ചരിത്രം

വളരെയേറെ ചരിത്രമുറങ്ങി കിടക്കുന്ന കുന്നലക്കോനാതിരിയുടെ ആസ്ഥാനമായ കോഴിക്കോട് നഗരത്തില്‍ നിന്നും 15 കിലോമീറ്റര്‍ കിഴക്കായി കുരുവട്ടൂര്‍ സ്ഥിതിചെയ്യുന്നു.1824-ല്‍ ബ്രിട്ടീഷുകാര്‍ ഏര്‍പ്പെടുത്തിയ ഒരു സംഘം സര്‍വേയര്‍മാര്‍ കോഴിക്കോട്ട് തഴമ്പാട്ടു താഴത്തു നിന്ന് പറമ്പില്‍, കുരുവട്ടൂര്‍, മച്ചക്കുളം വഴി താമരശ്ശേരിക്ക് ഒരു നിരത്ത് ഉണ്ടായിരുന്നതായി രേഖപ്പെടുത്തിയിട്ടുണ്ട്.കുരുവട്ടൂര്‍ പ്രദേശം ആദ്യകാലങ്ങളില്‍ പോര്‍ളാതിരി രാജവംശത്തിന്റെ അധീനതയിലായിരുന്നു എന്നതിന് തെളിവുകള്‍ ഉണ്ട്. കുരുവട്ടൂരിലെ പോലൂര്‍ അമ്പലം പോര്‍ളാതിരിയുടെ കാലത്ത് ഉണ്ടായിരുന്നതായി ചരിത്രപണ്ഡിതന്‍മാര്‍ അഭിപ്രായപ്പെടുന്നു.കുന്നുകളും, പുഴകളും അടങ്ങിയ ഈ പ്രദേശത്തിന് സാമൂതിരി രാജവംശവുമായി പില്‍ക്കാലത്ത് ബന്ധമുണ്ടായിരുന്നു എന്ന് സ്ഥിതീകരിക്കാന്‍  ഇവിടുത്തെ പഴയ നായര്‍ തറവാടുകളില്‍ നടക്കുന്ന തിറയാട്ട് ഉത്സവം ഉത്തമദൃഷ്ടാന്തമാണ്. പോലൂര്‍ പ്രദേശത്ത് കച്ചേരികുന്ന് എന്ന ഒരു സ്ഥലമുണ്ട്. ഇത് പോലൂര്‍ അമ്പലത്തിനടുത്താണ്. പ്രാചീന രാജഭരണക്കാലത്ത് അമ്പലങ്ങള്‍ക്ക് സമീപം രാജഭരണം നടത്താന്‍ കച്ചേരികള്‍ സ്ഥാപിച്ചതായി ചരിത്രരേഖകളില്‍ കാണുന്നു. കുരുവട്ടൂരില്‍ വിരലിലെണ്ണാവുന്ന നമ്പൂതിരി കുടുംബങ്ങളെ ആദ്യകാലത്ത്  ഉണ്ടായിരുന്നുള്ളു. പഴയ കാലങ്ങളില്‍ വിദൂര ദേശങ്ങളില്‍ പ്രസിദ്ധമായിരുന്ന ഒളോര്‍ മാമ്പഴത്തിന്റെ ഉറവിടം കുരുവട്ടൂരാണ്. ഒളോര്‍ കുരുവട്ടൂരിലെ ഒരു വീടാണ്. അന്നും ഇന്നും മാമ്പഴത്തിന്റെ സീസണില്‍ ധാരാളം വിവിധ ഇനം മാമ്പഴങ്ങള്‍ ഡല്‍ഹി, നാഗപ്പൂര്‍ മുതലായ വടക്കെ ഇന്ത്യന്‍ നഗരങ്ങളിലേക്ക് കയറ്റി അയക്കുന്നുണ്ട്. ഒളോര്‍ മാമ്പഴം ഇന്നത്തെ ഹൃദ്യമായ സേലം മാമ്പഴത്തെയും വെല്ലുന്നതാണ്.ആദ്യകാലങ്ങളില്‍ ഈ പഞ്ചായത്തിന്റെ പല ഭാഗത്തും നാട്ടാശാന്മാരുടെ എഴുത്ത് പള്ളികള്‍ ഉണ്ടായിരുന്നു. പൂര്‍വ്വീകന്മാര്‍ എഴുത്തും വായനയും ശീലിച്ചത് അവിടെനിന്ന് ആയിരുന്നു. പഞ്ചായത്തില്‍ ആദ്യമായി ബോര്‍ഡ് സ്കൂള്‍ ആരംഭിച്ചത് പഞ്ചായത്തിന്റെ ആസ്ഥാനമായ പയപ്രയിലാണ്. ഉദാത്തവും ഉല്‍കൃഷ്ടവുമായ ചരിത്ര സ്മരണകള്‍ ഉറങ്ങുന്ന ഗ്രാമങ്ങളടങ്ങിയതാണ് ഈ പഞ്ചായത്ത്. പോര്‍ളാതിരി മഹാരാജാവിന്റെ സ്മരണകള്‍ നിലനിര്‍ത്തുന്ന പോലൂര്‍ അമ്പലവും