പഞ്ചായത്തിലൂടെ

കോട്ടോപ്പാടം -2010

ഭൂപ്രകൃതിയനുസരിച്ച് ഇടനാട് മേഖലയില്‍ വരുന്ന കോട്ടോപ്പാടം പഞ്ചായത്തിന്റെ ആകെ വിസ്തൃതി 79.81 ചതുരശ്ര കി.മീ യാണ്. ഇതില്‍ 22% വനപ്രദേശമാണ്. നീലഗിരി മലനിരകളുടെ ഭാഗമായ നീലിക്കല്ല് തൊട്ട് തെക്കോട്ട് നീണ്ടുകിടക്കുന്ന കോട്ടോപ്പാടം പഞ്ചായത്തിന് കിഴക്ക് അരിയൂര്‍തോട് അതിരിട്ടൊഴുകുന്നു. പഞ്ചായത്തിലെ പൊതുവായ നീര്‍വാഴ്ച കിഴക്ക് അരിയൂര്‍ തോട്ടിലേക്കും, പടിഞ്ഞാറേ പാലക്കാഴിപുഴ മലേരിയം, പുളിയമ്പാറ തോടുകള്‍ എന്നിവയിലേക്കുമാണ്. പഞ്ചായത്തിന്റെ മൊത്തം വിസ്തൃതിയുടെ 30% കുന്നുകള്‍ നിറഞ്ഞ ഉയര്‍ന്ന സമതല പ്രദേശങ്ങളാണ്. 20% വരുന്ന താഴ്ന്ന സമതലപ്രദേശങ്ങള്‍   പ്രധാനമായും വയലുകളാണ്. നെല്ല്, തെങ്ങ്, വാഴ, മരച്ചീനി, കുരുമുളക്, കശുമാവ്, റബ്ബര്‍, കമുക് എന്നിവയും വിവിധയിനം പച്ചക്കറികളുമാണ് ഇവിടുത്തെ പ്രധാന കാര്‍ഷിക വിളകള്‍. പശ്ചിമഘട്ട മലനിരകളുടെ ഭാഗവും, നീലഗിരി കുന്നുകളുടെ ഭാഗവും ഉള്‍ക്കൊള്ളുന്ന പഞ്ചായത്തില്‍ 8 കുളങ്ങളാണ് ജലസ്രോതസായുളളത്. 1962 ലാണ് പഞ്ചായത്ത് നിലവില്‍ വന്നത്. 79.81% ചതുരശ്ര കി.മീ വിസ്തൃതിയുള്ള ഈ പഞ്ചായത്തിന്റെ 22% വനപ്രദേശമാണ്. 22 വാര്‍ഡുകള്‍ ഉള്ള പഞ്ചായത്തിന്റെ അതിരുകള്‍ കിഴക്ക്-കുമരംപുത്തൂര്‍ പഞ്ചായത്ത്, പടിഞ്ഞാറ്-തച്ചനാട്ടുകര, അലനല്ലൂര്‍ പഞ്ചായത്തുകള്‍, വടക്ക്-വള്ളുവനാട് പഞ്ചായത്ത്, തെക്ക്-കരിമ്പുഴ പഞ്ചായത്ത് എന്നിവയാണ്. 38748 വരുന്ന ജനസംഖ്യയില്‍ 20072 സ്ത്രീകളും 18678 പുരുഷന്‍മാരുമാണുള്ളത്. പഞ്ചായത്തിന്റെ സാക്ഷരതാനിരക്ക് 90% മാണ്. പഞ്ചായത്തിലെ എടുത്തുപറയേണ്ട മറ്റൊരു കാര്യമാണ് തിരുവിഴാംകുന്നിലെ കന്നുകാലി ഗവേഷണകേന്ദ്രം. പഞ്ചായത്തിന്റെ മുഖ്യ കുടിനീര്‍ സ്രോതസ്സ് കിണറുകളാണ്. 90 പൊതുകിണറുകളാണ് ഇവിടെയുള്ളത്. കൂടാതെ 8 കുളങ്ങളുമുണ്ട്. പഞ്ചായത്തിന്റെ പൊതുവിതരണമേഖലയില്‍ 12 റേഷന്‍ കടകളും ഒരു മാവേലി സ്റോറുമുണ്ട്. രാത്രിയാത്രയിലെ ബുദ്ധിമുട്ടുകള്‍ ഒഴിവാക്കാന്‍ പഞ്ചായത്തിന്റെ പല ഭാഗങ്ങളിലായി 259 തെരുവുവിളക്കുകള്‍ സ്ഥാപിച്ചിട്ടുണ്ട്. വന്‍കിടവ്യവസായങ്ങള്‍ ഇല്ലായെങ്കിലും ക്ഷീര വ്യവസായം, ഫ്ളവറിംഗ് യൂണിറ്റ്, ഭക്ഷ്യവസ്തു നിര്‍മ്മാണം, തടി വ്യവസായം, ഹോളോബ്രിക്സ് നിര്‍മ്മാണം