ചരിത്രം
സ്ഥലനാമ ചരിത്രം
ഓണാട്ടുകര കാര്‍ഷിക മേഖലയില്‍പ്പെടുന്ന ഈ പ്രദേശത്തിന്റെ പഴയകാല ചരിത്രത്തെ സംബന്ധിച്ച ലിഖിത രേഖകള്‍ പരിമിതമാണ്. ഐതിഹ്യങ്ങളും നാട്ടറിവുകളാണ് ഏറെയും .“കുലശേഖരപുരം“ എന്ന സ്ഥലനാമത്തിന്റെ ചരിത്രം ഇങ്ങനെയാണ് കരുതപ്പെടുന്നത് - ദക്ഷിണഭാരതത്തിലെ 12 ആഴ്വാക്കളില്‍ പ്രധാനിയായിരുന്നു കുലശേഖര ആഴ്വാര്‍. ഇദ്ദേഹം കവിയായിരുന്നന്നും “തിരുമൊഴി”യുടെ കര്‍ത്താവാണെന്നും കരുതപ്പെടുന്നു. കുലശേഖര ആഴ്വാരുടെ പേരില്‍ നിന്നും ഈ പ്രദേശത്തിന് കുലശേഖരപുരം എന്നപേര് സിദ്ധിച്ചു എന്നൊരു വിശ്വാസം നിലവിലുണ്ട്. അതുപോലെ ചേരരാജാക്കന്മാരുടെ സാമന്തന്മാര് താവളമടിച്ചിരുന്ന പ്രദേശങ്ങള്‍ക്ക് ഈ പേരുണ്ടായിരുന്നുവെന്നും പറയപ്പെടുന്നു. തെക്കന്‍ കേരളത്തില്‍ “കുലശേഖരം“ “കുലശേഖരമംഗലം” എന്നീ സ്ഥലനാമങ്ങളും നിലവിലുണ്ട്. മേല്‍പ്പറഞ്ഞ വംശങ്ങളുമായി ബന്ധപ്പെട്ട് ഒരു രാജസ്ഥാനം എന്ന അര്‍ത്ഥത്തില്‍ കുലശേഖരപുരം എന്ന പേര് ലഭിച്ചതാകാമെന്നുകരുതുന്നു. കുലശേഖരപുരം പഞ്ചായത്തിലെ കടത്തൂര്‍, നീലികുളം ഭാഗത്ത് തകര്‍ന്ന കൊട്ടാരവശിഷ്ടങ്ങള് കുറേക്കാലം മുമ്പുവരെ ഉണ്ടായിരുന്നതായി പഴമക്കാര്‍ പറയുന്നു. കൂടാതെ രാജകൊട്ടാരവുമായി ബന്ധപ്പെട്ട വീടുകള്‍ക്ക് പറയുന്ന കൊട്ടാരത്തില്‍, കോയിക്കല്‍, മാളിയേക്കല്‍ എന്നിങ്ങനെ നിരവധി കുടുംബപ്പേരുകള്‍ കുലശേഖരപുരത്ത് ഇന്നും നിലവിലുണ്ട്. വേണാട്ടരചന് കായംകുളം രാജ്യം കീഴടക്കിയപ്പോള്‍ കുലശേഖരപുരവും കൂട്ടിചേര്‍ക്കപ്പെടുകയും തിരുവിതാംകൂറില്‍ ആക്കുകയും