കൃഷ്ണപുരം

ആലപ്പുഴ ജില്ലയിലെ കാര്‍ത്തികപ്പള്ളി താലൂക്കില്‍ മുതുകുളം ബ്ളോക്ക് പരിധിയില്‍ വരുന്ന ഒരു ഗ്രാമപഞ്ചായത്താണ് കൃഷ്ണപുരം. പഞ്ചായത്തിന്റെ അതിര്‍ത്തിയായി വടക്കുഭാഗത്ത് ഭരണിക്കാവ് പഞ്ചായത്തും; കിഴക്കുഭാഗത്ത് ഭരണിക്കാവ്, വള്ളിക്കുന്നം പഞ്ചായത്തുകളും; തെക്കുഭാഗത്ത് കൊല്ലം ജില്ലയിലെ ഓച്ചിറ പഞ്ചായത്തും; പടിഞ്ഞാറുഭാഗത്ത് ദേവികുളങ്ങര പഞ്ചായത്തും, കായംകുളം മുനിസിപ്പാലിറ്റിയും സ്ഥിതി ചെയ്യുന്നു. ഒന്നാം ഗ്രേഡ് പഞ്ചായത്താണ് കൃഷ്ണപുരം ഗ്രാമപഞ്ചായത്ത്. മുതുകുളം ബ്ളോക്കില്‍പെടുന്ന ഈ പഞ്ചായത്ത് 17 വാര്‍ഡുകളായി വിഭജിക്കപ്പെട്ടിരിക്കുന്നു. കൃഷ്ണപുരം പഞ്ചായത്തിന്റെ തെക്കുവശം കൊല്ലം, ആലപ്പുഴ ജില്ലകളുടെ അതിര്‍ത്തിയാണ്. ഈ പഞ്ചായത്തില്‍ നിന്ന് 3 കിലോമീറ്റര്‍ പടിഞ്ഞാറോട്ട് പോയാല്‍ കായംകുളം കായലാണ്. 10.64 ചതുരശ്ര കിലോമീറ്റര്‍ വിസ്തീര്‍ണ്ണമുള്ള ഈ പഞ്ചായത്തിന്റെ മുഴുവന്‍ ഭാഗവും തീരസമതല മേഖലയാണ്. കൃഷ്ണപുരം ഗ്രാമപഞ്ചായത്ത് ഓണാട്ടുകര കാര്‍ഷിക മേഖലയിലുള്‍പ്പെടുന്ന തികഞ്ഞ ഒരു കാര്‍ഷിക ഗ്രാമമാണ്. കായംകുളം രാജാവിന്റെ തലസ്ഥാനമായിരുന്ന കൃഷ്ണപുരത്തിന് തനതായ ഒരു സാംസ്കാരിക ചരിത്രമുണ്ട്. കൃഷ്ണപുരം കൊട്ടാരത്തിന്റെ (ഇപ്പോള്‍ കായംകുളം മുനിസിപ്പാലിറ്റിയില്‍ ) ചുമരില്‍ ഇന്നും മങ്ങാതെ കാണപ്പെടുന്ന പച്ചിലയും പഴച്ചാറും കൊണ്ടു വരച്ച ഗജേന്ദ്രമോക്ഷം ചുവര്‍ച്ചിത്രം സുപ്രസിദ്ധമായ ചരിത്ര സ്മാരകമാണ്. കൊല്ലം ജില്ലയിലെ ഓച്ചിറ പരബ്രഹ്മ ക്ഷേത്രത്തെ തൊട്ടുകിടക്കുന്ന പഞ്ചായത്താണിത്.