ചരിത്രം

കുന്നത്തൂര്‍ പഞ്ചായത്ത് കടമ്പനാടിന്റെ ഭാഗമായിരുന്നു. പിന്നീട് അതിര്‍ത്തി പുനര്‍നിര്‍ണ്ണയം ചെയ്യുകയും ഇപ്പോഴത്തെ പ്രദേശങ്ങള്‍ കുന്നത്തൂര്‍ വില്ലേജിന്റെ പരിധിയില്‍പെടുത്തുകയും ചെയ്തു. കുന്നത്തൂര്‍ പഞ്ചായത്ത് 1962 ലാണ് രൂപം കൊണ്ടത്. വാടക കെട്ടിടത്തിലായിരുന്നു ആദ്യകാല പ്രവര്‍ത്തനം. പഞ്ചായത്തിന്റെ ആദ്യത്തെ പ്രസിഡന്റ് എസ് കെ മാധവന്‍ പിള്ളയായിരുന്നു. 1964 ലാണ് കുന്നത്തൂര്‍ പഞ്ചായത്തിലെ ആദ്യത്തെ ഹൈസ്ക്കൂള്‍ സ്ഥാപിതമായത്. വെണ്‍മണി ഗ്രാമസേവാ സമിതി അവര്‍ക്ക് നെടിയവിളയില്‍ ഉണ്ടായിരുന്ന സ്ഥലത്താണ് ഈ സ്വകാര്യ വിദ്യാലയം ആരംഭിച്ചത്. 1967 ജനുവരിയില്‍ പഞ്ചായത്തിന്റെ പത്താം വാര്‍ഡില്‍ ആരംഭിച്ച സര്‍ക്കാര്‍ ആയുര്‍വേദ ആശുപത്രിയാണ് ഈ രംഗത്ത് പഞ്ചായത്തിനു ലഭിച്ച വ്യവസ്ഥാപിതമായ ആരോഗ്യകേന്ദ്രം. സര്‍ക്കാര്‍ തലത്തില്‍ അലോപ്പതി ചികിത്സക്കായി പഞ്ചായത്തില്‍ ഒരു പ്രാഥമികാരോഗ്യ കേന്ദ്രം തുടങ്ങിയത് 1990 ലാണ്. കുന്നത്തൂര്‍ പാലത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയായതോടുകൂടി (1964) പഞ്ചായത്തിലെ ഗതാഗത മേഖലയ്ക്കു അസാധാരണമായ ഉണര്‍വ്വു കൈവന്നു. അന്നത്തെ പഞ്ചായത്തു പ്രദേശം ഉള്‍പ്പെട്ടിരുന്ന താലൂക്കിന്റെ ആസ്ഥാനം അടൂരായിരുന്നു. 1934-ല്‍ ഐവര്‍കാല കേന്ദ്രമാക്കി പ്രവര്‍ത്തനം ആരംഭിച്ച ചങ്ങനാശ്ശേരി സ്മാരക ഗ്രന്ഥശാല കുന്നത്തൂരിന്റെ സാംസ്കാരിക ചരിത്രത്തില്‍ ഒരു നാഴിക കല്ലാണ്. സര്‍ദാര്‍ കെ എം പണിക്കരായിരുന്നു ഇതിന്റെ ആദ്യത്തെ രക്ഷാധികാരി. കൊക്കം കാവ് ക്ഷേത്രത്തിനു സമീപമുള്ള ആറ്റുമണല്‍ പരപ്പില്‍ ആലുവാ ശിവരാത്രിയെ അനുസ്മരിപ്പിക്കുന്ന വിധത്തില്‍ ശിവരാത്രി ഉത്സവം നടത്തുക പതിവായിരുന്നു. 18 കരക്കാര്‍ ചേര്‍ന്നു നടത്തിയ ഈ ആഘോഷങ്ങളില്‍ ദിവാന്‍, ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ , പണ്ഡിതന്‍മാര്‍ , കവികള്‍ തുടങ്ങിയവര്‍ സജീവമായി പങ്കെടുത്തിരുന്നു. ഈ ക്ഷേത്രത്തില്‍ മാര്‍ത്താണ്ഡ വര്‍മ്മ യാഗങ്ങളും നടത്തുമായിരുന്നു. സാഹിത്യരംഗവുമായി പഞ്ചായത്ത് പ്രദേശത്തിന് അഗാധമായ ബന്ധമാണുള്ളത്. ഹാസ്യസാഹിത്യ സമ്രാട്ടായിരുന്ന  ഇ വി കൃഷ്ണപിള്ളയുടെ ജന്മം കൊണ്ടനുഗ്രഹീതമായ നാടാണിത്. നെടിയവിളയിലായിരുന്നു ആ പുണ്യാത്മാവിന്റെ ജന്മം. പ്രദേശത്തു ജീവിച്ചിരുന്ന പ്രധാന സംസ്കൃത പണ്ഡിതന്മാരും സാഹിത്യോപസകന്മാരുമായിരുന്നു ശ്രീമംഗലത്ത്  റ്റി പി ഗോപാല പിള്ള, മറവൂര്‍  ഭാസ്കരാനന്ദജി, അന്തിപ്പുഴയ്ക്കല്‍  കെ എസ് നായര്‍ എന്നിവര്‍.