പഞ്ചായത്തിലൂടെ

കുളത്തൂപ്പുഴ പഞ്ചായത്ത് ഭൂപ്രകൃതിയില്‍ ഒട്ടേറെ സവിശേഷതകള്‍ നിറഞ്ഞതാണ്. കാനനചാരുത പകരുന്ന നിത്യഹരിത വനങ്ങളും  കുന്നുകളും താഴ്വരകളും  തടാകങ്ങളും  കൊണ്ട് മനോഹരമായ  ഭൂപ്രദേശമാണ് കുളത്തൂപ്പുഴ. കല്ലട, കഴുതുരുട്ടി, ശെന്തുരുണി തുടങ്ങിയ ആറുകളും  കുന്നിമാന്‍ തോടുകളും  ദ്വീപുകളും  ഉപദ്വീപുകളും കൊണ്ട്  മനോഹരമായ  മീന്‍മുട്ടി, സഹ്യാദ്രിയുടെ മടിത്തട്ടില്‍  കഴിയുന്ന ശംഖിലി വനങ്ങള്‍, കട്ടിളപ്പാറ, പള്ളംവെട്ടി, മാമൂട്, പള്ളിവാസല്‍, ഹനുമാന്‍കുന്ന് കൂടാതെ  റോസാപ്പൂവിന്റെ ഇതളുകള്‍ പോലെ മനോഹരമായ  റോസുമലയിലെ മലമടക്കുകളും ശെന്തുരുണി വന്യമൃഗസംരക്ഷണ കേന്ദ്രവും  ചേര്‍ന്ന ഒട്ടനേകം  സവിശേഷതകളുള്ള പ്രദേശമാണ് കുളത്തൂപ്പുഴ. ശെന്തുരുണി എന്ന പേര് കിട്ടുവാനുള്ള കാരണം ശെങ്കുറിഞ്ഞി എന്ന വൃക്ഷങ്ങള്‍ ഇടതൂര്‍ന്ന് വളരുന്ന പ്രദേശമായതിനാലാണ്. പകല്‍ സമയങ്ങളില്‍ പോലും സൂര്യകിരണങ്ങള്‍ മണ്ണില്‍ പതിക്കാത്ത ഇടതൂര്‍ന്ന വനപ്രദേശങ്ങള്‍, അത്യപൂര്‍വ്വമായ ചീവിട് പക്ഷികളുടെ സാന്നിദ്ധ്യവും കര്‍ണ്ണമധുര ശബ്ദങ്ങളും അമൂല്യമായ  നീലക്കൊടുവേലി തുടങ്ങി ഔഷധ സസ്യങ്ങള്‍, ഈറക്കാടുകള്‍, മ്ളാവ്, പുള്ളിമാന്‍, ആന, കൂരങ്ങന്‍, കാട്ടുപന്നി, കാട്ടുപോത്ത്, മുള്ളന്‍പന്നി, കടുവ, കരടി, കലമാന്‍ തുടങ്ങിയ വന്യമൃഗങ്ങള്‍, മയില്‍, വേഴാമ്പല്‍, വെള്ളരിപ്രാവ് തുടങ്ങിയ അപൂര്‍വ്വപക്ഷികള്‍, ക്ഷേത്രക്കടവിലെ തിരുമക്കള്‍ (മത്സ്യം) എന്നിവയും ഈ പ്രദേശത്തിന്റെ പ്രത്യേകതകളാണ്. കുളത്തൂപ്പുഴ ആറിന്റെയും കല്ലടയാറിന്റേയും പുഷ്ടിപ്രദേശങ്ങളില്‍ ഏറിയ  പങ്കും ഉള്‍പ്പെടുന്ന കുളത്തൂപ്പുഴ പഞ്ചായത്ത് കേരളത്തിലെ മലനാട് ഉള്‍പ്പടുന്ന മേഖലയിലാണ്. കൊല്ലം ജില്ലയുടെ ഏറ്റവും കിഴക്കേ അറ്റത്തുള്ള രണ്ടു പഞ്ചായത്തുകളില്‍ ഒന്നാണ് കുളത്തൂപ്പുഴ. ഈ പഞ്ചായത്തിന്റെ കിഴക്ക് തമിഴ്നാട് സംസ്ഥാനവും, തെക്ക് തിരുവനന്തപുരം ജില്ലയും, പടിഞ്ഞാറ് അലയമണ്‍, ഏരൂര്‍ പഞ്ചായത്തുകളും വടക്ക് തെന്മല, ആര്യന്‍കാവ് എന്നീ പഞ്ചായത്തുകളും സ്ഥിതി ചെയ്യുന്നു. പഞ്ചായത്തിന്റെ വടക്ക് സിംഹഭാഗവും കല്ലടയാറും കല്ലട ജലസംഭരണിയും പങ്കിടുമ്പോള്‍, വടക്ക് കിഴക്ക് അതിര്‍ത്തിയായി തീര്‍ത്തക്കരമലയും, പെരിയനുരുട്ടിമലയും, കിഴക്കുഭാഗത്തായി മുനിയാല്‍കോവില്‍മൊട്ട, രത്നമല, കരിമലക്കടക്കല്‍ എന്നീ മലകള്‍ അടങ്ങുന്ന മലനിരയുമാണ്. ഈ പഞ്ചായത്തിന്റെ ജീവനാഡിയായ കുളത്തൂപ്പുഴയാര്‍ പഞ്ചായത്തിന്റെ മദ്ധ്യത്തിലൂടെ ഒഴുകി കല്ലട ജലസംഭരണിയില്‍ ചെന്നുചേരുന്നു. പഞ്ചായത്തിന്റെ ജനവാസത്തിന്റെ ഭൂരിഭാഗവും കൂളത്തൂപ്പുഴ ആറിന്റെ ഇരുകരകളിലുമായി തിങ്ങിപ്പാര്‍ക്കുന്നു. കുളത്തൂപ്പുഴയാറിന്റെ രണ്ട് പോഷകനദിയായ  പോങ്ങുമലയാറും, കുറവന്‍ കുറത്തിയാറും പഞ്ചായത്തിന്റെ തെക്കു ഭാഗത്തായി സ്ഥിതി ചെയ്യുന്നു. തിരുവനന്തപുരം-ചെങ്കോട്ട, കൊല്ലം-കുളത്തൂപ്പുഴ എന്നീ പ്രധാന റോഡുകള്‍ പഞ്ചായത്തിനെ കേരളത്തിലെ മറ്റു സ്ഥലങ്ങളുമായി ബന്ധപ്പെടുത്തുന്നു. ഭൂപ്രകൃതി അനുസരിച്ച് കുളത്തൂപ്പുഴ പഞ്ചായത്തിനെ പ്രധാനമായും 4 മേഖലകളായി തരം തിരിക്കാം:താഴ്വരകള്‍,180 മുതല്‍ 270  വരെ ചരിവുള്ള പ്രദേശങ്ങള്‍, 270 യില്‍ കൂടുതല്‍ ചരിവുള്ള പ്രദേശങ്ങള്‍,കല്ലട ജല സംഭരണി. കുളത്തൂപ്പുഴ പഞ്ചായത്തിന്റെ ഭൂവിസ്തൃതിയുടെ 2.51% വരുന്ന താഴ്വരകള്‍  കൂളത്തൂപ്പൂഴ ആറിന്റെയൂം കല്ലടയാറിന്റെയും നദീതടങ്ങളാണ്. വേനല്‍ക്കാല വര്‍ഷകാല ഭേദമന്യേ എല്ലാ സമയവും വെള്ളം  സുലഭമായി ലഭിക്കുന്നു.പഞ്ചായത്തിലെ ജനസംഖ്യയുടെ ഭൂരിഭാഗവും താമസിക്കുന്നത് 180 മുതല്‍ 270  വരെ ചരിവുള്ള പ്രദേശങ്ങളിലാണ്. ഇത്തരം പ്രദേശങ്ങളില്‍ മിശ്രിതവിളകളും മിശ്രിതമരങ്ങളുമാണ് സാധാരണയായി കണ്ടുവരുന്നത്. പഞ്ചായത്തിന്റെ മൊത്തം ഭൂവിസ്തൃതിയുടെ 44.56%  ഭൂമിയും 270 യില്‍ കൂടുതല്‍ ചരിവുള്ള പ്രദേശങ്ങളാണ്. പഞ്ചായത്തില്‍ സ്ഥിതി ചെയ്യുന്ന തേയില തോട്ടങ്ങള്‍, റോസ് മല, സംരക്ഷിതവനമേഖലയുടെ ഭൂവിഭാഗങ്ങള്‍ എന്നിവ ഈ പ്രദേശങ്ങളില്‍ ഉള്‍പ്പെടുന്നു. കല്ലട ജലസംഭരണി പഞ്ചായത്തിന്റെ മൊത്തം  ഭൂവിസ്തൃതിയുടെ 1.85% പ്രദേശത്തായി വ്യാപിച്ചു കിടക്കുന്നു. കുളത്തൂപ്പുഴ പഞ്ചായത്തിലെ ഏറ്റവും ഉയരം കൂടിയ സ്ഥലം കിഴക്കുഭാഗത്തായി സ്ഥിതി ചെയ്യുന്ന കരിമല കടക്കംകുന്നാണ്. ഇതിനു സമുദ്രനിരപ്പില്‍ നിന്നും ഏകദേശം 1758 മീറ്റര്‍ ഉയരമുണ്ട്. പഞ്ചായത്തിലെ മറ്റു പ്രധാന കുന്നുകളും അവയുടെ ഉയരവും താഴെകൊടുത്തിരിക്കുന്നു.ആള്‍വാ കുറിച്ചി -1550മീറ്റര്‍,പോങ്ങുമല-1510മീറ്റര്‍ കമ്പക്കല്ലുമൊട്ട1169 മീറ്റര്‍,ചൂടിമല-1100 മീറ്റര്‍,തെക്കേ മല-850 മീറ്റര്‍.കുളത്തൂപ്പുഴ പഞ്ചായത്തിന്റെ മൊത്തം ഭൂവിസ്തൃതിയുടെ 50.68% ഭൂമിയും സമുദ്രനിരപ്പില്‍  നിന്നും 100 മീറ്ററിനും 200 മീറ്ററിനും മദ്ധ്യേ സ്ഥിതി ചെയ്യുന്നു. ജനവാസം  ഏറ്റവും കൂടുതല്‍  കാണപ്പെടുന്നതും ഈ പ്രദേശത്താണ്. 100 മീറ്ററില്‍  താഴെ 4.77% ഭൂമിയും 200 മീറ്ററിനും 300 മീറ്ററിനും   മദ്ധ്യേ ആയി 7.65%  ഭൂമിയും വ്യാപിച്ചു കിടക്കുന്നു.  പഞ്ചായത്തിന്റെ പടിഞ്ഞാറു നിന്നും  കിഴക്കു ദിശയിലേക്കു പോകുംതോറും  സമുദ്രനിരപ്പില്‍ നിന്നുള്ള ഉയരം ക്രമാനുഗതമായി കൂടി വരുന്നതായി കാണാം. സമുദ്രനിരപ്പില്‍ നിന്നും 300 മീറ്റര്‍ മുകളില്‍ വരുന്ന എല്ലാ മേഖലകളുടെയും ഭൂരിഭാഗം സംരക്ഷിത വനങ്ങളാണ്. 300 മീറ്ററിനും  400 മീറ്ററിനും ഇടയില്‍ മൊത്തം ഭൂവിസ്തൃതിയുടെ 5.07% വും 400 മീറ്ററിനും  500 മീറ്ററിനും  മദ്ധ്യേ വരുന്ന  മേഖല 5.04 %  വും ആണ്. 500 മീറ്ററിനും  700 മീറ്ററിനും ഇടയിലായി  11.97 %  ഭൂമിയും, 700 മീറ്ററിനും 1000 മീറ്ററിനും  ഇടയില്‍  8.05% ഭൂമിയും വ്യാപിച്ചു കിടക്കുന്നു. മൊത്തം ഭൂവിസ്തൃതിയുടെ  6.19%  ഭൂമി 1000 മീറ്ററിനും 1500 മീറ്ററിനും ഇടയില്‍ സ്ഥിതി ചെയ്യുമ്പോള്‍  1500 മീറ്ററിന് മുകളില്‍ വരുന്നത് 0.58% ഭൂമി മാത്രമാണ്. പഞ്ചായത്തിന്റെ മൊത്തം ഭൂവിസ്തൃതിയുടെ 80% ത്തോളം  വരുന്ന ചെങ്കല്‍ മണ്ണ് പ്രധാനമായും മലനിരകളിലും കുന്നിന്‍ ചരിവുകളിലുമായി വ്യാപിച്ചു കിടക്കുന്നു. അര മീറ്റര്‍ മുതല്‍ 4 മീറ്റര്‍ വരെ കനത്തില്‍ ഈ മണ്ണ് കാണപ്പെടുന്നു. പാറ പൊടിഞ്ഞു മണ്ണുണ്ടാകുന്ന പ്രക്രിയ ഇവിടുത്തെ റോഡ് തിട്ടകളില്‍ വ്യക്തമായി കാണാവുന്നതാണ്. പിതൃശില അപക്ഷയം സംഭവിച്ച് ചെങ്കല്ലും ചെങ്കല്‍ മണ്ണും ഉണ്ടാകുന്നതിന്റെ  വിവിധ ഘട്ടങ്ങള്‍ വ്യക്തമായി മനസ്സിലാക്കാവുന്നതാണ്. പഞ്ചായത്തിലെ നെല്‍ വയലുകളിലും  നദീതടങ്ങളിലും മാത്രമായി കണ്ടുവരുന്ന നദീജന്യ എക്കല്‍ മണ്ണില്‍ മണലിന്റെ അംശം കുറവും കളിമണ്ണിന്റെ അംശം  കൂടതലായുമാണ് കണ്ടുവരുന്നത്. വനങ്ങളില്‍ മാത്രമായി കണ്ടുവരുന്ന ജൈവാംശം കൂടുതലുള്ള ചെങ്കല്‍ മണ്ണിനെ പ്രാദേശികമായി കരിമണ്ണെന്നു പറയുന്നു. കുളത്തൂപ്പുഴ പഞ്ചായത്തിന്റെ സംരക്ഷിതവനമേഖലയിലാണ് ഇത്തരം മണ്ണ് കാണപ്പെടുന്നത്. കുളത്തൂപ്പുഴ പഞ്ചായത്തില്‍ ഒരു വര്‍ഷം ശരാശരി 2554 മില്ലിമീറ്റര്‍ മഴയാണ് ലഭിച്ചുകൊണ്ടിരുന്നത്. പഞ്ചായത്തിലെ പ്രധാന ജലസ്രോതസ്സ് കുളത്തൂപ്പുഴ ആറും കല്ലട ആറും ആണ്. കുളത്തൂപ്പുഴ ആറിന്റെ 30.6 കി.മീ നീളം  പഞ്ചായത്തിന്റെ മദ്ധ്യത്തിലൂടെ ഒഴുകി  കല്ലട  ജലസംഭരണിയില്‍  എത്തി ചേരുന്നു. കല്ലട ആറിന്റെ 11.5 കി മീ. നീളം പഞ്ചായത്തിന്റെ വടക്കെ അതിരിലൂടെ  ഒഴുകുന്നു. ഇതിലുപരി കല്ലട ജലസംഭരണിയുടെ 781 ഹെക്ടര്‍ വിസ്തൃതികളിലുള്ള ജലശേഖരം പഞ്ചായത്തിന്റെ വടക്കേ അതിരിലൂടെ ഒഴുകുന്നു. പ്രധാന ആറുകള്‍ കൂടാതെ ധാരാളം ചെറുതോടുകളും  കുളങ്ങളും ഈ പഞ്ചായത്തില്‍ കണ്ടു വരുന്നു. ഇത്രയേറെ ജലസ്രോതസ്സുകള്‍ ഉണ്ടായിട്ടും നിമ്ന്നാന്നത ഭൂപ്രകൃതി ആയതിനാല്‍  പഞ്ചായത്തില്‍ ജലക്ഷാമം രൂക്ഷമാണ്. മഠത്തിക്കോണം, കാഞ്ഞിരോട്ട് കുന്ന്, കൂവക്കാട്, നെടുവണ്ണൂര്‍ക്കടവ്, നെല്ലിമൂട്, സാംനഗര്‍, റോസ്മല, ഇ.എസ്.എം കോളനി എന്നീ പ്രദേശങ്ങളിലെ  പ്രമുഖ ജനവാസകേന്ദ്രങ്ങളില്‍ ജലക്ഷാമം രൂക്ഷമാണ്. ഇവിടുത്തെ  ജലക്ഷാമം  പ്രധാനമായും ഭൂപ്രകൃതിയുമായി ബന്ധപ്പെട്ടു കിടക്കുന്നു. കുളത്തൂപ്പുഴ പഞ്ചായത്തിലെ താഴ്വരകളിലും, 170 മുതല്‍ 270 വരെ ചരിവുള്ള  പ്രദേശങ്ങളിലുമാണ്  ജലക്ഷാമത്തിന്റെ രൂക്ഷത അല്പമെങ്കിലും കുറവ്. ഇതില്‍ തന്നെ മേല്‍പ്പറഞ്ഞ ചരിവുകളുടെ മുകളറ്റത്ത് ജലക്ഷാമം രൂക്ഷമാണ്. ഭൂപ്രകൃതി അനുസരിച്ച് പഞ്ചായത്തിന്റെ മൊത്തം വിസ്തൃതിയുടെ  95.65% വും 170  ല്‍ കൂടുതല്‍  ചരിവുള്ള പ്രദേശങ്ങളാണ്. ഇക്കാരണത്താല്‍ തന്നെ വര്‍ഷക്കാലത്ത് ഭൂമിയുടെ ഉപരിതലത്തില്‍ പതിക്കുന്ന മഴവെള്ളത്തിന്റെ സിംഹഭാഗവും ഭൂമിയുടെ ഉള്ളിലേക്ക് ഊര്‍ന്നിറങ്ങാതെ അതിവേഗം ചരിവുകളിലൂടെ ഒഴുകി കുളത്തൂപ്പുഴ ആറിലും അതുവഴി കല്ലട ജലസംഭരണിയിലും എത്തിച്ചേരുന്നു. തന്മൂലം ഭൂഗര്‍ഭജലശേഖരത്തിലേക്ക് ഒരോ വര്‍ഷവും എത്തുന്ന ജലത്തിന്റെ അളവ് കുറഞ്ഞു കുറഞ്ഞുവരികയും ഭൂഗര്‍ഭജലനിരക്ക് താഴ്ന്ന് പോകുകയും ചെയ്യുന്നു. ഇത് ജലക്ഷാമത്തിന് ഒരു പ്രധാന ഹേതുവാണ്. പഞ്ചായത്തില്‍ സ്ഥിതി ചെയ്യുന്ന വയലുകളിലെ മണ്ണില്‍ കളിമണ്ണിന്റെ അംശം കൂടുതലുള്ളതുകൊണ്ട് ഭൂമിയിലേക്ക് ഊര്‍ന്നിറങ്ങുന്നതിന് തടസ്സമാകുന്നു. കുളത്തൂപ്പുഴ പഞ്ചായത്തില്‍ അധികം ഭൂമിയിലും സംരക്ഷിതവനങ്ങളാണ് നിലനില്‍ക്കുന്നത്. മൊത്തം ഭൂവിസ്തൃതിയുടെ 78.65%.  രണ്ടാമതായി മിശ്രിതവിളകളും മിശ്രിതമരങ്ങളും കൃഷി ചെയ്യുമ്പോള്‍ വയലില്‍ കേവലം 52% ഭൂമിയില്‍ മാത്രമാണ് കൃഷി ചെയ്യുന്നത്. കുളത്തൂപ്പുഴ പഞ്ചായത്തിന്റെ 89.45% ഭൂമിയും സര്‍ക്കാര്‍ അധീനതയിലാണ്. ഇതില്‍ 78% സംരക്ഷിതവനങ്ങളും 9.55% സര്‍ക്കാര്‍ തോട്ടങ്ങളായ യൂക്കാലിപ്റ്റസ്, തേക്ക്, എണ്ണപ്പന എന്നിവയും കൃഷി ചെയ്യുന്നു.  കല്ലട പദ്ധതി പ്രവര്‍ത്തനമായതോടെ 781 ഹെക്ടര്‍ ഭൂമി അതായത് മൊത്തം ഭൂവിസ്തൃതിയുടെ 1.84% വെള്ളത്തിനടിയിലാവുകയും ചെയ്തു. അങ്ങനെ ജനങ്ങള്‍ക്ക് കൃഷി ചെയ്യുവാന്‍ ലഭ്യമായത് കേവലം 10.55% ഭൂമി മാത്രമാണ്. കുളത്തൂപ്പുഴ പഞ്ചായത്തില്‍ ഭൂമിക്ക് ലഭ്യമായ 4477 ഹെക്ടര്‍ ഭൂപ്രദേശത്ത് പ്രധാനമായും മിശ്രിതമരങ്ങളും മിശ്രിത വിളകളും ആണ്. റബ്ബര്‍ തോട്ടങ്ങള്‍, തേയിലതോട്ടങ്ങള്‍, നെല്‍വയലുകള്‍ എന്നിവയാണ് മറ്റു പ്രധാന കൃഷികള്‍. കേരളത്തിലെ ധാതുസമ്പത്ത് ഭൂപടത്തില്‍ കുളത്തൂപ്പുഴ പഞ്ചായത്തിന് പ്രത്യേക പ്രധാന്യം നേടിത്തരുന്നു. രത്നക്കല്ലുകളുടെ നിക്ഷേപം പഞ്ചായത്തിലെ ശെന്തുരുണി, കുളത്തൂപ്പുഴ  എന്നീ ഭാഗങ്ങളിലായി കണ്ടെത്തിയിട്ടുണ്ട്. കുളത്തൂപ്പുഴ ആറിന്റെയും ശെന്തുരുണിയാറിന്റെയും എക്കല്‍ അടിഞ്ഞുകൂടുന്ന തടങ്ങളിലും കരകളിലുമായി രത്നക്കല്ലുകളുടെ ഖനനം നടക്കുന്നുണ്ട്. കുളത്തൂപ്പുഴ ആറും ശെന്തുരുണിയാറും ഒഴുകുന്ന കായന്തരിത ശിലകളിലെ പെഗ്മറ്റൈറ്റ്  അന്തര്‍വേദങ്ങള്‍ ആണ് രത്നക്കല്ലുകളുടെ ഉറവിടം. ഭൌതികവും രാസപരവുമായ കാരണങ്ങള്‍ കൊണ്ട് പെഗ്മറ്റൈറ്റ് അന്തര്‍വേദങ്ങളുടെ അപക്ഷയം നടന്ന് ഒഴുകുന്ന വെള്ളത്തിലൂടെ രത്നക്കല്ലുകള്‍  പുഴയിലെത്തുന്നു.കുളത്തൂപ്പുഴ പഞ്ചായത്ത് ഉള്‍പ്പെടുന്ന കൊല്ലം ജില്ലയുടെ മലനിരകളെല്ലാം  “മലനാട്”  എന്ന കാര്‍ഷിക കാലാവസ്ഥ മേഖലയില്‍ ഉള്‍പ്പെടുന്നു. ഇതില്‍ കുളത്തൂപ്പുഴ പഞ്ചായത്ത് സ്ഥിതിചെയ്യുന്ന 424.06 ച.കി .മി  വിസ്തീര്‍ണ്ണവും ഉള്‍പ്പെടുന്നു.  അഥവാ മലനാട് എന്ന കാര്‍ഷിക കാലാവസ്ഥാ മേഖലയില്‍ 4.78% കുളത്തൂപ്പുഴ പഞ്ചായത്തില്‍ സ്ഥിതി ചെയ്യുന്നു. ഇത്തരം കാര്‍ഷിക കാലാവസ്ഥ മേഖലയിലെ  പ്രധാന കൃഷി, റബ്ബര്‍, കുരുമുളക്, തെങ്ങ് എന്നിവയാണ്. കുളത്തൂപ്പുഴ പഞ്ചായത്തിന്റെ മൊത്തം ഭൂവിസ്തൃതിയുടെ 89.65% അതായത് 37931 ഹെക്ടര്‍ ഭൂമിയും സംരക്ഷിതവനങ്ങളായിരുന്നു. ഇപ്പോഴത്തെ സാഹചര്യത്തില്‍ സംരക്ഷിതവനമേഖലയുടെ  ഉള്ളില്‍ 4050 ഹെക്ടര്‍ ഭൂപ്രദേശത്ത് തേക്ക്, യൂക്കാലിപ്റ്റ്സ്, എണ്ണപ്പന, വെള്ളത്തടിമരങ്ങള്‍ എന്നിവ വച്ചുപിടിപ്പിച്ചിരിക്കുകയാണ്. ഇതിനുപുറമേ  കല്ലട ജലസംഭരണി പ്രവര്‍ത്തനക്ഷമമായതോടെ 781 ഹെക്ടര്‍ സംരക്ഷിത വനമേഖല വെള്ളത്തിനടിയിലാവുകയും ചെയ്തു. അങ്ങനെ 4831 ഹെക്ടര്‍ വനപ്രദേശം മറ്റുള്ള  ആവശ്യങ്ങള്‍ക്കായി  വെട്ടിമാറ്റി സംരക്ഷിത വനമേഖലയുടെ വിസ്തൃതി 33100 ഹെക്ടര്‍ ഭൂമിയായി ചുരുങ്ങി. അതായത് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഉണ്ടായിരുന്ന സംരക്ഷിതവനങ്ങളുടെ 12.7%  ഇപ്പോള്‍ അപ്രത്യക്ഷമായിരിക്കുകയാണ്.

