പഞ്ചായത്തിലൂടെ

ഭൂപ്രകൃതിയും വിഭവങ്ങളും

ആലപ്പുഴ ജില്ലയില്‍ കാര്‍ത്തികപ്പള്ളി താലൂക്കില്‍പെടുന്ന ഒന്നാം ഗ്രേഡ് പഞ്ചായത്താണ് കൃഷ്ണപുരം ഗ്രാമപഞ്ചായത്ത്. മുതുകുളം ബ്ളോക്കില്‍ പെടുന്ന ഈ പഞ്ചായത്ത് 11 വാര്‍ഡുകളായി വിഭജിക്കപ്പെട്ടിരിക്കുന്നു. കൃഷ്ണപുരം പഞ്ചായത്തിന്റെ തെക്കുവശം കൊല്ലം, ആലപ്പുഴ ജില്ലകളുടെ അതിര്‍ത്തിയാണ്.  ഈ പഞ്ചായത്തില്‍ നിന്ന് 3 കിലോമീറ്റര്‍ പടിഞ്ഞാറോട്ട് പോയാല്‍ കായംകുളം കായലാണ്. 10.64 ചതുരശ്ര കിലോമീറ്റര്‍ വിസ്തീര്‍ണ്ണമുള്ള ഈ പഞ്ചായത്തിന്റെ മുഴുവന്‍ ഭാഗവും തീരസമതല മേഖലയാണ്. ഈ പഞ്ചായത്തിന്റെ ഏതാണ്ട് ശതമാനം ഭാഗവും കരപ്രദേശവും ബാക്കി ഭാഗം നിലങ്ങളുമാണ്. കൃഷ്ണപുരം പഞ്ചായത്തിന്റെ തെക്കുവശം കൊല്ലം, ആലപ്പുഴ ജില്ലകളുടെ അതിര്‍ത്തിയാണ്. കൃഷ്ണപുരം പഞ്ചായത്തില്‍ പ്രധാനപ്പെട്ട അഞ്ച് തോടുകളാണ് ഉള്ളത്. കൃഷ്ണപുരം പഞ്ചായത്തില്‍ നെല്ല് ഉല്‍പ്പാദിപ്പിക്കപ്പെടുന്ന സ്ഥലങ്ങള്‍ ചാലയ്ക്കല്‍ വയല്‍ , മുക്ക്റാം വയല്‍ , കണ്ണങ്കര വയല്‍ , ചാങ്ങേത്ത് വയല്‍ , വരയണി വയല്‍ , ചാലില്‍ വയല്‍ , നീലയില്‍ വയല്‍ എന്നിവയാണ്. ബാക്കിയുള്ള പ്രദേശങ്ങളില്‍ കരകൃഷികളാണ്. തെങ്ങ്, കവുങ്ങ്, കശുമാവ്, കപ്പ, വാഴ, പ്ളാവ്, മാവ് മുതലായ വിളകളാണ് സാധാരണയായി കൃഷി ചെയ്തുവരുന്നത്. കൃഷ്ണപുരം ഗ്രാമപഞ്ചായത്ത് തികച്ചും ഒരു കാര്‍ഷിക ഗ്രാമമാണ്. ഓണാട്ടുകര പ്രദേശമായ ഇവിടെ എള്ളും പയറുവര്‍ഗ്ഗങ്ങളും കൃഷി ചെയ്തുവരുന്നുണ്ട്. ഇവിടുത്തെ ഭൂമി ഏതാണ്ട് നിരപ്പാര്‍ന്നതാണ്. പുരയിടവും നിലവും ഇടകലര്‍ന്ന ഭൂപ്രദേശമാണിത്. ഭൂരിഭാഗം ജനങ്ങളും ചെറുകിട പരിമിത കര്‍ഷക വിഭാഗത്തില്‍പ്പെട്ടവരാണ്.

അടിസ്ഥാന മേഖലകള്‍

കൃഷ്ണപുരം ഗ്രാമപഞ്ചായത്തില്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ സഹകരണ മേഖലയില്‍ വ്യവസായ സംരഭത്തിന് തുടക്കമിട്ടു. സഹകരണ മേഖലയില്‍ ഒരു ബനിയന്‍ ഫാക്ടറി പുള്ളിക്കണക്കില്‍ സ്ഥാപിച്ചു കൊണ്ടായിരുന്നു തുടക്കം. പിന്നീട് പുള്ളിക്കണക്കില്‍ തന്നെ ഒരു തീപ്പെട്ടിക്കൊളളി നിര്‍മ്മാണ ഫാക്ടറിയും സ്ഥാപിച്ചു. സ്വകാര്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന തീപ്പെട്ടി നിര്‍മ്മാണ ഫാക്ടറികള്‍ , ചെമ്മീന്‍ ഫാക്ടറികള്‍ , അലുമിനിയം നിര്‍മ്മാണ ഫാക്ടറികള്‍ , എഞ്ചിനീയറിംഗ് വര്‍ക്ക് ഷോപ്പുകള്‍ എന്നിങ്ങനെയുള്ള വ്യവസായങ്ങളാണ് പഞ്ചായത്തിലുള്ളത്. മല്‍സ്യബന്ധനം മുഖ്യതൊഴിലായി സ്വീകരിച്ചിട്ടുള്ള കുറച്ചു കുടുംബങ്ങള്‍ ഉണ്ട്. 19-ാം നൂറ്റാണ്ടിന്റെ അന്ത്യത്തില്‍ സ്ഥാപിതമായ കാപ്പില്‍ സി.എം.എസ്. എല്‍ പി സ്കൂളാണ് കൃഷ്ണപുരം ഗ്രാമപഞ്ചായത്തിലെ പ്രഥമ ഔപചാരിക വിദ്യാഭ്യാസ സ്ഥാപനം. 1982-ലാണ് പഞ്ചായത്തിലെ ഹൈസ്കൂള്‍ ആയ വിശ്വഭാരതി മോഡല്‍ സ്കൂള്‍ സ്ഥാപിതമായത്. കലാലയ വിദ്യാഭ്യാസത്തിനുളള പ്രധാന ആശ്രയം കായംകുളം എം.എസ്.എം. കോളേജ് ആണ്. സാമൂഹ്യക്ഷേമ വകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന 17-ല്‍ പരം അംഗന്‍വാടികള്‍ ഈ പഞ്ചായത്തിലുണ്ട്. കൃഷ്ണപുരം-ചൂനാട് റോഡ് മേനാത്തേരില്‍ കേശവ പണിക്കന്റെ നേതൃത്വത്തില്‍ മാനവശേഷി സമാഹരിച്ച് നിര്‍മ്മാണം ആരംഭിച്ചതോടെയാണ് ഭരണിക്കാവ്-കൃഷ്ണപുരം റോഡും നിര്‍മ്മിക്കപ്പെട്ടത്. പഞ്ചായത്തില്‍ കൂടി എന്‍ എച്ച്.47 കടന്നുപോകുന്നുണ്ട്.