ചെയ്തു. മാര്‍ത്താണ്ഡവര്‍മ്മയുടെ ദാസരായി മാറിയ തദ്ദേശീയരായ പടയാളികള്‍ക്ക് ഭൂമി ദാനമായി നല്‍കിയിരുന്നു. ഇങ്ങനെ നല്കിയ ഭൂമിക്ക് “വിരുത്തി” വസ്തുക്കള്‍ എന്നാണ് പറയാറ്. ഇത്തരം ധാരാളം ഭൂമി കുലശേഖരപുരത്തിന്റെ പല ഭാഗത്തും കാണുന്നുണ്ട്.കുലശേഖരപുരം പഞ്ചായത്തില്‍ തഴത്തോടിന് പടിഞ്ഞാറ് കായലിനോട് ചേര്‍ന്നു കിടക്കുന്ന ഭാഗം “ആതനാട് “ എന്നാണ് അറിയപ്പെടുന്നത്. ഐതിഹ്യങ്ങള്‍ പ്രകാരം “ആതനാട് “ എന്നാല്‍ ആതന്റെ അഥവാ ബുദ്ധന്റെ നാട് എന്നാണര്‍ത്ഥം. ഈ പ്രദേശത്ത് ഒരു കാലത്ത് ധാരാളം ബുദ്ധമതവിശ്വാസികള്‍ കഴിഞ്ഞിരുന്നതായി തെളിവുണ്ട്. ബുദ്ധമത വിശ്വാസിയായിരുന്ന അകത്തൂട്ട് രാജാവും അദ്ദേഹത്തിന്റെ കൊട്ടാരവും മറ്റും ഉണ്ടായിരുന്നതായി കാണാം. അകത്തൂട്ട് ചന്തയ്ക്ക് സമീപം കൊട്ടാരവശിഷ്ടങ്ങള് അടുത്ത കാലം വരെ ഉണ്ടായിരുന്നതാണ്. അതിനടുത്തുതന്നെയുള്ള അയ്യന് കോയിക്കല്‍ ക്ഷേത്രവും ബുദ്ധമതാനുയായികളുടെ ആരാധനാ കേന്ദ്രമായിരുന്നു. “അയ്യന്” എന്ന വാക്കിന് “ബുദ്ധന്” എന്നാണര്‍ത്ഥം. അയ്യന് കോയിക്കല്‍ ക്ഷേത്രത്തില്‍ സ്ഥാപിച്ചിരുന്നതും പില്ക്കാലത്ത് കായലില്‍ നിന്ന് കണ്ടെടുത്തതുമായ കൃഷ്ണശിലയില്‍ തീര്‍ത്ത ബുദ്ധവിഗ്രഹം പ്രസിദ്ധമാണ്. ഈ വിഗ്രഹം കുറേക്കാലം കരുനാഗപ്പള്ളി പടനായര് കുളങ്ങര ക്ഷേത്രത്തിന് പടിഞ്ഞാറു വശത്ത് സ്ഥാപിച്ചിരുന്നു. ഇപ്പോള്‍ ഈ വിഗ്രഹം കൃഷ്ണപുരം കൊട്ടാരത്തില്‍ സൂക്ഷിച്ചിട്ടുണ്ട്. അങ്ങനെ, ശങ്കരാചാര്യരുടെ കാലം വരെ കുലശേഖരപുരത്ത് ബുദ്ധമതവിശ്വാസം പ്രബലമായിരുന്നുവെന്ന് ഊഹിക്കാവുന്നതാണ്.
പ്രാദേശിക ചരിത്രം
ക്ഷേത്രപ്രവേശനവിളംബരത്തിനുമുമ്പുതന്നെ ജാതി-മതഭേദങ്ങളില്ലാതെ എല്ലാവര്ക്കും കയറാനും ആരാധന നടത്താനും അവകാശമുണ്ടായിരുന്ന തിരുവിതാംകൂറിലെ മൂന്ന് ക്ഷേത്രങ്ങളിലൊന്നായിരുന്നു ആതനാട് ശക്തികുളങ്ങര ദേവീക്ഷേത്രം. ഒരു കാലത്ത് ഈ ക്ഷേത്രത്തിന്റെ അവകാശം അഞ്ച് കുടുംബങ്ങള്‍ക്ക് ഏല്പ്പിക്കപ്പെട്ടപ്പോള് അതിലൊന്ന് ഒരു മുസ്ളീം കുടുംബമായിരുന്നുവെന്നത് ശ്രദ്ധേയമായ ഒരറിവാണ്.ഈ നൂറ്റാണ്ടിന്റെ തുടക്കത്തില്‍ നവോത്ഥാനപ്രസ്ഥാനത്തിനും കുലശേഖരപുരം പ്രദേശത്ത് ശക്തമായ സ്വാധീനം ലഭിച്ചിരുന്നതായി കാണാം. ശ്രീനാരായണ ഗുരു ആരംഭിച്ച പ്രസ്ഥാനത്തിന്റെ അലകള്‍ കുലശേഖരപുരത്തും സാമൂഹിക അനാചാരങ്ങള്‍ക്കും മനുഷ്യനിലെ വേര്‍തിരിവുകള്‍ക്കെതിരായ ശക്തിയായി. 1894 ലും അതിനുശേഷവും ശ്രീനാരായണഗുരു പലവട്ടം കുലശേഖരപുരത്ത് വരികയും താമസിക്കുകയും സമുദായത്തില്‍ നിലനിന്നിരുന്ന താലികെട്ട്, പുളികുടി, തിരണ്ടുകുളി തുടങ്ങിയ അനാചരങ്ങള്ക്കെതിരായ ബോധവല്‍ക്കരണവും അരുവിപ്പുറം പ്രതിഷ്ഠയ്ക്ക് ധനം ശേഖരിക്കാനുള്ള വേണ്ടിയുള്ള യാത്രയ്ക്കിടയില്‍ ആതനാട് തെക്ക് കരിച്ചാലില്‍ വീട്ടിലും തുറയില്‍ വീട്ടിലും താഴത്തോടത്ത് ആശ്രമത്തിലും ഗുരു വരികയും പലരുമായി ചര്‍ച്ചകളും ആശയവിനിമയവും നടത്തിയതിന് രേഖകളുണ്ട്. അദ്ദേഹത്തോടൊപ്പം മഹാകവി കുമാരനാശാന്, സഹോദരന് അയ്യപ്പന് എന്നിവര്‍ ഇവിടെ വരികയും നിരവധി ബന്ധങ്ങള്‍ സ്ഥാപിക്കുകയും ചെയ്തിട്ടുണ്ട്. കേരളം കണ്ട മറ്റൊരു മഹായോഗിവര്യനായ ചട്ടമ്പി സ്വാമികളും തന്റെ ജീവിതത്തില്‍ നല്ലൊരു കാലം കുലശേഖരപുരത്ത് കഴിഞ്ഞിട്ടുണ്ട്. കുലശേഖരപുരം പത്താം വാര്‍ഡില്‍ ഇപ്പോഴുള്ള താഴത്തോടത്ത് ആശ്രമത്തിലാണ് സ്വാമികളും ശിഷ്യന്മാരും താമസിച്ചിരുന്നത്. അദ്ദേഹത്തിന്റെ ആശയങ്ങള്‍ക്ക് ഈ പ്രദേശത്ത് നല്ല സ്വാധീനം ലഭിച്ചിട്ടുണ്ട്. ചട്ടമ്പിസ്വാമികളുടെ പ്രഥമ ശിഷ്യനായ ശ്രീനീലകണ്ഠ തീര്‍ത്ഥപാദരുടെ സ്മാരകമായി താഴത്തോടത്ത് കെ.