പഞ്ചായത്തിലൂടെ

ഭൂപ്രകൃതി, കാലാവസ്ഥ

കുന്നുകളും ചരിവുകളും താഴ്വാരങ്ങളും നിറഞ്ഞ നിമ്നോന്നത ഭൂപ്രകൃതിയാണ് ഈ പ്രദേശത്തിന്റേത്. പഞ്ചായത്തിലെ ഏറ്റവും ഉയരം കൂടിയ കുന്നാണ് കടല്‍ കാണികുന്ന്. കോട്ടുക്കോണം, മലയില്‍പാറ, അരുവിക്കാവ്, കാഞ്ഞിരംകോണം ഇവയും കുന്നിന്‍ പ്രദേശങ്ങളാണ്. ചരല്‍ നിറഞ്ഞ മണ്ണ്, ചെമ്മണ്ണ്, മണല്‍ കലര്‍ന്ന മണ്ണ്, പശിമരാശിമണ്ണ്, ചെളിമണ്ണ് ഇവയാണ് പഞ്ചായത്തില്‍ പൊതുവേ കാണപ്പെടുന്ന മണ്ണിനങ്ങള്‍. ഇവ കൂടാതെ പാറക്കെട്ടുകളും ധാരാളമായി വിവിധ പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിലുണ്ട്. പഞ്ചായത്തിന്റെ വടക്കുപടിഞ്ഞാറുഭാഗവും തെക്കുകിഴക്കുഭാഗവും താരതമ്യേന ഉയര്‍ന്നതും മധ്യഭാഗം താണ സമതലപ്രദേശവുമാണ്. വടക്കുപടിഞ്ഞാറു നിന്നും തെക്കുകിഴക്കുഭാഗത്തു നിന്നും ആരംഭിക്കുന്ന കൊച്ചരുവികള്‍ മധ്യഭാഗത്തോട്ടൊഴുകി ചിറ്റാറില്‍ ചേരുന്നു. നൂറിലധികം ആള്‍ക്കാര്‍ക്കു മഴയും വെയിലുമേല്‍ക്കാതെ കയറിനില്‍ക്കാന്‍ സാധിക്കുന്നത്ര വിസ്തൃതമായ പാറക്കൂട്ടങ്ങള്‍ ഇവിടെ കാണപ്പെടുന്നത് ഒരു സവിശേഷതയാണ്. അത്തരത്തിലുള്ള ഏറ്റവും വിശേഷപ്പെട്ട ഒരു പാറക്കൂട്ടമാണ് അരുവിക്കാവുപാറ (കുടയാല്‍ വാര്‍ഡ്). വിനോദസഞ്ചാരികളെ മാത്രമല്ല വിശ്വാസികളെയും ഇവിടം ആകര്‍ഷിച്ചുവരുന്നതായാണ് കാണപ്പെടുന്നത്. മനോഹരമായ ചെറുവെള്ളച്ചാട്ടം ഇവിടത്തെ പ്രത്യേകതയാണ്. കോരണംകോട്ടുള്ള പത്തായപ്പാറയും വളരെ വിശേഷപ്പെട്ടതാണ്. ഒരു നദിയും (ചിറ്റാര്‍)  56 അരുവികളും 26 നീര്‍ചാലുകളും 60 കുളങ്ങളുമുള്‍പ്പെടുന്നതാണ് ഈ പഞ്ചായത്തിലെ ജലസ്രോതസ്സ്. ഈ പഞ്ചായത്തില്‍  താരതമ്യേന സുഖകരമായ കാലാവസ്ഥയാണുള്ളത്. ഡിസംബര്‍, ജനുവരി, ഫെബ്രുവരി മാസങ്ങളില്‍ ചെറിയ തണുപ്പും ഒക്ടോബര്‍, നവംബര്‍ മാസങ്ങളില്‍ തുലാവര്‍ഷവും ജൂണ്‍, ജൂലൈ മാസങ്ങളില്‍ ഇടവപ്പാതിയും മാര്‍ച്ച്, ഏപ്രില്‍, മേയ് മാസത്തെ വേനല്‍ക്കാലവും ആണ് ഇവിടെ അനുഭവപ്പെടുന്നത്. ഇതിനുപുറമേ ഏപ്രില്‍, മേയ് മാസങ്ങളില്‍ പിന്‍മാറ്റ മണ്‍സൂണ്‍ മഴയും ലഭിക്കുന്നു.