പൊതുസ്ഥിതി

950.756 ച:കി:മി വിസ്തൃതിയുള്ള അഞ്ചല്‍ ബ്ളോക്കിന്റെ 44.6% വരുന്ന കുളത്തൂപ്പുഴ പഞ്ചായത്തില്‍ അഞ്ചല്‍ ബ്ളോക്കിലെ ആകെ ജനസംഖ്യയുടെ 15.79% ആളുകള്‍  മാത്രമേ താമസിക്കുന്നുള്ളൂ. സ്ത്രീ-പുരുഷ അനുപാതത്തിന്റെ കണക്കുകള്‍ പരിശോധിക്കുമ്പോള്‍  കുളത്തൂപ്പുഴ പഞ്ചായത്തിലെ 1000 പുരുഷന്മാര്‍ക്ക് 1025  സ്ത്രീകളാണുള്ളത്.  കുളത്തൂപ്പുഴ പഞ്ചായത്തില്‍ ഏറ്റവും അധികം ജനങ്ങള്‍ താമസിക്കുന്നത് വാര്‍ഡ് 11 ലും ഏറ്റവും കുറവു വാര്‍ഡ് 9 ലും ആകുന്നു.  പഞ്ചായത്തിലെ പട്ടിക വര്‍ഗ്ഗത്തില്‍പ്പെട്ടവര്‍ ഏതാനും ചില വാര്‍ഡുകളില്‍ മാത്രമായി ഒതുങ്ങിക്കൂടിയിരിക്കുന്നു. ഇവര്‍ ഏറ്റവും കൂടുതലായി താമസിക്കുന്നത് 2,7,11 എന്നീ വാര്‍ഡുകളിലാകുന്നു.  പട്ടിക ജാതിക്കാര്‍ ഏറ്റവും കുറവ് വാര്‍ഡ് 9 ലും ആണ്. ഇതര പ്രദേശങ്ങളെ അപേക്ഷിച്ച് കുളത്തൂപ്പുഴ  വിദ്യാഭ്യാസ മേഖലയില്‍ അഭിമാനാര്‍ഹമായ  നേട്ടങ്ങള്‍ കൈവരിച്ചിട്ടുണ്ട്. കുളത്തൂപ്പുഴയില്‍ 4 ഹൈസ്ക്കൂളും, 3 യു പി സ്ക്കൂളുകളും 7 എല്‍ പി സ്ക്കൂളുകളും പ്രവര്‍ത്തിക്കുന്നു.  19 കിലോമീറ്റര്‍ ദൂരെയാണ് അഞ്ചല്‍ കോളേജ്.  കുളത്തൂപ്പുഴയില്‍ പ്രവര്‍ത്തിക്കുന്ന ഏക സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനമാണ്  ടെക്നിക്കല്‍ ഹൈസ്ക്കൂള്‍. കുളത്തൂപ്പുഴ പഞ്ചായത്തിലെ മുഖ്യ കുടിനീര്‍ കേന്ദ്രം കിണറുകളാണ്. 82%  വീടുകളിലും കിണറുകളുണ്ട്. 18% കുടുംബങ്ങള്‍ അയല്‍ വീടുകളിലെ കിണറുകളെയും പൈപ്പുകളേയും  ആശ്രയിക്കുന്നു. ചെറുകരയില്‍ ലോക ബാങ്ക് പദ്ധതിപ്രകാരം  അനുവദിച്ച വാട്ടര്‍ സപ്ളൈസ് സ്ക്കീം ഉണ്ട്.കുളത്തൂപ്പുഴയില്‍ പ്രൈമറി  ഹെല്‍ത്ത് സെന്റര്‍ പ്രവര്‍ത്തിക്കുന്നുണ്ട്.  ഇന്‍പേഷ്യന്റ് യൂണിറ്റ് പ്രവര്‍ത്തിക്കുന്നതിനാവശ്യമായ കെട്ടിടവും ഡോക്ടര്‍മാര്‍ക്കും സ്റ്റാഫുകള്‍ക്കും താമസിക്കുന്നതിനു വേണ്ടിയുള്ള ക്വാര്‍ട്ടേഴ്സും ഉണ്ട്.  