ചരിത്രം

സാമൂഹ്യസാംസ്കാരികചരിത്രം

പുരാണപ്രസിദ്ധമായ കൊട്ടിയൂര്‍ ശിവക്ഷേത്രം ഒന്നു കൊണ്ടുതന്നെ ഈ പ്രദേശം പണ്ടേ പ്രസിദ്ധമാണ്. ദക്ഷപുത്രിയായ ദാക്ഷായണി അഗ്നിയില്‍ ആത്മാഹുതി ചെയ്തതില്‍ സംഹാരരുദ്രനായ പരമശിവന്‍ ദക്ഷപ്രജാപതിയുടെ ശിരസ്സ് കൊത്തിയ ഊര് എന്ന അര്‍ത്ഥത്തിലാണ് കൊട്ടിയൂരെന്ന ദേശനാമം ഉണ്ടായതെന്നാണ് ഐതിഹ്യം. കൊട്ടിയൂരിലേയും സമീപപ്രദേശങ്ങളിലേയും സ്ഥലനാമങ്ങള്‍ക്ക് ഈ ക്ഷേത്രവുമായി സവിശേഷമായ ബന്ധം നിലനില്‍ക്കുന്നതായി കാണാം. ക്ഷേത്രങ്ങള്‍ക്ക് വിപുലമായ ഭരണാധികാരം ഉണ്ടായിരുന്ന ഫ്യൂഡല്‍ കാലഘട്ടത്തില്‍ ഉത്തരകേരളത്തില്‍ അഞ്ചു പ്രധാന ക്ഷേത്രങ്ങളുണ്ടായിരുന്നു. ഈ അഞ്ചു ക്ഷേത്രങ്ങള്‍ ക്ഷേത്രപ്പെരുമാക്കള്‍ എന്നാണറിയപ്പെട്ടിരുന്നത്. കൊട്ടിയൂര്‍ തൃച്ചെറുമന്ന ശ്രീപരമേശ്വര ക്ഷേത്രം ഈ അഞ്ചു പ്രധാനക്ഷേത്രങ്ങളില്‍ ഉള്‍പ്പെട്ടിരുന്നു. കേരളത്തിലെ ഇതരക്ഷേത്രങ്ങളില്‍ നിന്നല്ലാം വ്യത്യസ്തമായ സവിശേഷതകളുള്ളതാണ് കൊട്ടിയൂര്‍ ശ്രീമഹാക്ഷേത്രം. ആരാധനയിലും അനുഷ്ഠാനങ്ങളിലും രൂപത്തിലും ഈ വ്യത്യാസം വളരെ പ്രകടമാണ്. ശ്രീകോവിലും ഗോപുരവും ചുറ്റുമതിലുമില്ലാതെ, കാടിന്റെ നടുവില്‍, ഒരു പാറയിടുക്കിലുള്ള സ്വയം ഭൂവായതെന്ന് വിശ്വസിക്കപ്പെടുന്ന ശിവലിംഗം മാത്രമാണിവിടുത്തെ പ്രതിഷ്ഠ. ഒരു യാഗശാലയുടെ മാതൃകയിലാണ് ഈ ക്ഷേത്രം. ബാവലിപ്പുഴയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്രത്തില്‍ മേടമാസത്തിലെ ചോതിനക്ഷത്രം മുതല്‍ മിഥുനമാസത്തിലെ ചോതിനക്ഷത്രം വരെ രണ്ടു ചന്ദ്രമാസക്കാലം ഉത്സവസമയമാണ്. ഒരു വര്‍ഷത്തിലെ ബാക്കി സമയം മുഴുവന്‍ ഈ ക്ഷേത്രം കാട്ടിന്‍ നടുവില്‍ ഏകാന്തമായ നിലയില്‍ സ്ഥിതിചെയ്യുന്നു. ആ സമയം ഇവിടെ ആരാധനാനുഷ്ഠാനങ്ങള്‍ ഒന്നും തന്നെയില്ല. ആളുകള്‍ അങ്ങോട്ടു പോകാറുമില്ല. നെയ്യഭിഷേകം, ഇളനീരഭിഷേകം, കലശപൂജ മുതലായവ ക്ഷേത്രത്തിലെ വിശിഷ്ടമായ ചടങ്ങുകളാണ്. കൊട്ടിയൂരിലേക്ക് അടുത്തകാലം വരെ ഭക്തര്‍ കാല്‍നടയായിട്ടായിരുന്നു വന്നിരുന്നത്. ഇളനീര്‍ഭക്തരുടെ യാത്രാക്ളേശം നേരിട്ടുകണ്ട ശ്രീ നാരായണ ഗുരുദേവന്‍, യാത്ര ചെയ്യുവാന്‍ ബുദ്ധിമുട്ടുള്ളവര്‍ ഇളനീര്‍ക്കുലകള്‍ തലശ്ശേരി ജഗന്നാഥക്ഷേത്രത്തില്‍ അര്‍പ്പിച്ചാലും മതിയെന്ന് അഭിപ്രായപ്പെടുകയുണ്ടായി. കൊട്ടിയൂര്‍ ഉത്സവത്തിനു അര്‍പ്പിക്കപ്പെടുന്ന നെയ്യമൃത് ബാവലിയാറ്റിലൂടെ ഒഴുകി, വളപട്ടണം പുഴയിലെത്തിച്ചേരുന്നതുകൊണ്ടാവാം, വളപട്ടണം പുഴയ്ക്കു നെയ്യ് നിറയാറ് എന്നും ഘൃതനദിനി എന്നും പേരു വന്നത്. ജ്ഞാനപ്പാനയുടെ കര്‍ത്താവായ പൂന്താനം, കൊട്ടിയൂര്‍ ക്ഷേത്രത്തില്‍ ഭജനം ഇരുന്നതായി കേരള സാഹിത്യചരിത്രത്തില്‍ മഹാകവി ഉള്ളൂര്‍ രേഖപ്പെടുത്തിയിട്ടുണ്ട്. വടക്കന്‍ പാട്ടുകളിലെ ചില നായികാനായകന്മാരുടെ ആരാധനാമൂര്‍ത്തിയായിരുന്നു കൊട്ടിയൂരപ്പന്‍. വടകരപ്രദേശങ്ങളില്‍ ഇന്നും വടക്കോട്ടു പോകുക എന്നു പറഞ്ഞാല്‍ കൊട്ടിയൂരു പോവുകയെന്നാണര്‍ത്ഥം. പണ്ടു കോലത്തുനാടിന്റെ കീഴില്‍ ഉള്‍പ്പെട്ട ഒരു പ്രദേശമായിരുന്നു കൊട്ടിയൂര്‍. ബാവലിപ്പുഴയുടെ തീരങ്ങളില്‍ പാര്‍പ്പുറപ്പിച്ചിരുന്ന ആദിവാസികളായ പണിയരും കുറിച്യരും മാത്രമേ പഴയകാലത്ത് കൊട്ടിയൂരില്‍ ഉണ്ടായിരുന്നുള്ളൂ. എന്നാല്‍ ഇരുപതാം നൂറ്റാണ്ടിന്റെ മധ്യദശകങ്ങളില്‍ ഈ പ്രദേശം പുതിയൊരു സാംസ്കാരിക പ്രവാഹത്തിന് വിധേയമായി. 1940-കള്‍ മുതല്‍ മധ്യതിരുവിതാംകൂറില്‍ നിന്നും മലബാറിലേക്ക് കുടിയേറ്റം ആരംഭിച്ചു. കണ്ണുര്‍ ജില്ലയില്‍ തലശ്ശേരിക്കു കിഴക്ക് കോളയാടും, തളിപ്പറമ്പിനു കിഴക്കുള്ള പ്രദേശങ്ങളിലും ആയിരുന്നു ആദ്യകുടിയേറ്റം നടന്നത്. തുടര്‍ന്ന് കോളയാടിന്റെ കിഴക്കന്‍ ഭാഗങ്ങളിലേക്കും കുടിയേറ്റം നടന്നു. അക്കാലത്ത് തലശ്ശേരിയില്‍ നിന്ന് മൂന്നു ബസ്സുകള്‍ പേരാവൂര്‍ വരെ സര്‍വ്വീസ് നടത്തിയിരുന്നു. പേരാവൂരില്‍ നിന്നും 15 കിലോമീറ്റര്‍ മലമ്പാതയിലൂടെ നടന്നാണ് ആളുകള്‍ കൊട്ടിയൂരില്‍ എത്തിയിരുന്നത്. വേനല്‍ക്കാലത്ത് കൂപ്പില്‍ നിന്നും ലോറിയില്‍ മരം കൊണ്ടുപോകാന്‍ താല്‍ക്കാലികമായി തീര്‍ത്ത ഒരു മലമ്പാതയായിരുന്നു അത്. 1960 ആയപ്പോഴേക്കും കൊട്ടിയൂര്‍ പ്രദേശത്ത് കുടിയേറ്റം വ്യാപകമായി നടന്നുകഴിഞ്ഞിരുന്നു. കുടിയേറ്റക്കാരില്‍ ഭൂരിഭാഗവും, കൊട്ടിയൂര്‍ ദേവസ്വം വക ഭൂമിയില്‍ അധികാരമുണ്ടായിരുന്ന ഊരാളന്‍മാരോടും ജന്മിമാരോടും വില നല്‍കിയായിരുന്നു ഭൂമി നേടിയത്. ഘോരവനഭൂമിയായിരുന്ന ഇവിടെ, കാട്ടുമൃഗങ്ങളോടും മലമ്പനിയോടും പട്ടിണിയോടും വിഷപ്പാമ്പുകളോടും മല്ലിട്ടുകൊണ്ട് തങ്ങളുടെ മണ്ണില്‍ കൃഷിയിറക്കാന്‍ തുടങ്ങിയ കുടിയേറ്റകര്‍ഷകജനത, തങ്ങളുടെ മണ്ണ് നിലനിര്‍ത്താന്‍ വേണ്ടി ഐതിഹാസികമായ സമരമുഖങ്ങളിലേക്ക് നീങ്ങുകയാണ് ഉണ്ടായത്. 1967-ല്‍ പാസ്സാക്കിയ കാര്‍ഷിക ബന്ധ ബില്ലാണ് അടിസ്ഥാനപരമായി കൊട്ടിയൂര്‍ നിവാസികള്‍ക്ക് ഭൂമിയില്‍ സ്ഥിരാവകാശം നേടിക്കൊടുത്തതെന്ന് പറയാം. പശ്ചിമഘട്ടത്തില്‍ മൂന്നുവശവും വനങ്ങളാല്‍ ചുറ്റപ്പെട്ടു കിടക്കുന്ന കൊട്ടിയൂര്‍ പഞ്ചായത്ത് തികച്ചും ഒരു കാര്‍ഷികമേഖലയാണ്. 1950-കളില്‍ കുടിയേറിയ കൃഷിക്കാരാണ് ഇന്ന് ഇവിടുത്തെ ജനസംഖ്യയില്‍ ഭൂരിഭാഗവും. കൊട്ടിയൂരിന്റെ പൌരാണികചരിത്രത്തിന് പരശുരാമന്റെ കേരള സൃഷ്ടിയുടെ ഐതിഹ്യത്തോളം പഴക്കമുണ്ട്. പരശുരാമനാല്‍ സ്ഥാപിതമായ 108 ക്ഷേത്രങ്ങളിലൊന്നാണ് കൊട്ടിയൂര്‍ എന്നും ഐതിഹ്യമുണ്ട്. വടക്കന്‍പാട്ടിലും, ലോഗന്‍സ് മാന്വലിനും തൃച്ചെറുമന്ന എന്നത്രെ കൊട്ടിയൂരിന്റെ പേരു പരാമര്‍ശിക്കുന്നത്. വടക്കേമലബാറിലെ പ്രസിദ്ധമായ തീര്‍ത്ഥാടനകേന്ദ്രമായ കൊട്ടിയൂരിലെ ക്ഷേത്രോത്സവം മതമൈത്രിയെ ഊട്ടിയുറപ്പിക്കുന്നതു കൂടിയാണെന്നു പറയാം.