ചരിത്രം

സാംസ്ക്കാരിക ചരിത്രം

കായംകുളം രാജാവിന്റെ തലസ്ഥാനമായിരുന്ന കൃഷ്ണപുരത്തിന് തനതായ ഒരു സാംസ്കാരിക ചരിത്രമുണ്ട്. മാര്‍ത്താണ്ഡ വര്‍മ്മ രാജാവിന്റെ ദളവയായിരുന്ന രാമയ്യന്‍ കായംകുളം രാജ്യം ആക്രമിച്ച് കീഴടക്കി വേണാടിനോട് ചേര്‍ക്കുകയായിരുന്നു. കൃഷ്ണപുരം കൊട്ടാരത്തിന്റെ (ഇപ്പോള്‍ കായംകുളം മുനിസിപ്പാലിറ്റിയില്‍ ) ചുമരില്‍ ഇന്നും മങ്ങാതെ കാണപ്പെടുന്ന പച്ചിലയും പഴച്ചാറും കൊണ്ടു വരച്ച ഗജേന്ദ്രമോക്ഷം ചുവര്‍ച്ചിത്രം കൃഷ്ണപുരത്തിന്റെ പുരാതന ചരിത്രത്തിലേക്ക് വെളിച്ചം വീശുന്ന നിത്യ സ്മാരകമാണ്. 1953-ല്‍ കൃഷ്ണപുരത്ത് തെരഞ്ഞെടുപ്പിലൂടെ അധികാരത്തില്‍ വന്ന ആദ്യത്തെ പഞ്ചായത്തു സമിതിയില്‍ 10 അംഗങ്ങള്‍ ഉണ്ടായിരുന്നു. കേരളത്തിന്റെ നാനാഭാഗത്തു നിന്നും നാനാജാതി മതസ്ഥര്‍ ആരാധനയ്ക്കെത്തുന്ന ചുറ്റമ്പലമോ ശ്രീകോവിലോ ഇല്ലാത്ത ഓച്ചിറ പരബ്രഹ്മ ക്ഷേത്രത്തെ (കൊല്ലം ജില്ല) തൊട്ടുകിടക്കുന്ന കൃഷ്ണപുരത്തിന്റെ സംസ്കാരം മതസഹിഷ്ണുതയുടെ സംസ്കാരമാണ്. ഇടയൊടിക്കാവ് ദേവീക്ഷേത്രം, പുള്ളിക്കണക്ക്-വള്ളുകപ്പള്ളി ദേവീക്ഷേത്രം, അഴകിയകാവ് ദേവീക്ഷേത്രം, ഗുരുസികാമന്‍ ശിവക്ഷേത്രം, പനയന്നാര്‍കാവ് ദേവീക്ഷേത്രം, ചിറയ്ക്കല്‍ ദേവീക്ഷേത്രം, പുതിയകാവ് ദേവീക്ഷേത്രം, തുമ്പിളില്‍ ദേവീക്ഷേത്രം, കളത്തില്‍ ദേവീക്ഷേത്രം, കുറകാവ് ക്ഷേത്രം, പച്ചംകുളത്ത് ക്ഷേത്രം, തെക്കന്‍ കാവ്, കോയിക്കല്‍ ക്ഷേത്രം, തെക്ക് കൊച്ചുമുറി ഐക്കരവള്ളിയില്‍ കളരി എന്നിവയാണ് ഈ പഞ്ചായത്തിലെ പ്രധാന ഹൈന്ദവ ആരാധനാ കേന്ദ്രങ്ങള്‍. ഓച്ചിറ വടക്കേ മുസ്ളീം ജുമാ അത്ത് പള്ളി, കാപ്പില്‍ മുസ്ളിം ജുമാ അത്ത് പളളി, കുറ്റിത്തെരുവ് മുസ്ളീം ജുമാ അത്ത് പള്ളി, കാപ്പില്‍ കിഴക്ക് മുസ്ളീം ജുമാ അത്ത് പള്ളി, ഓച്ചിറ പടിഞ്ഞാറേത്തെരുവ് ജുമാ അത്ത് പള്ളി എന്നീ മുസ്ളീം ദേവാലയങ്ങളും, കാപ്പില്‍ സി.എസ്.ഐ ചര്‍ച്ച്, കാപ്പില്‍ മാര്‍ത്തോമാ ചര്‍ച്ച് എന്നീ ക്രിസ്ത്യന്‍ ദേവാലയങ്ങളുമുണ്ട്. 1946-ല്‍ സ്ഥാപിതമായ ഞക്കനാല്‍ ജയഭാരത് ഗ്രന്ഥശാലയാണ് പഞ്ചായത്തിലെ ഏറ്റവും പഴക്കമുള്ള ഗ്രന്ഥശാല. വര്‍ഷങ്ങള്‍ക്ക് മുന്‍പ് സ്ഥാപിതമായ ദേശസേവനി ഗ്രന്ഥശാല (കൃഷ്ണപുരം) 10000-ത്തോളം പുസ്തകങ്ങളും 800-ഓളം അംഗങ്ങളുമുള്ള ആദ്യകാല ഗ്രന്ഥശാലയായിരുന്നു. ശോചനീയമായ നിലയിലായിരുന്ന ഈ ഗ്രന്ഥശാല കൃഷ്ണപുരം പഞ്ചായത്ത് ഏറ്റെടുക്കുകയും 1991-ല്‍ ഒരു കെട്ടിടം പണിയുകയും ചെയ്തു. പഞ്ചായത്ത് സാംസ്കാരിക നിലയമായി ഇന്നത് പ്രവര്‍ത്തിക്കുന്നു.