പഞ്ചായത്തിലൂടെ

ഭൂപ്രകൃതി

കുളത്തൂപ്പുഴ മലകളില്‍ നിന്നുത്ഭവിക്കുന്ന കല്ലടയാറ് പഞ്ചായത്തിന്റെ വടക്കേ അതിര്‍ത്തിയിലൂടെ ഒഴുകുന്നു. വടക്കുകിഴക്ക്, വടക്ക് പടിഞ്ഞാറായി കല്ലട ആറ് ചുറ്റപ്പെട്ട് കിടക്കുകയാണ്. പഞ്ചായത്തിന്റെ ആകെ വിസ്തൃതി 29.18 ചതുരശ്രകിലോമീറ്ററാണ്. പഞ്ചായത്തിന്റെ പൊതുവായ ചെരിവ് തെക്കുനിന്നും വടക്കോട്ടാണ്. എന്നാല്‍ തെക്കുനിന്നും പടിഞ്ഞാറോട്ടും ചെരിവുളളതായി കാണാം. പഞ്ചായത്തിലെ ഉയര്‍ന്ന പ്രദേശങ്ങള്‍ പെരുങ്കുളം, വെണ്ടാര്‍, കലയപുരം എന്നീ വാര്‍ഡുകളിലെ പ്രദേശങ്ങളാണ്. കൊടിതൂക്കുംമുകള്‍ ആണ് ഇവിടുത്തെ ഏററവും ഉയരം കുടിയ പ്രദേശം. ഭൂപ്രകൃതി അനുസരിച്ച് പഞ്ചായത്തിനെ പ്രധാനമായി കുന്നിന്‍മുകള്‍, ചെരിവു കൂടിയ പ്രദേശങ്ങള്‍, ഇടത്തരം ചെരിവുളള പ്രദേശങ്ങള്‍, സമതലങ്ങള്‍, താഴ്വരകളും നദീതീരങ്ങളും എന്നിങ്ങനെ 5 മേഖലകളായി തിരിക്കാം. തെക്കുകിഴക്കന്‍ പ്രദേശങ്ങള്‍ പ്രത്യേകിച്ചും പെരുങ്കുളം, വെണ്ടാര്‍ വാര്‍ഡിലെ ഉയര്‍ന്ന പ്രദേശങ്ങള്‍, പുത്തൂര്‍മുക്കിന് പടിഞ്ഞാറുവശം, മാവടിയ്ക്കുവടക്ക്, തുരുത്തീലമ്പലത്തിന് തെക്കും പടിഞ്ഞാറും വശങ്ങള്‍, ലക്ഷംവീട് ജംഗ്ഷന് പടിഞ്ഞാറുവശങ്ങള്‍, പുത്തൂരിന് വടക്കു കിഴക്ക് ഭാഗം എന്നീ പ്രദേശങ്ങള്‍ കുന്നിന്‍മുകള്‍ വിഭാഗത്തില്‍പ്പെടുന്നു. പഞ്ചായത്തിന്റെ ആകെ വിസ്തൃതിയുടെ 8% ഈ വിഭാഗത്തില്‍പ്പെടുന്നു. ചെരിവു കൂടിയ പ്രദേശങ്ങള്‍ എല്ലാം തന്നെ കുന്നിന്‍മുകളിനോടു ചേര്‍ന്നുകാണുന്ന പ്രദേശങ്ങളാണ്. പെരുങ്കുളം, വെണ്ടാര്‍ വാര്‍ഡിലാണ് ഈ വിഭാഗം കൂടുതലായി കാണുന്നത്. ഇവ വിസ്തൃതിയില്‍ കുന്നിന്‍മുകളിനേക്കാള്‍ കൂടുതല്‍ ആണ്. ഇടത്തരം ചെരിവുളള പ്രദേശങ്ങള്‍ ഏകദേശം 50 മുതല്‍ 100 വരെ ചെരിവുളള പ്രദേശങ്ങളാണ്. പഞ്ചായത്തിന്റെ ആകെ വിസ്തൃതിയുടെ 30% വരുന്ന ഈ വിഭാഗം മാവടി ജംഗ്ഷന് കിഴക്കും, തെക്കുകിഴക്കും ഭാഗങ്ങള്‍, പുത്തൂര്‍മുക്കിന് വടക്കും, പടിഞ്ഞാറും ഭാഗങ്ങള്‍, കുറ്ററയ്ക്കു തെക്കുകിഴക്ക് ഭാഗങ്ങള്‍, കോളനി വാര്‍ഡും അവയ്ക്ക് പടിഞ്ഞാറും പ്രദേശങ്ങള്‍ എന്നിവയാണ്. ഈ പ്രദേശങ്ങളെല്ലാം തന്നെ ചെരിവു കൂടിയ പ്രദേശങ്ങളുമായി ബന്ധപ്പെട്ടുകിടക്കുകയാണ്. സമതലങ്ങള്‍ താഴ്വരകളെ അപേക്ഷിച്ച് വളരെ ചെറിയ ഉയരക്കൂടുതല്‍ മാത്രമേ ഈ പ്രദേശങ്ങള്‍ക്കുളളു. ഇവ താഴ്വരകളുമായി ചേര്‍ന്നുകിടക്കുന്ന പ്രദേശങ്ങളാണ്. ആറ്റുവാശ്ശേരി വാര്‍ഡിന് തെക്കും കിഴക്കും ഭാഗങ്ങള്‍, താഴത്തുകുളക്കട ജംഗ്ഷനും അവിടെ നിന്ന് തുരുത്തീലമ്പലം വരെയുളള ഭാഗങ്ങളും പൂവറ്റൂര്‍ പടിഞ്ഞാറിന്റെ തെക്കുഭാഗങ്ങളും ഈ വിഭാഗത്തിലാണ്. ഇവ പഞ്ചായത്തിന്റെ ആകെ വിസ്തൃതിയുടെ 10% ആണ്. കല്ലട ആറിന്റെ സമീപ പ്രദേശങ്ങള്‍, കല്ലടയാറില്‍ വന്നുചേരുന്ന അന്തമണ്‍ മൂഴിത്തോട്, തോട്ടകത്ത് ഏലാതോട്, തെങ്ങമന്‍ ഏലാതോട്, വലിയതോട് എന്നിവയുടെ സമീപ പ്രദേശങ്ങളും, കുറ്ററ, കുളക്കട കിഴക്ക് വാര്‍ഡുകളുടെ വടക്കുഭാഗവും, താഴത്തുകുളക്കടയുടെ വടക്ക് പടിഞ്ഞാറ് ഭാഗങ്ങളും, ആറ്റുവാശ്ശേരിയുടെ തെക്കും പടിഞ്ഞാറും ഭാഗങ്ങളും, പഞ്ചായത്തിന്റെ വടക്ക് കിഴക്ക് ഭാഗങ്ങളും താഴ്വരകളും നദീതീരങ്ങളും എന്ന വിഭാഗത്തില്‍പ്പെടുന്നു. ആകെ വിസ്തൃതിയുടെ 38% ഈ മേഖലയിലാണ്. ഈ പ്രദേശം ഫലഭൂയിഷ്ഠമായ നദീതീര എക്കല്‍ മണ്ണും, കളിമണ്ണും, പൂഴിയുമടങ്ങിയ മണ്ണുകൊണ്ടും സമ്പുഷ്ടമാണ്. വളരെ വളക്കൂറുളള മണ്ണായതിനാല്‍ എല്ലാത്തരം കൃഷിയ്ക്കും അനുയോജ്യമാണെങ്കിലും നെല്‍കൃഷിയാണ് കൂടുതലായി ഈ മേഖലയില്‍ നടന്നുവരുന്നത്. തെക്കന്‍ ഇടനാട് കാര്‍ഷികകാലാവസ്ഥാ മേഖലയിലാണ് കുളക്കട പഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. പ്രാദേശികമായി വലിയ വ്യത്യാസങ്ങള്‍ കാലാവസ്ഥയില്‍ ഇവിടെ അനുഭവപ്പെടുന്നില്ല. പഞ്ചായത്തിലെ പ്രധാന ജലസ്രോതസുകള്‍ എല്ലാംതന്നെ മഴയുടെ ലഭ്യതയെ ആശ്രയിച്ചാണിരിക്കുന്നത്. പഞ്ചായത്തില്‍ ജൂലൈ മാസത്തിലാണ് സാധാരാണയായി കൂടുതല്‍ മഴ ലഭിക്കുന്നത്. കുറവ് ജനുവരി മാസത്തിലാണ്. തോടുകള്‍, കുളങ്ങള്‍ എന്നീ ഉപരിതല ജലസ്രോതസുകളില്‍ കൂടിയും, കിണറുകള്‍, നീരുറവ എന്നീ അന്തര്‍ ജലസ്രോതസുകളില്‍ കൂടിയും ജലം ലഭിക്കുന്നുണ്ട്. തോടുകളുടെ ആകെ നീളം 25.5 കി.