വേലായുധന്‍പിള്ള സ്ഥാപിച്ചതാണ് പുതിയ കാവിലെ എസ്.എന്‍ടി.വി സംസ്കൃത സ്കൂള്‍. ദേശീയ സ്വാതന്ത്ര്യസമരചരിത്രത്തിലെ രക്തനക്ഷത്രമായ വക്കം അബ്ദുള്‍ ഖാദര്‍ കുലശേഖപുരവുമായി നാഭീ-നാളി ബന്ധമുള്ള ദേശസ്നേഹിയായിരുന്നു.ദേശീയ പ്രസ്ഥാനത്തില്‍ ആകൃഷ്ടനായ അബ്ദുള്‍ ഖാദര്‍, സുഭാഷ് ചന്ദ്രബോസിന്റെ ഐ.എന്‍.എ യില്‍ ചേരുകയും രാജ്യം വിട്ടുപോവുകയും ചെയ്തു. പിന്നീട് ഇന്ത്യയില്‍ വന്ന് നിയോഗിക്കപ്പെട്ട അദ്ദേഹം ഇന്ത്യയില്‍ വച്ച് ബ്രിട്ടീഷുകാരാല്‍ പിടിക്കപ്പെടുകയും രാജ്യദ്രോഹക്കുറ്റം ചുമത്തി വിചാരണ ചെയ്ത് തൂക്കിക്കൊല്ലുകയുമാണുണ്ടായത്. അദ്ദേഹത്തിന്റെ മാതാവ് കുലശേഖരപുരത്തുകാരിയാണെന്നും അദ്ദേഹം ജനിച്ചത് കുലശേഖപുരത്താണെന്നും ചരിത്രരേഖകള്‍ വ്യക്തമാകുന്നു. സ്വാതന്ത്ര്യസമരവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരും അല്ലാത്തവരുമായ നിരവധി പേര് കുലശേഖരപുരത്ത് ഉണ്ടായിരുന്നു. ഇവരില്‍ പ്രധാനികള്‍ ആദിനാട് കരുണാകരന് പിള്ള, ചമ്പങ്കോട്ട് കൃഷ്ണപിള്ള, എന്‍. ശ്രീധരന്, ആര്.എസ്. വാര്യര്‍, മരങ്ങാട്ട് പത്മനാഭന്, താഴത്തോടത്ത് കൃഷ്ണപിള്ള, കെ.ജി.ദിവാകരന്, പുന്നയ്ക്കല്‍ ഗോപാലപിള്ള, ആപ്പിഴേത്ത് പരമേശ്വരന്‍പിള്ള, കടവില്‍ രാമകൃഷ്ണപണിക്കര്,മാരൂര്‍ കുഞ്ഞാണുപിള്ള, കൊട്ടയ്ക്കാട്ട് ജോണ്‍ ഫെര്‍ണ്ടാസ് എന്നിവരായിരുന്നു. സ്വാതന്ത്ര്യസമരപ്രസ്ഥാനത്തിലൂടെ പൊതുരംഗത്ത് വന്ന നിരവധി യുവാക്കള്‍ മാര്‍ക്സിസ്റ്റ്- ലെനിസിസ്റ്റ് ആശയങ്ങളില്‍ ആകൃഷ്ടരാവുകയും വിദ്യാര്‍ത്ഥി പ്രസ്ഥാനവും കയര്‍തൊഴിലാളി, കര്‍ഷകതൊഴിലാളി, ബീഡി തൊഴിലാളി, നാവികതൊഴിലാളി യൂണിയനുകള്‍ക്ക് രൂപം കൊടുക്കുകയും സാമ്രാജ്യത്വത്തിനും ജന്മിത്വത്തിനും എതിരായ പ്രസ്ഥാനത്തിന് ശക്തിപകരുകയും ചെയ്തു. ദിവാന് ഭരണത്തിനും ജന്മിത്വവാഴ്ചക്കും എതിരെ തൊഴിലാളികളേയും സാധാരണജനങ്ങളേയും സംഘടിപ്പിക്കുന്നതില്‍ എന്‍.