പഞ്ചായത്തിലൂടെ

കുമരംപുത്തൂര്‍ - 2010

ഭൂപ്രകൃതിയനുസരിച്ച് ഇടനാട് മേഖലയില്‍ വരുന്ന കുമരംപുത്തൂര്‍ പഞ്ചായത്തിനെ പ്രധാനമായി ഉയര്‍ന്നകുന്നുകള്‍, ഇടത്തരം ചരിവുകള്‍, ചെറുചരിവുകള്‍, താഴ്വാരം, താഴ്ന്ന സമതലം എന്നിങ്ങനെ അഞ്ചായി തരംതിരിക്കാം. പഞ്ചായത്തിലെ ഏറ്റവും ഉയര്‍ന്ന പ്രദേശം സമുദ്രനിരപ്പില്‍ നിന്നും നൂറുമീറ്റര്‍ ഉയരത്തില്‍ സ്ഥിതിചെയ്യുന്ന കാരാപ്പാടം ആണ്. സമുദ്രനിരപ്പില്‍ നിന്നും 55 കിലോമീറ്ററിലധികം ഉയരത്തിലാണ് മറ്റു പ്രദേശങ്ങള്‍ ഇവയ്ക്കിടയില്‍ ഉയരം വരുന്ന കുന്നുകളും താഴ്വാരങ്ങളുമാണ് ഇവിടുത്തെ ഭൂപ്രകൃതി. ആദ്യകാലത്ത് ഇവിടെ നെല്‍കൃഷിക്കായിരുന്നു പ്രാമുഖ്യം. പല സവിശേഷതകളും ഒത്തിണങ്ങിയ നാടന്‍വിത്തുകള്‍ അക്കാലത്ത് പ്രചാരത്തിലുണ്ടായിരുന്നു. 1921-ല്‍ മദ്ധ്യതിരുവിതാംകൂറില്‍ നിന്ന് മലബാറിലേക്ക് കുടിയേറിയ കരിപ്പാപ്പറമ്പില്‍ ജേക്കബ്ബ് തോമസാണ് ഈ പഞ്ചായത്തില്‍ ആദ്യമായി റബ്ബര്‍കൃഷി തുടങ്ങിയത്. ഇപ്പോള്‍ കൃഷിചെയ്യുന്ന പ്രധാനവിളകള്‍ റബ്ബര്‍, തെങ്ങ്, വാഴ, നെല്ല്, മരച്ചീനി തുടങ്ങിയവയാണ്. പ്രധാന പുഴകളായ കുന്തിപ്പുഴ, നെല്ലിപ്പുഴ എന്നിവയും, 10 കുളങ്ങളും, വടക്കന്‍മല കനാലും പഞ്ചായത്തിലെ പ്രധാന ജലസ്രോതസ്സുകളാണ്. പയ്യനടം, വട്ടമ്പലം, ചങ്ങിലീരി, കുളപ്പാടം എന്നിവിടങ്ങളിലായി മൃഗസംരക്ഷണ കേന്ദ്രങ്ങളുണ്ട്. പാലക്കാട് ജില്ലയിലെ മണ്ണാര്‍ക്കാട് താലൂക്കിലെ മണ്ണാര്‍ക്കാട് ബ്ളോക്ക് പരിധിയിലുള്ള കുമരംപുത്തൂര്‍, പയ്യനെടം എന്നീ വില്ലേജുകള്‍ ഉള്‍പ്പെട്ടതാണ് കുമരംപുത്തൂര്‍ ഗ്രാമപഞ്ചായത്ത്. ഈ പഞ്ചായത്തിന്റെ വിസ്തൃതി 37.25 ചതുരശ്ര കിലോമീറ്ററാണ്. ഏറനാട് താലൂക്കിലെ നീലഗിരി ബയോറിസര്‍വില്‍ (സൈലന്റ് വാലി നാഷണല്‍ പാര്‍ക്ക്) ഉള്‍പ്പെടുന്ന നിത്യഹരിതവനങ്ങളാണ്, പഞ്ചായത്തിന്റെ വടക്കേ അതിര്. തെക്ക് കരിമ്പുഴ പഞ്ചായത്തും, കിഴക്ക് കുന്തിപ്പുഴയും, പടിഞ്ഞാറ് അരിയൂര്‍തോടുമാണ് അതിര്‍ത്തികള്‍. 28666 വരുന്ന ജനസംഖ്യയില്‍ 14004 പേര്‍ പുരുഷന്‍മാരും 14662 പേര്‍ സ്ത്രീകളുമാണ്.ജനതയുടെ സാക്ഷരതാനിരക്ക് 82% ആണ്. കുരുതിച്ചാല്‍, പാത്രക്കടവ് വെള്ളച്ചാട്ടം എന്നിവ വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്നു. 