കൊട്ടിയൂര്‍

കണ്ണൂര്‍ ജില്ലയില്‍ തലശ്ശേരി താലൂക്കില്‍ പേരാവൂര്‍ ബ്ളോക്കിലാണ് കൊട്ടിയൂര്‍ ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. കൊട്ടിയൂര്‍ വില്ലേജുപരിധിയില്‍ ഉള്‍പ്പെടുന്ന കൊട്ടിയൂര്‍ ഗ്രാമപഞ്ചായത്തിനു 155.87 ചതുരശ്ര കിലോമീറ്റര്‍ വിസ്തീര്‍ണ്ണമുണ്ട്. പഞ്ചായത്തിന്റെ അതിരുകള്‍ വടക്കുഭാഗത്ത് കേളകം പഞ്ചായത്തും കര്‍ണ്ണാടക റിസര്‍വ്വ് വനവും കിഴക്ക് ഭാഗത്ത്  വയനാട് ജില്ലയിലെ തവിഞ്ഞാല്‍ പഞ്ചായത്തും പടിഞ്ഞാറ് ഭാഗത്ത് കേളകം പഞ്ചായത്തും തെക്ക് ഭാഗത്ത് വയനാട് താലൂക്ക് അതിര്‍ത്തിയുമാണ്. ബാവലിപ്പുഴയുടെ മനോഹരമായ തീരങ്ങളും സസ്യശ്യാമളമായ കൃഷിയിടങ്ങളും കിഴക്കന്‍ അതിര്‍ത്തിയിലെ നിത്യഹരിത വനങ്ങളും ഈ പഞ്ചായത്തിന്റെ സവിശേഷതകളാണ്. കൊട്ടിയൂരിന്റെ തെക്കുകിഴക്കന്‍ അതിര്‍ത്തിയില്‍ നിന്നും തിരുനെല്ലിക്കാടുകള്‍ തുടങ്ങുന്നു. കിഴക്കന്‍ അതിര്‍ത്തിയിലെ വനത്തിലൂടെ അഞ്ചുമണിക്കൂറോളം സഞ്ചരിച്ചാല്‍ കര്‍ണ്ണാടക സംസ്ഥാനത്തില്‍പ്പെട്ട കുടക് ജില്ലയിലെത്താം. കേരളത്തിലെ ഇതരക്ഷേത്രങ്ങളില്‍ നിന്നല്ലാം വ്യത്യസ്തമായതാണ് കൊട്ടിയൂര്‍ ശ്രീമഹാശിവക്ഷേത്രം. ആരാധനയിലും അനുഷ്ഠാനങ്ങളിലും രൂപത്തിലും ഈ വ്യത്യാസം വളരെ പ്രകടമാണ്. ശ്രീകോവിലും ഗോപുരവും ചുറ്റുമതിലുമില്ലാതെ, കാടിന്റെ നടുവില്‍, ഒരു പാറയിടുക്കിലുള്ള സ്വയം ഭൂവായതെന്ന് വിശ്വസിക്കപ്പെടുന്ന ശിവലിംഗം മാത്രമാണിവിടുത്തെ പ്രതിഷ്ഠ. 1940-കള്‍ മുതല്‍ മധ്യതിരുവിതാംകൂറില്‍ നിന്നും മലബാറിലേക്ക് കുടിയേറ്റം ആരംഭിച്ചു. 1960 ആയപ്പോഴേക്കും കൊട്ടിയൂര്‍ പ്രദേശത്ത് കുടിയേറ്റം വ്യാപകമായി നടന്നു കഴിഞ്ഞിരുന്നു. കേരളത്തിന്റെ ഭൂമിശാസ്ത്രപരമായ തരംതിരിവില്‍, കൊട്ടിയൂര്‍ പ്രദേശം മലനാട്ടിലാണ് ഉള്‍പ്പെടുന്നത്. സമുദ്രനിരപ്പില്‍ നിന്നും 750 മുതല്‍ 2500 അടിവരെ ഉയരത്തില്‍ സ്ഥിതിചെയ്യുന്ന പ്രദേശങ്ങള്‍ ഈ പഞ്ചായത്തിലുള്‍പ്പെടുന്നു. സഹ്യമലനിരകളുടെ ഭാഗമാണ് ഈ പ്രദേശം. മലനിരകളുടെ നാടാണ് കൊട്ടിയൂര്‍. തികച്ചും മലകളാല്‍ ചുറ്റപ്പെട്ടുകിടക്കുന്ന പ്രദേശമാണിത്. പാലുകാച്ചിമല, ഒറ്റപ്ളാവുമല, പന്ന്യാമല, ബംഗ്ളമല (പൊട്ടംതോടുമല) എന്നീ മലകളാല്‍ തന്നെയാണ് ഈ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങള്‍ അറിയപ്പെടുന്നത്. പ്രസിദ്ധമായ പാലുകാച്ചിമലയുടെ ഉയരം 2500 അടിയാണ്. പാലുകാച്ചിമല ടൂറിസം വികസനസാധ്യതയുള്ള പ്രദേശമാണ്. പഞ്ചായത്തിന്റെ തെക്കുപടിഞ്ഞാറന്‍ അതിര്‍ത്തിയില്‍ വയനാടന്‍ മലനിരകളാണ്. കൊട്ടിയൂര്‍ പഞ്ചായത്തിന്റെ ഹൃദയരേഖയാണ് ബാവലിപ്പുഴ. വയനാട്ടില്‍ നിന്നുത്ഭവിച്ച് വളപട്ടണം പുഴയില്‍ ചെന്നുചേരുന്ന ഈ പുഴ കൊട്ടിയൂര്‍ പഞ്ചായത്തിലെ ഒമ്പതു വാര്‍ഡുകളെയും സ്പര്‍ശിച്ചുകൊണ്ടാണ് ഒഴുകുന്നത്. വനത്തിലൂടെ ഒഴുകിയെത്തുന്ന ബാവലിപ്പുഴയിലെ ജലത്തിന് ഔഷധഗുണമുണ്ടെന്ന് കരുതപ്പെടുന്നു. കൊട്ടിയൂര്‍ ഉത്സവത്തിന് ക്ഷേത്രാങ്കണമായ തിരുവഞ്ചിറയിലേക്ക് വെളളം എത്തിക്കുന്നത് ബാവലിപ്പുഴയില്‍ നിന്നാണ്. മന്ദംചേരി മുതല്‍ ഒരു കിലോമീറ്റര്‍ ദൂരം ബാവലിപ്പുഴ രണ്ടായി ഒഴുകുന്നു. ഈ പുഴകളുടെ ഇരുകരകളിലുമായി അക്കരകൊട്ടിയൂര്‍ ക്ഷേത്രവും ഇക്കരകൊട്ടിയൂര്‍ ക്ഷേത്രവും സ്ഥിതി ചെയ്യുന്നു. പുഴയുടെ മധ്യഭാഗം ഇവിടെ ഒരു തുരുത്തായി കാണപ്പെടുന്നു. ഇടബാവലി എന്നാണ് ഇത് അറിയപ്പെടുന്നത്.