ചരിത്രം

പാണ്ഡവരില്‍ ചിലര്‍ ഈ ഭാഗത്ത് ഒളിവില്‍ വനവാസം അനുഷ്ഠിച്ചുവെന്നും അതിന്റെ സൂചനയെന്നാണം ഈ പ്രദേശത്തിന് കുമാരപുരം എന്നു നാമകരണം ചെയ്തു എന്നും പഴമക്കാര്‍ വിശ്വസിക്കുന്നു. നൂറ്റാണ്ടുകള്‍ പഴക്കമുളള ഒരു ക്ഷേത്രം അഗ്നിബാധയാല്‍ നശിച്ചുപോയതായി പഴമക്കാര്‍ പറയുന്നു. ചുററമ്പലത്തിന്റെ അടിത്തറകള്‍, വലിയ വിരിക്കല്ലുകള്‍ വിരിച്ചത്, മണിക്കിണര്‍ എന്നിവ ഇപ്പോഴും ഇവിടെ കാണാവുന്നതാണ്. ക്ഷേത്രത്തിന്റെ താഴേഭാഗത്ത് വലിയൊരു ചിറയും ഉണ്ട്. ഈ ചിറയുടെ നടുവില്‍ ഒരു കിണര്‍ ഉണ്ടായിരുന്നതായി പഴമക്കാര്‍ പറയുന്നു. ക്ഷേത്രത്തിന്റെ കാരോടുകള്‍ ഉടഞ്ഞ് ചിതറി ക്ഷേത്രപ്രദേശത്ത് കാണുവാന്‍ കഴിയുന്നതുകൊണ്ട് ഈ പ്രദേശം ഇഷ്ടികക്കാട് അഥവാ ഇട്ടിയക്കാട് എന്ന പേരില്‍ അറിയപ്പെടുന്നു. ഈ ക്ഷേത്രമിരിക്കുന്ന പ്രദേശങ്ങള്‍ ഒരുകാലത്ത് പായ്ക്കാട്ട് മനവകയായിരുന്നു. ഇപ്പോള്‍ ഈ മനയുടെ ശേഷക്കാര്‍ വേങ്ങൂരില്‍ (കുറുപ്പം പടി) താമസിക്കുന്നു. ആറാം നൂറ്റാണ്ടില്‍ സ്ഥാപിതമായ ഇടപ്പള്ളിപള്ളിയില്‍നിന്നും പിരിഞ്ഞ് 9-ാംനൂറ്റാണ്ടില്‍ സ്ഥാപിതമായ മോറക്കാലപ്പള്ളിയുടെ സ്ഥാപനത്തെക്കുറിച്ചുള്ള ഐതീഹ്യം ഇപ്രകാരമാണ്. അന്നത്തെ ഈ ഭാഗത്തുളള പ്രശസ്തമായ ഒരു ജന്മികുടുംബമായിരുന്നു അറക്കല്‍ തറവാട്ടുക്കാര്‍. സവര്‍ണ്ണ ഹൈന്ദവ കുടുംബത്തിലെ ഗൃഹനാഥയായിരുന്ന ഒരു കുഞ്ഞമ്മ ദാനമായി നല്‍കിയിട്ടുളളതാണ് ഇന്ന് പള്ളിയിരിക്കുന്നിടം എന്ന് വിശ്വസിക്കുന്നു. അതുപോലെ നൂറ്റാണ്ടുകളുടെ പഴക്കമുളള ഇവിടുത്തെ മുസ്ളീം ദേവാലയത്തിനും അവര്‍ സ്ഥലം ദാനമായി നല്‍കിയിട്ടുണ്ട്. നൂറ്റാണ്ടുകള്‍ക്ക് മുമ്പ് നടന്ന ഒരു യുദ്ധത്തില്‍ സ്വദേശത്തിനു വേണ്ടി പടനയിച്ച് വീരചരമം പ്രാപിച്ച മുസ്ളീം യോദ്ധാക്കളില്‍ ചിലരുടെ ജഡം ഈ മുസ്ളീം ദേവാലയത്തില്‍ അടക്കം ചെയ്തിട്ടുള്ളതായും വിശ്വസിക്കപ്പെടുന്നു. പ്രസിദ്ധമായ സ്വര്‍ണ്ണത്തുമനയെന്നറിയപ്പെടുന്ന പുന്നാര്‍ക്കോട്ടുമനയും 9-ാം വാര്‍ഡില്‍ സ്ഥിതിചെയ്യുന്ന നെന്മേനിമനയും ഈ പഞ്ചായത്തിലാണ്. ആദിജഗദ്ഗുരു ശങ്കരാചാര്യര്‍ ഇവിടുത്തെ പുന്നാര്‍ക്കോട്ടുമനയില്‍ സന്ദര്‍ശിച്ചിരുന്നന്നും അതിന്റെ മേന്മയെന്നാണം ഈ മനയ്ക്ക് ധാരാളം ഐശ്വര്യങ്ങള്‍ കൈവന്നിട്ടുണ്ടെന്നും ഇവിടുത്തെ അനന്തരാവകാശികളും പ്രദേശനിവാസികളും വിശ്വസിച്ചുപോരുന്നു. വൈദ്യുതി ലഭിക്കാതിരുന്ന 1930-കളില്‍പ്പോലും ഈ മനയ്ക്കല്‍ സ്വന്തമായി ജനറേററര്‍ പ്രവര്‍ത്തിപ്പിച്ച് ഇലക്ട്രിസിറ്റി ഉല്പാദിപ്പിച്ചിരുന്നു. ഇന്ന് കിഴക്കമ്പലത്തു സ്ഥിതി ചെയ്യുന്ന ഗവ:സ്ഥാപനമായ സ്വര്‍ണ്ണത്തു യു.പി.സ്ക്കൂള്‍ ഈ മനവക ആയിരുന്നു എന്നതും ശ്രദ്ധേയമാണ്. കൊച്ചിയുമായി ജലമാര്‍ഗ്ഗം വഴി വ്യാപാര ബന്ധമുണ്ടായിരുന്ന പ്രദേശമാണ് പള്ളിക്കര. പള്ളിക്കര വെറ്റില ചന്ത പ്രസിദ്ധമായ ഒന്നാണ്. ഇന്ന് ജലഗതാഗതവും ഇല്ലാതായി. ചുരുക്കമായി നടത്തപ്പെടുന്ന ജലഗതാഗതം മനക്കക്കടവു പാലം ഭാഗത്തു ശേഖരിക്കപ്പെടുന്ന ചെങ്കല്ല് വളളത്തില്‍ കയറ്റി ചേര്‍ത്തല, എറണാകുളം, കൊച്ചി ഭാഗങ്ങളിലേക്ക് കൊണ്ടുപോകുന്നതിന് ഉപയോഗപ്പെടുത്തുന്നു.