മീറ്ററാണ്. ഇതു കൂടാതെ കല്ലടയാര്‍ പഞ്ചായത്തിന്റെ അതിര്‍ത്തിയില്‍ കൂടി 12.44 കിലോമീറ്റര്‍ നീളത്തില്‍ ഒഴുകുന്നു. കൃഷിക്കുവേണ്ടി ജലം ലഭ്യമാക്കുന്ന കനാലുകളും ഇവിടെ ഉണ്ട്. കനാലിന്റെ ആകെ നീളം 18.72 കിലോമീറ്ററാണ്. കുളങ്ങള്‍ കൊണ്ട് സമ്പുഷ്ടമാണ് കുളക്കട പഞ്ചായത്ത്. ചെറുതും വലുതുമായ 40 കുളങ്ങള്‍ ഈ പഞ്ചായത്തിലുണ്ട്. ഇവയില്‍ 25 എണ്ണത്തില്‍ എല്ലാകാലത്തും ജലം ലഭിക്കുന്നു. ഈ പ്രദേശങ്ങള്‍ എല്ലാം തന്നെ കല്ലട ആറിന് സമീപത്തുള്ളവയാണ്. ജൈവാംശമുളള ഫലഭൂയിഷ്ഠമായ മണ്ണുകൊണ്ട് സമ്പുഷ്ടമാണ് കുളക്കട പഞ്ചായത്ത്. നദീതീരങ്ങളില്‍ നദീതീര എക്കല്‍മണ്ണും കുന്നിന്‍ പ്രദേശങ്ങളിലും ചെരിവുകളിലും ചരലും മണ്ണും അടങ്ങിയ ലാറ്ററൈറ്റു മണ്ണും കാണുന്നു. പൂവറ്റൂര്‍കിഴക്ക്, ഏറത്തുകുളക്കട, കുളക്കട കിഴക്ക്, കറ്ററ, താഴത്തുകുളക്കട, ആറ്റുവാശ്ശേരി എന്നീ വാര്‍ഡുകളില്‍ ആറ്റിന്‍തീരവുമായി അടുത്തുകിടക്കുന്ന പാടങ്ങളില്‍ വലിയ കളിമണ്ണ് ശേഖരങ്ങള്‍ ഉണ്ട്. റബ്ബറാണ് പഞ്ചായത്തില്‍ ഏറ്റവും കൂടുതല്‍ പ്രദേശത്ത് കൃഷിചെയ്യുന്ന ഒറ്റവിള. ഇത് ആകെ ഭൂവിസ്തൃതിയുടെ 28% ആണ്. താഴ്വരകളില്‍ ഒഴികെ ഏതാണ്ട് എല്ലാഭാഗങ്ങളിലും റബ്ബര്‍ കൃഷി ചെയ്ത് വരുന്നു. കൂടുതലും ചരിവു പ്രദേശങ്ങളിലാണ് കാണുന്നത്. തെങ്ങ്, വാഴ, മരച്ചീനി, മുരിങ്ങ, ചേന, ചേമ്പ്, പൈനാപ്പിള്‍, പയര്‍വര്‍ഗ്ഗങ്ങള്‍, ഇഞ്ചി തുടങ്ങി വീടുകളോടനുബന്ധിച്ച് സാധാരണ കാണുന്ന മിശ്രിത രീതിയിലുളള വിളകളാണ് മിശ്രിത വിളകള്‍. ഇത് പഞ്ചായത്തിന്റെ ആകെ വിസ്തൃതിയുടെ ഏകദേശം 31% വരുന്നു. നെല്‍കൃഷിക്ക് അനുയോജ്യമായ മണ്ണ് ധാരാളം കാണുന്നതിനാല്‍ മറ്റ് സമീപ പ്രദേശങ്ങളെ അപേക്ഷിച്ച് ഉല്പാദനം കൂടുതലാണ്. എന്നാല്‍ കല്ലടയാറില്‍ വെള്ളം കര കവിയുമ്പോള്‍ പാടശേഖരങ്ങളിലെ കൃഷി നശിക്കുന്നു. ആകെ വിസ്തൃതിയുടെ 14% നെല്‍കൃഷിയാണ്. തെങ്ങ് നദീതീരങ്ങളില്‍ കൂടാതെ സമതലങ്ങളിലും ചരിവുപ്രദേശങ്ങളിലും തെങ്ങുകൃഷി ചെയ്തുവരുന്നു. ആകെ വിസ്തൃതിയുടെ 5% തെങ്ങു കൃഷിയാണിവിടുളളത്. ഇവ കൂടാതെ ധാന്യങ്ങള്‍, വാഴ, മരച്ചീനി, കുരുമുളക്, കശുമാവ്, മാവ്, തേക്ക് എന്നിവയും കൃഷി ചെയ്തുവരുന്നുണ്ട്.

