ചരിത്രം

സാമൂഹ്യ സാംസ്കാരിക ചരിത്രം

ഹരിപ്പാട് ശ്രീ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിന് പടിഞ്ഞാറ് ഒരു കിലോമീറ്റര്‍ മാറി ഹരിപ്പാടിന്റെ അതിര്‍ത്തിയിലുള്ള കുമാരന്‍ എന്നു കൂടി അറിയപ്പെടുന്ന സുബ്രഹ്മണ്യന്‍ , ചിത്തിര ഉല്‍സവ സമാപനം കുറിക്കുന്ന ആറാട്ടിനു പുറപ്പെട്ടുവരും വഴി “ഇറക്കിപൂജ” എന്ന വിശ്രമം തനിക്കായി ഒരുക്കാറുള്ള പരിസര ഗ്രാമത്തിന് കനിഞ്ഞു നല്‍കിയ പേരാണത്രേ ‘കുമാരപുരം’. ഐതിഹ്യത്തിന് അടിസ്ഥാനമില്ലെന്ന് വന്നാലും, എന്നൊ കൊത്തിവച്ച പൂജാശിലക്കു പിന്നില്‍ പലതിനും സാക്ഷ്യം വഹിച്ചുകൊണ്ട് പഴമയേയും പുതുമയേയും കൂട്ടിയിണക്കിയ ഒരു പടുകിഴവന്‍ അരയാല്‍ വൃക്ഷം വഴിമാറി കൊടുത്ത വിശിഷ്ട സ്ഥാനത്താണ് ഇന്നത്തെ വില്ലേജിന്റെ ആസ്ഥാനം. ലോകപ്രശസ്തരായിത്തീര്‍ന്ന രണ്ടു രാജകുമാരന്മാരുടെ കൂടി ഗ്രാമമാണ് കുമാരപുരം. ഇവരില്‍ മുതിര്‍ന്നയാള്‍ കേരള കാളിദാസനും പ്രായം കുറഞ്ഞയാള്‍ കേരള പാണിനിയും ആണ്. അനന്തപുരം കൊട്ടാരത്തിലെ ത്രിമൂര്‍ത്തികളായി കുമാരനാശാന്റെ ‘പ്രരോദന’ ത്തില്‍ പരാമര്‍ശിക്കപ്പെട്ട രാജകുമാരന്‍മാരില്‍ ഏറ്റവും പ്രശസ്തരായ രണ്ടുപേരാണ് കേരള കാളിദാസന്‍ എന്നറിയപ്പെട്ട കേരളവര്‍മ്മ വലിയ കോയിത്തമ്പുരാനും കേരള പാണിനി എന്നറിയപ്പെട്ട ഏ ആര്‍ രാജരാജ വര്‍മ്മയും. വാഗ്ഭടന്‍ കൂടി ചേരുമ്പോള്‍ ത്രിമൂര്‍ത്തികളായി. കേരളവര്‍മ്മ വലിയ കോയിത്തമ്പുരാന്റെ മാതാവും കുടുംബാംഗങ്ങളും ചങ്ങനാശ്ശേരി കൊട്ടാരത്തില്‍ നിന്ന് കൊല്ലവര്‍ഷം 1040 മകരം 18 ന് കുമാരപുരത്തിന് തെക്കേ അതിര്‍ത്തി ഗ്രാമത്തിലുള്ള  കാര്‍ത്തികപ്പള്ളി കൊട്ടാരത്തിലേക്ക് താമസം മാറി വന്നു. അനന്തപുരം കൊട്ടാരം പണി പൂര്‍ത്തിയാക്കി. അനന്തപുരം ഒരു കാലത്ത് ദളവാപുരം എന്നറിയപ്പെട്ടിരുന്നതായി പറയപ്പെടുന്നു. മാര്‍ത്താണ്ഡ വര്‍മ്മയുടെ കാലത്ത് നാട്ടുരാജ്യങ്ങള്‍ പിടിച്ചടക്കുകയും നാട്ടുരാജാക്കന്മാരുടെ സ്വത്തുക്കള്‍ കണ്ടുകെട്ടുകയും ചെയ്തപ്പോള്‍ പട്ടികയില്‍പെടുത്താതെ വിട്ടുപോയ സ്ഥലമായിരുന്നത്രേ ദളവാപുരം. ദളവാപുരത്തിന്റെ പ്രൌഢി വിളിച്ചോതുന്ന വലിയ കല്‍പടവുകളും അടിത്തട്ടില്‍ തറയോട് പാകിയിട്ടുളളതുമായ വലിയ ഒരു കുളം ഇന്നും സ്ക്കൂളിന് തെക്കുഭാഗത്ത് അവശേഷിക്കുന്നു. കുമാരപുരത്ത് ആത്മവിദ്യാ സംഘം സ്ഥാപിച്ച വാഗ്ഭടാനന്ദ ഗുരുദേവന്‍ ഗ്രാമത്തിന്റെ ഹ്യദയഭാഗമായ കവറാട്ട് ഒട്ടേറെ പ്രശസ്തരുമൊത്ത് 1926-ല്‍ ഒരു മഹാസമ്മേളനത്തില്‍ പങ്കെടുത്തത് സാംസ്കാരിക ചരിത്രത്തിന്റെ പൊന്‍താളില്‍ കുറിച്ചിട്ടിരിക്കുന്നു. താമല്ലാക്കല്‍ കരയിലുള്ള പുരാതന മദ്രസ്സയും കവറാട്ടുള്ള ശിവക്ഷേത്രവും തിരവിലഞ്ഞാല്‍ ക്ഷേത്രവുമൊക്കെ ഈ ഗ്രാമത്തിന്റെ  മതമൈത്രി ഭാവത്തിന്റെ പാരമ്പര്യത്തിന് മകുടോദാഹരണങ്ങളായി നിലകൊള്ളുന്നു.