ചരിത്രം

സാമൂഹ്യ-സാംസ്കാരികചരിത്രം

ഈ പഞ്ചായത്ത് ഒരു കാര്‍ഷിക മേഖലയാണ്. ഈ നൂറ്റാണ്ടിന്റെ പകുതിവരെ ജന്മി, ഇടത്തരം കൃഷിക്കാര്‍, പാട്ടം കൃഷിക്കാര്‍, കുടികിടപ്പുകാര്‍ എന്നിങ്ങനെ വിവിധ തരത്തിലുളള കൃഷിക്കാര്‍ ഉണ്ടായിരുന്നു. മദ്ധ്യതിരുവിതാംകൂറിലെ ജന്മികുടുംബമായിരുന്നു ഏറത്തു കുളക്കടയിലെ നമ്പിമഠം. നെല്‍പ്പാടങ്ങളില്‍ അധികവും, കരഭൂമിയില്‍ നല്ലപങ്കും ജന്മി കുടുംബത്തിന്റേതായിരുന്നു. കല്ലടയാറ്റിലെ വെളളപ്പൊക്കത്തിന്റെ കെടുതികള്‍ കൃഷിക്കാര്‍ക്ക് നഷ്ടം വരുത്തുകയും, പാട്ടം അളക്കാന്‍ നന്നേ പാടുപെടുകയും ചെയ്തിരുന്നു. ആറ്റുവാശ്ശേരി ജോത്സ്യന്മാര്‍ എന്നറിയപ്പെട്ടിരുന്ന സംസ്കൃത പണ്ഡിതന്മാരും കേരളത്തിലെ അറിയപ്പെടുന്ന ജ്യോതിഷികളുമായിരുന്നു. പഞ്ചായത്തില്‍ ആറ്റുവാശ്ശേരി ഗ്രാമത്തില്‍ ജനിച്ചുവളര്‍ന്ന കൊച്ചുകുഞ്ഞ് ജ്യോത്സ്യര്‍, ആര്‍.നാണുജ്യോത്സ്യര്‍ എന്നിവരായിരുന്നു അക്കൂട്ടത്തില്‍ പ്രധാനികള്‍. അവരുടെ കുടുംബാംഗങ്ങള്‍ നേതൃത്വം നല്‍കിയിരുന്ന ഒരു നാടന്‍ കലയായിരുന്നു കോലംതുളളല്‍. അതിന്റെ ഭാഗമായി നടത്തിയിരുന്ന വാള്‍ചുറ്റല്‍ അനിതരസാധാരണമായ ഒരു കായികാഭ്യാസമായിരുന്നു. അതില്‍ പ്രാവീണ്യം നേടിയ കലാകാരനായിരുന്നു ചക്രപാണി. ആറ്റുവാശ്ശേരിയിലെ വയല്‍വാണിഭം മദ്ധ്യതിരുവിതാംകുറിലെങ്ങും അറിയപ്പെട്ടിരുന്നു. കന്നുകാലികള്‍, കാര്‍ഷികവിളകള്‍, വെങ്കലപാത്രം എന്നിവയുടെ വന്‍ വിപണനകേന്ദ്രമായിരുന്നു ഈ വയല്‍വാണിഭം. കുളക്കട പഞ്ചായത്തിലെ പുത്തൂര്‍ മൈലം-കുളം, ആറ്റുവാശ്ശേരി, മാവടി, പൂവറ്റൂര്‍ പടിഞ്ഞാറ്, പൂവറ്റൂര്‍ കിഴക്ക്, കോളനി വാര്‍ഡുകളിലൂടെ കടന്നുപോകുന്ന പ്രധാനഗതാഗത മാര്‍ഗ്ഗമാണ് പുത്തൂര്‍-ഏനാത്ത് റോഡ്. ശ്രീമൂലം അസംബ്ളിയില്‍ അംഗമായിരുന്ന സി.പി. കൊച്ചുകുഞ്ഞുപിളളയാണ് ഈ റോഡിന്റെ നിര്‍മ്മാണത്തിനു നടപടി സ്വീകരിച്ചത്. അദ്ദേഹത്തിന്റെ കുടുംബം മാവടിയില്‍ ആയിരുന്നു. പഞ്ചായത്ത് സാധാരണ ഗ്രാമപ്രദേശമാണ്. രാഷ്ട്രീയ സാമൂഹ്യ സാംസ്കാരിക രംഗങ്ങളില്‍ എടുത്തു പറയത്തക്ക പ്രവര്‍ത്തനങ്ങള്‍ നടന്നിട്ടുണ്ട്. കെ.ബി.