കുളക്കട

കൊല്ലം ജില്ലയില്‍ കൊട്ടാരക്കര താലൂക്കില്‍ വെട്ടിക്കവല ബ്ളോക്കുപരിധിയില്‍ ഉള്‍പ്പെടുന്ന ഗ്രാമപഞ്ചായത്താണ് കുളക്കട. കുളത്തൂപ്പുഴ മലകളില്‍ നിന്നുത്ഭവിക്കുന്ന കല്ലടയാറ് ഈ പഞ്ചായത്തിന്റെ വടക്കേ അതിര്‍ത്തിയിലൂടെ ഒഴുകുന്നു. വടക്കുകിഴക്ക്, വടക്കുപടിഞ്ഞാറായി കല്ലടയാറ് ഈ പഞ്ചായത്തിനെ ചുറ്റിക്കിടക്കുകയാണ്. പവിത്രേശ്വരം പഞ്ചായത്തും നെടുവത്തൂര്‍ പഞ്ചായത്തുമാണ് കുളക്കട പഞ്ചായത്തിന്റെ മറ്റു അതിരുകള്‍. കുളക്കട പഞ്ചായത്തിന്റെ ആകെ വിസ്തൃതി 29.18 ചതുരശ്രകിലോമീറ്ററാണ്. എം.സി.റോഡിനേയും പുത്തൂര്‍-ശാസ്താംകോട്ട റോഡിനേയും സ്പര്‍ശിച്ചുകിടക്കുന്ന കുളക്കട പഞ്ചായത്ത് ചെറിയ കുന്നുകളും താഴ്വരകളും വിശാലമായ നെല്‍പ്പാടങ്ങളും നദീതടവുമൊക്കെ ചേര്‍ന്ന അതിമനോഹരമായ ഗ്രാമമാണ്. വേലുത്തമ്പിദളവ കുണ്ടറ വിളംബരത്തിനു ശേഷം പലായനം ചെയ്ത് മണ്ണടിയില്‍ എത്തിയത് ഈ പഞ്ചായത്തിലെ പെരുംകുളം മുതല്‍ തുരുത്തീലമ്പലം വഴിയാണെന്ന് ചരിത്രരേഖകളില്‍ കാണാം. കൊട്ടാരക്കര-മണ്ണടി റോഡ് വേലുത്തമ്പി ദളവാസ്മാരകമായി അറിയപ്പെടുന്നു. ആറ്റുവാശ്ശേരിജോത്സ്യന്മാര്‍ എന്ന് പ്രശസ്തിയാര്‍ജ്ജിച്ച കേരളത്തിലെ അറിയപ്പെടുന്ന സംസ്കൃതപണ്ഡിതന്മാരായ ജ്യോതിഷികള്‍ ഈ പഞ്ചായത്തിലെ ആറ്റുവാശ്ശേരി ഗ്രാമത്തില്‍ ജനിച്ചുവളര്‍ന്നവരായിരുന്നു. കേരളത്തിന്റെ മുന്‍മുഖ്യമന്ത്രി ആര്‍.ശങ്കര്‍ പ്രാഥമികവിദ്യാഭ്യാസം നടത്തിയത് ഇവിടെയാണ്. 1953 ആഗസ്റ്റ് 15-നാണ് കുളക്കട പഞ്ചായത്ത് നിലവില്‍ വരുന്നത്. പഞ്ചായത്തിന്റെ പൊതുവായ ചരിവ് തെക്കുനിന്നും വടക്കോട്ടാണ്. എന്നാല്‍ തെക്കുനിന്നും പടിഞ്ഞാറോട്ടും ചരിവുളളതായി കാണാം. 1953 ആഗസ്റ്റ് 15-ന് പൂവറ്റൂര്‍ പടിഞ്ഞാറ് വില്ലേജ് ആഫീസ് സ്ഥിതി ചെയ്തിരുന്ന കെട്ടിടത്തില്‍ പഞ്ചായത്തിന്റെ ഉദ്ഘാടനവും ആദ്യയോഗവും നടന്നു. ആദ്യപ്രസിഡന്റായി കെ.ബി.പണ്ഡാരത്തില്‍ തെരഞ്ഞെടുക്കപ്പെട്ടു. ഈ പഞ്ചായത്തിന്റെ റവന്യുവില്ലേജുകള്‍ കുളക്കട പൂര്‍ണ്ണമായും, പുത്തൂര്‍, കലയപുരം എന്നിവ ഭാഗികമായും ഉള്‍പ്പെടുന്നു.