കുളത്തൂപ്പുഴ

കൊല്ലം ജില്ലയുടെ ഏറ്റവും കിഴക്കേ അറ്റത്തുള്ള രണ്ടു പഞ്ചായത്തുകളില്‍ ഒന്നാണ് കുളത്തൂപ്പുഴ.ഈ പഞ്ചായത്തിന്റെ കിഴക്ക് തമിഴ്നാട് സംസ്ഥാനവും, തെക്ക് തിരുവനന്തപുരം ജില്ലയും, പടിഞ്ഞാറ് അലയമണ്‍, ഏരൂര്‍ പഞ്ചായത്തുകളും വടക്ക് തെന്മല, ആര്യന്‍കാവ് എന്നീ പഞ്ചായത്തുകളും സ്ഥിതി ചെയ്യുന്നു. കാനനചാരുത പകരുന്ന നിത്യഹരിത വനങ്ങളും  കുന്നുകളും താഴ്വരകളും  തടാകങ്ങളും  കൊണ്ട് മനോഹരമായ  ഭൂപ്രദേശമാണ് കുളത്തൂപ്പുഴ. കല്ലട, കഴുതുരുട്ടി, ശെന്തുരുണി തുടങ്ങിയ ആറുകളും  കുന്നിമാന്‍ തോടുകളും  ദ്വീപുകളും  ഉപദ്വീപുകളും കൊണ്ട്  മനോഹരമായ  മീന്‍മുട്ടി, സഹ്യാദ്രിയുടെ മടിത്തട്ടില്‍  കഴിയുന്ന ശംഖിലി വനങ്ങള്‍, കട്ടിളപ്പാറ, പള്ളംവെട്ടി, മാമൂട്, പള്ളിവാസല്‍, ഹനുമാന്‍കുന്ന് കൂടാതെ  റോസാപ്പൂവിന്റെ ഇതളുകള്‍ പോലെ മനോഹരമായ  റോസുമലയിലെ മലമടക്കുകളും ശെന്തുരുണി വന്യമ്യഗസംരക്ഷണ കേന്ദ്രവും  ചേര്‍ന്ന ഒട്ടനേകം  സവിശേഷതകളുള്ള പ്രദേശമാണ് കുളത്തൂപ്പുഴ. ശെന്തുരുണി എന്ന പേര് കിട്ടുവാനുള്ള കാരണം ശെങ്കുറിഞ്ഞി എന്ന വൃക്ഷങ്ങള്‍ ഇടതൂര്‍ന്ന് വളരുന്ന പ്രദേശമായതിനാലാണ്. പകല്‍ സമയങ്ങളില്‍ പോലും സൂര്യകിരണങ്ങള്‍ മണ്ണില്‍ പതിക്കാത്ത ഇടതൂര്‍ന്ന വനപ്രദേശങ്ങള്‍, അത്യപൂര്‍വ്വമായ ചീവിട് പക്ഷികളുടെ സാന്നിദ്ധ്യവും കര്‍ണ്ണമധുര ശബ്ദങ്ങളും അമൂല്യമായ  നീലക്കൊടുവേലി തുടങ്ങി ഔഷധ സസ്യങ്ങള്‍, ഈറക്കാടുകള്‍, മ്ളാവ്, പുള്ളിമാന്‍, ആന, കൂരങ്ങന്‍, കാട്ടുപന്നി, കാട്ടുപോത്ത്, മുള്ളന്‍പന്നി, കടുവ, കരടി, കലമാന്‍ തുടങ്ങിയ വന്യമൃഗങ്ങള്‍, മയില്‍, വേഴാമ്പല്‍, വെള്ളരിപ്രാവ് തുടങ്ങിയ അപൂര്‍വ്വപക്ഷികള്‍, ക്ഷേത്രക്കടവിലെ തിരുമക്കള്‍ (മത്സ്യം) എന്നിവയും ഈ പ്രദേശത്തിന്റെ പ്രത്യേകതകളാണ്. കുളത്തൂപ്പുഴ ആറിന്റെയും കല്ലടയാറിന്റേയും പുഷ്ടിപ്രദേശങ്ങളില്‍ ഏറിയ  പങ്കും ഉള്‍പ്പെടുന്ന കുളത്തൂപ്പുഴ പഞ്ചായത്ത് കേരളത്തിലെ മലനാട് ഉള്‍പ്പടുന്ന മേഖലയിലാണ്. കേരളത്തില്‍ വിസ്തീര്‍ണ്ണം കൊണ്ട് 8-ാം സ്ഥാനത്തും  കൊല്ലം ജില്ലയില്‍ ഒന്നാം സ്ഥാനത്തും നില്‍ക്കുന്ന പഞ്ചായത്താണ് കുളത്തൂപ്പുഴ. ആദ്യകാലത്ത് കുളത്തൂപ്പുഴ പഞ്ചായത്ത് ഏരൂര്‍ പഞ്ചായത്തില്‍ ചേര്‍ന്നു കിടക്കുകയായിരുന്നു. ആസ്ഥാനം കുളത്തൂപ്പുഴയായിരുന്നു. പ്രകൃതി കനിഞ്ഞനുഗ്രഹിച്ച പഞ്ചായത്താണ് കുളത്തൂപ്പുഴ. കിഴക്കതിര് സഹ്യനെ  തലോടിയും  സഹ്യസാനുക്കളില്‍ ഉള്‍പ്പെട്ട  ശംഖിലിവനത്തില്‍ നിന്നുത്ഭവിക്കുന്ന കല്ലടയാറിനെ തഴുകിയും കിടക്കുന്ന ഈ പഞ്ചായത്തില്‍ തമിഴ്  ആദിവാസി തുടങ്ങീ  എല്ലാ ജനവിഭാഗങ്ങളും ഒത്തൊരുമിച്ച്  തോളോട് തോളുരുമ്മി താമസിക്കുന്നു.  കുളന്തയായ കുഞ്ഞയ്യപ്പനെ കണ്ടെടുത്ത പുഴ എന്ന അര്‍ത്ഥത്തില്‍ കുളന്തപ്പുഴ എന്ന പേര്‍ ഈ പ്രദേശത്തിന് ഉണ്ടായി. അതിന് രൂപഭേദം വന്ന് കുളത്തൂപ്പുഴയായിത്തീര്‍ന്നു. പുരാതനകാലം മുതല്‍ പ്രശ്സതമായ കുളത്തൂപ്പുഴ ശ്രീധര്‍മ്മശാസ്താ ക്ഷേത്രവുമായി  ബന്ധപ്പെട്ടാണ് കുളത്തൂപ്പുഴ എന്ന പേര്‍ പറയുന്നത്.