പണ്ഡാരത്തില്‍ പ്രസിഡന്റായിരുന്ന കാലത്ത് ബി.എസ്.എസ്.ന്റെ നേതൃത്വത്തില്‍ സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ നടന്നിരുന്നു. സി.പി.കൊച്ചുകുഞ്ഞുപിളള നേതൃത്വത്തില്‍ വെണ്ടാര്‍ ഓറേത്ത് പള്ളിക്കൂടത്തില്‍ 500-ഓളം വരുന്ന ചെറുപ്പക്കാര്‍ സംഘടിക്കുകയും, സ്വദേശി പ്രസ്ഥാനത്തിന്റെ ഭാഗമായി തക്ളിയില്‍ നൂല്‍ നൂറ്റുകൊണ്ട് ബ്രിട്ടീഷ് ഭരണത്തിന് എതിരായി ജാഥ നടത്തുകയും ചെയ്തിരുന്നു. ദേശീയ സമരത്തിന്റെ ഭാഗമായുണ്ടായ ഉണര്‍വ്വ് കുളക്കട പഞ്ചായത്തിലും ഉണ്ടായിരുന്നു. അത് സാമൂഹിക പുരോഗതിക്ക് കാരണമായി. വിദ്യാഭ്യാസരംഗത്ത് ഈ നൂറ്റാണ്ടിന്റെ ആദ്യം തന്നെ ചലനാത്മകമായ പല സംഭവങ്ങളുമുണ്ടായി. കേരളത്തിലാകമാനം മലയാളം പളളിക്കൂടങ്ങളും ഇംഗ്ളീഷ് സ്ക്കൂളുകളും പ്രചുരമായി പ്രചരിച്ചിരുന്നപ്പോള്‍തന്നെ കുളക്കട പഞ്ചായത്തിലും ഇത്തരം സ്ക്കൂളുകള്‍ സ്ഥാപിക്കപ്പെട്ടിരുന്നു. കുളക്കടയില്‍ ബ്രാഹ്മണര്‍ക്ക് ഓത്ത് പഠിക്കുവാന്‍ (വേദം ചൊല്ലി പഠിക്കുവാന്‍) വേണ്ടി നമ്പി മഠത്തിന്റെ അധീനതയില്‍ ഒരു ഓത്തുപളളിക്കൂടം ഉണ്ടായിരുന്നു. അതാണ് ബ്രാഹ്മണര്‍ക്ക് മാത്രം പ്രവേശനമുണ്ടായിരുന്ന സ്പെഷ്യല്‍ ഇംഗ്ളീഷ് സ്ക്കൂളായിത്തീര്‍ന്നത്. അതിന് കിഴക്ക് ഭാഗത്തായി നാനാജാതി മതസ്ഥര്‍ക്ക് വേണ്ടി ഒരു മലയാളം സ്ക്കൂളും ഉണ്ടായിരുന്നു. പക്ഷേ ഇവിടെ അവര്‍ണര്‍ പഠിക്കാനെത്തുക പതിവില്ലായിരുന്നു. ഇതേ സമയത്ത് തന്നെയാണ് പുത്തൂര്‍ ആണ്‍പളളിക്കൂടവും പെണ്‍പളളിക്കൂടവും നിലവില്‍ വന്നത്. സംസ്കൃതമുന്‍ഷിമാരുടെ ഒരു പാരമ്പര്യമായിരുന്നു ഇവിടുത്തെ ഉന്നതവിദ്യാഭ്യാസരംഗത്തിന് അതുവരെ അവകാശപ്പെടാനുണ്ടായിരുന്നത്. ഇക്കാലത്ത് പൂവറ്റൂര്‍ കിഴക്ക് കേന്ദ്രീകരിച്ച് ഒരു സംസ്കൃതവിദ്യാലയം പ്രവര്‍ത്തിച്ചിരുന്നു. വര്‍ണ്ണം നോക്കി വരമൊഴി നല്‍കുന്ന സംസ്കൃത പാരമ്പര്യത്തെ പിന്‍തളളിക്കൊണ്ട് ജാതിഭേദം കൂടാതെ എല്ലാവര്‍ക്കുമായി അവിടെ പ്രവേശനം നല്‍കിയിരുന്നു. ഈ നൂറ്റാണ്ടിന്റെ മധ്യത്തോടുകൂടി പഞ്ചായത്തില്‍ വിദ്യാഭ്യാസം സാര്‍വ്വത്രികമായിത്തീര്‍ന്നു. അക്കാലത്താണ് ബ്രാഹ്മണര്‍ക്ക് മാത്രം പ്രവേശനമുണ്ടായിരുന്ന കുളക്കട സ്പെഷ്യല്‍സ്ക്കൂള്‍ നാനാജാതി മതസ്ഥര്‍ക്കായി തുറന്നുകൊടുത്തത്. 