ശ്രീധരനും, ജി.കാര്‍ത്തികേയനും ഒപ്പം പ്രവര്‍ത്തിച്ചവരില്‍ പ്രമുഖര്‍ ആര്.ശങ്കരവാര്യര്, എ.പി.കളയ്ക്കാട്.,പി.കെ.ബദര്‍, നമ്പലത്തേതില് കേശവന്, പി.രാമകൃഷ്ണന്, കെ.ജി.ദിവാകരന്, ജയപ്രകാശ്, പി.പ്രഭാകരന്, പറത്തോടത്ത് കുട്ടപ്പന്, നല്ലേത്ത് കുഞ്ഞികൃഷ്ണന്, കോളഭഗത്ത് ഗോപിനാഥപിള്ള എന്നിവരാണ്. വയലാര്‍-ശൂരനാട് സംഭവങ്ങള്‍ക്ക് ശേഷം ഈ പ്രദേശങ്ങള്‍ക്ക് ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ക്ക് ആഴത്തില്‍ വേരോട്ടമുണ്ടായി.കലാ-സാംസ്കാരിക രംഗങ്ങളിലും കുലശേഖരപുരത്തുകാര് പലരും ഉയര്‍ന്നുവന്നിട്ടുണ്ട്. വളരെ പണ്ട് മുതല്‍ തന്നെ ഈ പഞ്ചായത്തില്‍ തുറയില്‍, വെള്ളങ്ങാട്ട് കുടുംബങ്ങളിലെ കാരണവന്മാര് കഥകളി യോഗങ്ങള്‍ സംഘടിപ്പിക്കുകയും നിലനിറുത്തുകയും ചെയ്തിരുന്നു. മറ്റ് കലാരൂപങ്ങളും ഇവിടെ പ്രചാരത്തിലുണ്ടായിരുന്നു. പഴയ തലമുറയിലെ നാടകകലാകാരന്മാരില് പ്രമുഖനാണ് ഓച്ചിറ ശങ്കരകുട്ടിനായര്. നോവല്‍-ചെറുകഥാരംഗത്ത് കേരളത്തിലൊട്ടാകെ പ്രസിദ്ധനായ എ.പി.കളയ്ക്കാടന്റെ നേത്യത്വത്തിലാണ് പുരോഗമന സാഹിത്യപ്രസ്ഥാനം ഈ പ്രദേശത്ത് രൂപമെടുത്തത്. പിന്നീട് നീലികുളം കുട്ടന്‍പിള്ള, എന്‍.രാജശേഖരന് നായര്‍ എന്നിവരുടെ നേതൃത്വത്തില്‍ ദേശാഭിമാനി സ്റ്റഡി സര്‍ക്കിള്‍ പോലുള്ള സാംസ്കാരിക പ്രസ്ഥാനങ്ങള്‍ ഈ പ്രദേശത്ത് വ്യാപകമായി. പഞ്ചായത്തിലെ ഏറ്റവും പഴക്കം ചെന്ന വായനശാലയാണ് വള്ളിക്കാവ് സംസ്കാരം സന്ദായനി. കടമ്പാട്ട് കെ. വാസുദേവശര്മ്മയുടെ നേതൃത്വത്തില്‍ രൂപം കൊണ്ട ഗ്രാമസേവാസംഘം വായനശാലയാണ് പഞ്ചായത്ത് സാംസ്കാരികനിലയം. പിന്നീട് കാട്ടില്‍ക്കടവ് പ്രകാശം ഗ്രന്ഥശാലയും നീലികുളം ഗാന്ധിസ്മാരക വായനശാലയും ആദിനാട് തെക്ക് എസ്.