ഭരണ സംവിധാനം

അതത് പ്രദേശത്തെ ഭരണ വികസന കാര്യങ്ങള്‍ നിര്‍വഹിക്കുന്നതിന് പ്രാദേശിക തലത്തില്‍ പ്രവര്‍ത്തനം നടത്തുന്നതിന് ചുമതലപ്പെട്ട ഭരണ സംവിധാനത്തേയാണ് പ്രാദേശിക ഭരണ സംവിധാനം എന്നത്കൊണ്ട് അര്‍ത്ഥമാക്കുന്നത്. ഇന്ത്യന്‍ ഭരണ ഘടന നിലവില്‍ വന്നപ്പോള്‍ രാജ്യത്ത് രണ്ട് തലത്തിലുള്ള ഭരണകൂടങ്ങളാണ് വ്യവസ്ഥ ചെയ്തിട്ടുള്ളത്. ഒന്ന് കേന്ദ്ര സര്‍ക്കാര്‍, രണ്ട് സംസ്ഥാന സര്‍ക്കാറുകള്‍. ഏറെക്കാലത്തെ ചര്‍ച്ചകള്‍ക്കും ആലോചനകള്‍ക്കും ശേഷം മൂന്നാംതല ഭരണ സംവിധാനമായി പ്രാദേശിക സര്‍ക്കാരുകള്‍ ഇന്ത്യന്‍ ഭരണ ഘടനയില്‍ 1992 ല്‍ വ്യവസ്ഥ ചെയ്യപ്പെട്ടു. ഭരണ ഘടനയുടെ 73 ാമത് ഭേദഗതിയിലൂടെ പഞ്ചായത്ത് രാജ് സ്ഥാപനങ്ങളും 74 ാമത് ഭേദഗതിയിലൂടെ നഗരപാലിക സ്ഥാപനങ്ങളും നിലവില്‍ വന്നു. അതോടെ രാജ്യത്ത് പഞ്ചായത്തുകളും നഗര പാലിക സ്ഥാപനങ്ങളും കേന്ദ്ര - സംസ്ഥാന സര്‍ക്കാറുകളെപോലെ ഭരണ ഘടനാ പിന്‍ബലമുള്ള പ്രാദേശിക ഭരണ സംവിധാനമായി മാറി.

പ്രാദേശിക സര്‍ക്കാര്‍ എന്നാല്‍ തിരഞ്ഞെടുക്കപ്പെടുന്ന ജനപ്രതിനിധികളും ആ സര്‍ക്കാറിന്‍റെ ഭാഗമായ സ്ഥാപനങ്ങളും, ഉദ്യോഗസ്ഥരും, ഗ്രാമ സഭയും ചേര്‍ന്നതാണ്. . പ്രാദേശിക ഭരണ വ്യവസ്ഥ എന്നാല്‍ പ്രാദേശിക സര്‍ക്കാറിന് പുറമേ അയല്‍കൂട്ടങ്ങള്‍, വാര്‍ഡ് തലത്തിലുള്ള വിവിധ കമ്മറ്റികള്‍, തദ്ദേശ ഭരണ സ്ഥാപന തലത്തിലുള്ള വിവിധ കമ്മറ്റികള്‍, വിവിധങ്ങളായ ജനകീയ സമിതികള്‍. സന്നദ്ധ സംഘടനകള്‍, സന്നദ്ധ പ്രവര്‍ത്തകര്‍ തുടങ്ങി പ്രാദേശിക ഭരണത്തില്‍ ഉള്‍ച്ചേര്‍ക്കാന്‍ കഴിയുന്ന മുഴുവന്‍ സംവിധാനങ്ങളും ചേരുന്നതാണ്.