പഞ്ചായത്തിലൂടെ

ഭൂപ്രകൃതി

കൊല്ലം ജില്ലയില്‍ കരുനാഗപ്പള്ളി താലൂക്കില്‍ ഉള്‍പ്പെട്ടതാണ് കുലശേഖരപുരം ഗ്രാമപഞ്ചായത്ത്. കുലശേഖരപുരം, ആതനാട് വില്ലേജുകള്‍ ചേര്‍ന്ന ഈ  പഞ്ചായത്തിന്റെ വിസ്തീര്‍ണ്ണം 16.75  ച.കി.മീ ആണ്. ഈ പഞ്ചായത്തിന്റെ വടക്ക് ക്ളാപ്പന, ഓച്ചിറ പഞ്ചായത്തുകളും,  കിഴക്ക് തഴവ പഞ്ചായത്തും, തെക്ക് കരുനാഗപ്പള്ളി പഞ്ചായത്തും, പടിഞ്ഞാറ്  ടി.എസ് കനാലുകളുമാണ് അതിരുകള്‍. സമുദ്രനിരപ്പില്‍ നിന്നും 3 മീ. ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ഈ പഞ്ചായത്ത് ഒരു തീരസമതല മേഖലയാണ്. പ്രധാനമായും മണല്‍തിട്ടകളും സമതലപ്രദേശങ്ങളുമാണ്. ഇതില്‍ 40% ഭാഗങ്ങളില്‍ സമതലങ്ങളും ബാക്കിഭാഗം മണല്‍തിട്ടകളുവമാണ് ഇവ ഇടവിട്ട് കാണപ്പെടുന്നു. സമതലങ്ങളെ കായലുമായി ബന്ധിപ്പിക്കുന്ന നിരവധി തോടുകളും കൈത്തോടുകളുമുണ്ട്. കൂടാതെ പഞ്ചായത്തില്‍ പലഭാഗത്തായി ചെറുതും വലുതുമായ നിരവധി കുളങ്ങളുണ്ട്. കിഴക്കു നിന്നു പടിഞ്ഞാറോട്ട്  ചരിവ്തലം പോലെയാണ് ഭൂമിയുടെ കിടപ്പ്.പ്രധാനമായും 3 തരം മണ്ണാണ് ഇവിടെ കാണപ്പെടുന്നത് മണല്‍മണ്ണ്, പശിമരാശി മണ്ണ്, ലാറ്ററൈറ്റ് മണ്ണ്. റിഡ്ജുകളിലാണ് (മണ്‍തിട്ടകളിലാണ്) സാധാരണയായി മണല്‍മണ്ണ് കാണപ്പെടുന്നത്. ഓണാട്ടുകര ചാരമണല്‍ എന്നാണ് പണ്ടുകാലം മുതല്‍ വിളിച്ചുപോരുന്നത്. മണലും ചെളിയും ചേര്‍ന്ന പശിമരാശിമണ്ണ് സമതലങ്ങളിലാണുള്ളത് പഞ്ചായത്തിലെ കടത്തൂര്‍, നീലികുളം, പുന്നക്കുളം ഭാഗങ്ങളില്‍  ഇളം ചുവപ്പുകലര്‍ന്ന ലാറ്ററൈറ്റ് മണ്ണ് കാണുന്നുണ്ട്. ജലം വളരെ വേഗം ഊര്‍ന്നിറങ്ങി ഭൂഗര്‍ഭ ജലനിരപ്പ് ഉയര്‍ത്തുന്നു എന്നാണ് മണല്‍മണ്ണിന്റെ  സവിശേഷത. വയല്‍പ്രദേശങ്ങളില്‍ കാണുന്ന പശിമരാശിമണ്ണ് ഈര്‍പ്പം സൂക്ഷിക്കാന്‍ കഴിയുന്ന മണ്ണാണ്. പുഴകളും മറ്റ് ജലസ്രോതസ്സുകളും കൊണ്ട്  നിക്ഷേപിച്ച മണ്‍പ്രദേശമാണിത്.