എന്‍ ലൈബ്രറിയും അരുണോദയം ഗ്രന്ഥശാലയും സ്ഥാപിക്കപ്പെട്ടു.കുലശേഖരപുരത്തിന്റെ ആധുനിക വിദ്യഭ്യാസ ചരിത്രം ആരംഭിക്കുന്നത് 1894 ആണ്. തുടക്കത്തില്‍ കളരിവാതുക്കല്‍ ക്ഷേത്രത്തിനു വടക്ക് ചങ്ങന്‍കുളങ്ങര ദേവസ്വം കെട്ടിട്ടത്തില്‍ പ്രവര്‍ത്തിച്ച് ഈ സ്കൂള്‍ പില്ക്കാലത്ത് വാരിക്കോലില്‍ കേശവപിള്ള ദാനമായി നല്കിയ സ്ഥലത്തേക്ക് മാറ്റി സ്ഥാപിക്കപ്പെട്ടു. പിന്നീട് പലപ്പോഴായി ആവശ്യമായ ഭൂമി വാങ്ങി ചേര്‍ക്കുകയുണ്ടായി. പ്രസിദ്ധ പണ്ഡിതന് സി.എസ്. സുബ്രഹ്മണ്യന്‍പോറ്റി ഒരു കാലത്ത് ഈ സ്കൂളില്‍ അദ്ധ്യാപകനായിരുന്നിട്ടുണ്ട്. പ്രൈമറി സ്കൂളായിരുന്ന ഈ സ്ഥാപനം പടിപടിയായി യു.പി സ്കൂളും ഹൈസ്കുളൂമായി ഉയര്‍ത്തിയെടുക്കുന്നതില്‍ എന്‍.ശ്രീധരനും മുത്തോംവീട്ടില് രാമന്‍പിള്ളയും മുഖ്യപങ്കുവഹിച്ചിരുന്നു. ഈ പഞ്ചായത്തിലെ മറ്റൊരു വിദ്യാലയമായ ആദിനാട് ശക്തികുളങ്ങര സ്കൂള്‍ 1971 സ്ഥാപിക്കപ്പെട്ടു. പിന്നീട് പലകാലങ്ങളിലായി ഇതര സ്കൂളുകളും നിലവില്‍ വന്നു. ഈ വിദ്യാലയങ്ങളെല്ലാം തന്നെ പ്രദേശത്ത ജനങ്ങളുടെ വിദ്യാഭ്യാസപുരോഗതിയില്‍ വിലമതിക്കാനാവാത്ത പങ്കാണ് നിര്‍വഹിച്ചിട്ടുള്ളത്.
ഭരണചരിത്രം
1953 ആഗസ്റ്റ് 27-ാം തീയതിയാണ് കുലശേഖരപുരം പഞ്ചായത്ത് നിലവില്‍ വന്നത്. പത്തംഗങ്ങളുണ്ടായിരുന്ന ആദ്യ പഞ്ചായത്തുകമ്മിറ്റിയുടെ പ്രസിഡന്റ് ജി.കാര്‍ത്തികേയനും വൈസ് പ്രസിഡന്റ് അബ്ദുള്‍ഖാദര്‍ കുഞ്ഞുമായിരുന്നു. ഈ കമ്മിറ്റിയില്‍ വനിതകള്‍ ഉണ്ടായിരുന്നില്ല. തുടക്കത്തില്‍ സ്വന്തം ആസ്ഥാനമില്ലായിരുന്ന പഞ്ചായത്തിന്റെ ഓഫീസ് ഗ്രാമസേവാസംഘം ഗ്രന്ഥശാലാഹാളില്‍ ആയിരുന്നു പ്രവര്‍ത്തിച്ചിരുന്നത്. പിന്നീട് കൊച്ചുമാംമൂട്ടിലമുള്ള കുന്നുംകട ദാമോദരന്‍ മുതലാളിയുടെ കടയിലേക്ക് ഓഫീസ് മാറ്റുകയും ചെയ്തു. തുടര്‍ന്ന് വെള്ളങ്ങാട്ട് കുഞ്ഞികൃഷ്ണപിള്ള ദാനമായി നല്കിയ ഭൂമിയില്‍ ഇപ്പോഴത്തെ ഓഫീസ് 958 ല്‍ പ്രവര്‍ത്തമാരംഭിച്ചു. 