ചരിത്രം

സാമൂഹ്യ-സാംസ്കാരിക ചരിത്രം
പുരാതന കുലശേഖര സാമ്രാജ്യത്തിന്റെ ഭാഗമായിരുന്ന വഞ്ചുനാട്, വെമ്പൊലിനാട്, നന്റുഴൈനാട് എന്നീ പ്രദേശങ്ങള്‍ ചേര്‍ത്താണ് ഇന്നത്തെ കോട്ടയം ജില്ല രൂപീകരിച്ചത്. “കോട്ടയുടെ അകം” എന്നര്‍ത്ഥം വരുന്ന “കോട്ട”, “അകം” എന്നീ രണ്ടു പദങ്ങളില്‍ നിന്നാണ് കോട്ടയം എന്ന സ്ഥലനാമം രൂപപ്പെട്ടതെന്ന് പറയപ്പെടുന്നു. ഇന്നത്തെ കോട്ടയം, ഏറ്റുമാനൂര്‍ എന്നീ പ്രദേശങ്ങള്‍ വഞ്ചുനാട്ടിലും, വൈക്കം താലൂക്കും മീനച്ചില്‍ താലൂക്കിന്റെ കുറേ ഭാഗങ്ങളും വെമ്പൊലി നാട്ടിലും, ചങ്ങനാശ്ശേരി, കാഞ്ഞിരപ്പള്ളി താലൂക്കുകളും മീനച്ചില്‍ താലൂക്കിന്റെ കുറെ ഭാഗങ്ങളും നന്റുഴൈനാട്ടിലും  ഉള്‍പ്പെട്ട പ്രദേശങ്ങളായിരുന്നു. വഞ്ചുനാടിന്റെയും തെക്കുംകൂറിന്റെയും രാജാക്കന്‍മാര്‍, അവരുടെ ഭരണതലസ്ഥാനമായി തെരഞ്ഞെടുത്തിരുന്നത് ഇന്നത്തെ കോട്ടയം ടൌണിനോടു ചേര്‍ന്നുകിടക്കുന്ന താഴത്തങ്ങാടി ആയിരുന്നു. 1749-1754 കാലത്തിനിടയില്‍ മാര്‍ത്താണ്ഡവര്‍മ്മ മഹാരാജാവ് യുദ്ധം ചെയ്ത് ഈ പ്രദേശം പിടിച്ചെടുക്കുകയും തിരുവിതാംകൂറിനോട് ചേര്‍ക്കുകയും ചെയ്തു. മാര്‍ത്താണ്ഡവര്‍മ്മയ്ക്കു ശേഷം തിരുവിതാംകൂര്‍ ഭരിച്ച ധര്‍മ്മരാജ ഹൈദരാലിയേയും ടിപ്പുസുല്‍ത്താനെയും പ്രതിരോധിക്കുന്നതിനായി കോട്ടയത്തെ ഒരു തന്ത്രപ്രധാന സ്ഥലമെന്ന നിലയില്‍ തെരഞ്ഞെടുത്തിരുന്നു. 1813-ല്‍ സ്ഥാപിക്കപ്പെട്ട കോട്ടയം പഴയ സെമിനാരിയാണ് ദക്ഷിണേന്ത്യയില്‍ ആദ്യമായി ഇംഗ്ളീഷ് വിദ്യാഭ്യാസത്തിന് തുടക്കം കുറിച്ചത്. 1821-ല്‍ ബഞ്ചമിന്‍ ബെയ് ലി കോട്ടയത്തു സ്ഥാപിച്ച സി.എം.എസ് പ്രസ്സാണ് കേരളത്തിലെ ആദ്യത്തെ അച്ചടിശാല. ആദ്യത്തെ മലയാളം നിഘണ്ടു, ആദ്യത്തെ മലയാളം-ഇംഗ്ളീഷ് നിഘണ്ടു, 1887-ല്‍ സ്ഥാപിക്കപ്പെട്ട ആദ്യത്തെ മലയാളപത്രമായ “നസ്രാണി ദീപിക” (ദീപിക), ആദ്യത്തെ മലയാളം ബൈബിള്‍, ആദ്യത്തെ സമ്പൂര്‍ണ്ണ വിശ്വവിജ്ഞാനകോശം, വെട്ടം മാണിയുടെ “പുരാണിക് എന്‍സൈക്ളോപീഡിയ” എന്നിവ പ്രസിദ്ധീകരിച്ചത് കോട്ടയത്തു നിന്നാണ്. 