പഞ്ചായത്തിലൂടെ

കൊട്ടിയൂര്‍ - 2010

കണ്ണൂര്‍ ജില്ലയില്‍ തലശ്ശേരി താലൂക്കില്‍ പേരാവൂര്‍ ബ്ളോക്ക് പരിധിയില്‍ വരുന്ന പഞ്ചായത്താണ് കൊട്ടിയൂര്‍ ഗ്രാമപഞ്ചായത്ത്. ഈ പഞ്ചായത്തിന് 155.87 ച.കി.മീ വീസ്തീര്‍ണ്ണമുണ്ട്. പഞ്ചായത്തിന്റെ അതിരുകള്‍ വടക്കുഭാഗത്ത് കേളകം പഞ്ചായത്തും കര്‍ണ്ണാടക റിസര്‍വ്വ് വനവും കിഴക്ക് ഭാഗത്ത്  വയനാട് ജില്ലയിലെ തവിഞ്ഞാല്‍ പഞ്ചായത്തും പടിഞ്ഞാറ് ഭാഗത്ത് കേളകം പഞ്ചായത്തും തെക്ക് ഭാഗത്ത് വയനാട് താലൂക്ക് അതിര്‍ത്തിയുമാണ്. 17809 വരുന്ന മൊത്തം ജനസംഖ്യയില്‍ 8956 സ്ത്രീകളും 8853 പുരുഷന്‍മാരും ഉള്‍പ്പെടുന്നു. പഞ്ചായത്തിലെ മൊത്തം ജനതയുടെ സാക്ഷരതാ നിരക്ക് 94.6% ആണ്. കൊട്ടിയൂര്‍ ശിവക്ഷേത്രം, പാലുകാച്ചിമല, പാല്‍ച്ചുരം വെള്ളച്ചാട്ടം എന്നിവ വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്ന ഇടങ്ങളാണ്. പഞ്ചായത്തിന്റെ മുഖ്യ കുടിനീര്‍ സ്രോതസ്സ് കിണറുകളാണ്. 20 പൊതുകിണറുകളും നിരവധി സ്വകാര്യ കിണറുകളും പഞ്ചായത്തുനിവാസികള്‍ ശുദ്ധജലത്തിനായി ആശ്രയിക്കുന്നു. 76 പൊതുകുടിവെള്ള ടാപ്പുകളും ഇവിടെയുണ്ട്. പഞ്ചായത്തിന്റെ പൊതുവിതരണ മേഖലയില്‍ 8 റേഷന്‍കടകളും ഒരു മാവേലി സ്റ്റോറും പ്രവര്‍ത്തിക്കുന്നു. 300 ഓളം തെരുവ് വിളക്കുകള്‍ സ്ഥാപിച്ചിരിക്കുന്നത് പഞ്ചായത്ത് വീഥികളിലെ രാത്രിയാത്ര സുഗമമാക്കുന്നു.
കാര്‍ഷികരംഗം
ഭൂപ്രകൃതിയനുസരിച്ച് മലനാട് മേഖലയില്‍ വരുന്ന ഈ പഞ്ചായത്തില്‍ മലനിരകള്‍, വനപ്രദേശം, ചെരിവ് പ്രദേശം, സമതലപ്രദേശം എന്നിവ ഉള്‍പ്പെടുന്നു. സമുദ്രനിരപ്പില്‍ നിന്ന് 750 മുതല്‍ 2500 അടി വരെ ഉയരത്തില്‍ ഈ പഞ്ചായത്തിലെ പ്രദേശങ്ങള്‍ സ്ഥിതിചെയ്യുന്നു. പഞ്ചായത്തിന്റെ തെക്ക് പടിഞ്ഞാറന്‍ അതിര്‍ത്തിയില്‍ വയനാടന്‍ മലനിരകളാണ്. ഫലഭൂയിഷ്ഠമായ മണ്ണും ജലസേചന സൌകര്യങ്ങളും ഈ പഞ്ചായത്തില്‍ ഉണ്ട്. മണ്ണിന്റെ ഘടനയനുസരിച്ച് ഈ പഞ്ചായത്തിനെ മണല്‍ ചേര്‍ന്ന എക്കല്‍ മണ്ണ്, ചരല്‍ ചേര്‍ന്ന ചുവന്നമണ്ണ്, വളക്കൂറുള്ള