കുളനട

പത്തനംതിട്ട ജില്ലയിലെ കോഴഞ്ചേരി താലൂക്കില്‍ കുളനട ബ്ളോക്കില്ലാണ് കുളനട ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. കുളനട ഗ്രാമപഞ്ചായത്തിന് 21.5 ചതുരശ്രകിലോമീറ്റര്‍ വിസ്തൃതിയുണ്ട്. 16 വാര്‍ഡുകളാണ് ഈ പഞ്ചായത്തിലുള്ളത്. കുളനടപഞ്ചായത്തിന്റെ അതിരുകള്‍ തെക്കുഭാഗത്ത് അച്ചന്‍കോവിലാറും, വടക്കുഭാഗത്ത് മെഴുവേലി പഞ്ചായത്തും, കിഴക്കുഭാഗത്ത് ചെന്നീര്‍ക്കര പഞ്ചായത്തും, പടിഞ്ഞാറുഭാഗത്ത് വെണ്‍മണി, മുളക്കുഴ പഞ്ചായത്തുകളുമാണ്. സ്ഥലനാമത്തെക്കുറിച്ചു പറയുമ്പോള്‍ കുളനട ദേവീക്ഷേത്രവും അതിനോടു ചേര്‍ന്ന നടയും കുളവും ഉള്ള പ്രദേശം കുളനട എന്നു വിളിക്കപ്പെട്ടതായി പറയപ്പെടുന്നു. കൊലനിലം ലോപിച്ച് കുളനട ആയി എന്നും കേള്‍ക്കുന്നു. തിരുവിതാംകോട് രാജ്യത്ത് തിരുവല്ല താലൂക്കില്‍ പന്തളം വടക്കേക്കര വില്ലേജില്‍പ്പെട്ട ഞെട്ടൂര്‍, കൈപ്പുഴ, മാന്തുക, ഉളനാട് എന്നീ കരകളും, മുഴക്കുഴ വില്ലേജിലെ ഉളന്നൂരും മെഴുവേലി വില്ലേജിലെ തുമ്പമണ്‍താഴം കരകളും കൂടി ചേര്‍ത്ത് 1953-ല്‍ കുളനട പഞ്ചായത്തു രൂപീകരിച്ചു. പിന്നീട് ചെങ്ങന്നൂര്‍ താലൂക്കിലും 1984 മുതല്‍ കോഴഞ്ചേരി താലൂക്കിലും ഉള്‍പ്പെടുന്നു. മെഴുവേലി, കുളനട വില്ലേജുകളിലായി പത്തു വാര്‍ഡുകള്‍ നിലവിലുണ്ട്. ആദ്യ വില്ലേജുയൂണിയന്‍ പ്രസിഡന്റ് എം.പി.തേവന്‍ ആയിരുന്നു. പഞ്ചായത്തിന്റെ ആസ്ഥാനം ആദ്യം ഉളനാട്ടിലായിരുന്നു. പഞ്ചായത്തിന്റെ തെക്കുഭാഗത്തു കൂടി ഒഴുകുന്ന അച്ചന്‍കോവിലാറിന്റെ 8 കിലോമീറ്റര്‍ ദൂരം കുളനടപഞ്ചായത്തിലാണ്. 17 കുന്നുകള്‍, ചെറുതും വലുതുമായ 16 കുളങ്ങള്‍, 6 ചാലുകള്‍, 39 തോടുകള്‍, 57 പൊതുകിണറുകള്‍, കുന്നുകളുടെ ഇടയില്‍ വിശാലമായ നെല്‍പ്പാടങ്ങള്‍, ഫലഭൂയിഷ്ഠവും നിരപ്പാര്‍ന്നതുമായ ആറ്റുതീരം, ജൈവവൈവിധ്യത്തിന്റെ സന്തുലനം ദര്‍ശിക്കാവുന്ന 8 കാവുകള്‍ എന്നിങ്ങനെ വൈവിധ്യവും മനോഹരവുമായ ഭൂപ്രകൃതിയാല്‍ അനുഗ്രഹീതമാണ് കുളനട പഞ്ചായത്ത്. പഞ്ചായത്തിലെ മുഖ്യമായ കൃഷികള്‍ നാളികേരവും റബ്ബറുമാണ്.