുകള്‍ എന്നാണ് ഇവ അറിയപ്പെടുന്നത്. ശുദ്ധജലത്തിനായി പഞ്ചായത്തില്‍ 102 പൊതുകുടിവെള്ള ടാപ്പുകള്‍ നിലവിലുണ്ട്. 279 തെരുവുവിളക്കുകള്‍ പഞ്ചായത്തിലെ വീഥികളെ രാത്രികാലങ്ങളില്‍ സഞ്ചാരയോഗ്യമാക്കുന്നു. ഉളുംബകുന്ന്, തീര്‍ത്ഥാട്ട് മല, കുറ്റ്യാട്ടൂര്‍ ശിവക്ഷേത്രം, ശ്രീകുര്‍മ്പക്കാവ് എന്നിവ ഈ പഞ്ചായത്തിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളാണ്. ഉളുംബകുന്നില്‍ ഒരു സാഹസിക അക്കാദമി പ്രവര്‍ത്തിക്കുന്നുണ്ട്. കുറ്റ്യാട്ടൂര്‍ ഗ്രാമപഞ്ചായത്തിലൂടെ കടന്നുപോകുന്ന പ്രധാന റോഡാണ് മച്ചില്‍-ചാലോട് റോഡ്. മച്ചില്‍, ചാലോട് എന്നിവയാണ് പഞ്ചായത്തിന് ഏറ്റവും അടുത്തുള്ള ബസ് സ്റ്റാന്റുകള്‍. പാവന്തൂര്‍ കടവ് പാലമാണ് പഞ്ചായത്തിലെ പ്രധാന പാലം. പരിപ്പന്‍ കടവാണ് പഞ്ചായത്തിലെ പ്രധാന ജലഗതാഗതകേന്ദ്രം. അഴീക്കലാണ് പഞ്ചായത്തിന് തൊട്ടടുത്തുള്ള തുറമുഖം. കണ്ണൂരാണ് പഞ്ചായത്തിന് ഏറ്റവും അടുത്തുള്ള റെയില്‍വേ സ്റ്റേഷന്‍. വിദേശയാത്രക്കായി ഗ്രാമവാസികള്‍ ആശ്രയിക്കുന്നത് കരിപ്പൂര്‍ വിമാനത്താവളത്തെയാണ്. വ്യാവസായികമായി വലിയ നേട്ടങ്ങള്‍ കൈവരിച്ചിട്ടില്ലാത്ത പഞ്ചായത്താണ് കുറ്റ്യാട്ടൂര്‍ ഗ്രാമപഞ്ചായത്ത്. വളരെ കുറച്ച് ആധുനിക വ്യവസായ സ്ഥാപനങ്ങള്‍ മാത്രമേ ഈ പഞ്ചായത്തിലുളളൂ. പരമ്പരാഗത വ്യവസായമായ നെയ്ത്ത്, ചെറുകിട വ്യവസായമായ പപ്പടനിര്‍മ്മാണം, ഇടത്തരം വ്യവസായമായ ചെങ്കല്ല്, കരിങ്കല്ല് എന്നിവ ഈ പഞ്ചായത്തില്‍ നിലവിലുണ്ട്. ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെ പെട്രോള്‍ ബങ്ക് പഴശ്ശിയില്‍ സ്ഥിതി ചെയ്യുന്നുണ്ട്. പൊതുവിതരണമേഖലയില്‍ 8 റേഷന്‍ കടകള്‍ ഈ പഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇത് കൂടാതെ മാവേലി സ്റ്റോര്‍, നീതിസ്റ്റോര്‍ എന്നിവ ഒരോന്നു വീതം ഈ പഞ്ചായത്തിലുണ്ട്. ചെക്കിക്കുളം, ചെറുവത്തലമൊട്ട, ചട്ടുകപ്പാറ, പാവന്തൂര്‍ മൊട്ട എന്നിവയാണ് പഞ്ചായത്തിലെ പ്രധാന വ്യാപാരകേന്ദ്രങ്ങള്‍. കുറ്റ്യാട്ടൂര്‍ പഞ്ചായത്തിന്റെ പേരിനുപിന്നില്‍ രസാവഹമായ പല ഐതിഹ്യങ്ങളും നിലവിലുണ്ട്. പണ്ട് കാലത്ത് ഇവിടുത്തെ നായന്മാര്‍ കൊട്ടിയൂരേക്ക് അഭിഷേകത്തിന് വേണ്ടി കുറ്റികളില്‍ നെയ്യ് കൊണ്ടുപോകുന്ന പതിവുണ്ടായിരുന്നു ഇങ്ങനെയാണ് കുറ്റിയാട്ടിയ ഊര് എന്നര്‍ത്ഥം വരുന്ന കുറ്റ്യാട്ടൂര്‍ എന്ന പേരുണ്ടായത് എന്നാണ് വിശ്വാസം. കുറ്റിക്കാടുകള്‍ ധാരാളമുള്ളതുകൊണ്ടാണ് കുറ്റ്യാട്ടൂര്‍ എന്നപേര്‍ വന്നതെന്നും ഐതിഹ്യമുണ്ട്. നിരവധി ആരാധനാലയങ്ങള്‍ ഈ പഞ്ചായത്തിലുണ്ട്. കുറ്റ്യാട്ടൂര്‍ ശിവക്ഷേത്രം, ശ്രീകുറുമ്പക്കാവ്, മാണിയൂര്‍ ശ്രീസുബ്രഹ്മണ്യക്ഷേത്രം, കിഴക്കന്‍കാവ് ഭഗവതിക്ഷേത്രം, മുച്ചിലോട്ട് ഭഗവതിക്ഷേത്രം, അയ്യപ്പന്‍ കാവ് എന്നിവയാണ് ഇവിടുത്തെ പ്രധാന ക്ഷേത്രങ്ങള്‍. ഹാരാംപള്ളി, കുവ്വക്കാട് പള്ളി, എടവച്ചാല്‍ പള്ളി, പാവന്തൂര്‍ കടവ്, ചോലപള്ളി, വേശാലപള്ളി, തരിയേരിപള്ളി, പാവന്തൂര്‍മൊട്ടപള്ളി എന്നീ മുസ്ലീംപള്ളികളും കുറ്റിയാട്ടൂരിലുണ്ട്. ശിവരാത്രി മഹോത്സവം, താലപ്പൊലി മഹോത്സവം-കുറുമ്പക്കാവ് എന്നിവ പഞ്ചായത്തിലെ പ്രധാന ഉത്സവങ്ങളാണ്. സ്വാതന്ത്ര്യസമരസേനാനികളായിരുന്ന സി.അച്ച്യുതന്‍ മാസ്റ്റര്‍, കെ.സി.രാഘവന്‍ നമ്പ്യാര്‍ എന്നിവര്‍ ഈ പഞ്ചായത്തിന്റെ സന്തതികളായിരുന്നു. പ്രിയദര്‍ശിനി ആര്‍ട്സ്  ആന്റ് സ്പോര്‍ട്സ് ക്ളബ്, വിക്ടറി, റെയിന്‍ബോ, ഉദയ തുടങ്ങി 12 കലാകായിക സ്ഥാപനങ്ങള്‍ ഈ പഞ്ചായത്തിലുണ്ട്. ഇതുകൂടാതെ ഗ്രാമവാസികള്‍ക്കായി വായനയുടെ ലോകം തുറന്നു കൊടുത്തുകൊണ്ട് 62 ഗ്രന്ഥാലയങ്ങള്‍ ഈ പഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്നു. ആരോഗ്യരംഗത്ത് നിരവധി സ്ഥാപനങ്ങള്‍ ഈ പഞ്ചായത്തിലുണ്ട്. ചട്ടുകപ്പാറ, പാവന്തൂര്‍മൊട്ട, ചെറുവത്തലമൊട്ട എന്നിവിടങ്ങളിലായി പ്രാഥമികആരോഗ്യ കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നു. ഇതുകൂടാതെ വില്ലേജ് മുക്കില്‍ ഒരു സര്‍ക്കാര്‍ ആയുര്‍വേദ ആശുപത്രിയും ,കുറ്റിയാട്ടൂരില്‍ സര്‍ക്കാര്‍ ഹോമിയോ ആശുപത്രിയും പ്രവര്‍ത്തിക്കുന്നു. സ്വകാര്യമേഖലയില്‍ കെ.