കോട്ടുവള്ളി

എറണാകുളം ജില്ലയില്‍ വടക്കന്‍പറവൂര്‍ താലൂക്കില്‍ വടക്കന്‍പറവൂര്‍ ബ്ളോക്ക് പരിധിയില്‍ കോട്ടുവള്ളി വില്ലേജ് ഉള്‍പ്പെടുന്ന ഗ്രാമപഞ്ചായത്താണ് കോട്ടുവള്ളി ഗ്രാമപഞ്ചായത്ത്. പഞ്ചായത്തിന്റെ വിസ്തീര്‍ണ്ണം 20.82 ചതുരശ്രകിലോമീറ്ററാണ്. പഞ്ചായത്തിന്റെ അതിരുകള്‍ വടക്ക് പറവൂര്‍ മുനിസിപ്പാലിറ്റി, ചിറ്റാറ്റുകര പഞ്ചായത്ത്, തെക്ക് വരാപ്പുഴ, ആലങ്ങാട്, ഏഴിക്കര പഞ്ചായത്തുകള്‍, കിഴക്ക് ആലങ്ങാട്, കരുമാലൂര്‍ പഞ്ചായത്തുകള്‍, പടിഞ്ഞാറ് ഏഴിക്കര പഞ്ചായത്ത് പറവൂര്‍ മുനിസിപ്പാലിറ്റി എന്നിവയാണ്. പഴയ തിരുവിതാംകൂറില്‍ ഉള്‍പ്പെടുന്ന പഞ്ചായത്ത് പ്രദേശം 1958 വരെ തൃശ്ശൂര്‍ ജില്ലയിലായിരുന്നു. 1958-ല്‍ കണയന്നൂര്‍, കൊച്ചി, കുന്നത്തുനാട്, ആലുവ, പറവൂര്‍ എന്നീ താലൂക്കുകള്‍ ഉള്‍പ്പെടുത്തി എറണാകുളം ജില്ല രൂപീകരിച്ചു. തൃശ്ശൂര്‍ ജില്ലയാകുന്നതിനുമുമ്പ് പറവൂര്‍ കോട്ടുവള്ളി പ്രദേശങ്ങള്‍ കോട്ടയം ജില്ലയില്‍പെട്ടവയായിരുന്നു. ഈ പ്രദേശത്തെ ഭൂമി സംബന്ധിച്ച ചില പഴയ രേഖകളില്‍ കോട്ടയം ജില്ലയിലായിരുന്നതിന്റെ തെളിവുകള്‍ ഇപ്പോഴും കാണാം. തിരുവിതാംകൂറില്‍ ആദ്യമായി രൂപീകരിക്കപ്പെട്ട 9 വില്ലേജ് യൂണിയനുകളില്‍ ഒന്നാണ് കോട്ടുവള്ളി വില്ലേജ് യൂണിയന്‍. അതിന്റെ ആദ്യ പ്രസിഡന്റ് നെല്ലിപ്പിള്ളി നാരായണ പിള്ളയായിരുന്നു. കോട്ടുവളളി വില്ലേജ് യൂണിയന്‍ രൂപീകരണത്തിനു പിന്നില്‍ ശ്രമിച്ച പ്രധാന വ്യക്തിയാണ് ശ്രീമൂലം പ്രജാസഭയില്‍ അംഗമായിരുന്ന ആട്ടയില്‍ കുമാരന്‍ വൈദ്യര്‍ (ആലങ്ങാട്). പഞ്ചായത്ത് പ്രദേശത്തെ വലിയ ഭൂഉടമകളെ നോമിനേറ്റ് ചെയ്ത് ഉണ്ടാക്കിയിരുന്ന ഭരണസമിതിയുടെ രണ്ടാമത്തെ പ്രസിഡന്റ് കാനപ്പിള്ളി തൊമ്മന്‍ കുട്ടിയായിരുന്നു. 