കുലശേഖരപുരം

കൊല്ലം ജില്ലയിലെ  കരുനാഗപ്പള്ളി താലൂക്കിലാണ് കുലശേഖരപുരം ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. കുലശേഖരപുരം, ആതനാട് വില്ലേജുകള്‍ ചേര്‍ന്ന ഈ  പഞ്ചായത്തിന്റെ വിസ്തീര്‍ണ്ണം 16.75  ച.കി.മീ ആണ്. ഈ പഞ്ചായത്തിന്റെ വടക്ക് ക്ളാപ്പന, ഓച്ചിറ പഞ്ചായത്തുകളും,  കിഴക്ക് തഴവ പഞ്ചായത്തും, തെക്ക് കരുനാഗപ്പള്ളി പഞ്ചായത്തും, പടിഞ്ഞാറ്  ടി.എസ് കനാലുകളുമാണ് അതിരുകള്‍. സുമദ്രനിരപ്പില്‍ നിന്നും 3 മീ. ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ഈ പഞ്ചായത്ത് ഒരു തീരസമതല മേഖലയാണ്. ഓണാട്ടുകര കാര്‍ഷിക മേഖലയില്‍പ്പെടുന്ന ഈ പ്രദേശത്തിന്റെ പഴയകാല ചരിത്രത്തെ  സംബന്ധിച്ച ലിഖിത രേഖകള്‍ പരിമിതമാണ് .ഐതിഹ്യങ്ങളും നാട്ടറിവുകളാണ് ഏറെയും .“കുലശേഖരപുരം“ എന്ന സ്ഥലനാമത്തിന്റെ ചരിത്രം ഇങ്ങനെയാണ്  കരുതപ്പെടുന്നത്.കുലശേഖരപുരം പഞ്ചായത്തില്‍ തഴത്തോടിന് പടിഞ്ഞാറ് കായലിനോട് ചേര്‍ന്നു കിടക്കുന്ന ഭാഗം “ആതനാട് “ എന്നാണ് അറിയപ്പെടുന്നത്. ഐതിഹ്യങ്ങള്‍ പ്രകാരം ആതനാട്  എന്നാല്‍  ആതന്റെ അഥവാ ബുദ്ധന്റെ നാട് എന്നാണര്‍ത്ഥം. ഈ പ്രദേശത്ത് ഒരു കാലത്ത് ധാരാളം ബുദ്ധമതവിശ്വാസികള്‍ കഴിഞ്ഞിരുന്നതായി തെളിവുണ്ട്. ബുദ്ധമത വിശ്വാസിയായിരുന്ന അകത്തൂട്ട് രാജാവും അദ്ദേഹത്തിന്റെ കൊട്ടാരവും മറ്റും ഇവിടെ ഉണ്ടായിരുന്നതായി കാണാം. ദക്ഷിണഭാരതത്തിലെ 12 ആഴ്വാക്കളില്‍ പ്രധാനിയായിരുന്നു കുലശേഖര ആഴ്വാര്‍. ഇദ്ദേഹം കവിയായിരുന്നെന്നും “തിരുമൊഴി”യുടെ കര്‍ത്താവാണെന്നും കരുതപ്പെടുന്നു. കുലശേഖര ആഴ്വാരുടെ പേരില്‍ നിന്നും ഈ പ്രദേശത്തിന് കുലശേഖരപുരം  എന്നപേര്‍ സിദ്ധിച്ചു എന്നൊരു വിശ്വാസം ഉണ്ട്. സാമൂഹ്യമാറ്റങ്ങളുടെ ശക്തി സ്രോതസ്സായിരുന്ന ശ്രീനാരായണഗുരുദേവനും, ചട്ടമ്പിസ്വാമികള്‍ക്കും കുലശേഖരപുരവുമായി ഉണ്ടായിരുന്ന ബന്ധം ഇവിടുത്തെ സാമൂഹ്യജീവിതത്തിലും പ്രതിഫലിച്ചിട്ടുണ്ട്. നവോത്ഥാന പ്രസ്ഥാനം പില്‍ക്കാലത്ത് മാറ്റങ്ങള്‍ക്ക് ഭദ്രമായ അടിത്തറ ഈ പ്രദേശത്ത് ഉണ്ടാക്കിയെന്ന് വ്യക്തമാവുന്നുണ്ട്.