കറുത്തമണ്ണ് എന്നിങ്ങനെ മൂന്നായി തരംതിരിക്കാം. കാട് വെട്ടിതെളിച്ച് പുനംകൃഷിയും, ഇഞ്ചിപ്പുല്ലും, കപ്പകൃഷിയും, മധുരകിഴങ്ങ് കൃഷിയും നടത്തിയതോടു കൂടിയാണ് കൊട്ടിയൂരിന്റെ കാര്‍ഷികചരിത്രം തുടങ്ങുന്നത്. നെല്ല്, കിഴങ്ങുവര്‍ഗ്ഗങ്ങള്‍, ഇഞ്ചിപ്പുല്ല്, മരച്ചീനി, മള്‍ബറി, റബ്ബര്‍, കവുങ്ങ്, കുരുമുളക്, പച്ചക്കറികള്‍, സുഗന്ധദ്രവ്യങ്ങള്‍ എന്നിവയാണ് ഈ പഞ്ചായത്തിലെ ഇന്നത്തെ കാര്‍ഷികവിളകള്‍. ഈ പഞ്ചായത്തിന്റെ മൊത്തം വിസ്തൃതിയുടെ 32% വനപ്രദേശമാണ്. വയനാട്ടില്‍ നിന്നും ആരംഭിച്ച് വളപ്പട്ടണം പുഴയില്‍ ചെന്നുചേരുന്ന ബാവലിപ്പുഴ ഈ പഞ്ചായത്തിന്റെ 9 വാര്‍ഡുകളെയും സ്പര്‍ശിച്ചുകൊണ്ട് കടന്നുപോകുന്നു. കൊടകന്‍ പുഴയും 20 ഓളം പൊതുകുളങ്ങളും നിരവധി കൈത്തോടുകളും ഈ പഞ്ചായത്തിന്റെ മറ്റു ജലസ്രോതസ്സുകളാണ്. പാലുകാച്ചിമല, പന്ന്യാമല, നെല്ലിയോടിമല, വലിയ കൊട്ടന്‍ചേരി മല, പാല്‍ച്ചുരം, ബംഗ്ളാമല എന്നിവ പഞ്ചായത്തിലെ മലകളില്‍ ചിലതു മാത്രമാണ്. മേലേ പാല്‍ച്ചുരം കനാല്‍, താഴെ പാല്‍ച്ചുരം കനാല്‍, അമ്പായത്തോട് കനാല്‍ തുടങ്ങിയ കനാലുകള്‍ പരിപാലിക്കേണ്ടത് ഈ പ്രദേശത്തിന്റെ കാര്‍ഷികമേഖലയുടെ നിലനില്‍പിനും പുരോഗതിക്കും അത്യാവശ്യമാണ്.
വ്യാവസായികരംഗം
എടുത്തുപറയത്തക്ക വന്‍കിട വ്യവസായങ്ങള്‍ ഈ പഞ്ചായത്തില്‍ ഇല്ലയെങ്കിലും കൊപ്ര ഫാക്ടറി, തടിമില്ല് എന്നീ ഇടത്തരം വ്യവസായങ്ങള്‍ പഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. പഞ്ചായത്തില്‍ നിലവിലുള്ള ചെറുകിട വ്യവസായങ്ങള്‍ പേപ്പര്‍ബാഗ് നിര്‍മ്മാണം, തുകല്‍സഞ്ചി നിര്‍മ്മാണം, അച്ചാര്‍നിര്‍മ്മാണം, പപ്പടനിര്‍മ്മാണം എന്നിവയാണ്. ചൂരല്‍, മുള, ഈറ്റ തുടങ്ങിയ വനവിഭവങ്ങളെ അടിസ്ഥാനമാക്കിയുള്ള പരമ്പരാഗത വ്യവസായങ്ങളാണ് കുട്ടനെയ്ത്ത്, പനമ്പ് നിര്‍മ്മാണം മുതലായവ. ചെറുകിട ഇടത്തരം വ്യവസായങ്ങള്‍ക്ക് ഏറെ സാധ്യതകളുള്ള പഞ്ചായത്താണിത്. മലബാര്‍ ഗ്യാസ് ഏജന്‍സിയുടെ ഒരു ശാഖ പഞ്ചായത്തില്‍ പ്രവര്‍ത്തിച്ചുവരുന്നു.