കൃഷി

ഭൂപരിഷ്കരണനിയമം നടപ്പിലാക്കാന്‍ തുടങ്ങിയതോടെയാണ് ഈ പഞ്ചായത്തിലെ കാര്‍ഷികരീതികള്‍ക്ക് കാര്യമായ ഒരുമാറ്റം ദൃശ്യമായത്. വികസനബ്ളോക്കുകളുടെ ആവിര്‍ഭാവവും കൃഷിഭൂമിയുടെ ഉടമസ്ഥതയിലുണ്ടായ മാറ്റവും കാരണം കാര്‍ഷികമേഖലയില്‍ ചില മാറ്റങ്ങള്‍ പ്രത്യക്ഷപ്പെടാന്‍ തുടങ്ങി. ഒപ്പംതന്നെ രാസവളം പ്രചരിക്കാന്‍ തുടങ്ങിയതോടെ വിളകളുടെ ഉല്പാദനക്ഷമതയും വര്‍ദ്ധിക്കാന്‍ കാരണമായി. 1960 നുശേഷം തെങ്ങ്, നെല്ല് തുടങ്ങിയ വിളകളില്‍ കുറേകൂടി മെച്ചപ്പെട്ട ഇനങ്ങള്‍ ഉരുത്തിരിച്ചെടുക്കുകയും രാസവളം കൂടുതല്‍ പ്രചരിക്കുകയും വികസനബ്ളോക്കുകളുടെ പ്രവര്‍ത്തനഫലമായുണ്ടായ കമ്പോസ്റ്റുവളത്തിന്റെ ഉല്പാദനവും സര്‍വ്വോപരി ജനസംഖ്യാ വര്‍ദ്ധനവുമൂലം കാര്‍ഷികോല്പന്നങ്ങളുടെ വര്‍ദ്ധിച്ച ആവശ്യവും മൂലം കാര്‍ഷികമേഖലയില്‍ കുറേകൂടി പുരോഗതി ദൃശ്യമായി. ഇതിന്റെയൊക്കെ ഫലമായി ഒരുപ്പുനെല്‍കൃഷി ഇരുപ്പുകൃഷിയായി മാറി. പാടശേഖരങ്ങളില്‍ കഴിയുന്നിടത്തെല്ലാം മൂന്നാംവിളക്കാലത്ത് പയര്‍, എളള്, വെറ്റില, ഏത്തവാഴ, പച്ചക്കറി എന്നിവ കൃഷിചെയ്യാന്‍ തുടങ്ങി. നെല്‍കൃഷിയില്‍ പുതിയ പല ഇനങ്ങളും കണ്ടുപിടിക്കപ്പെടുകയും ഉത്പാദന ക്ഷമതയില്‍ കാര്യമായ പുരോഗതി ഉണ്ടാവുകയും ചെയ്തു. മരച്ചീനിയിലും പുതിയ ഇനങ്ങള്‍ പ്രത്യക്ഷപ്പെട്ടതോടെ മരച്ചീനിയുടെ ഉല്പാദനത്തിലും വര്‍ദ്ധനയുണ്ടായി. എന്നാല്‍ കാര്‍ഷികവിളകളില്‍ ചിലമാറ്റങ്ങള്‍ ദൃശ്യമായിതുടങ്ങി. ഇതുവരെയുണ്ടായിരുന്ന കൂവരക്, ചോളം, ചാമ, മധുരകിഴങ്ങ് തുടങ്ങിയ പലതും അപ്രത്യക്ഷമാവുകയും പഞ്ചായത്തില്‍ പലയിടത്തും ധാരാളമായുണ്ടായിരുന്ന ഔഷധ സസ്യങ്ങളുടെ ലഭ്യതകുറയുകയും ചെയ്തു. എന്നാല്‍ 1975-നു ശേഷം വലിയ മാറ്റമാണു കണ്ടുതുടങ്ങിയത്. റബ്ബര്‍ കൃഷി വ്യാപിക്കാന്‍ തുടങ്ങി. തെങ്ങിന് വേരുരോഗം മൂലം ആദായം വളരെ കുറയാന്‍ തുടങ്ങി. നെല്‍കൃഷി ആദായകരമല്ലാതായി, രാസവളത്തിനും കീടനാശിനിക്കും വിലവര്‍ദ്ധിച്ചു. ജൈവവളം ഉണ്ടെങ്കിലും പാടശേഖരങ്ങളിലെത്തിക്കാന്‍ ചെലവേറി. മറ്റു വ്യവസായമേഖലകളിലേക്കും ഗര്‍ഫിലേക്കും തൊഴിലാളികള്‍ മാറിത്തുടങ്ങിയതിനാല്‍ ആവശ്യത്തിനു തൊഴിലാളികളെ കിട്ടാന്‍ വിഷമമായി. ഇങ്ങനെ നിരവധി കാരണങ്ങളാല്‍ പഞ്ചായത്തിലെ കാര്‍ഷിക പുരോഗതിയില്‍ പിന്നോട്ടടി അനുഭവപ്പെടാന്‍ തുടങ്ങി. നെല്‍കൃഷി ആദായകരമല്ലാതായതോടെ പല പാടശേഖരങ്ങളും നികത്തപ്പെടുകയും കര കൃഷി ചെയ്യാന്‍ തുടങ്ങുകയും ചെയ്തു. നിലം നികത്തി കെട്ടിടം നിര്‍മ്മിക്കാനും തുടങ്ങി. നേരത്തെ വന്‍തോതില്‍ പാടശേഖരമുണ്ടായിരുന്ന കുളക്കട പഞ്ചായത്തില്‍ നാമമാത്രമായി മാത്രമേ ഇപ്പോള്‍ നെല്‍കൃഷി ചെയ്യുന്നുളളു. തെങ്ങുകളുടെ വേരുരോഗം മൂലം അവ നശിക്കുകയും വിളവു വളരെ കുറയുകയും ഉല്പന്നത്തിനു വിലക്കുറവനുഭവപ്പെടുകയും ചെയ്യുന്നതിനാല്‍ കൂടുതല്‍ ആദായം കിട്ടുന്ന റബ്ബര്‍കൃഷി തെങ്ങു നിന്നിരുന്ന സ്ഥലത്തു വ്യാപിക്കാന്‍ തുടങ്ങി. മരച്ചീനി ആദായകരമല്ലാതായതിനാല്‍ അവയുടെ സ്ഥാനവും റബ്ബര്‍ കയ്യടക്കി. ഈ പഞ്ചായത്തില്‍ 18.72 കിലോമീററര്‍ കല്ലട ഇറിഗേഷന്‍ പദ്ധതികനാലും 25.5 കിലോമീറ്റര്‍ മറ്റുതോടുകളും 12.44 കിലോമീറ്റര്‍ നദിയും ഉണ്ട്. ഈ പഞ്ചായത്തിലെ ഉല്പന്നങ്ങള്‍ വിറ്റഴിക്കാനുള്ള പ്രധാന മാര്‍ഗ്ഗം ഈ പഞ്ചായത്തില്‍ തന്നെ സ്ഥിതി ചെയ്യുന്ന കലയപുരം, പുത്തൂര്‍ ചന്തകളാണ്. കലയപുരം മാര്‍ക്കറ്റ് ബുധന്‍, ശനി എന്നിങ്ങനെയും പുത്തൂര്‍ മാര്‍ക്കറ്റ് ചൊവ്വ, വെള്ളി എന്നിങ്ങനെയും ആഴ്ചയില്‍ രണ്ടു ദിവസം വീതം പ്രവര്‍ത്തിക്കുന്നു. ഇതു കൂടാതെ തുരുത്തീലമ്പലത്തില്‍ ആഴ്ചയില്‍ ഒരു ദിവസവും മറ്റെല്ലാ ദിവസവും വൈകിട്ടു മാത്രവും പ്രവര്‍ത്തിക്കുന്നുണ്ട്. കര്‍ഷകരുടെ കൃഷിയിടങ്ങളില്‍ നിന്നും നേരിട്ട് ഇഞ്ചി, മരച്ചീനി, പച്ചക്കറികള്‍, വാഴക്കുല, കുരുമുളക് മുതലായ ഉത്പന്നങ്ങള്‍ മൊത്തമായും വ്യാപാരം നടക്കാറുണ്ട്. കശുവണ്ടി, കരുമുളക് ഇവയുടെ സീസണില്‍ ചെറിയ കച്ചവടക്കാര്‍ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഉല്പന്നങ്ങള്‍ വാങ്ങുന്നുണ്ട്. റബ്ബര്‍ വിപണനത്തിനായി ഈ പഞ്ചായത്തില്‍ 15 ഓളം കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. പാല്‍, ക്ഷീരോല്‍പ്പാദക സഹകരണ സംഘങ്ങളിലൂടെ വിറ്റഴിക്കുന്നു.