1963 ല്‍ രണ്ടാമത്തെ പഞ്ചായത്തുകമ്മിറ്റി നിലവില്‍ വരുകയും ചെയ്തു. ഇക്കാലത്ത് കമ്മിറ്റിയുടെ പ്രസിഡന്റ് ജി.കാര്‍ത്തികേയനും വൈസ്പ്രസിഡന്റ് എന്‍.രാമന്പിള്ളയുമായിരുന്നു. അതിനുശേഷം 1979 ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ രൂപം കൊണ്ട പഞ്ചായത്തുകമ്മിറ്റി 1984 വരെ തുടരുകയും ചെയ്തു. 1988 ല്‍ വീണ്ടും പുതിയ കമ്മിറ്റി നിലവില്‍ വന്നു. ഈ കമ്മിറ്റി 1995 വരെ നിലനിന്നു. 79 മുതല്‍ 95 വരെ 4 വര്‍ഷത്തെ ഉദ്യോഗസ്ഥഭരണകാലമൊഴിച്ച് പഞ്ചായത്തുകമ്മിറ്റിയുടെ പ്രസിഡന്റായി എന്‍.രാമന്‍പിള്ളയും വൈസ് പ്രസിഡന്റുമാരായി പനമൂട്ടില്‍ ഹമീദ് കുഞ്ഞും, കൊട്ടിലില്‍ ഇബ്രാഹിം കുട്ടിയും പ്രവര്‍ത്തിച്ചു. കുലശേഖരപുരം പഞ്ചായത്തിന്റെ പ്രസിഡന്റായി ജി.കാര്‍ത്തികയേനും (26 വര്‍ഷം) വൈസ് പ്രസിഡന്റായി എന്‍.രാമന്‍പിള്ള (16 വര്‍ഷം) യും പ്രവര്‍ത്തിച്ചു. പഞ്ചായത്തുരൂപമെടുത്ത 1953 മുതല്‍ 95 വരെ തുടര്‍ച്ചയായി 42 വര്‍ഷം പഞ്ചായത്തുകമ്മിറ്റിയില്‍ അംഗമായിരുന്ന ഒരേ ഒരാള്‍ എന്‍.രാമന്‍പിള്ളയാണ്. പഞ്ചായത്ത് രാജ് നിലവില്‍ വന്നശേഷം 95 സെപ്റ്റംബറില്‍ എ.നാസര്‍ പ്രസിഡന്റും,കെ.ശ്രീധരന് വൈസ്പ്രസിഡന്റുമായി ഇപ്പോഴത്തെ പഞ്ചായത്തുകമ്മിറ്റി നിലവില്‍ വന്നു.
സാംസ്ക്കാരിക ചരിത്രം
ഒട്ടേറെ വൈരുദ്ധ്യങ്ങള്‍ നിറഞ്ഞ നാടുവാഴി വ്യവസ്ഥയിലൂടെ കടന്നുവന്ന സമൂഹത്തില്‍ ജാതിവ്യവസ്ഥയാണ് ഏറെ ശക്തമായിരുന്നത്.ഭൂരിപക്ഷം ജനങ്ങളും ഹിന്ദുക്കളായിരുന്നെങ്കിലും നൂറ്റാണ്ടുകള്‍ക്കുമുമ്പു തന്നെ മുസ്ളീം മതവിശ്വാസികളും ധാരാളമായി ഇവിടെ ഉണ്ടായിരുന്നു. ക്രിസ്ത്യന്‍ സമൂഹം നാമമാത്രമായിരുന്നങ്കിലും അവരുടെ സാന്നിദ്ധ്യവും വളരെക്കാലം മുമ്പുതന്നെ ഈ പ്രദേശത്തുണ്ടായിരുന്നു. ഇന്ന് ഹിന്ദുക്കളും