കുന്നത്തുകാല്‍

കേരളത്തിന്റെ തെക്കേയറ്റത്ത് തമിഴ്നാട്ടിലെ കന്യാകുമാരി ജില്ലയോടു ചേര്‍ന്നുകിടക്കുന്ന വിസ്തൃതിയേറിയ മലയോരപ്രദേശമാണ് തിരുവനന്തപുരം ജില്ലയില്‍ നെയ്യാറ്റിന്‍കര താലൂക്കിലെ കുന്നത്തുകാല്‍ ഗ്രാമപഞ്ചായത്ത്. 15-08-1953-ലാണ് ജനാധിപത്യസമ്പ്രദായത്തില്‍ ആദ്യ പഞ്ചായത്തുതെരഞ്ഞെടുപ്പ് നടന്നത്. നിമ്നോന്നതങ്ങളായ കുന്നുകളും, ചരിവുകളും, പാടങ്ങളും, അരുവികളും, കാട്ടുവള്ളികളും, വൃക്ഷലതാദികളും, പാറക്കൂട്ടങ്ങളും നിറഞ്ഞ ഹരിതാഭമായ പ്രദേശമാണ് കുന്നത്തുകാല്‍ ഗ്രാമപഞ്ചായത്ത്. പഞ്ചായത്തിനെ രണ്ടു സമഭാഗങ്ങളായി ഛേദിച്ചുകൊണ്ട് നെയ്യാറിന്റെ പോഷകനദിയായ ചിറ്റാര്‍ ഒഴുകുന്നു. പഞ്ചായത്തിന്റെ വടക്കുപടിഞ്ഞാറു ഭാഗവും തെക്കുകിഴക്കുഭാഗവും താരതമ്യേന ഉയര്‍ന്നതും മധ്യഭാഗം താണ സമതലപ്രദേശവുമാണ്. കിഴക്ക് തമിഴ്നാടും, തെക്ക് കൊല്ലയില്‍ പഞ്ചായത്തും, പടിഞ്ഞാറ് പെരുങ്കടവിള പഞ്ചായത്തും, വടക്ക്  വെള്ളറട, ആര്യന്‍കോടു എന്നീ പഞ്ചായത്തുകളുമാണ് കുന്നത്തുകാല്‍ പഞ്ചായത്തിന്റെ അതിര്‍ത്തികള്‍. സ്വാതന്ത്ര്യലബ്ധിക്കു മുന്‍പ് തിരുവിതാംകൂറിലെ ഒരു വലിയ വില്ലേജായിരുന്ന കുന്നത്തുകാല്‍ അന്നത്തെ തോവാള താലൂക്കിന്റെയത്ര വിസ്തൃതമായിരുന്നു. പണ്ടുകാലത്ത് പ്രധാന വഴിയോരങ്ങളിലെല്ലാം യാത്രക്കാര്‍ക്ക് വിശ്രമിക്കുവാന്‍ വഴിയമ്പലങ്ങളും കുടിവെള്ളത്തിന് കിണറും, തലച്ചുമടിറക്കിവയ്ക്കുവാന്‍ ചുമടുതാങ്ങികളും, ചോലമരങ്ങളും, കല്‍ത്തൂണ്‍ വഴിവിളക്കുകളുമൊക്കെയുണ്ടായിരുന്ന ഗ്രാമമായിരുന്നു കുന്നത്തുകാല്‍. ഇവയൊക്കെ പൂര്‍വ്വികര്‍ സ്ഥാപിച്ചത് അക്കാലത്തെ ജനതയുടെ സാമൂഹ്യസേവനതല്‍പരതയുടെ തെളിവാണ്. അവയില്‍ തട്ടിട്ടമ്പലം, അരുവിയോട് (കടമ്പറമൂല) കുഴീക്കട (ചെക്കിന്‍ മൂട്) എന്നിവിടങ്ങളിലെ വഴിയമ്പലങ്ങള്‍ ഇന്നു സ്മാരകങ്ങളായി നില കൊള്ളുന്നു. വഴിയോരങ്ങളില്‍ നട്ട ചോലമരങ്ങള്‍ വന്‍വൃക്ഷങ്ങളായി ഇന്നും തണലേകി നില്‍ക്കുന്നു. പ്രഗല്‍ഭരായ പല പൂര്‍വ്വികര്‍ക്കും ജന്മം നല്‍കിയ നാടാണ് കുന്നത്തുകാല്‍. ദിവാന്‍പേഷ്കാര്‍ ഇ.പരമുപിള്ള, തിരുകൊച്ചിയിലെ പൊതുമരാമത്ത് ചീഫ് എന്‍ജീനിയര്‍ ഇ.