ആഞ്ഞിലോറക്കുന്നും തച്ചോളി ഒതേനന്‍ വിശ്രമിച്ചെന്ന് വിശ്വസിക്കപ്പെടുന്ന മംഗലോലത്ത് ആല്‍ത്തറയും ഈ പഞ്ചായത്തിന്റെ പ്രത്യേകതകളാണ്. ജന്മിത്വവും സവര്‍ണ്ണ മേധാവിത്വവും നിലനില്ക്കുമ്പോള്‍ തന്നെ സമുദായ ഐക്യവും മതസൌഹാര്‍ദ്ദവും ഇവിടെ നിലനിന്നിരുന്നു. താഴ്ന്ന സമുദായങ്ങളിലെ ആഘോഷങ്ങളില്‍ സവര്‍ണ്ണ കുടുംബങ്ങളിലെ ഹിന്ദുവും മുസ്ളീങ്ങളും മേല്‍ക്കോയ്മക്കാരായി പങ്കെടുത്തിരുന്നു. ടിപ്പുസുല്‍ത്താന്റെ പടയോട്ടക്കാലത്ത് നാടിന്റെ സംരക്ഷണത്തിനായി വീരമൃത്യൂ വരിച്ച ധീരയോദ്ധാക്കള്‍ ഈ പഞ്ചായത്തിലുണ്ടായിരുന്നു. അവരുടെ സ്മരണകള്‍ നിലനിര്‍ത്തുന്ന കലാരൂപങ്ങള്‍ ഇന്നും ക്ഷേത്രങ്ങളില്‍ അരങ്ങേറുന്നു. വെള്ളാട്ട്, കലശംകെട്ട് തുടങ്ങിയവ അത്തരം സ്മരണകള്‍ ഉണര്‍ത്തുന്ന കലാരൂപങ്ങളാണ്.സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമായി രൂപംകൊണ്ട ഖിലാഫത്ത് പ്രസ്ഥാനം നാടെങ്ങും ചോരപ്പുഴ ഒഴുക്കിയപ്പോള്‍ ഈ ഗ്രാമങ്ങളില്‍ അതിന്റെ അലയൊലികള്‍ ഏറ്റതേയില്ല. വാഴക്കാട്, കൊടിയത്തൂര്, അരീക്കോട് എന്നീ ഗ്രാമങ്ങളില്‍ നിന്നും വന്ന മുസ്ളീം സഹോദരങ്ങള്‍ക്ക് ഹിന്ദു കുടുംബങ്ങളില്‍ അഭയം കൊടുക്കുകയും അതിന് പ്രത്യുപകാരമായി അവര്‍ പല വീടുകളില്‍ കിണര്‍ കുഴിച്ചുകൊടുക്കുകയും ചെയ്തിരുന്നു. ഇന്നും ഈ സൌഹാര്‍ദ്ദം നിലനില്ക്കുന്നു. ഹിന്ദു മുസ്ളീം ആരാധനാലയങ്ങള്‍ അതിന്റേതായ തനിമയോടുകൂടി ഇവിടെ നിലകൊള്ളുന്നു. മതസൌഹാര്‍ദ്ദത്തിന്റെ ഉത്തമ പ്രതീകമായി പറമ്പില്‍ പള്ളിയും  കാണാം.സാംസ്കാരിക രംഗം ഇന്നറെ പ്രബുദ്ധമാവാന്‍ ഔപചാരികവും അനൌപചാരികവുമായ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നിലനിന്നിരുന്നു. എഴുത്തുപള്ളികളിലൂടെയായിരുന്നു അന്ന് വിദ്യാരംഭം കുറിച്ചിരുന്നത്. 1885-ല്‍ നിലവില്‍ വന്ന പയമ്പ്ര എലിമെന്ററി സ്കൂളാണ് ആദ്യത്തെ വിദ്യാഭ്യാസ സ്ഥാപനം. ഇന്നത് ഹൈസ്കൂളായി നിലനില്‍ക്കുന്നു.1946-ല്‍ കുരുവട്ടൂര്‍  പഞ്ചായത്തിന്റെ പടിഞ്ഞാറെ അതിര്‍ത്തിയായ പറമ്പില്‍ ബസാറില്‍ സ്ഥാപിച്ച പ്രഭാതം പൊതുജന വായനശാലയാണ് ഈ പ്രദേശത്തെ ആദ്യത്തെ വായനശാല. ദേശത്തിലെ ജനങ്ങളില്‍ രാഷ്ട്രീയ ദേശീയ സാംസ്കാരിക ഉല്‍ബുദ്ധത വളര്‍ത്തുന്നതില്‍ ഈ വായനശാല വലിയ പങ്ക് വഹിച്ചിട്ടുണ്ട്. വായനശാലയുടെ ഇന്ന് കാണുന്ന കെട്ടിടം 1947-ലാണ് പണി തീര്‍ത്തത്.