രണ്ട് ഡോക്ടര്‍മാരാണ് ഇവിടെ ഉള്ളത്. മൂന്ന് സ്റ്റാഫ് നേഴ്സും ഫീല്‍ഡ് വര്‍ക്കര്‍ന്മാരും പ്രവര്‍ത്തിക്കുന്നു. സബ് സെന്ററുകളും പ്രവര്‍ത്തിക്കുന്നു. 2 ആയുര്‍വേദ ആശുപത്രികളും ഉണ്ട്.  വില്ലുമലയിലും ചന്ദനക്കാവിലുമാണ് ഇവ പ്രവര്‍ത്തിക്കുന്നത്. പ്രൈമറി ഹെല്‍ത്ത് സെന്റര്‍ സ്വന്തം കെട്ടിടത്തിലാണ് പ്രവര്‍ത്തിക്കുന്നത്. ജനപങ്കാളിത്തത്തോടെ നാട്ടുകാര്‍ ബഡ്ഡുകളും മൈക്രോസ്ക്കോപ്പും വാങ്ങി ആശുപത്രിക്ക് നല്‍കിയിട്ടുണ്ട്. കുളത്തൂപ്പുഴ പഞ്ചായത്തില്‍ 4 സ്വകാര്യ ആശുപത്രികളുണ്ട്. സ്വകാര്യ ലബോറട്ടറികള്‍ 3 എണ്ണം ഉണ്ട്. ഒരു പ്രൈവറ്റ്  എക്സ്റേ യൂണിറ്റുണ്ട്.  കുളത്തൂപ്പുഴ പഞ്ചായത്തില്‍ മെച്ചപ്പെട്ട റോഡുകളുടെ ശൃംഖല തന്നെയുണ്ട്. പഞ്ചായത്തിലെ മൊത്തം റോഡുകളുടെ എണ്ണം 104 ആണ്. റോഡുകളുടെ നീളം 165 കി.മീ ആണ്. പഞ്ചായത്തു കമ്മിറ്റി  ജനപങ്കാളിത്തത്തോടെ  കെ എസ് ആര്‍ ടി സി  ബസ്സ് ഡിപ്പോ ആരംഭിച്ചിട്ടുണ്ട്. കുളത്തൂപ്പുഴ പഞ്ചായത്തില്‍ നിന്നും 29 കി..മീ ദൂരം ഉള്ള ആയൂര്‍, 10 കി.മീ ഇടമണ്‍ 110 കെ.വി സബ്സ്റ്റേഷനുകളില്‍ നിന്നുമാണ് കുളത്തൂപ്പുഴ പഞ്ചായത്തിനാവശ്യമായ  വൈദ്യുതി എത്തുന്നത്. തെന്മല, അഞ്ചല്‍, കടയ്ക്കല്‍ എന്നീ ഇലക്ട്രിക്കല്‍ സെക്ഷന്‍ ഓഫീസുകളുടെ കീഴിലാണ് കുളത്തൂപ്പുഴയുടെ വൈദ്യുത ഗുണഭോക്താക്കള്‍. കുളത്തൂപ്പുഴയില്‍ ഒരു മാതൃകാപോസ്റ്റാഫീസും 2 സബ് പോസ്റ്റാഫീസുകളും 6 ബ്രാഞ്ച് പോസ്റ്റാഫീസുകളും പ്രവര്‍ത്തിക്കുന്നു. കുളത്തൂപ്പുഴയില്‍ സഹകരണ പ്രസ്ഥാനത്തിന് വേരോട്ടമുണ്ടായിട്ടുണ്ട്. രണ്ടു സഹകരണ സംഘങ്ങളാണ് ഇവിടെ പ്രവര്‍ത്തിക്കുന്നത്. കുളത്തൂപ്പുഴ സര്‍വ്വീസ് സഹകരണ ബാങ്കും, കടമാന്‍കോട് സര്‍വ്വീസ് സഹകരണ ബാങ്കും.  കൊല്ലവര്‍ഷം 1105 ല്‍ കുളത്തൂപ്പുഴ   സര്‍വ്വീസ് സഹകരണ ബാങ്ക്  രാമവര്‍മ്മ രാജാവാണ് ആരംഭിച്ചത്. അംഗങ്ങളെ ഉള്‍പ്പെടുത്തികൊണ്ട് പരസ്പരസഹായ സഹകരണസംഘം എന്ന പേരിലാണ്  ആരംഭിച്ചത്. തുടര്‍ന്ന് ‘വിവിധോദ്ദേശ സംഘം’ എന്ന പേരിലായി. തുടര്‍ന്നാണ് സര്‍വ്വീസ് സഹകരണ ബാങ്കായി മാറിയത്.