ശിവരാമന്‍ നായര്‍ എന്നിവര്‍ അവരില്‍ മുന്‍നിരക്കരാണ്. ദേശീയ സ്വാതന്ത്ര്യസമരപ്രസ്ഥാനവുമായി ബന്ധപ്പെട്ട് നെയ്യാറ്റിന്‍കര കേന്ദ്രമാക്കിയുള്ള പ്രവര്‍ത്തനങ്ങളില്‍ പ്രചോദനം ഉള്‍കൊണ്ട് കുന്നത്തുകാല്‍ പ്രദേശത്തെ ആളുകളും ദേശീയപ്രസ്ഥാനവുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിച്ചിട്ടുണ്ട്. സ്പെയിനില്‍ നിന്നും ജോണ്‍ ഡൊമസ്റ്റിയന്‍ എന്ന മിഷനറി കുന്നത്തുകാല്‍ പഞ്ചായത്തില്‍ മിഷനറി പ്രവര്‍ത്തനത്തിന്റെ ഭാഗമായി 12 പള്ളികള്‍ സ്ഥാപിച്ച് സാധുക്കളുടെയും പിന്നോക്കകാരുടേയും ഇടയില്‍ പ്രവര്‍ത്തിച്ചു. തുടര്‍ന്നു ബല്‍ജിയത്തില്‍നിന്നും വന്ന ബാപ്റ്റിസ്റ്റു മിഷനറി, മുന്‍ഗാമി പണി കഴിപ്പിച്ച പള്ളികളെ ഉദ്ധരിക്കുകയും ഉണ്ടന്‍കോട് ഒരു സ്കൂള്‍ സ്ഥാപിക്കുകയും ചെയ്തു. ഏകദേശം നൂറു വര്‍ഷങ്ങള്‍ക്കു മുന്‍പുതന്നെ ഈ പഞ്ചായത്തില്‍ മലയാളവിദ്യാഭ്യാസത്തിന് പള്ളിക്കൂടങ്ങള്‍ ഉണ്ടായിരുന്നു. പ്രശസ്ത മലയാള കവി പ്രൊഫസര്‍ വി.മധുസൂദനന്‍ നായര്‍ക്ക് ജന്മദേശം കൂടിയാണ് ഈ ഗ്രാമം. കുന്നുകളും ചരിവുകളും താഴ്വാരങ്ങളും നിറഞ്ഞ നിമ്നോന്നത ഭൂപ്രകൃതിയാണ് ഈ പ്രദേശത്തിന്റേത്. പഞ്ചായത്തിലെ ഏറ്റവും ഉയരം കൂടിയ കുന്നാണ് കടല്‍ കാണികുന്ന്. നൂറിലധികം ആള്‍ക്കാര്‍ക്കു മഴയും വെയിലുമേല്‍ക്കാതെ കയറിനില്‍ക്കാന്‍ സാധിക്കുന്നത്ര വിസ്തൃതമായ പാറക്കൂട്ടങ്ങള്‍ ഇവിടെ കാണപ്പെടുന്നത് ഒരു സവിശേഷതയാണ്. അത്തരത്തിലുള്ള ഏറ്റവും വിശേഷപ്പെട്ട ഒരു പാറക്കൂട്ടമാണ് അരുവിക്കാവുപാറ (കുടയാല്‍ വാര്‍ഡ്). വിനോദസഞ്ചാരികളെ മാത്രമല്ല വിശ്വാസികളെയും ഇവിടം ആകര്‍ഷിച്ചുവരുന്നതായാണ് കാണപ്പെടുന്നത്. മനോഹരമായ ചെറുവെള്ളച്ചാട്ടം ഇവിടത്തെ പ്രത്യേകതയാണ്. കോരണംകോട്ടുള്ള പത്തായപ്പാറയും വളരെ വിശേഷപ്പെട്ടതാണ്. ഒരു നദിയും (ചിറ്റാര്‍)  56 അരുവികളും 26 നീര്‍ചാലുകളും 60 കുളങ്ങളുമുള്‍പ്പെടുന്നതാണ് പഞ്ചായത്തിലെ ജലസ്രോതസ്സ്. കേരളത്തിന്റെ തെക്കേ അതിരിനോട് ചേര്‍ന്നുകിടക്കുന്ന ഈ ഗ്രാമം കാര്‍ഷികപ്രധാനമാണ്. കുന്നുകളിലും അവയുടെ ചരിവുകളിലും ഇടുങ്ങിയ താഴ്വാരങ്ങളിലുമായി ഇവിടത്തെ കൃഷിയിടങ്ങള്‍ വ്യാപിച്ചുകിടക്കുന്നു.