തുടങ്ങി ചെറുകിട വ്യവസായ യൂണിറ്റുകള്‍ പ്രവര്‍ത്തിച്ചു വരുന്നുണ്ട്. കൂടാതെ പരമ്പരാഗത വ്യവസായമേഖലയില്‍ മുള, ഓട് എന്നിവകൊണ്ടുള്ള ഗൃഹോപകരണ നിര്‍മ്മാണം, കളിമണ്‍ പാത്ര നിര്‍മ്മാണം, ബീഡി തെറുപ്പ്, എണ്ണ സംസ്കരണം, നെല്ല്കുത്തി വില്‍പ്പന, മരക്കരി വില്‍പ്പന, കൈതോല, തെങ്ങോല എന്നിവ കൊണ്ടുള്ള പായ നിര്‍മ്മാണം എന്നീ വ്യവസായ യൂണിറ്റുകളും പ്രവര്‍ത്തിച്ചു വരുന്നുണ്ട്. ഇടത്തര വ്യവസായമായി ഒരു തീപ്പെട്ടി നിര്‍മ്മാണശാലയും പഞ്ചായത്തിലുണ്ട്. 1908-ല്‍ ഭീമനാട് ഒരു ബോര്‍ഡ്ബോയ്സ് സ്കൂള്‍ സ്ഥാപിച്ചത് മുതലാണ് പഞ്ചായത്തിന്റെ ആധുനിക വിദ്യാഭ്യാസചരിത്രം ആരംഭിക്കുന്നത്. ഇന്ന് സര്‍ക്കാര്‍ മേഖലയില്‍ 3 യു.പി.സ്കൂളും 2 എല്‍.പി.സ്കൂളും ഉള്‍പ്പെടെ 5 സ്കൂളുകള്‍ ഈ പഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്നു. കൂടാതെ എയ്ഡഡ് മേഖലയില്‍ 5 എല്‍.പി.സ്കൂളും, ഒരു യു.പി.സ്കൂളും, ഒരു ഹയര്‍സെക്കന്‍ഡറി സ്കൂളും പ്രവര്‍ത്തിക്കുന്നുണ്ട്. തിരുവിഴാംകുന്ന്  കന്നുകാലി ഗവേഷണകേന്ദ്രം ഈ പഞ്ചായത്തിലെ ഒരു പ്രധാനപ്പെട്ട സ്ഥാപനമാണ്. ഇതുകൂടാതെ ഒരു ഗവണ്‍മെന്റ് മൃഗാശുപത്രിയും ഉപകേന്ദ്രവുമുണ്ട്. അരിയൂര്‍ സര്‍വ്വീസ് സഹകരണ ബാങ്കിന്റെ മൂന്ന് ബ്രാഞ്ചുകളാണ് പഞ്ചായത്തിലുള്ളത്. തിരുവിഴാംകുന്ന്, കോട്ടോപ്പാടം, ആര്യമ്പാവ് എന്നിവിടങ്ങളിലാണ് സഹകരണബാങ്കിന്റെ ബ്രാഞ്ചുകള്‍.  പഞ്ചായത്ത് വക ഒരു കമ്മ്യൂണിറ്റി ഹാളും, ഒരു കല്ല്യാണമണ്ഡപവും ഇവിടെ ഉണ്ട്. കൂടാതെ കേന്ദ്രഗവണ്‍മെന്റിന്റെ 7 പോസ്റോഫീസുകളും കോട്ടോപ്പാടം, കച്ചേരിപ്പറമ്പ്, അരിയൂര്‍ എന്നിവിടങ്ങളില്‍ സംസ്ഥാനസര്‍ക്കാറിന്റെ 3 വില്ലേജ് ഓഫീസുകളും ഉണ്ട്. കോട്ടോപ്പാടത്തു തന്നയാണ് കൃഷിഭവനും ഉള്ളത്. പഞ്ചായത്തിലെ നിലവിലുള്ള റോഡുകള്‍ യാത്രാസൌകര്യം ലഭ്യമാക്കുന്നുണ്ടെങ്കിലും വികസനപദ്ധതികള്‍ക്കായി കൂടുതല്‍ ഗതാഗതസൌകര്യം അത്യന്താപേക്ഷിതമാണ്. എന്‍.