കൃഷി, ജലസേചനം

കേരളത്തിന്റെ തെക്കേ അതിരിനോട് ചേര്‍ന്നുകിടക്കുന്ന ഈ ഗ്രാമം കാര്‍ഷികപ്രധാനമാണ്. കുന്നുകളിലും അവയുടെ ചരിവുകളിലും ഇടുങ്ങിയ താഴ്വാരങ്ങളിലുമായി ഇവിടത്തെ കൃഷിയിടങ്ങള്‍ വ്യാപിച്ചുകിടക്കുന്നു. ജലസേചനവും നിര്‍ഗ്ഗമനവും സുസാധ്യമാക്കിക്കൊണ്ട് പഞ്ചായത്തിന്റെ ഏകദേശം മധ്യഭാഗത്തു കുടിയൊഴുകുന്ന ചിറ്റാറും അതിന്റെ ശാഖാ തോടുകളും ഈ പ്രദേശത്തെ കൃഷിമേഖലയെ ജലസാന്നിധ്യം കൊണ്ടു നിറയ്ക്കുന്നു. പ്രധാനമായി കാണുന്ന മണ്ണിനം ചെങ്കല്‍മണ്ണാണ്. ചിറ്റാറിന്റെ തീരത്തും, മറ്റു തോടുകളുടെയും കുളങ്ങളുടെയും സമീപത്തും കാണുന്ന പശിമരാശിമണ്ണും, എക്കല്‍മണ്ണും അങ്ങിങ്ങുകാണുന്ന ചെമ്മണ്ണുമാണ് മറ്റ് മണ്ണിനങ്ങള്‍. സാധാരണഗതിയില്‍ മേയ് മുതല്‍ ആഗസ്റ്റു വരെ നീളുന്ന ഇടവപ്പാതിയും, സെപ്റ്റംബര്‍ മുതല്‍ നവംബര്‍ വരെ തുലാവര്‍ഷവും ഇവിടെ ലഭ്യമാണ്. റബ്ബര്‍കൃഷിയുടെ വ്യാപനത്തോടെ നെല്‍കൃഷിയും, മരച്ചീനികൃഷിയും ക്ഷയിച്ചുകൊണ്ടിരിക്കയാണ്. റബ്ബര്‍, വാഴ, തെങ്ങ്, കമുക്, മരച്ചീനി, നെല്ല്, കുരുമുളക്, ഇഞ്ചി, മലക്കറി എന്നിവയാണ് പ്രധാന കൃഷികള്‍. കനാല്‍സൌകര്യം ഇല്ലാത്ത ഈ പ്രദേശത്ത് വെള്ളത്തിന്റെ ദൌര്‍ലഭ്യം നെല്‍കൃഷിയെ സാരമായി ബാധിച്ചിട്ടുണ്ട്.