വിദ്യാഭ്യാസം

കുളക്കടയില്‍ ബ്രാഹ്മണര്‍ക്ക് ഓത്ത് പഠിക്കുവാന്‍ (വേദം ചൊല്ലി പഠിക്കുവാന്‍) വേണ്ടി നമ്പി മഠത്തിന്റെ അധീനതയില്‍ ഒരു ഓത്തുപളളിക്കൂടം ഉണ്ടായിരുന്നു. അതാണ് ബ്രാഹ്മണര്‍ക്ക് മാത്രം പ്രവേശനമുണ്ടായിരുന്ന സ്പെഷ്യല്‍ ഇംഗ്ളീഷ് സ്ക്കൂളായിത്തീര്‍ന്നത്. അതിന് കിഴക്കുഭാഗത്തായി നാനാ ജാതിമതസ്ഥര്‍ക്ക് വേണ്ടി ഒരു മലയാളം സ്ക്കൂളും ഉണ്ടായിരുന്നു. പക്ഷേ ഇവിടെ അവര്‍ണര്‍ പഠിക്കാനെത്തുക പതിവില്ലായിരുന്നു. ഇതേ സമയത്ത് തന്നെയാണ് പുത്തൂര്‍ ആണ്‍ പളളിക്കൂടവും പെണ്‍പളളിക്കൂടവും നിലവില്‍ വന്നത്. സംസ്കൃത മുന്‍ഷിമാരുടെ ഒരു പാരമ്പര്യമായിരുന്നു. ഇവിടുത്തെ ഉന്നത വിദ്യാഭ്യാസരംഗത്തിന് അതുവരെ അവകാശപ്പെടാനുണ്ടായിരുന്നത്. ഇക്കാലത്ത് പൂവറ്റൂര്‍ കിഴക്ക് കേന്ദ്രീകരിച്ച് ഒരു സംസ്കൃത വിദ്യാലയം പ്രവര്‍ത്തിച്ചിരുന്നു. വര്‍ണ്ണം നോക്കി വരമൊഴി നല്‍കുന്ന സംസ്കൃത പാരമ്പര്യത്തെ പിന്‍തളളിക്കൊണ്ട് ജാതിഭേദം കൂടാതെ എല്ലാവര്‍ക്കുമായി അവിടെ പ്രവേശനം നല്‍കിയിരുന്നു. ഈ നൂറ്റാണ്ടിന്റെ മധ്യത്തോടുകൂടി പഞ്ചായത്തില്‍ വിദ്യാഭ്യാസം സാര്‍വ്വത്രികമായിത്തീര്‍ന്നു. അക്കാലത്താണ് ബ്രാഹ്മണര്‍ക്ക് മാത്രം പ്രവേശനമുണ്ടായിരുന്ന കുളക്കട സ്പെഷ്യല്‍സ്ക്കൂള്‍ നാനാജാതി മതസ്ഥര്‍ക്കായി തുറന്നു കൊടുത്തത്. ഇതോടുകൂടി നിരവധി എല്‍. പി. സ്ക്കൂളുകളും യു.പി. സ്ക്കൂളുകളും പഞ്ചായത്തിലുണ്ടായി. 1951 ല്‍ കുളക്കട സ്ക്കൂള്‍ ഹൈസ്ക്കൂളായി പ്രവര്‍ത്തനവുമാരംഭിച്ചു. ഏതാനും വര്‍ഷങ്ങള്‍ക്കകം പുത്തൂര്‍ സ്ക്കൂളും ഹൈസ്ക്കൂളായി ഉയര്‍ത്തപ്പെട്ടു. 80 നോടടുത്താണ് വെണ്ടാര്‍ ഹൈസ്ക്കൂള്‍ നിലവില്‍ വരുന്നത്. ആ ദശകത്തില്‍ തന്നെ പൂവറ്റൂര്‍ യു.പി.എസ്. അപ്ഗ്രേഡ് ചെയ്ത് ഹൈസ്ക്കൂളാക്കി. കുളക്കട എച്ച്.എസ് നോടനുബന്ധിച്ച് വി.എച്ച്.എസ്.എസ്. ആരംഭിക്കുകയും അവിടെ ഒരു ബിഎഡ് സെന്റര്‍ തുടങ്ങുകയും ചെയ്തത് 90 കളിലാണ്. തുടര്‍ന്ന് വെണ്ടാര്‍ എച്ച്.എസ്.നോടു ചേര്‍ന്നും വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്ഥാപിക്കപ്പെട്ടു. പുത്തൂര്‍മുക്ക് കേന്ദ്രീകരിച്ച് ഹരിജനങ്ങള്‍ക്ക് കൈത്തൊഴില്‍ പരിശീലനത്തിനായി ഒരു ട്രെയിനിംഗ് സെന്റര്‍ ദശകങ്ങള്‍ക്ക് മുമ്പുതന്നെ ഈ പഞ്ചായത്തിലുണ്ടായിരുന്നു. ഇതാണ് തൊണ്ണൂറുകളില്‍ ഹരിജന്‍ വെല്‍ഫയര്‍ ഐ.റ്റി.സി. യായി ഉയര്‍ത്തപ്പെട്ടത്. ഇന്ന് കുളക്കട പഞ്ചായത്തില്‍ 12 എല്‍ പി. സ്കൂളുകളും 5 യു.പി.എസ്സുകളും 4 ഹൈസ്ക്കൂളുകളും ഉള്‍പ്പെടെ 21 സ്കൂളുകളുണ്ട്. ഇതിനു പുറമേ മൂന്നിലധികം പ്രീ-പ്രൈമറിസ്കൂളുകളും വി.എച്ച്.എസ്.എസും ഒരു ബിഎഡ് സെന്ററും ഒരു ഐ.റ്റി.സി.യും അനേകം അംഗന്‍വാടികളും നിരവധി ട്യൂട്ടോറിയല്‍ കോളേജുകളും ഇവിടുത്തെ വിദ്യാഭ്യാസരംഗത്ത് പ്രവര്‍ത്തിക്കുന്നു.