വിദ്യാഭ്യാസ രംഗം

1894 ല്‍ കളരിവാതുക്കല്‍ ക്ഷേത്രത്തിന് വടക്കുവശം ചങ്ങന്‍കുളങ്ങര ദേവസ്വം വക കൊട്ടാരം എന്നറിയപ്പെടുന്ന കെട്ടിടത്തില്‍ ഒരു മലയാളം പ്രൈമറി സ്കൂള്‍ തുടങ്ങി.ഈ പ്രദേശത്ത് പെണ്‍കുട്ടികളുടെ വിദ്യാഭ്യാസപുരോഗതിലാക്കാക്കി തുടങ്ങിയ സ്കൂള്‍ ഇന്ന് രൂപവും ഭാവവും മാറി വളര്‍ന്ന് വലുതായി കുലശേഖരപുരം  ഗവ.ഹൈസ്കൂള്‍ ആയിതീര്‍ന്നു. 1917ല്‍  ആദിനാട് ശക്തികുളങ്ങര സ്കൂളും അതോടൊപ്പം  തന്നെ പുന്നക്കുളത്ത് താഴെത്തോടത്ത് ആശ്രമം വകയായി നീലകണ്ഠതീര്‍ത്ഥപാദ സംസ്കൃത സ്കൂളും സ്ഥാപിതമായി. ഇന്നു കാണുന്ന  മറ്റ് സ്കൂളൂകള്‍  സ്വാതന്ത്ര്യാനന്തരം സ്ഥാപിതമായവയാണ്.പഞ്ചായത്തില്‍ ഒരു ഹൈസ്കൂളും മൂന്ന് യു.പി.സ്കൂളുകളും അഞ്ച് പ്രൈമറി സ്കുളൂകളുമുണ്ട്. തൊഴിലധിഷ്ഠിതവിദ്യാഭ്യാസ കേന്ദ്രങ്ങളായ മാതാഅമൃതാനന്ദമയീ ഐ.റ്റി.സി  ഐഷാ  മെമ്മോറിയല്‍ ഫാര്‍മസി കോളേജ്, അമൃത ഇന്‍സ്റ്റിറ്റ്യൂട്ട്  ഓഫ് കമ്പ്യൂട്ടര്‍ ടെക്നോളജി, പ്രീപ്രൈമറി അദ്ധ്യാപക ട്രയിനിംഗ് സ്കൂള്‍ ഇവ കൂടാതെ  ആറ് പ്രീപൈമറി സ്കൂളുകളും മുപ്പത് അംഗന്‍വാടികള്‍, നാല്‍പ്പത് (40) കുടിപള്ളികൂടങ്ങള്‍ ഇവ കൂടി ചേര്‍ത്താല്‍  കുലശേഖരപുരം പഞ്ചായത്തിലെ വിദ്യാഭ്യാസരംഗത്തിന്റെ പൂര്‍ണ്ണരൂപം ലഭിയ്ക്കും.

വ്യവസായ രംഗം

കുലശേഖരപുരം പഞ്ചായത്തിലെ എടുത്തുപറയാവുന്ന വ്യവസായം “കേരളഫെഡ്” ആണ്. . “കേര” എന്ന ഗുണമേന്മയുള്ള  വെളിച്ചെണ്ണയ്ക്ക് വലിയ പ്രചാരം ഇപ്പോള്‍ത്തന്നെയുണ്ട്. വന്‍ കമ്പോള സാധ്യതയുള്ള  ഈ വ്യവസായത്തിന് വളരാന്‍ ഒട്ടേറെ സാധ്യതകളുണ്ട്. കേരഫെഡ് സഹകരണമേഖലയിലാണ്. ഇതുകൂടാതെ, മറ്റൊരു ഇടത്തരം വ്യവസായ യൂണിറ്റാണ് ചെറുവാറ ഫുഡ് ഇന്‍ഡ്സ്ട്രീസ്. ഭക്ഷ്യവസ്തുക്കള്‍ നിര്‍മ്മിക്കുന്ന ഈ വ്യവസായത്തിന് കേരളത്തിലാകെ കമ്പോളമുണ്ട്. ആധുനിക യന്ത്രങ്ങള്‍ ഉപയോഗിക്കുന്ന ഇതിനുപുറമെ കുറേ ചെറുകിട വ്യവസായ  യൂണിറ്റുകളും ഇവിടെ പ്രവര്‍ത്തിക്കുന്നു. ഐസ് പ്ളാന്റ്, തടിമില്ല്, ഹോളോബ്രിക്സ്, ഇലക്ട്രോണിക്സ് ചോക്ക് നിര്‍മ്മാണ യൂണിറ്റ്, ചെറുകിട എഞ്ചിനീയറിംഗ് യൂണിറ്റ് തുടങ്ങിയവ സ്വകാര്യമേഖലയിലാണ്. ഈ യൂണിറ്റുകളില്‍ ലഭ്യമാകുന്ന തൊഴിലവസരങ്ങള്‍ നന്നെ കുറവാണ്.