എം ഹോസ്പിറ്റല്‍ മയ്യില്‍ എന്നിവ പഞ്ചായത്ത് നിവാസികള്‍ക്ക് ആംബുലന്‍സ് സേവനം നല്‍കിവരുന്നു. മൃഗസംരക്ഷണരംഗത്ത് പാവന്തൂര്‍മൊട്ടയില്‍ ഒരു മൃഗാശുപത്രി പ്രവര്‍ത്തിക്കുന്നുണ്ട്. ചട്ടുകപ്പാറ, വില്ലേജ്മുക്ക് എന്നിവിടങ്ങളില്‍ ഇതിന്റെ ഉപകേന്ദ്രങ്ങളും സ്ഥിതിചെയ്യുന്നു. വിദ്യാഭ്യാസരംഗത്ത് നിരവധി സ്ഥാപനങ്ങള്‍ ഈ പഞ്ചായത്തിലുണ്ട്. സര്‍ക്കാര്‍ വക ഒരു ഹയര്‍സെക്കണ്ടറി സ്കൂള്‍ ചട്ടുകപ്പാറയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇതുകൂടാതെ 10 എല്‍.പി.സ്കൂളുകളും, രണ്ട് യു.പി.സ്കൂളുകളും ഇവിടെയുണ്ട്. സലഫി ഇംഗ്ളീഷ് മീഡിയം എന്ന പേരില്‍ ഒരു അണ്‍എയ്ഡഡ് സ്കൂളും ഈ പഞ്ചായത്തിലുണ്ട്. പാവന്തൂര്‍മൊട്ടയില്‍  സ്ഥിതിചെയ്യുന്ന ഐ.ടി.എം കോളേജാണ് പഞ്ചായത്തിലെ ഏക കോളേജ്. പാവന്തൂര്‍, ചെമ്മാടം എന്നിവിടങ്ങളിലായി ഓരോ വൃദ്ധസദനം ഈ പഞ്ചായത്തിലുണ്ട്. ധനകാര്യമേഖലയില്‍ രണ്ട് സ്ഥാപനങ്ങളാണ് പഞ്ചായത്തിലുള്ളത്. ദേശസാല്‍കൃതബാങ്കായ സിന്‍ഡിക്കേറ്റ് ബാങ്ക്, സഹകരണ ബാങ്കായ കുറ്റ്യാട്ടൂര്‍ പഞ്ചായത്ത് സര്‍വ്വീസ് സഹകരണ ബാങ്ക് എന്നിവയാണവ. എ.കെ.ജി ഗ്രന്ഥാലയം, കുറ്റിയാട്ടുര്‍ ഗ്രന്ഥാലയം, കൃഷ്ണപിള്ള ഗ്രന്ഥാലയം തുടങ്ങി 8 ഗ്രന്ഥശാലകള്‍ ഈ പഞ്ചായത്തിലുണ്ട്. സുഭാഷ് സ്മാരക വായനശാല, പി.എ.ഉസ്താദ് വായനശാല, രാജീവ്ജി സ്മാരക വായനശാല, എ.കെ.ജി. വായനശാല എന്നീ വായനശാലകളും ഇവിടെയുണ്ട്. ചട്ടുകപ്പാറയില്‍ ഗ്രാമപഞ്ചായത്തിന്റെ വക ഒരു കമ്മ്യൂണിറ്റി ഹാള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. കുറ്റ്യാട്ടൂര്‍, പാവന്തൂര്‍മൊട്ട, ചട്ടുകപ്പാറ എന്നിവിടങ്ങളിലായി ഓരോ തപാല്‍ ഓഫീസുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ചട്ടുകപ്പാറയില്‍ കൃഷിഭവനും മാണിയൂര്‍, കുറ്റ്യാട്ടൂര്‍ എന്നിവിടങ്ങളില്‍ ഓരോ വില്ലേജ് ഓഫീസും പ്രവര്‍ത്തിക്കുന്നു.  വടുവന്‍കുളത്താണ് പഞ്ചായത്തിലെ വാട്ടര്‍ അതോറിറ്റി ഓഫീസ് സ്ഥിതി ചെയ്യുന്നത്. അരിമില്ല്, എഞ്ചിനീയറിംഗ് വര്‍ക്ക്ഷോപ്പ്, മരമില്ല് എന്നിവ പഞ്ചായത്തിലെ പ്രധാന സ്വകാര്യ സ്ഥാപനങ്ങളാണ്. മലബാറിലെ ഏറ്റവും സ്വാദിഷ്ടമായ മാമ്പഴങ്ങളില്‍ ഒന്ന് ഈ പ്രദേശത്ത് സുലഭമാണ്. അതിനാല്‍ ഇത് കുറ്റ്യാട്ടൂര്‍ മാങ്ങ എന്ന് അറിയപ്പെടുന്നു. നമ്പ്യാര്‍ മാങ്ങ എന്നും ഇതിനെ വിളിക്കാറുണ്ട്.