1953-ല്‍ തിരുക്കൊച്ചി ആക്ട് പ്രകാരം വില്ലേജ് പഞ്ചായത്ത് നിലവില്‍ വന്നു. കോട്ടുവള്ളി എന്ന സ്ഥലനാമം കോട്ടുവള്ളി, വള്ളുവളളി, കൈതാരം എന്നീ പേരുകളില്‍ നിന്നും ഓലക്കുടയുടെ ഒരു പ്രധാന നിര്‍മ്മാണ കേന്ദ്രമായിരുന്നു ഇതെന്ന് അനുമാനിക്കാം. വള്ള എന്ന വാക്കിനര്‍ത്ഥം കുട തൈക്കാനുള്ള പനയോലത്തണ്ട് എന്നാണ്. വള്ളി എന്നാല്‍ കെട്ടുനാര് എന്നും, കോട്ട് എന്നാല്‍ കോട്ടിയത് എന്നും അര്‍ത്ഥം വരുന്നു. കൈതച്ചെടികള്‍ കൂട്ടമായി വളരുന്ന സ്ഥലം എന്ന അര്‍ത്ഥത്തില്‍ കൈതാരം എന്ന പേരും ലഭിച്ചിരിക്കണം. കോട്ടുള്ളി കരയാണ് കോട്ടുവളളി ആയതെന്ന് പറയപ്പെടുന്നു. കോട്ടുവള്ളി കൈതാരം, വള്ളുവള്ളി, തത്തപ്പിള്ളി പ്രദേശങ്ങളും പരിസരപ്രദേശങ്ങളും പഞ്ചായത്തിന്റെ മൂന്നു മേഖലകളായി കിടക്കുന്നു. കൈതാരം കോട്ടുവള്ളി പ്രദേശങ്ങളില്‍ പൊക്കാളി പാടങ്ങളും അതുമായി ബന്ധപ്പെട്ട് കൂടുതല്‍ കര്‍ഷകത്തൊഴിലാളികളും താമസിക്കുന്നു. വള്ളുവള്ളി, കൈതാരം, കോട്ടുവള്ളി, തത്തപ്പിള്ളി, കിഴക്കേപ്പുറം എന്നീ അഞ്ചു കരകളായി കിടക്കുന്ന പഞ്ചായത്താണ് കോട്ടുവള്ളി. 100 വര്‍ഷത്തില്‍ കൂടുതല്‍ പഴക്കമുള്ള കോട്ടുവള്ളിയിലെ സെന്റ് സെബാസ്റ്റ്യന്‍ ചര്‍ച്ചും വളരെയധികം ഭക്തജനങ്ങള്‍ ഭക്ത്യാദരപൂര്‍വ്വം സ്തുതിക്കുന്ന വാഴ്ത്തപ്പെട്ട ചാവറ കുര്യാക്കോസ് ഏലിയാസ് അച്ചന്റെ പ്രധാന പ്രവര്‍ത്തനകേന്ദ്രമായ കൂനമ്മാവ് സെന്റ് ഫിലോമിനാസ് ദേവാലയവും തൈപ്പൂയാഘോഷത്തോടനുബന്ധിച്ച് കാവടിയാട്ടം നടക്കുന്ന മന്നം സുബ്രഹ്മണ്യ സ്വാമിക്ഷേത്രവും ഈ പഞ്ചായത്തിലാണ് സ്ഥിതി ചെയ്യുന്നത്. കൂനമ്മാവ് പള്ളിയോടനുബന്ധിച്ച് സെമിനാരിയുമുണ്ടായിരുന്നു. കോട്ടുവളളി പഞ്ചായത്തിലെ മത സൌഹാര്‍ദ്ദത്തിന്റെ ഉത്തമ ദൃഷ്ടാന്തമാണ് കണ്ഠാകര്‍ണ്ണന്‍ വെളി ക്ഷേത്രത്തിലെ ആചാരങ്ങളും ഉത്സവ ക്രമങ്ങളും. എല്ലാ മതവിഭാഗങ്ങളിലും പെടുന്നവരാണ് ഇവിടുത്തെ ക്ഷേത്ര ഭാരവാഹികള്‍.