വ്യവസായം, ഗതാഗതം

വ്യാവസായികമായി വളരെ പിന്നോക്കം നില്‍ക്കുന്ന ഒരു പഞ്ചായത്താണ് കുളക്കട ഗ്രാമപഞ്ചായത്ത്. ഇവിടെ സഹകരണ മേഖലയിലോ പൊതു മേഖലയിലോ പ്രവര്‍ത്തിക്കുന്ന വ്യവസായസ്ഥാപനങ്ങള്‍ ഒന്നുംതന്നെ ഇല്ല. ഈ പഞ്ചായത്തില്‍ രജിസ്റ്റര്‍ ചെയ്തിട്ടുളള 36 വ്യവസായസ്ഥാപനങ്ങളില്‍ മൊത്തം 5000-ത്തിലധികം ആളുകള്‍ പണിയെടുക്കുന്നുണ്ട്. ഇതില്‍ 91% പേരും പരമ്പരാഗതവ്യവസായമായ കശുവണ്ടിമേഖലയില്‍ ജോലി ചെയ്യുന്നവരാണ്. ഇവിടെ ആകെ 10 കശുവണ്ടി ഫാക്ടറികളുണ്ട്. എല്ലാം സ്വകാര്യമേഖലയിലാണ് പ്രവര്‍ത്തിക്കുന്നത്. ഇവയില്‍ പണിയെടുക്കുന്നതില്‍ 97% സ്ത്രീകളാണ്. മറ്റൊരു പ്രധാന മേഖല ഇഷ്ടികവ്യവസായമാണ്. പഞ്ചായത്തില്‍ 20 ഇഷ്ടിക ചൂളകളുണ്ട്. രണ്ടു കൊപ്രാസംസ്ക്കരണ യൂണിറ്റുകളും രണ്ടു തടിവ്യവസായകേന്ദ്രങ്ങളും ഒരു റോളിംഗ്ഷട്ടര്‍ നിര്‍മ്മാണകേന്ദ്രവും ഒരു ഹോളോബ്രിക്സും മറ്റു ചില ചെറുകിട വ്യവസായ യൂണിറ്റുകളുമാണ് ഈ പഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്ന മറ്റു വ്യവസായ സ്ഥാപനങ്ങള്‍. ചില കേന്ദ്രങ്ങളില്‍ പനമ്പുനെയ്ത്ത്, ഈറ്റതൊഴില്‍ വ്യവസായം, പര്‍പ്പടനിര്‍മ്മാണം, ഫര്‍ണീച്ചര്‍, ഇരുമ്പുപണി, സ്വര്‍ണ്ണപ്പണി, മണ്‍പാത്രനിര്‍മ്മാണം, തഴപ്പായ് നിര്‍മ്മാണം, കര കൌശല വസ്തുക്കള്‍ നിര്‍മ്മിക്കല്‍ തുടങ്ങിയവ നടത്തുന്നുണ്ട്. തടിമില്ലുകള്‍, ബേക്കറി, കരിങ്കല്‍, അച്ചടി, റെഡിമെയ്ഡ് ഗാര്‍മെന്റ്സ്, ഭക്ഷ്യസംസ്കരണം (മില്‍ക്ക്, ധാന്യങ്ങള്‍ പൊടിക്കല്‍, തുളസീതീര്‍ത്ഥം തുടങ്ങിയവ) തുടങ്ങിയവയാണ് മറ്റു വ്യവസായങ്ങള്‍. പഞ്ചായത്തിലുളളതും ഈ പഞ്ചായത്തിലൂടെ കടന്നു പോകുന്നതുമായ റോഡുകള്‍ ഉള്‍പ്പടെ മൊത്തം 157.167 കി:മീ റോഡുണ്ട്. കേരളത്തിലെ പ്രധാന റോഡായ മെയിന്‍ സെന്‍ട്രല്‍ റോഡ് (എം.സി. റോഡ്) കടന്നുപോകുന്നത് ഈ പഞ്ചായത്തിലൂടെയാണ്. പത്തനംതിട്ട ജില്ലയേയും, കൊല്ലം ജില്ലയേയും തമ്മില്‍ ബന്ധിപ്പിക്കുന്ന കല്ലടയാറിനു കുറുകെയുളള ഏനാത്ത് പാലം സ്ഥിതിചെയ്യുന്നതും ഈ പഞ്ചായത്തിന്റെ പ്രത്യേകതയാണ്. കഴിഞ്ഞ ഒരു വ്യാഴവട്ടക്കാലത്തിനിടയില്‍ കുളക്കട ഗ്രാമപഞ്ചായത്തില്‍ ഇരുപത്തിയഞ്ചു ശതമാനം റോഡുകളുടെ വര്‍ദ്ധനവ് ഉണ്ടായിട്ടുണ്ട്.