മുസ്ളീംങ്ങളുമാണ് ഈ പ്രദേശത്തെ പ്രധാന മതവിഭാഗങ്ങള്‍. സംഖ്യയില്‍ വളരെ കുറവാണെങ്കിലും ക്രിസ്ത്യാനികളുമുണ്ട്. ഈ നാടിന്റെ പഴയകാലചരിത്രം പരിശോധിക്കുമ്പോള്‍ വെളിപ്പെടുന്ന ശ്രദ്ധേയമായ ഒരു കാര്യം വ്യത്യസ്ത മതവിഭാഗങ്ങള്‍ വളരെ സൌഹാര്‍ദ്ദത്തോടെയും ഐക്യത്തോടെയും പരസ്പരം കൊണ്ടും കൊടുത്തും ഇവിടെ ജീവിച്ചുവന്നിരുവെന്നതാണ്. ഒരോ മതവിഭാഗത്തിന്റെയും ഉത്സവങ്ങളില്‍ മറ്റ് മതസ്ഥരും പങ്കുചേരുകയും ചെയ്തിരുന്നു. പഞ്ചായത്തിലെ പുരാതനക്ഷേത്രങ്ങളില്‍ പ്രധാനം ശക്തികുളങ്ങര ദേവീ ക്ഷേത്രമാണ്. കൂടാതെ, ദേവസ്വം വകയും കുടുംബവകയും വ്യക്തികളുടേതുമടക്കം 240ല്‍പ്പരം ക്ഷേത്രങ്ങള്‍ ഈ പഞ്ചായത്തിലുണ്ട്. ഹിന്ദുക്കളുടെ പ്രധാന ഉത്സവങ്ങള്‍ ഓണം, ദീപാവലി, ശിവരാത്രി, വിഷു എന്നിവയാണ്. ഇതില്‍ ഓണം ഹിന്ദു-അഹിന്ദു വ്യത്യാസം കൂടാതെ തന്നെ ആഘോഷിക്കപ്പെടുന്നു. കൂടാതെ ക്ഷേത്രങ്ങളില്‍ വര്‍ഷംതോറും നടന്നുവരുന്ന ഉത്സവങ്ങളിലും എല്ലാ ജനങ്ങളും പങ്കെടുക്കുന്നു. പഞ്ചായത്തിലെ ഗണ്യമായ മറ്റൊരു മതവിഭാഗം മുസ്ളീംങ്ങളാണ്. പനച്ചമൂട്ടില്‍. പുത്തന്‍ തെരുവ്, പുതിയകാവ് എന്നി പ്രധാന പള്ളികളും പന്ത്രണ്ടോളം തൈക്കാവുകളും ഈ പഞ്ചായത്തിലുണ്ട്. മുസ്ളീംങ്ങളുടെ പ്രധാന ആഘോഷങ്ങള്‍ റംസാന്, ബക്രീദ് എന്നിവയാണ്. ഇത് വിപുലമായി ആഘോഷിക്കപ്പെടുന്നു. ജാതിമതഭേദം കൂടാതെ നക്ഷത്രങ്ങള്‍ തൂക്കിയും കരോള്‍ നടത്തിയും ക്രിസ്മസ് ജനങ്ങള്‍ ആഘോഷിക്കുന്നു. വിവിധ മതങ്ങളും വിശ്വാസങ്ങളും ഒരു മതത്തിലും വിശ്വാസിക്കാത്തവരുമൊക്കെച്ചേര്ന്ന് പഞ്ചായത്ത് മാനവ ഐക്യത്തിന്റെ ഉത്തമ മൂല്യങ്ങള്‍ എക്കാലവും ഉയര്‍ത്തിപ്പിടിച്ചിട്ടുണ്ട്. ക്ഷേത്രങ്ങളില്‍ മറ്റ് മതവിശ്വാസികള്‍ നേര്‍ച്ച നല്‍കുകയും അഹിന്ദു ദേവാലയങ്ങളില്‍ ഹിന്ദുക്കള്‍ നേര്‍ച്ചയര്‍പ്പിക്കുന്ന പതിവും ഇവിടെ കാണാം.