കുറ്റ്യാട്ടൂര്‍

kutt00000

കണ്ണൂര്‍ ജില്ലയില്‍ തളിപ്പറമ്പ് താലൂക്കില്‍ ഇരിക്കൂര്‍ ബ്ളോക്കിലാണ് കുറ്റ്യാട്ടൂര്‍ ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. കുറ്റ്യാട്ടൂര്‍, മാണിയൂര്‍ എന്നീ വില്ലേജുകളിലായി വ്യാപിച്ചുകിടക്കുന്ന കുറ്റ്യാട്ടൂര്‍ ഗ്രാമപഞ്ചായത്തിനു 35.15 ചതുരശ്രകിലോമീറ്റര്‍ വിസ്തീര്‍ണ്ണമുണ്ട്. ഈ പഞ്ചായത്തിന്റെ അതിരുകള്‍ വടക്കുഭാഗത്ത് മയ്യില്‍, മലപ്പട്ടം പഞ്ചായത്തുകളും, വളപട്ടണം പുഴയും, കിഴക്കുഭാഗത്ത് മലപ്പട്ടം, കൂടാളി പഞ്ചായത്തുകളും, തെക്കുഭാഗത്ത് മുണ്ടേരി, കൂടാളി പഞ്ചായത്തുകളും, പടിഞ്ഞാറുഭാഗത്ത് മയ്യില്‍, കൊളച്ചേരി പഞ്ചായത്തുകളുമാണ്. കുന്നുകളും താഴ്വരകളുമുള്ള കുറ്റ്യാട്ടൂര്‍ പഞ്ചായത്ത് ഇടനാട് മേഖലയില്‍പ്പെടുന്നു. പഞ്ചായത്തിന്റെ കിഴക്കുഭാഗത്താണ് താരതമ്യേന ഉയര്‍ന്ന പ്രദേശങ്ങളുള്ളത്. ഈ പ്രദേശത്തു ഏറ്റവും കൂടിയ ഉയരം 122 മീറ്ററാണ്. വടക്കുകിഴക്കു ഭാഗത്തു കൂടി ഒഴുകുന്ന വളപട്ടണം പുഴയും, ചാലോട്-കാട്ടാമ്പള്ളി റോഡും തെക്കുപടിഞ്ഞാറു ഭാഗത്ത് കിടക്കുന്ന മുണ്ടേരി പാടശേഖരവും അതിരിടുന്ന, ഭൂമിശാസ്ത്രപരമായി ഭദ്രമായ ഒരതിര്‍ത്തിക്കകത്താണ് പഞ്ചായത്തിന്റെ കിടപ്പ്. കുറ്റ്യാട്ടൂര്‍ എന്ന പേരിനു പിന്നില്‍ പ്രബലമായ ഒരൈതീഹ്യം നിലവിലുണ്ട്. വടക്കേ മലബാറിലെ പ്രസിദ്ധമായ കൊട്ടിയൂര്‍ ശിവക്ഷേത്രത്തില്‍ ആദ്യമായി നെയ്യഭിഷേകം ചെയ്യുന്നതിനുള്ള അവകാശം കോട്ടയം തമ്പുരാനില്‍ നിന്നു കല്‍പിച്ചുകിട്ടിയത് കുറ്റിയാട്ടൂരിലെ പ്രശസ്തരായ നാലുനമ്പ്യാര്‍ തറവാട്ടുകാര്‍ക്കായിരുന്നു. നാലരകുറ്റി പശുവിന്‍ നെയ്യാണ് ഇപ്രകാരം അഭിഷേകം ചെയ്യേണ്ടിയിരുന്നതെന്നും കുറ്റിയാടുന്നവരുടെ ഊര് എന്നറിയപ്പെട്ട പ്രദേശം കുറ്റിയാട്ടൂരായി എന്നുമാണ് ഐതീഹ്യം. വളരെ പുരാതനമായ മുസ്ളീം ദേവാലയമാണ് ചെക്കിക്കുളത്തിനടുത്തുള്ള പാറാല്‍പ്പള്ളി. പള്ളിയോടനുബന്ധിച്ചുള്ള മഖാമില്‍ രണ്ട് ശൂഹതാക്കള്‍ (രക്തസാക്ഷികള്‍) അന്ത്യവിശ്രമം കൊള്ളുന്നു. എല്ലാ വര്‍ഷവും കുംഭം 24-നു ആഘോഷിക്കുന്ന പാറാല്‍പ്പള്ളി നേര്‍ച്ച ഈ പ്രദേശത്തിന്റെ മാത്രമല്ല ജില്ലയുടെ തന്നെ ഒരു മഹോത്സവമാണ്. അന്നത്തെ ദിവസം നാനാജാതിമതസ്ഥര്‍ പ്രസ്തുത ആഘോഷത്തില്‍ പങ്കെടുക്കുകയും നേര്‍ച്ചകള്‍ നേരുകയും ചെയ്യുന്നു. മതമൈത്രിയുടെ പ്രതീകമായ പ്രസ്തുത മഖാമില്‍ എല്ലാവര്‍ക്കും പ്രവേശനമുണ്ട് എന്നതാണ് ഇവിടുത്തെ പ്രത്യേകത.