വിദ്യാഭ്യാസരംഗം
കുടിയേറ്റ ഭൂമിയായ കൊട്ടിയൂരില്‍ ആദ്യമായി സ്ഥാപിക്കപ്പെട്ട രണ്ട് സര്‍ക്കാര്‍ വിദ്യാലയങ്ങളാണ് ചുങ്കക്കുന്നിലും തലക്കാണിയിലും ആരംഭിച്ച ഏകാധ്യാപക വിദ്യാലയങ്ങള്‍. ജനങ്ങളുടെ കൂട്ടായ പ്രവര്‍ത്തനങ്ങളുടെ ഫലമായി നിരവധി യു.പി.സ്കൂളുകളും കൊട്ടിയൂരില്‍ ഒരു ഹൈസ്കൂളും സ്ഥാപിക്കപ്പെട്ടു. 2010-ല്‍ എത്തിനില്‍ക്കുമ്പോള്‍ സര്‍ക്കാര്‍ മേഖലയില്‍ രണ്ട് യു.പി സ്ക്കൂളുകളും സ്വകാര്യ മേഖലയില്‍ ഒരു ഹയര്‍സെക്കണ്ടറി സ്ക്കൂളും മൂന്ന് യു.പി.സ്ക്കൂളുകളും ഒരു എല്‍.പി.സ്ക്കൂളും പഞ്ചായത്തിന്റെ അങ്ങിങ്ങായി പ്രവര്‍ത്തിച്ചുവരുന്നു.
സ്ഥാപനങ്ങള്‍
മൃഗസംരക്ഷണ വകുപ്പിനുകീഴില്‍ പ്രവര്‍ത്തിക്കുന്ന ഒരു മൃഗസംരക്ഷണ കേന്ദ്രവും മൃഗാശുപത്രിയും പഞ്ചായത്തില്‍ സ്ഥിതി ചെയ്യുന്നു. ഇതിന് രണ്ടു സബ്സെന്ററുകളും പഞ്ചായത്തില്‍ നിലവിലുണ്ട്. പഞ്ചായത്തിലെ പ്രധാന ധനകാര്യ സ്ഥാപനമാണ് നോര്‍ത്ത് മലബാര്‍ ഗ്രാമീണ്‍ ബാങ്ക്. വനിതാ സഹകരണസംഘം ചുങ്കക്കുന്ന്, കണ്ണൂര്‍ ജില്ലാ സഹകരണ ബാങ്കിന്റെ കൊട്ടിയൂര്‍ ശാഖ, കൊട്ടിയൂര്‍ സര്‍വ്വീസ് സഹകരണ ബാങ്ക്, ചുങ്കക്കുന്ന് അമ്പായത്തോട് എന്നിവിടങ്ങളിലെ കൊട്ടിയൂര്‍ സര്‍വ്വീസ് സഹകരണ ബാങ്കിന്റെ ശാഖകള്‍ എന്നിവ ഈ പഞ്ചായത്തില്‍ പ്രവര്‍ത്തിച്ചു വരുന്ന സഹകരണ മേഖലയിലെ സ്ഥാപനങ്ങളാണ്. രണ്ട് സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളും പഞ്ചായത്തില്‍ നിലവിലുണ്ട്. പാല്‍ച്ചുരത്ത് ഒരു കമ്മ്യൂണിറ്റിഹാളും കൊട്ടിയൂരില്‍ ഒരു സ്വകാര്യ കല്ല്യാണമണ്ഡപവുമുണ്ട്. വില്ലേജ് ഓഫീസ്, കൃഷിഭവന്‍ എന്നിവ കൊട്ടിയൂരില്‍ പ്രവര്‍ത്തിക്കുന്നു. അമ്പായത്തോട്, നീണ്ടുനോക്കി, ചുങ്കക്കുന്ന് എന്നിവിടങ്ങളിലായി തപാല്‍ ഓഫീസുകള്‍ സ്ഥിതി ചെയ്യുന്നു. ഒരു കൊറിയര്‍ സര്‍വ്വീസും പഞ്ചായത്തില്‍ നിലവിലുണ്ട്. ബി.എസ്.എന്‍.എല്‍ ടെലഫോണ്‍ എക്സ്ചേഞ്ച് സ്ഥിതി ചെയ്യുന്നത് മന്ദംചേരിയിലാണ്.