7 റേഷന്‍ കടകളാണ് പഞ്ചായത്തിന്റെ പൊതുവിതരണ മേഖലയില്‍ പ്രവര്‍ത്തിക്കുന്നത്. ഇവിടെയുള്ള മാവേലിസ്റോര്‍, നീതിസ്റോര്‍ എന്നിവ പൊതുവിതരണ രംഗത്തെ മറ്റു സംവിധാനങ്ങളാണ്. 66 പൊതുകിണറുകള്‍ ജനങ്ങള്‍ ശുദ്ധജലത്തിനായി ആശ്രയിക്കുന്നു. 1960-ല്‍ രജിസ്റര്‍ ചെയ്ത കുമരംപുത്തൂര്‍ സര്‍വ്വീസ് സഹകരണ ബാങ്കാണ് ഈ പഞ്ചായത്തിലെ സഹകരണമേഖലയിലെ സ്ഥാപനം. ഈ ബാങ്കിന്റെ ബ്രാഞ്ചുകള്‍ പയ്യനടം,ചങ്ങിലീരി എന്നിവിടങ്ങളില്‍ സ്ഥിതിചെയ്യുന്നു. പഞ്ചായത്ത് ഓഫീസ് കോമ്പൌണ്ടില്‍ കൃഷിഭവന്‍ സ്ഥിതിചെയ്യുന്നു. വട്ടമ്പലത്ത് ഒരു ഫയര്‍ സ്റേഷനുണ്ട്. ടെലിഫോണ്‍ എക്സ്ചേഞ്ച് പള്ളിക്കുന്നത്ത് പ്രവര്‍ത്തിക്കുന്നുണ്ട്. 5 തപാല്‍/കൊറിയര്‍ സര്‍വ്വീസ് സ്ഥാപനങ്ങള്‍ പഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.   പഞ്ചായത്തിലെ ഒരു കമ്മ്യൂണിറ്റി ഹാള്‍ മൈലാംപാടത്തും വട്ടമ്പലത്ത് ജാസ്, എ.എസ്സ്, എം.ആര്‍ എന്നീ പേരുകളില്‍ മൂന്ന് കല്യാണമണ്ഡപങ്ങളും ഉണ്ട്. വൈദ്യുത ബോര്‍ഡ് ഓഫീസ് കുമരംപുത്തൂരില്‍ സ്ഥിതിചെയ്യുന്നു. വട്ടമ്പലം, ചങ്ങിലീരി, കല്ലടി കോളേജ്, പയ്യനടം എന്നിവിടങ്ങളില്‍ തപാല്‍ ഓഫീസുകള്‍ പ്രവര്‍ത്തിച്ചുവരുന്നു. സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനങ്ങളായ വില്ലേജ് ഓഫീസുകള്‍ പയ്യനെടം, കുമരംപുത്തൂര്‍ എന്നിവിടങ്ങളിലും കൃഷിഭവന്‍ പഞ്ചായത്ത് ഓഫീസ് കോമ്പൌണ്ടിലും സ്ഥിതിചെയ്യുന്നു. പരമ്പരാഗത വ്യവസായങ്ങളും ചെറുകിടവ്യവസായങ്ങളും ഈ പഞ്ചായത്തിലുണ്ട്. കളിമണ്‍വ്യവസായം, മുള ഉത്പന്നങ്ങള്‍, പപ്പടനിര്‍മ്മാണം, ബീഡിതെറുപ്പ് എന്നിവ പഞ്ചായത്തില്‍ പലയിടങ്ങളിലായി പ്രവര്‍ത്തിക്കുന്നു. കാര്‍ഷികാടിസ്ഥാനത്തിലുള്ള വ്യവസായങ്ങള്‍ക്ക് അനുകൂല സാഹചര്യമാണ് ഇവിടെ ഉള്ളത്. കഴിഞ്ഞ നൂറ്റാണ്ടിനുമുന്‍പ് സ്ഥാപിതമായതെന്നു കരുതപ്പെടുന്ന ഇപ്പോഴത്തെ ജി.എല്‍.പി.എസ് കുമരംപുത്തൂരും, 1912-ല്‍ സ്ഥാപിക്കപ്പെട്ട ഇപ്പോഴത്തെ ജി.എം.എല്‍.പി.എസ് കുമരംപുത്തൂരുമാണ് ഈ പഞ്ചായത്തിലെ ആദ്യകാല സ്ഥാപനങ്ങള്‍. 1968 ലാണ് പഞ്ചായത്തിലെ ആദ്യ ഹൈസ്കൂള്‍ ആയ കല്ലടി ഹൈസ്കൂള്‍ സ്ഥാപിക്കപ്പെട്ടതോടെ ഈ പഞ്ചായത്തിന് ഉന്നതവിദ്യാഭ്യാസ രംഗത്തേക്കുളള വാതില്‍ തുറന്നുകിട്ടുകയായിരുന്നു. 