ചരിത്രം

 ചരിത്രപരമായി ഈ പ്രദേശം ബളളാല്‍ രാജവംശത്തില്‍ ഉള്‍പ്പട്ടിരുന്നു. പിന്നീട് മായിപ്പാടി രാജാക്കന്‍മാരുടെ അധീനതയിലായിരുന്നു. അതിന്റെ ചരിത്രാവശിഷ്ടങ്ങള്‍ ഈ പ്രദേശത്ത് ഇപ്പോഴും കാണാം. കുമ്പള ജയസിംഹ രാജാവിനെ ബ്രിട്ടീഷുകാര്‍ പരാജയപ്പെടുത്തിയതോടെ രാജവാഴ്ച അവസാനിച്ചു. ഈ പ്രദേശത്തുകൂടെ ഒഴുകുന്ന നദി കുമ്പ (കുംഭടം) ആകൃതിയിലായതുകൊണ്ട് ഈ പുഴയെ കുമ്പളപ്പുഴയെന്നും  ഈ പ്രദേശത്തെ കുമ്പളയെന്നും  വിളിക്കുന്നു. ശീദേവപ്പ ആള്‍വ (കുമ്പളഗാന്ധി) - കുമ്പളഗാന്ധി എന്ന പേരില്‍ അറിയപ്പെടുന്നു. സുന്ദരകുമ്പള  ഈ പ്രദേശത്തെ പ്രമുഖ സ്വാതന്ത്ര്യസമരസേനാനിയാണ്. വിവിധ ജാതി മതസ്ഥരുടെയും വിവിധ ഭാഷാ ഭാഷികളുടെയും സംഗമഭൂമിയാണ് കുമ്പള. കന്നട, മലയാളം, കൊംഗിണി, തുളു, മറാഠി, ഹിന്ദി എന്നീ ഭാഷകള്‍ സംസാരിക്കുന്നവര്‍ കൂടാതെ ശിവള്ളി, ഹവിക, കരാഡ എന്നീ ബ്രാഹ്മണ സമുദായങ്ങള്‍ വ്യത്യസ്ത ഭാഷ സംസാരിക്കുന്നു. നാടിന്റെ സംസ്കാരവുമായി ബന്ധപ്പെട്ട ആചാരങ്ങള്‍ നാഗപഞ്ചമി, തുളസി പൂജ, ഗോപൂജ, ഗണേശ ചതുര്‍ത്ഥി, സംഗഷ്ഠി എന്നിവയാണ്. കമ്പളം എന്ന പേരിലറിയപ്പെടുന്ന കാളയോട്ട മത്സരം ഇന്നും ഇവിടെ നടക്കാറുണ്ട്. പഞ്ചായത്തിലെ മുഖ്യകല യക്ഷഗാനമാണ്. മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ അനില്‍ കുബ്ളൈയുടെ പൈതൃക ഗ്രാമമാണ് കുമ്പള. കുമ്പളയിലെ മൊഗ്രാലിലാണ് സംസ്ഥാനത്തെ ഏക യുനാനി ആശുപത്രി സ്ഥിതി ചെയ്യുന്നത്. സ്വാമി ആനന്ദതീര്‍ഥരുടെ നേതൃത്വത്തില്‍ നടത്തിയ ആരാധനാ സ്വാതന്ത്ര്യസമരം സമരചരിത്രത്തില്‍ എന്നും ഓര്‍മ്മിക്കപ്പെടുന്ന ഒന്നാണ്. കുമ്പളത്ത് ഉല്പാദിപ്പിച്ചുകൊണ്ടിരുന്ന കൈത്തറി വസ്ത്രങ്ങള്‍ നൂറ്റാണ്ടുകള്‍ക്കുമുമ്പു തന്നെ പാശ്ചാത്യ പൌരസ്ത്യ രാഷ്ട്രങ്ങളിലേക്ക് കയറ്റുമതി ചെയ്തിരുന്നു. മാലി ദ്വീപുകള്‍ അടക്കമുളള ദ്വീപസമൂഹത്തിലേക്ക് കുമ്പളയില്‍ നിന്ന് അരി കയറ്റുമതി ചെയ്തിരുന്നു. നൂറ്റാണ്ടുകള്‍ക്കുമുമ്പു തന്നെ കുമ്പള തുറമുഖമായിരുന്നു. കുമ്പളയില്‍നിന്ന് പല വിദേശ രാഷ്ടങ്ങളിലേയ്ക്കും ഉണക്കമീനിന്റെ കയറ്റുമതി ചെയ്തിരുന്നു. ഇതിനാവശ്യമായ ഉപ്പ് തൂത്തുക്കുടിയില്‍നിന്നാണ് കൊണ്ടു വന്നിരുന്നത്. മീനെണ്ണ ഇവിടെ നിന്നും കയറ്റുമതി ചെയ്തിരുന്നു. ദേശീയ പാത എന്‍.എച്ച് .17 ഈ പഞ്ചായത്തിലൂടെ കടന്നു പോകുന്നു. 1963-ല്‍ കുമ്പള ഗ്രാമപഞ്ചായത്ത് ഭരണസമിതി നിലവില്‍ വന്നു. എം.സി അബ്ദുള്‍ ഖാദര്‍ ഹാജി ആയിരുന്നു ആദ്യകാല ഭരണ സമിതിയുടെ പ്രസിഡന്റ്. അതിനുമുമ്പ് ഭരണസമിതികളെ ജനങ്ങള്‍ കൈപൊക്കി തെരഞ്ഞെടുക്കുന്ന സമ്പ്രദായമാണ് ഉണ്ടായിരുന്നത്.