എച്ച് 213 പഞ്ചായത്തിലുടെ കടന്ന് പോകുന്നു. തിരുവിഴാംകുന്ന്-മണ്ണാര്‍ക്കാട്, തിരുവിഴാംകുന്ന്- അമ്പലപ്പാറ, വേങ്ങ-കണ്ടമംഗലം എന്നിവയാണ് മറ്റ് പ്രധാന റോഡുകള്‍. പഞ്ചായത്തിലെ പ്രധാന ഗതാഗതകണ്ണികള്‍ മണ്ണാര്‍ക്കാട്, പെരിന്തല്‍മണ്ണ, മേലാറ്റൂര്‍ എന്നീ ബസ് സ്റ്റോപ്പുകളാണ്. പഞ്ചായത്തിലെ ജനങ്ങള്‍ വിദേശയാത്രയ്ക്കായി ആശ്രിയിക്കുന്നത് കോഴിക്കോട് വിമാനത്താവളത്തെയാണ്. കൊച്ചിതുറമുഖമാണ് പഞ്ചായത്തിനോട് അടുത്ത് സ്ഥിതി ചെയ്യുന്ന തുറമുഖം. മേലാറ്റൂര്‍, പട്ടിക്കാട് എന്നിവിടങ്ങളിലായി 2 റെയില്‍വേ സ്റ്റേഷനുകളാണ് പഞ്ചായത്തിലുള്ളത്. പഞ്ചായത്തിലെ ഗതാഗതവികസനത്തിന് ഉദാഹരണങ്ങളായി കാണിക്കാവുന്നതാണ് അരിയൂര്‍, കാവുപ്പുപറമ്പ്, തിരുവിഴാംകുന്ന് എന്നീ സ്ഥലങ്ങളില്‍ നിര്‍മ്മിച്ച പാലങ്ങള്‍. പഞ്ചായത്തിലെ പ്രധാനപ്പെട്ട വ്യാപാരകേന്ദ്രങ്ങളാണ്  തിരുവിഴാംകുന്ന് സഹകരണ സ്റോര്‍, പാറപ്പുറം വി.എഫ്.പി.സി.കെ മാര്‍ക്കറ്റ് എന്നിവ. 21 അമ്പലങ്ങളും 38 പള്ളികളും 7 ക്രിസ്ത്യന്‍ ദേവാലയങ്ങളും പഞ്ചായത്തിലുണ്ട്. ഈ ആരാധനാലയങ്ങളുമായി ബന്ധപ്പെട്ടു നടക്കുന്ന പൂരം, നേര്‍ച്ചകള്‍, പെരുന്നാള്‍ തുടങ്ങിയ വിവിധ ആഘോഷങ്ങള്‍ക്ക് ജാതിമതഭേദമെന്യേ എല്ലാവരും സഹകരിക്കുന്നു. സാംസ്ക്കാരിക നായകനായിരുന്ന മഹാകവി ഒളപ്പമണ്ണ ഈ പഞ്ചായത്തുനിവാസിയായിരുന്നു. പഞ്ചായത്തിന്റെ ആദ്യ പ്രസിഡന്റും അദ്ദേഹം തന്നയായിരുന്നു. കൂടാതെ സാമൂഹികപ്രവര്‍ത്തകരായ തോട്ടപ്പുറത്ത് കുഞ്ഞിക്കണ്ണന്‍, എന്‍.പി വീരാന്‍കുട്ടി ഹാജി, സി.കുഞ്ഞയമ്മു, കെ.പി. ജോസഫ്, ഇടയ്ക്കാ വിദ്വാനായിരുന്ന ഞെറളത്ത് രാമപൊതുവാള്‍ തുടങ്ങിയവരും പഞ്ചായത്തിന്റെ സാംസ്ക്കാരികമേഖലയിലെ എടുത്തുപറയാവുന്ന വ്യക്തിത്വങ്ങളാണ്. പഞ്ചായത്തിലെ പ്രധാന സാംസ്ക്കാരിക സ്ഥാപനങ്ങളാണ് അരിയൂരിലെ സൌഹൃദം ക്ളബ്, സന്തോഷ് ക്ളബ്, ഭീമനാട് ഗ്രാമോദയം, കോട്ടാപ്പാടം സാംസ്കാരിക നിലയം എന്നിവ. കൂടാതെ തിരുവിഴാംകുന്ന് ഫീനിക്സ് ലൈബ്രറി, ഗ്രോമോദയം വായനശാല എന്നിവ ഉള്‍പ്പെടെ 4 വായനശാലകളും ഇവിടെ ഉണ്ട്. ആരോഗ്യപരിപാലനരംഗത്ത് സജീവമായി പ്രവര്‍ത്തിക്കുന്ന ആരോഗ്യകേന്ദ്രങ്ങള്‍ പഞ്ചായത്തിലുണ്ട്. കോട്ടോപ്പാടത്ത് ഒരു ഗവണ്‍മെന്റ് ആശുപത്രിയും, കൊമ്പത്ത് ഒരു ഗവണ്‍മെന്റ് ആയുര്‍വേദ ഡിസ്പെന്‍സറിയും, തിരുവിഴാംകുന്നില്‍ ഒരു ഗവണ്‍മെന്റ് ഹോമിയോ ഡിസ്പെന്‍സറിയുമുണ്ട്. കൂടാതെ 2 പ്രാഥമിക ആരോഗ്യകേന്ദ്രങ്ങളും  3 ഐ.പി.പി.സി സെന്ററുകളും രണ്ട് ഫാമിലി വെല്‍ഫെയര്‍ സെന്ററുകളും പഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.