അടിസ്ഥാനമേഖലകള്‍ 

ഗതാഗതസൌകര്യങ്ങളും ആധുനിക ചികിത്സാസൌകര്യങ്ങളും സുഗമമായി ലഭ്യമല്ലാതിരുന്ന പരമ്പരാഗത ആയൂര്‍വേദ സിദ്ധമര്‍മ്മ ചികിത്സാവിദഗ്ദ്ധരും, വിഷചികിത്സകരും ചികിത്സാരംഗത്തുണ്ടായിരുന്നത്. നാറാണിപാച്ചുപിള്ള എന്ന് അറിയപ്പെട്ടിരുന്ന പരമേശ്വരന്‍പിള്ള വൈദ്യര്‍, അപ്പിപിള്ള വൈദ്യര്‍, ചെറിയകൊല്ല യേശുദാസന്‍ വൈദ്യര്‍ തുടങ്ങിയവര്‍ അവരില്‍ പ്രമുഖരായിരുന്നു. ആധുനികചികിത്സാസമ്പ്രദായമായ അലോപ്പതി രംഗത്തും ഈ പഞ്ചായത്തിന് ഒരു നൂറ്റാണ്ടിലധികം ചരിത്രമുണ്ട്. ലണ്ടന്‍ മിഷന്‍ സര്‍വ്വീസ് കാരാല്‍ 1894 -ല്‍ സ്ഥാപിച്ച ഡോ.സാമുവേല്‍ മെമ്മോറിയല്‍ സി.എസ്.ഐ മിഷന്‍ ആശുപത്രി ഈ പഞ്ചായത്തിന്റെ ആസ്ഥാനമായ കാരക്കോണത്ത് സ്ഥിതി ചെയ്യുന്നു. ഈ പഞ്ചായത്തുപ്രദേശം ഒരു കാലത്ത് മലമ്പനി രോഗത്തിന്റെ പിടിയിലമര്‍ന്നിരുന്നു. കൊല്ലവര്‍ഷം 1103-ല്‍ മലമ്പനി ബാധിച്ച് ഈ പ്രദേശത്തെ പകുതിയോളമാളുകള്‍ മരണത്തിനിരയായതായി പറയപ്പെടുന്നു. മലമ്പനിരോഗത്തിന്റെ ചികിത്സയ്ക്കായി ഉദ്ദേശം 65 കൊല്ലം മുമ്പ് കുന്നത്തുകാലില്‍ സ്ഥാപിച്ച മലേറിയ ഡിസ്പെന്‍സറി എന്നറിയപ്പെട്ടിരുന്ന സ്ഥാപനമാണ് ഇപ്പോഴത്തെ കുന്നത്തുകാല്‍ പ്രാഥമികാരോഗ്യകേന്ദ്രം. ഈ പഞ്ചായത്തില്‍ ഏകദേശം ഒരു നൂറ്റാണ്ടു മുമ്പുതന്നെ കാരക്കോണം കേന്ദ്രമാക്കി ഒരു മലയാളം മിഡില്‍ സ്കൂളും കുന്നത്തുകാല്‍ കൊന്നാനുര്‍ക്കോണം കേന്ദ്രമാക്കി ഒരു കൃഷ്ണവിലാസം എല്‍.പി.എസും പ്രവര്‍ത്തിച്ചിരുന്നു. ഇതില്‍ കാരക്കോണത്ത് പ്രവര്‍ത്തിച്ചിരുന്ന മലയാളം മിഡില്‍ സ്കൂള്‍ ഇന്ന് ഗവ.യു.പി.എസ് എന്ന് അറിയപ്പെടുന്നു. കൃഷ്ണവിലാസം സ്കൂള്‍ ഇന്ന് പ്രവര്‍ത്തനരഹിതമാണ്. ഈ രണ്ട് സ്ഥാപനങ്ങളും ആ കാലഘട്ടത്തില്‍ ഈ പഞ്ചായത്തിലെ വിദ്യാഭ്യാസരംഗത്തിന്റെ വളര്‍ച്ചയില്‍ നിര്‍ണ്ണായക പങ്കു വഹിച്ചിട്ടുണ്ട്. ഇംഗ്ലീഷ് വിദ്യാഭ്യാസത്തിന്റെ ആവശ്യകത ബോദ്ധ്യപ്പെട്ടതിനാല്‍ ഈ പഞ്ചായത്തിന്റെ പുരോഗതിയ്ക്കായി പ്രവര്‍ത്തിച്ചിരുന്ന പരമുപിള്ള കാരക്കോണം കേന്ദ്രമാക്കി 1943-ല്‍ തന്നെ ഒരു ഇംഗ്ലീഷ് മിഡില്‍ സ്കൂള്‍ സ്ഥാപിച്ചു. 1943- ല്‍ കാരക്കോണത്ത് ഇംഗ്ലീഷ് വിദ്യാഭ്യാസത്തിനു വേണ്ടി പ്രിപ്പേറട്ടറി ക്ലാസ്സുകള്‍ ആരംഭിച്ചു. വ്യാവസായികമായി വളരെ പിന്നോക്കം നില്‍ക്കുന്ന പഞ്ചായത്താണ് കുന്നത്തുകാല്‍. പരമ്പരാഗത മേഖലയില്‍ ഒന്നാം സ്ഥാനത്ത് കൈത്തറി വ്യവസായമാണ്. ഈ മേഖലയില്‍ ജോലി ചെയ്യുന്നവരില്‍ ഭൂരിഭാഗവും സ്ത്രീത്തൊഴിലാളികളാണ്.