ഗതാഗതരംഗം
1969 ഒക്ടോബര്‍ 2ന് 7000-ല്‍ അധികം വരുന്ന കുടിയേറ്റ ജനത ഒത്തുചേര്‍ന്ന് ഒരു ദിവസം കൊണ്ട് 20 കിലോമീറ്റര്‍ ദൂരം വരുന്ന മണത്തറ-കൊട്ടിയൂര്‍ റോഡ് പണി പൂര്‍ത്തയാക്കിയതോടെയാണ് ഈ പഞ്ചായത്തിലെ ഗതാഗതമേഖലയുടെ വികസനം ത്വരിതപ്പെട്ടത്. കുണ്ടുതോട്-അമ്പായത്തോട് റോഡ്, കണ്ടപ്പനം-നെല്ലിയോടി റോഡ്, ഇരട്ടത്തോട്-ബാവലിപ്പുഴ റോഡ്, കൊട്ടിയൂര്‍-മാനന്തവാടി റോഡ് എന്നിവ പഞ്ചായത്തിലെ  ഗതാഗതയോഗ്യമായ  പ്രധാന റോഡുകളാണ്. പഞ്ചായത്ത് റോഡുകള്‍ ഗതാഗതസൌകര്യം ലഭ്യമാക്കുന്നുണ്ടെങ്കിലും പഞ്ചായത്തിന്റെ വികസനപദ്ധതികള്‍ക്ക് കൂടുതല്‍ ഗതാഗതസൌകര്യം അത്യന്താപേക്ഷിതമാണ്. വിദേശയാത്രകള്‍ക്കായി പഞ്ചായത്ത് നിവാസികള്‍ ആശ്രയിക്കുന്നത് കരിപ്പൂര്‍ വിമാനത്താവളത്തെയാണ്. തലശ്ശേരി റെയില്‍വേ സ്റ്റേഷനാണ് പഞ്ചായത്തിന്റെ ഏറ്റവും അടുത്ത റെയില്‍വേ സ്റ്റേഷന്‍. തുറമുഖം എന്ന നിലയില്‍ മംഗലാപുരം തുറമുഖമാണ് പഞ്ചായത്തിനോട് ഏറ്റവും അടുത്ത് സ്ഥിതി ചെയ്യുന്നത്. കൊട്ടിയൂര്‍ ബസ്സ്റ്റാന്റ്, കേളകം ബസ്സ്റ്റാന്റ് എന്നിവയാണ് പഞ്ചായത്തിലെ റോഡുഗതാഗതം കേന്ദ്രീകരിച്ചിരിക്കുന്ന പ്രധാനസ്ഥലങ്ങള്‍. ഗതാഗതമേഖലയിലെ പുരോഗതി വിളിച്ചറിയിക്കുന്നവയാണ് ഇവിടുത്തെ പാലങ്ങള്‍. ബാവലിപുഴ പാലം, പാലുകാച്ചി പാലം, പന്ന്യാമല പാലം എന്നിവ ഇവിടുത്തെ പ്രധാന പാലങ്ങളാണ്.
വാണിജ്യരംഗം
പഞ്ചായത്തിലെ പ്രധാന വ്യാപാരകേന്ദ്രം കൊട്ടിയൂര്‍ ആണ്.