സാംസ്കാരികരംഗം

കൊട്ടാരക്കര താലൂക്കില്‍ എം.സി.റോഡിനേയും പുത്തൂര്‍-ശാസ്താംകോട്ട റോഡിനേയും സ്പര്‍ശിച്ചു കിടക്കുന്ന ഒരു ഗ്രാമീണ മേഖലയാണ് കുളക്കട പഞ്ചായത്ത്. എടുത്തു പറയത്തക്ക സാംസ്കാരിക പൈതൃകം അവകാശപ്പെടാന്‍ ഈ പഞ്ചായത്തിനില്ല. ഈ പ്രദേശത്ത് കൃഷിയാണ് പ്രധാന വരുമാന മാര്‍ഗ്ഗം. രാഷ്ട്രീയമായും മതപരമായും ഉത്പതിഷ്ണുക്കളായ ജനങ്ങള്‍ പൊതുവേ സമാധാന പ്രിയരാണ്. എല്ലാ വാര്‍ഡുകളിലും ഒന്നിലധികം ക്ഷേത്രങ്ങളുണ്ട്. ക്ഷേത്രങ്ങളുമായി ബന്ധപ്പെട്ട് എടുത്തുപറയത്തക്ക അനുഷ്ഠാനകലകളില്ല. ഈ പഞ്ചായത്തിലെ ഏറ്റവും പ്രസിദ്ധമായ വെണ്ടാര്‍ ശ്രീസുബ്രഹ്മണ്യ സ്വാമിക്ഷേത്രത്തില്‍ കഥകളി പരിപോഷണാര്‍ത്ഥം വര്‍ഷങ്ങളായി പ്രസിദ്ധരായ കഥകളി ആചാര്യന്‍മാര്‍ പങ്കെടുക്കുന്ന കഥകളി നടക്കാറുണ്ട്. ഉല്‍സവങ്ങളുമായി ബന്ധപ്പെട്ട്, വിശേഷപ്പെട്ട് സൂചിപ്പിക്കുവാനുളളത് എടുപ്പുകുതിരകളാണ്. പുത്തൂര്‍ കണിയാപൊയ്ക ക്ഷേത്രത്തിലെ കുതിരയെടുപ്പും എടുപ്പുകുതിരയും പ്രസിദ്ധമാണ്. അടിസ്ഥാനവര്‍ഗ്ഗ ജനവിഭാഗങ്ങളുടെ ആചാരങ്ങളും അനുഷ്ഠാനങ്ങളുമായി ബന്ധപ്പെട്ട് നിരവധി പ്രാചീന കലകള്‍ ഈ പഞ്ചായത്തില്‍ നിലവിലുണ്ടായിരുന്നു. ഇവയില്‍ പ്രത്യേകം പരാമര്‍ശിക്കപ്പെടേണ്ടവ കാക്കാരിശ്ശി നാടകം, കബഡികളി, കുറവര്‍കളി, പടയണി, സീതകളി, പാക്കനാര്‍കളി, കോലംതുളളല്‍, പൂപ്പട, കളമെഴുത്തും പാട്ടും, ഞാറ്റുപാട്ട് എന്നിവയാണ്. ഇവയില്‍ ചില കലാരൂപങ്ങള്‍ നാമമാത്രമായി ഇപ്പോഴും നിലനില്‍ക്കുന്നു. മഹാകവി വളളത്തോളിന്റെ സന്ദര്‍ശനത്താല്‍ ധന്യമാക്കപ്പെട്ട കുളക്കട ദേശീയവായനശാലയും 18-ാം നൂറ്റാണ്ടിലെ ബുദ്ധ വിഗ്രഹങ്ങള്‍ സ്ഥിതി ചെയ്യുന്ന താഴത്തു കുളക്കട വായനശാലയും ഈ പഞ്ചായത്തിലാണ്. ഒരു സാംസ്ക്കാരിക നിലയമുള്‍പ്പെടെ 11 വായനശാലകളും 30-ഓളം യുവജനക്ളബുകളും ഈ പഞ്ചായത്തിലുണ്ട്. ഒരുപക്ഷേ കൊല്ലം ജില്ലയില്‍ ഏറ്റവും അധികം ഗ്രന്ഥശാലകളുളള പ്രദേശമായിരിക്കണം കുളക്കട പഞ്ചായത്ത്.