കുമ്പള

കാസര്‍ഗോഡ് ജില്ലയിലെ കാസര്‍ഗോഡ് താലൂക്കില്‍ കാസര്‍ഗോഡ്  ബ്ളോക്കിലാണ് കുമ്പള ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. 1961-ലാണ് പഞ്ചായത്ത് നിലവില്‍ വന്നത്. 40.185 ചതുരശ്ര കിലോമീറ്റര്‍ വിസ്തീര്‍ണ്ണമുള്ള പഞ്ചായത്തില്‍ ഉള്‍പ്പെടുന്ന വില്ലേജുകള്‍ മൊഗ്രാല്‍, കൊയിപ്പാടി, ഇച്ചിലംപാടി, ആരിക്കാടി, ബംബ്രാണ, ഉജാര്‍ ഉളുവാര്‍, കിദൂര്‍ എന്നിവയാണ്. പഞ്ചായത്തിന്റെ അതിരുകള്‍ തെക്ക് മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്തും, കിഴക്ക് പുത്തിഗെ പഞ്ചായത്തും, വടക്ക് മംഗല്‍പാടി, പൈവളികെ പഞ്ചായത്തുകളും, പടിഞ്ഞാറ് അറബിക്കടലുമാണ്. ഭൂപ്രകൃതി അനുസരിച്ച് പഞ്ചായത്തിനെ മലനാട്, തീരദേശം എന്നീ പ്രദേശങ്ങളായി തിരിക്കാം. മൊഗ്രാല്‍, കുമ്പള, ഷിറിയ എന്നീ പുഴകള്‍ ഈ പഞ്ചായത്തിലൂടെയാണ് ഒഴുകുന്നത്. അനന്തപുരം, ബോര്‍കുന്ന് എന്നിവ പഞ്ചായത്തില്‍ സ്ഥിതി ചെയ്യുന്ന കുന്നുകളാണ്. മൊത്തം വിസ്തൃതിയുടെ 20% പ്രദേശത്ത് കണ്ടല്‍കാടുകള്‍  കാണാം. അനന്തപുരം തടാക ക്ഷേത്രം, അനന്തപുരം കൊട്ടാരം, ആരിക്കാടി കോട്ട, മൊഗ്രാല്‍ കടപ്പുറം, കണിപുരം ക്ഷേത്രം, കുമ്പള മുദംറാവു ക്ഷേത്രം എന്നിവ വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്ന പഞ്ചായത്തിലെ പ്രധാന കേന്ദ്രങ്ങളാണ്. കുമ്പള പഞ്ചായത്തില്‍ കൃഷ്ണനഗറിലായി ഒരു ചില്‍ഡ്രന്‍സ് പാര്‍ക്കും സ്ഥിതിചെയ്യുന്നുണ്ട്. എന്‍.എച്ച്-17 ഈ പഞ്ചായത്തിലൂടെയാണ് കടന്നു പോകുന്നത്. പഞ്ചായത്തിന്റെ വികസനത്തിന് ആക്കം കൂട്ടിയ പദ്ധതികളാണ് ആരിക്കാടി പുത്തിഗെ, കുമ്പള-ബദിയഡുക്ക, പേരാല്‍ കാമന വയല്‍ എന്നീ പ്രധാന റോഡുകളും കുമ്പള, മൊഗ്രാല്‍, ഷിറിയ എന്നീ പാലങ്ങളും. പഞ്ചായത്തിലെ പ്രധാന പരമ്പരാഗത വ്യവസായമായിരുന്നു മണ്‍ചട്ടി വ്യവസായം.  മത്സ്യബന്ധനം, ബീഡി നിര്‍മ്മാണം എന്നീ ചെറുകിട വ്യവസായങ്ങളും പഞ്ചായത്തിലുണ്ട്. സാംസ്കാരിക ഔന്നത്യം വിളിച്ചോതുന്ന ആരാധനാലയങ്ങള്‍ പഞ്ചായത്തില്‍ സ്ഥിതി ചെയ്യുന്നുണ്ട്. ശ്രീകണിപുര ഗോപാലകൃഷ്ണ ക്ഷേത്രം, ആരിക്കാടി ഹനുമാന്‍ ക്ഷേത്രം, മുജുംങ്കാവ് പാര്‍ത്ഥസാരഥി ക്ഷേത്രം എന്നിവ പഞ്ചായത്തിലെ ഹൈന്ദവ ആരാധനാലയങ്ങളാണ്. കുമ്പള ബദര്‍ ജുമാമസ്ജിദ്, കൊപ്പളം വലിയ ജുമാമസ്ജിദ്, മുഹ്യുദ്ദീന്‍ ജുമാമസ്ജിദ്, കുമ്പോല്‍ തങ്ങള്‍ പള്ളി, ഷിറിയ ജുമാമസ്ജിദ് തുടങ്ങി 40-ഓളം മുസ്ളീം പള്ളികള്‍ ഈ പഞ്ചായത്തിലുണ്ട്. സെന്റ് മോണിക്കാ ചര്‍ച്ചാണ് പഞ്ചായത്തില്‍ സ്ഥിതി ചെയ്യുന്ന ക്രിസ്ത്യന്‍ ദേവാലയം. കണിപുര ശ്രീഗോപാലകൃഷ്ണ ക്ഷേത്രത്തിലെ വെയി ഉത്സവം, കുമ്പോല്‍ തങ്ങള്‍ ഉത്സവം, കുമ്പള ഉറൂസ്, ആരിക്കാടി പാറസ്ഥാനം ക്ഷേത്ര മഹോത്സവം, മുജുംങ്കാവ് തീര്‍ത്ഥ സ്നാനം എന്നിവ പഞ്ചായത്തിലെ പ്രധാന ഉത്സവങ്ങളാണ്. യക്ഷഗാനത്തിന്റെ കുലപതിയായിരുന്ന പാര്‍ത്ഥി സുബ്ബ, സ്വാതന്ത്ര്യസമര സേനാനിയായിരുന്ന കുമ്പള ഗാന്ധി എന്ന് അറിയപ്പെട്ടിരുന്ന കുമ്പള ദേവസ്വ ആള്‍വാ, പഞ്ചായത്തിലെ ആദ്യ ബിരുദധാരിയും മദ്രാസ് അംബാസിഡറും, എം.എല്‍.എയുമായിരുന്ന എം.എസ്.മൊഗ്രാല്‍, സ്വാതന്ത്ര്യസമര സേനാനിയായിരുന്ന മാധവപൈ, ബാങ്കിംഗ് മേഖലയില്‍ പ്രവര്‍ത്തിച്ചിരുന്ന ഐ.സി.ഭണ്ഡാരി, ശബരിമല മേല്‍ശാന്തിയായിരുന്ന രാമചന്ദ്രകാമണ്ണായ, പക്ഷിപ്പാട്ട് രചയിതാവായിരുന്ന നടത്തോപ്പില്‍ അബ്ദുള്ള, നാട്ടുരാജാവും മാന്ത്രികനും വൈദ്യനുമായിരുന്ന സാവുക്കര്‍ കുഞ്ഞി പക്കി, കവയത്രിയും, കറത്തിപ്പാട്ടുകാരിയുമായിരുന്ന നടത്തോപ്പില്‍ കുണായിശു, സ്വതന്ത്രമായി വീട്ടില്‍ സ്കൂള്‍ നടത്തിയിരുന്ന ഇസ്മായില്‍ മുക്രി, നാട്ടുഭരണാധികാരിയായിരുന്ന ഇര്‍ണിറായ, പത്രപ്രവര്‍ത്തകനായിരുന്ന എന്‍.അബ്ദുള്‍ റഹിമാന്‍, സാമൂഹിക പ്രവര്‍ത്തകരായിരുന്ന ഖാധി മുഹമ്മദ് മുസ്ള്യാര്‍, കുമ്പോല്‍ ഫസല്‍ പൂക്കോയ തങ്ങള്‍ ഗോള ശാസ്ത്രജ്ഞന്‍, ഗ്രന്ഥരചയിതാവ്, കോളമിസ്റ്റ്, മതപ്രബോധകന്‍ എന്നീ നിലകളില്‍ പ്രശസ്തനായിരുന്ന കോട്ട അബ്ദുള്‍ മുസ്ള്യാര്‍, കേരള സംസ്ഥാന കബഡി ടീം ക്യാപ്റ്റനായിരുന്ന അമ്പാടി എന്നിവര്‍ പഞ്ചായത്തിലെ മണ്‍മറഞ്ഞുപോയ പ്രമുഖ വ്യക്തികളാണ്. മുന്‍ എം.പി.യും രാഷ്ട്രീയ പ്രവര്‍ത്തകനുമായ ഐ.രാമ റൈ, ആരോഗ്യമേഖലയില്‍ പ്രശസ്തനായ ഡോ.എ.എസ്.മൊഗ്രാല്‍, സാമൂഹ്യ വിദ്യാഭ്യാസ പ്രവര്‍ത്തകനായ ഹാജി.ടി.എം.കുഞ്ഞി മൊഗ്രാല്‍ എന്നിവര്‍ ഈ പഞ്ചായത്ത് നിവാസികളാണ്. യു.എം.അബ്ദുള്‍ റഹ്മാന്‍ മുസ്ള്യാര്‍, എം.എ.ഖാസിം മുസ്ള്യാര്‍, ദേവരാജ പുഞ്ചിത്തായ, കുമ്പോല്‍ കുഞ്ഞിക്കോയ തങ്ങള്‍, കെ.എന്‍.ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍, കുമ്പോല്‍ സയ്യിദ് കെ.എസ്.അലി തങ്ങള്‍ എന്നിവര്‍ ഈ പഞ്ചായത്തില്‍ നിന്നുള്ള മതപണ്ഡിതരാണ്. മൊഗ്രാല്‍ മാപ്പിള കലാപഠന ഗവേഷണ കേന്ദ്രം, കുമ്പള പാര്‍ത്ഥിസുബ്ബ യക്ഷഗാന പഠന കേന്ദ്രം, യക്ഷഗാന അക്കാദമി കുമ്പള, അംബിലഡുക്ക പൂമണി കിന്നിമാണി (അംബിലഡുക്ക) എന്നിവ കലാ സാംസ്കാരിക രംഗത്ത് പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളാണ്.