സാംസ്കാരികരംഗം
പരശുരാമനാല്‍ സ്ഥാപിതമായ 108 ക്ഷേത്രങ്ങളില്‍ ഒന്നാണ് കൊട്ടിയൂര്‍ ശിവക്ഷേത്രം എന്നാണ് സങ്കല്‍പം. വടക്കന്‍പാട്ടിലും, ലോഗന്‍സ് മാന്വലിലും ‘തൃച്ചെറുമന്ന’ എന്നാണ് കൊട്ടിയൂരിന്റെ പേര് പരാമര്‍ശിക്കുന്നത്. നിരവധി ആരാധനാലയങ്ങള്‍ ഈ പഞ്ചായത്തിലുണ്ട്. മൂന്ന് ക്ഷേത്രങ്ങളും ഒരു മുസ്ളീംപള്ളിയും ഈ പഞ്ചായത്തില്‍ നിലകൊള്ളുന്നു. സെന്റ് മേരീസ് ചര്‍ച്ച് അമ്പായത്തോട്, ഫാത്തിമ മാതാ ചര്‍ച്ച് ചുങ്കക്കുന്ന് തുടങ്ങി 9 ക്രിസ്തീയ ദേവാലയങ്ങളും ഈ പഞ്ചായത്തിലെ ആരാധനാലയങ്ങളാണ്. ഈ ആരാധനാലയങ്ങളുമായി ബന്ധപ്പെട്ടു നടക്കുന്ന ഉത്സവം, പെരുന്നാള്‍, തിരുനാള്‍ എന്നീ വിവിധ ആഘോഷ പരിപാടികള്‍ ഈ പഞ്ചായത്തിന്റെ സാംസ്കാരിക തനിമ വിളിച്ചോതുന്നവയാണ്. ധീരജവാന്‍ ആയ അജേഷ്, നാടകരംഗത്ത് പ്രസിദ്ധരായ കൊട്ടിയൂര്‍ ഡൊമിനിക്, ജോസഫ് തടങ്ങഴി എന്നിവരും ഈ പഞ്ചായത്തിലെ മണ്‍മറഞ്ഞുപോയ പ്രതിഭകളാണ്. കവിയായ മകാരം മത്തായി, ഗാനരചയിതാവ് കൊട്ടിയൂര്‍ പങ്കജാക്ഷന്‍ എന്നിവര്‍ ഈ പഞ്ചായത്തിന്റെ അഭിമാനമാണ്. കലാരംഗത്ത് രണ്ട് ക്ളബ്ബുകള്‍ കൊട്ടിയൂരില്‍ പ്രവര്‍ത്തിക്കുന്നു. ചുങ്കക്കുന്നില്‍ ഒരു സാംസ്കാരിക നിലയവും പ്രവര്‍ത്തിച്ചു വരുന്നു. ചുങ്കക്കുന്നിലും മന്ദംചേരിയിലും ഗ്രന്ഥശാലാ സൌകര്യം ലഭ്യമാണ്. പഞ്ചായത്തിലെ വായനശാലകള്‍  കൊട്ടിയൂര്‍, പാല്‍ച്ചുരം, അമ്പായത്തോട് എന്നിവിടങ്ങളിലായി സ്ഥിതിചെയ്യുന്നു.
ആരോഗ്യരംഗം
ആരോഗ്യ പരിപാലന രംഗത്ത് സജീവമായി പ്രവര്‍ത്തിക്കുന്ന വിവിധ ആരോഗ്യകേന്ദ്രങ്ങള്‍ പഞ്ചായത്തിലുണ്ട്. ഗവ.ആയുര്‍വേദ ആശുപത്രി ചുങ്കക്കുന്ന്, ഗവ.ഹോമിയോ ആശുപത്രി കൊട്ടിയൂര്‍, ചുങ്കക്കുന്നില്‍ പ്രവര്‍ത്തിച്ചുവരുന്ന രണ്ട് സ്വകാര്യ ആശുപത്രികള്‍ എന്നിവ ഈ പഞ്ചായത്തിലെ പ്രധാന ആതുരാലയങ്ങള്‍ ആണ്.  പ്രാഥമിക ആരോഗ്യകേന്ദ്രം കൊട്ടിയൂരില്‍ സ്ഥിതിചെയ്യുന്നു. ഇതിന്റെ ഉപകേന്ദ്രങ്ങള്‍ പാല്‍ച്ചുരം, പൊട്ടംതോട് എന്നിവിടങ്ങളിലാണ്. കേളകത്ത് പ്രവര്‍ത്തിക്കുന്ന വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ ആംബുലന്‍സ് സേവനം പഞ്ചായത്ത് നിവാസികള്‍ക്ക് ലഭ്യമാണ്.