2009 -ല്‍ എത്തിനില്‍ക്കുമ്പോള്‍ സര്‍ക്കാര്‍ മേഖലയില്‍ 4 വിദ്യാഭ്യാസ സ്ഥാപനങ്ങളും സ്വകാര്യമേഖലയില്‍ 8 വിദ്യാഭ്യാസസ്ഥാപനങ്ങളും പ്രവര്‍ത്തിക്കുന്നു. മൃഗസംരക്ഷണ വകുപ്പിനു കീഴില്‍ പയ്യനടം, വട്ടമ്പലം, ചങ്ങലീരി, കുളപ്പാടം എന്നിവിടങ്ങളില്‍ മൃഗസംരക്ഷണ കേന്ദ്രങ്ങള്‍ ഉണ്ട്. കുമരംപുത്തൂര്‍ സര്‍വ്വീസ് സഹകരണബാങ്ക് സഹകരണമേഖലയിലെ പ്രധാന സ്ഥാപനമാണ്. പഞ്ചായത്തിലൂടെ കടന്നുപോകുന്ന പ്രധാന റോഡ് എന്‍.എച്ച്.213 ആണ്. വിദേശയാത്രകള്‍ക്കായി പഞ്ചായത്ത് നിവാസികള്‍ ആശ്രയിക്കുന്നത് കോഴിക്കോട് - കരിപ്പൂര്‍ വിമാനത്താവളമാണ്. ഒലവക്കോട് റെയില്‍വേ സ്റ്റേഷനാണ് പഞ്ചായത്തിനോട് ഏറ്റവും അടുത്തുള്ളത്. തുറമുഖം എന്ന നിലയില്‍ കൊച്ചി തുറമുഖമാണ് പഞ്ചായത്തിനടുത്ത് സ്ഥിതിചെയ്യുന്നത്. പഞ്ചായത്തിന് തൊട്ടടുത്തുള്ള ബസ് സ്റ്റാന്റ് മണ്ണാര്‍കാട് നിലകൊള്ളുന്നു. മേലേ അരിയൂര്‍പാലം, കുളപ്പാടപാലം എന്നിവ ഇവിടുത്തെ ഗതാഗതമേഖലയിലെ പുരോഗതി തെളിയിക്കുന്നു. എല്ലാ മതവിശ്വാസികളും ഇടകലര്‍ന്ന് താമസിക്കുന്ന ഈ ഗ്രാമത്തില്‍ മതസൌഹാര്‍ദ്ദത്തിന്റെ മഹനീയമായ പാരമ്പര്യമാണുളളത്. 3 ക്ഷേത്രങ്ങളും, 7 മുസ്ളിംപള്ളികളും, 3 ക്രിസ്ത്യന്‍ പള്ളികളും ഇവിടെയുണ്ട്. ഈ ആരാധനാലയങ്ങളുമായി ബന്ധപ്പെട്ടു നടക്കുന്ന പൂരം, നേര്‍ച്ച, വേല എന്നീ ആഘോഷപരിപാടികള്‍ പഞ്ചായത്തിലെ സാംസ്കാരികതനിമ വിളിച്ചോതുന്നവയാണ്. സ്വാതന്ത്യ്രസമര സേനാനിയായിരുന്ന പുതിയ തളിയേക്കല്‍ സീതികോയത്തങ്ങള്‍, പ്രവീണ്‍ ചാക്കോ തുടങ്ങിയവര്‍ ഈ പഞ്ചായത്തിന്റെ സാമൂഹ്യസാംസ്കാരിക മേഖലയെ, പുഷ്ടിപ്പെടുത്തിയവരാണ്. സാഹിത്യരംഗങ്ങളില്‍ വിരാജിക്കുന്ന കെ പി എസ് പയ്യെനാടം,ശ്രീധരന്‍ മണ്ണാര്‍ക്കാട് എന്നിവര്‍ ഈ പഞ്ചായത്തിന്റെ അഭിമാനങ്ങളാണ്. പ്രവീണ്‍ചാക്കോ ചാരിറ്റബിള്‍ ട്രസ്റ്, ഫ്രണ്ട്സ് ക്ളബ് പള്ളിക്കുന്ന്, പുലരി ക്ളബ് വെള്ളപ്പാടം എന്നിവ കായികരംഗത്ത് പ്രോത്സാഹനമായി നിലകൊള്ളുന്ന സംഘടനകളാണ്. കൊങ്ങശ്ശേരി മെമ്മോറിയല്‍ വായനശാല, ചങ്ങീലരി വായനശാല, പള്ളികുന്നു വായനശാല, പയ്യനാടം വായനശാല, എന്നിവ സാംസ്കാരികരംഗത്തെ സംപുഷ്ടിപ്പെടുത്തുന്നു. ആരോഗ്യ പരിപാലനരംഗത്ത് അലോപ്പതി വിഭാഗത്തിലെ മൌര്‍കേര്‍ ആശുപത്രിയും ചങ്ങലീരി, മൈലാംപാടം എന്നിവിടങ്ങളിലെ പ്രാഥമിക ആരോഗ്യകേന്ദ്രങ്ങളും പഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്നു. പഞ്ചായത്തില്‍ മ്യര്‍കെയര്‍ വട്ടമ്പലം എന്നപേരില്‍ ആംബുലന്‍സ് സേവനം ലഭ്യമാണ്.