1910-ല്‍ നമ്പിമഠത്തിന്റെ വകയായി ഏറത്തുകുളക്കടയില്‍ രണ്ട് സ്കൂളുകള്‍ സ്ഥാപിതമായി. ഇതില്‍ 1-7 വരെ ക്ളാസുകളുളള മലയാളം പളളിക്കൂടം പൊതുപളളിക്കൂടവും മറ്റൊന്ന് ബ്രാഹ്മണര്‍ക്കുവേണ്ടിയുളള സ്പെഷ്യല്‍ സ്കൂളുമായിരുന്നു. ഈ സ്കൂളിന്റെ സ്ഥാപകന്‍ ഭാനുപണ്ഡാരത്തില്‍ ആയിരുന്നു. 1951-ല്‍ 6 ഏക്കര്‍ സ്ഥലവും കെട്ടിടവും സര്‍ക്കാരിന് സൌജന്യമായി വിട്ടുകൊടുത്തു. ഈ പഞ്ചായത്തിലെ ആദ്യത്തെ സ്കൂള്‍ പുത്തൂരില്‍ സ്ഥാപിതമായി. 1 മുതല്‍ 7 വരെ ക്ളാസുകളുളള മലയാളം പളളിക്കൂടം. കേരളത്തിന്റെ മുന്‍ മുഖ്യമന്ത്രി ആര്‍.ശങ്കര്‍ പ്രാഥമികവിദ്യാഭ്യാസം നടത്തിയത് ഇവിടെയാണ്. ഇന്ന് പുത്തൂര്‍ എച്ച്.എസ് എന്നറിയപ്പെടുന്നു. സ്വാതന്ത്ര്യാനന്തര കാലഘട്ടത്തിലുണ്ടായ രാഷ്ട്രീയ-സാമൂഹിക മാറ്റങ്ങളുടെ അലകള്‍ ഈ പഞ്ചായത്തിലും പ്രതിധ്വനിച്ചു. ഒഴിപ്പിക്കലിന് എതിരായും, മര്യാദപാട്ടം, ഭൂമിയില്‍ സ്ഥിരാവകാശം കുടികിടപ്പവകാശം എന്നിവയ്ക്കുവേണ്ടിയുമുളള പോരാട്ടങ്ങള്‍ ഈ പഞ്ചായത്തിലും ഉണ്ടായിട്ടുണ്ട്. 1959-ലെ ഭൂപരിഷ്കരണനടപടികള്‍ക്ക് സഹായകമായി നാടിന്റെ ഇതരഭാഗങ്ങളില്‍ നടന്നിരുന്ന കര്‍ഷകസമരങ്ങളുമായി ഇവയ്ക്ക് ബന്ധമുണ്ടായിരുന്നു. ആദ്യമൊക്കെ ചെറുത്തുനില്‍പ്പിനു തുനിഞ്ഞെങ്കിലും പിന്നീട് സമരസപ്പെടലിന്റെ പാത സ്വീകരിക്കാന്‍ ജന്മിമാര്‍ നിര്‍ബന്ധിതരായി. പഞ്ചായത്തിലെ ആദ്യത്തെ സഹകരണ സംഘം 1096 മിഥുനം 6-ാം തിയതി രജിസ്റ്റര്‍ ചെയ്ത വെണ്ടാര്‍ സഹകരണസംഘമാണ്. കുളക്കട വില്ലേജില്‍ സ്വാതന്ത്ര്യത്തിനുമുമ്പ് നിലനിന്നിരുന്ന അര്‍ദ്ധഫ്യുഡല്‍ വ്യവസ്ഥിതി വ്യവസായവളര്‍ച്ചയ്ക്ക് തടസമായിരുന്നു. കൈത്തറി, കശുവണ്ടി എന്നീ ചെറുകിടവ്യവസായങ്ങള്‍ മാത്രമാണ് ഉണ്ടായിരുന്നത്. അതില്‍ കൈത്തറിവ്യവസായം നാമവശേഷമായി. വിദ്യാഭ്യാസ രംഗത്ത് വമ്പിച്ച മാററം ഉണ്ടായിട്ടുണ്ട്. സ്ക്കൂളുകളുടെയും കോളേജുകളുടെയും എണ്ണം കൂടിയിട്ടുണ്ട്. സാക്ഷരതയില്‍ പഞ്ചായത്തിന് പുരോഗതിയുണ്ട്.