കുന്ദമംഗലം

കോഴിക്കോട് ജില്ലയിലെ കോഴിക്കോട് താലൂക്കില്‍ കുന്ദമംഗലം ബ്ളോക്ക് പരിധിയില്‍ കുന്ദമംഗലം, കുറ്റിക്കാട്ടൂര്‍ വില്ലേജ് ഉള്‍പ്പെടുന്ന ഗ്രാമപഞ്ചായത്താണ് കുന്ദമംഗലം ഗ്രാമപഞ്ചായത്ത്. പഞ്ചായത്തിന്റെ വിസ്തീര്‍ണ്ണം 27.23 ച.കി.മീറ്ററാണ്. പഞ്ചായത്തിന്റെ അതിരുകള്‍ വടക്ക് കൊടുവള്ളി, മടവൂര്‍ പഞ്ചായത്തുകള്‍, കിഴക്ക് ചാത്തമംഗലം, കൊടുവള്ളി പഞ്ചായത്തുകള്‍, പടിഞ്ഞാറ് കോഴിക്കോട് കോര്‍പ്പറേഷന്‍, കുരുവട്ടൂര്‍ പഞ്ചായത്ത്, തെക്ക് കോഴിക്കോട് കോര്‍പ്പറേഷന്‍, പെരുവയല്‍, പെരുമണ്ണ  പഞ്ചായത്തുകള്‍ എന്നിവയാണ്. കിഴക്ക് ചെറുപുഴയും പടിഞ്ഞാറ് പൂനൂര്‍ പുഴയും അതിര്‍ത്തിയായ കുന്നുകള്‍ നിറഞ്ഞ ഈ ഗ്രാമത്തിന് ഉല്‍കൃഷ്ടമായ ഒരു സാംസ്കാരിക പാരമ്പര്യമുണ്ട്. ടിപ്പുസുല്‍ത്താന്റെ പാദസ്പര്‍ശം കൊണ്ട് അനുഗ്രഹീതമായ ഈ ഗ്രാമം സ്വാതന്ത്ര്യസമരത്തിന്റെയും ഉജ്ജ്വലമായ ചരിത്രം നെഞ്ചിലേറ്റുന്നു. വിരലിലെണ്ണാവുന്ന ജന്മികളുടെ കയ്യില്‍ നിന്നും കൃഷിഭൂമിയുടെ അവകാശം ത്യാഗോജ്ജ്വലമായ പോരാട്ടത്തിലൂടെ നേടിയെടുത്ത് അടിമകള്‍ ഉടമകളായ കേരളമണ്ണിന്റെ ചരിത്രം ഈ ഗ്രാമത്തിന്റെ കൂടി ചരിത്രമാണ്. പരമ്പരാഗത മേഖലയില്‍ ഉല്‍പ്പാദിപ്പിച്ചിരുന്ന വെളിച്ചെണ്ണ, കാലിത്തീറ്റ, പപ്പടം മുതലായവ അന്യനാടുകളില്‍ വളരെ മുമ്പേ പ്രശസ്തിയാര്‍ജ്ജിച്ചിരുന്നു. 50 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇരുപത്തിയഞ്ചാളം കൊപ്രയാട്ട് മരച്ചക്കുകള്‍ ഈ പഞ്ചായത്തില്‍ നിലവിലുണ്ടായിരുന്നു. കോഴിക്കോട് കോര്‍പ്പറേഷനോട് തൊട്ട് അറബിക്കടലില്‍ നിന്നും 13 കി.മീ. കിഴക്ക് മലകളും സമതലങ്ങളും വയലുകളും ഇടതിങ്ങി വൈവിധ്യമാര്‍ന്ന ഭൂപ്രകൃതിയോടുകൂടിയ പ്രദേശമാണ് കുന്ദമംഗലം പഞ്ചായത്ത്. വയനാട് ചുരത്തിലേക്കും നാടുകാണിച്ചുരത്തിലേക്കും വഴി പിരിയുന്നത് ഇവിടെവച്ചാണ്. കോഴിക്കോട് കഴിഞ്ഞാല്‍ വയനാട് റോഡിലെ ഒരു പ്രധാന അങ്ങാടിയാണിത്. മറ്റു സംസ്ഥാനങ്ങളില്‍ നിന്നും വരുന്ന വിനോദസഞ്ചാരികളും തീര്‍ത്ഥാടകരും വാഹനത്തൊഴിലാളികളും ഇവിടുത്തെ കച്ചവടത്തെ ചെറിയൊരളവോളം സ്വാധീനിക്കുന്നുണ്ട്. കിഴക്ക് ചെറുപുഴയും