ചരിത്രം

തൊട്ടുകൂടായ്മക്കും തീണ്ടിക്കൂടായ്മക്കും എതിരായി സംഘടിത പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയിരുന്നവരായിരുന്നു ഈശപറമ്പില്‍ കൃഷ്ണന്‍, തമ്പി പറമ്പില്‍ വേലപ്പന്‍, എം.എല്‍.സി കുമാരന്‍ എന്നിവര്‍. സഹോദരന്‍ അയ്യപ്പന്റെ സാമൂഹ്യപരിഷ്കരണ പ്രവര്‍ത്തനങ്ങളിലും ജാതി നിഷേധ പ്രവര്‍ത്തനങ്ങളിലും ആവേശം കൊള്ളുകയും മിശ്രഭോജനത്തില്‍ പങ്കെടുത്തതിന് നാട്ടില്‍ സമുദായ പ്രമാണിമാരാല്‍ അകറ്റി നിര്‍ത്തപ്പെടുകയും ചെയ്യപ്പെട്ടയാളാണ് കൊല്ലംപറമ്പി അയ്യപ്പന്‍. ദേശീയ പ്രസ്ഥാനത്തിന്റെ ഭാഗമായി ഹിന്ദി പ്രചാരകനായി ജീവിതം ഉഴിഞ്ഞുവെച്ച കെ.എ.പരമന്‍ എന്ന വ്യക്തിത്വം പ്രത്യേകം അനുസ്മരിക്കേണ്ടതുണ്ട്. സമീപപ്രദേശമായ ചേന്ദമംഗലത്തു നടന്ന പാലിയം സത്യാഗ്രഹത്തില്‍ ഈ പ്രദേശത്തുനിന്ന് ധാരാളം ആളുകള്‍ പങ്കെടുക്കുകയുണ്ടായിട്ടുണ്ട്. 1948-ല്‍ കര്‍ഷക തൊഴിലാളി സംഘടന കൈതാരം പ്രദേശത്ത് രൂപം കൊണ്ടു. അതേ വര്‍ഷം നാല് അണ കൂലി കൂടുതലിനു വേണ്ടി ഒരു കര്‍ഷകതൊഴിലാളി സമരം നടക്കുകയുണ്ടായി. കേരളത്തിലെ ഭൂപരിഷ്ക്കരണ സമരങ്ങളുടെ ഭാഗമായ കുടികിടപ്പ് സമരം ഈ പഞ്ചായത്തിലും ഒട്ടേറെ ആളുകള്‍ക്ക് സ്വന്തമായി കിടപ്പാടം കിട്ടുന്നതിനിടയാക്കി. ഈ പഞ്ചായത്തില്‍ നടന്ന ശ്രദ്ധേയമായ കര്‍ഷകതൊഴിലാളി സമരമായിരുന്നു ഡോ.ഇ.കെ.മാധവന്റെ പൊക്കാളി പാടത്തു നടന്നത്. ജാതിക്കും അനാചാരങ്ങള്‍ക്കും എതിരായ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സാമൂഹ്യ വിപ്ളവകാരിയായിരുന്ന അയ്യന്‍കാളിയെ കൈതാരത്തുകൊണ്ടുവന്ന് പ്രഭാഷണം നടത്തിയിട്ടുണ്ട്. മുമ്പ് തത്തപ്പിള്ളി ചെറിയപ്പിള്ളി എറണാകുളം റൂട്ടില്‍ ബോട്ട് സര്‍വ്വീസ് നടത്തിയിരുന്നു. യാത്രാ സമയം 31/2 മണിക്കൂര്‍ ആയിരുന്നു. ചെമ്മായത്തും ചെറിയപ്പിള്ളിയിലും ചങ്ങാടവും അതുവഴി ബസ് സര്‍വ്വീസും ഉണ്ടായിരുന്നു. ഒന്നാം വാര്‍ഡിലെ ഒരു പുരയിടത്തില്‍ മണ്ണുകുഴിച്ചപ്പോള്‍ ഒരു കുടം സ്വര്‍ണ്ണനാണയങ്ങള്‍ കിട്ടിയിരുന്നു. ഇത് പുരാവസ്തു വകുപ്പിന് കൈമാറി. ഈ നാണയങ്ങള്‍ പുരാതന റോമാ സാമ്രാജ്യവും കൊടുങ്ങല്ലൂര്‍ തുറമുഖവുമായുണ്ടായിരുന്ന വാണിജ്യ ബന്ധങ്ങളുടെ ചരിത്ര പരമായ തെളിവായി പരിഗണിക്കപ്പെടുന്നു. കൂനമ്മാവ് എന്ന സ്ഥലത്തിന് ആ പേര് ലഭിച്ചത് കൂന് ഉളള ഒരു വലിയ മാവ് ഉണ്ടായിരുന്നതുകൊണ്ടാണ് എന്ന ഒരു സങ്കല്‍പ്പം ഉണ്ട്. കൊല്ലവര്‍ഷം 1012-ല്‍ ആണ് പഞ്ചായത്ത് ആഫീസിനു മുന്നിലൂടെയുള്ള റോഡ് നിലവില്‍ വന്നത്. ആ കാലഘട്ടത്തില്‍ റോഡിനോട് ചേര്‍ന്ന് കാവല്‍ പുരകളും വഴിവിളക്കുകളും സ്ഥാപിച്ചിരുന്നു. യാത്രക്കാരുടെ സുരക്ഷക്കാണ് ഈ ഏര്‍പ്പാടുകള്‍ ചെയ്തിരുന്നത്. യാത്രക്കാര്‍ കാവല്‍ പുരകടന്നാല്‍ ഉടനെ കാവല്‍ക്കാരന്‍ കൂവുന്നു. അടുത്ത കാവല്‍ പുരയില്‍ ഈ കൂവല്‍ കേള്‍ക്കാം. അയാള്‍ പ്രതികരിക്കുകയും യാത്രക്കാര്‍ വരുന്നത് വരെ ശ്രദ്ധിക്കുകയും ചെയ്യും. പഞ്ചായത്ത് പ്രദേശത്ത് ആദ്യത്തെ റേഡിയോ 1958-ല്‍ പഞ്ചായത്ത് ഓഫീസിലാണ് സ്ഥാപിക്കപ്പെട്ടത്. പഞ്ചായത്തില്‍ ആദ്യമായി വൈദ്യുതി എത്തിച്ചേര്‍ന്നത് ചെറിയപ്പിള്ളിയിലാണ്. അവര്‍ണ്ണ വിഭാഗത്തിന് ക്ഷേത്രങ്ങള്‍ ഇല്ലാതിരുന്ന കാലത്ത് കൊ.വ. 1124-ല്‍ പുലയ ഐക്യ സമാജത്തിന് ക്ഷേത്രം സ്ഥാപിക്കുന്നതിനു വേണ്ടി 30 സെന്റ് സ്ഥലം തിരുവിതാംകൂര്‍ ദിവാനായിരുന്ന സര്‍.സി.പി.രാമസ്വാമി അയ്യര്‍ അനുവദിക്കുകയുണ്ടായി. പഴയ തിരുവിതാംകൂറില്‍ ഉള്‍പ്പെട്ട നാട്ടുപ്രദേശമായ ഈ പഞ്ചായത്തില്‍ ആയില്യം തിരുനാള്‍ മഹാരാജാവിന്റെ കാലത്ത് പ്രവര്‍ത്തി പള്ളിക്കൂടങ്ങളില്‍ ഒന്ന് സ്ഥാപിക്കപ്പെട്ടു. കൊ.വ. 1046-47 കാലത്ത് അനുവദിക്കപ്പെട്ട സ്ക്കൂള്‍ കൈതാരം കോട്ടുവള്ളി പ്രദേശത്തുള്ള ആളുകളുടെ സഹകരണത്തോടെ കൈതാരത്ത് സ്ഥാപിക്കപ്പെട്ടു. പഞ്ചായത്തില്‍ സ്ഥാപിക്കപ്പെട്ട ആദ്യ സ്ക്കൂള്‍ ഇന്നത്തെ കൈതാരം ഗവ. ഹൈസ്കൂള്‍ ആണ് എന്നാല്‍ ആദ്യത്തെ ഹൈസ്ക്കൂള്‍ കൂനമ്മാവില്‍ ആണ് സ്ഥാപിക്കപ്പെട്ടത്. കൈതാരം പ്രൈമറി സ്ക്കൂള്‍ ആയിരുന്ന കാലത്തു തന്നെ സ്ക്കൂളിനോടനുബന്ധിച്ച് ഒരു റൂറല്‍ ലൈബ്രറി സ്ഥാപിക്കപ്പെടുകയുണ്ടായി. റോഡ് ഗതാഗതം വികസിക്കുന്നിന് മുമ്പ് തന്നെ പഞ്ചായത്തിലെ ജനങ്ങള്‍ ജലഗതാഗത മാര്‍ഗ്ഗങ്ങളെയാണ് കൂടുതല്‍ ആശ്രയിച്ചിരുന്നത്. പെരിയാറിന്റെ കൈവഴികളാല്‍ സമ്പുഷ്ടമാക്കപ്പെട്ട കോട്ടുവള്ളി പഞ്ചായത്തില്‍ തത്തപ്പിള്ളി, ചെറിയപ്പിള്ളി എന്നിവിടങ്ങളില്‍ നിന്ന് എറണാകുളം, കൊച്ചി എന്നീ പ്രദേശങ്ങളിലേക്ക് ബോട്ട് സര്‍വ്വീസ് ഉണ്ടായിരുന്നു. ചരക്കുകള്‍ കൊണ്ടുവരുന്നതിന് കെട്ടുവള്ള ഗതാഗതവും, യാത്രക്കായി പായ് വള്ളങ്ങളും ഉപയോഗിച്ചിരുന്നു. ചെമ്മായത്ത് പുഴയില്‍ ചങ്ങാട സര്‍വ്വീസ് വഴി കോട്ടുവള്ളിയില്‍ നിന്നും ചെട്ടി ഭാഗത്തേക്ക് ബസ് സര്‍വ്വീസ് ഉണ്ടായിരുന്നു. പറവൂര്‍ വരാപ്പുഴ കരിങ്കല്ലു റോഡിലൂടെ ബസ് സര്‍വ്വീസ് ഉള്ളതായും രേഖപ്പെടുത്തിയിട്ടുണ്ട്. ഏഴിക്കര പഞ്ചായത്തിനെയും കോട്ടുവള്ളി പഞ്ചായത്തിലെ ചെറിയപ്പിള്ളപ്പുഴയേയും തമ്മില്‍ ജല മാര്‍ഗ്ഗം ബന്ധിപ്പിക്കുന്ന ചെറിയ തോട് ഉണ്ടായിരുന്നു. പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിലെക്കുള്ളവര്‍ ദീര്‍ഘദൂരം കാല്‍നടയായി സഞ്ചരിക്കുന്നു. എന്നും ചരക്കുകള്‍ കൊണ്ടുവരുന്നതിന് പഞ്ചായത്തിന്റെ ചില ഭാഗങ്ങളില്‍ കാളവണ്ടികള്‍ ഉപയോഗിച്ചിരുന്നതായി പറയുന്നു. 1962-ല്‍ ചെറിയപ്പിള്ളി പാലവും റോഡുകളും നിലവില്‍ വന്നതിനെ തുടര്‍ന്നാണ് കരമാര്‍ഗ്ഗമുള്ള യാത്ര സൌകര്യങ്ങള്‍ വികസിച്ചു തുടങ്ങിയത്. 1970-കളിലാണ് തത്തപ്പിള്ളി ഭാഗങ്ങളിലേക്കും കരമാര്‍ഗ്ഗം ബസ് സര്‍വ്വീസ് തുടങ്ങിയത്. ഓട്ടന്‍തുളളല്‍, കഥാപ്രസംഗം, ബാലെ എന്നീ കലകളെ യോജിപ്പിച്ച് ആധുനിക തുളളല്‍ കഥാപ്രസംഗ ബാലെ എന്ന കലാരൂപം കേരളത്തിലെമ്പാടും അവതരിപ്പിച്ച പ്രശസ്തനായ ഒരു കലാകാരനാണ് കൈതാരം പ്രഭാകര തത്തപ്പിള്ളി. ജവഹര്‍ ആര്‍ട്സ് ക്ളബ് കേരളത്തിലങ്ങോളം ഇങ്ങോളം വില്ലുപാട്ട് എന്ന കലാരൂപം അവതരിപ്പിച്ച് പ്രശസ്തി നേടിയിട്ടുണ്ട്. അമച്വര്‍ നാടകരംഗത്ത് തങ്ങളുടേതായ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുള്ള ധാരാളം കലാകാരന്മാര്‍ ഈ പഞ്ചായത്തിലുണ്ട്. ജെ.എ.എസ്.സി കൈതാരം, കോട്ടുവളളി നാടകശാഖ എന്നിവയില്‍ മുഴുവന്‍ പ്രവര്‍ത്തകരും പറവൂര്‍ നാടക സംഘത്തിലെ ചില പ്രധാന പ്രവര്‍ത്തകരും ഈ പഞ്ചായത്തില്‍ നിന്നും ഉള്ളവര്‍ തന്നെയായിരുന്നു. വളരെ ചുരുക്കം ചില ക്ഷേത്രങ്ങളില്‍ മാത്രം കാണാവുന്ന ഒന്നായ കോട്ടുവള്ളി തൃക്കപുരം ക്ഷേത്രത്തിലെ ഒതളങ്ങ ഏറ് ചൂട്ടു പടയണിയും ദാരിക വധത്തിന്റെ ഐതീഹ്യവുമായി ബന്ധപ്പെട്ടതാണ്. ഈ ക്ഷേത്രത്തില്‍ തന്നെ നടക്കുന്ന ഭീമനെ എഴുന്നളളിക്കുന്ന ചടങ്ങും, കോട്ടുവള്ളിക്കാവ് ഭഗവതി ക്ഷേത്രത്തിലെ ഗരുഡന്‍ തൂക്കവും ആയിരം തിരി ഓട്ടവും കോട്ടുവള്ളി ശ്രീനാരായണ ക്ഷേത്രത്തിലെ തേരെഴുന്നളളിപ്പും തത്തപ്പിള്ള കാട്ടുനെല്ലൂര്‍ മസ്ജിദിലെ ചന്ദന നേര്‍ച്ചയും പ്രത്യേക പരാമര്‍ശം അര്‍ഹിക്കുന്ന ആചാരങ്ങളാണ്.