പടിഞ്ഞാറ് പൂനൂര്‍ പുഴയും വടക്ക് കൊടുവള്ളി പഞ്ചായത്തിനോട് തൊട്ട് വള്ളിയാട്ടുമ്മല്‍, വെളളാരംചാല്‍ മലനിരകളും തെക്ക് കോഴിക്കോട് കോര്‍പ്പറേഷന്‍ അതിരുകളോടടുത്ത കരിമ്പനക്കല്‍ കുന്നുകളുമാണ് ഇതിന്റെ അതിരുകള്‍. കുന്ദമംഗലം എന്ന പേരിനെ അന്വര്‍ത്ഥമാക്കുംവിധം 40-ഓളം കുന്നുകള്‍ ഈ പഞ്ചായത്തിലുണ്ട്.  കുന്ദമംഗലം പഞ്ചായത്ത് നിലവില്‍ വന്നത് 1956 ഒക്ടോബര്‍ ഒന്നാം തിയതിയാണ്. കുന്ദമംഗലം ടൌണിനടുത്ത് ഒരു ചെറിയ മുറിയില്‍ ഓഫീസ് പ്രവര്‍ത്തനമാരംഭിക്കുമ്പോള്‍ അത് ഈ ഗ്രാമീണ ജനതയുടെ ചിരകാല സ്വപ്നത്തിന്റെ സാക്ഷാത്കാരമായിരുന്നു. കൈപൊക്കി വോട്ടായിരുന്നു ആദ്യം. സാമൂഹ്യ സാംസ്കാരിക രാഷ്ട്രീയ മണ്ഡലത്തില്‍ ഇന്നും നിറഞ്ഞു നില്‍ക്കുന്ന വി.കുട്ടികൃഷ്ണന്‍ നായരായിരുന്നു ആദ്യത്തെ പഞ്ചായത്ത് പ്രസിഡന്റ്. അക്കാലത്ത് പഞ്ചായത്ത് കോടതി നിലവിലുണ്ടായിരുന്നു. പഞ്ചായത്ത് പ്രസിഡന്റായിരുന്നു കോടതിയുടെ പ്രസിഡന്റ്. മറ്റംഗങ്ങള്‍ കോടതി മെമ്പര്‍മാരുമായിരുന്നു. 200 രൂപ വരെ പരിധിയുളള സിവില്‍ കേസുകള്‍ തീര്‍പ്പ് കല്‍പ്പിക്കാന്‍ ഈ കോടതിക്കധികാരമുണ്ടായിരുന്നു. 1962 ജനുവരി ഒന്നാം തിയതി മലബാര്‍ ഡിസ്ട്രിക്ട് ബോര്‍ഡ് നിര്‍ത്തലാക്കിയതിനെ തുടര്‍ന്ന് കാരന്തൂര്‍, പൈങ്ങോട്ട് പുറം എന്നീ പ്രദേശങ്ങള്‍ ഈ പഞ്ചായത്തിനോട് ചേര്‍ക്കപ്പെട്ടു. 1962-ലാണ് എക്സി.ഓഫീസറുടെ തസ്തിക ഇവിടെ നിലവില്‍ വന്നത്. കോഴിക്കോട് താലൂക്ക് ഭരണസൌകര്യത്തിനായി കോഴിക്കോട്, ചേവായൂര്‍, കുന്ദമംഗലം, കൊടുവള്ളി എന്നീ ഫര്‍ക്കകളായി വിഭജിച്ചു. 18 അംശങ്ങള്‍ ആയിരുന്നു കുന്ദമംഗലം ഫര്‍ക്കയില്‍ ഉണ്ടായിരുന്നത്. കുന്ദമംഗലം, കൊടുവള്ളി ഫര്‍ക്കകള്‍ ഉള്‍ക്കൊള്ളുന്ന സബ്താലൂക്കിന്റെ ആസ്ഥാനമായിരുന്നു കുന്ദമംഗലം. ഇന്നും കേരളത്തില്‍ നിലനില്ക്കുന്ന ഏക സബ്താലൂക്കാണ് കുന്ദമംഗലം. ആയോധനകലയായ കളരിയുടെ ഈറ്റില്ലമായിരുന്നു കാരന്തൂര്‍. ധീരദേശാഭിമാനികളായിരുന്ന മുഹമ്മദ് അബ്ദുറഹിമാന്‍ സാഹിബ്, കെ.കേളപ്പന്‍, കെ.എ.കേരളീയന്‍, ഇ.മൊയ്തുമൌലവി, എ.വി.കുട്ടിമാളു അമ്മ എന്നിവരുടെ പാദസ്പര്‍ശം കൊണ്ടനുഗ്രഹീതമായിരുന്നു ഈ മണ്ണ്.