1924-ലെ ചരിത്രപ്രസിദ്ധമായ വൈക്കം സത്യാഗ്രഹം, 1932-ല്‍ ആരംഭിച്ച നിവര്‍ത്തനപ്രക്ഷോഭം എന്നിവ കോട്ടയം ജില്ലയില്‍ നടന്നിട്ടുള്ള പ്രധാന നവോത്ഥാന സമരങ്ങളാണ്. 1927-ല്‍ നടന്ന തിരുവാര്‍പ്പു സത്യാഗ്രഹവും വൈക്കം സത്യാഗ്രഹം പോലെ തന്നെ പ്രാധാന്യമുള്ള സമരമായിരുന്നു. വൈക്കം സത്യാഗ്രഹവുമായി ബന്ധപ്പെട്ട് മഹാത്മാഗാന്ധി, സി.രാജഗോപാലാചാരി, ആചാര്യ വിനോബഭാവെ, ഇ.വി.രാമസ്വാമി നായ്ക്കര്‍ എന്നിവര്‍ വൈക്കത്തു വന്നിട്ടുണ്ട്. രാഷ്ട്രത്തിന്റെ പരമോന്നത വ്യക്തിയായി ഉയര്‍ന്ന് രാഷ്ട്രപതി വരെ ആയ കെ.ആര്‍.നാരായണന് ജന്മം നല്‍കിയത് കോട്ടയം ജില്ലയാണ്. മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭയുടെ ആഗോള ആസ്ഥാനമായ കാത്തോലിക്കേറ്റ് ഓഫീസും അരമനയും കോട്ടയത്താണ്. വാഴ്ത്തപ്പെട്ട സിസ്റ്റര്‍ അല്‍ഫോണ്‍സാമ്മ, കുര്യാക്കോസ് ഏലിയാസ് അച്ചന്‍ എന്നിവരും കോട്ടയത്തുകാരാണ്. ഒരു ഗവണ്‍മെന്റ് കോളേജുള്‍പ്പടെ 21 ആര്‍ട്സ് ആന്റ് സയന്‍സ് കോളേജുകളും, എന്‍.എസ്.എസ് ഹോമിയോ മെഡിക്കല്‍ കോളേജ്, ഗാന്ധി മെഡിക്കല്‍ യൂണിവേഴ്സിറ്റിയുടെ കീഴിലുള്ള നഴ്സിംഗ് പാരാമെഡിക്കല്‍ സ്ഥാപനങ്ങള്‍, രാജീവ് ഗാന്ധി എന്‍ജിനീയറിംഗ് കോളേജ്-പാമ്പാടി എന്നിവ ഈ ജില്ലയിലെ പ്രധാന വിദ്യാഭ്യാസസ്ഥാപനങ്ങളാണ്. തീര്‍ത്ഥാടനകേന്ദ്രമായ ശബരിമലയിലേക്കുള്ള പ്രധാന പാത കടന്നുപോകുന്നത് കോട്ടയം വഴിയാണ്. സ്വാതിതിരുനാള്‍ മഹാരാജാവിന്റെ ഭരണകാലത്ത് 1835-ല്‍ തന്നെ തിരുവിതാംകൂറില്‍ പൊതുമരാമത്ത് വകുപ്പിന്റെ പ്രവര്‍ത്തനം ആരംഭിച്ചതിന്റെ ഭാഗമായി കോട്ടയത്തേയും ഗതാഗതപാതകളുടെ നിര്‍മ്മാണം ആരംഭിച്ചിരുന്നു. 1903-ല്‍ കൊല്ലം-തിരുനെല്‍വേലി റെയില്‍വേ പാതയുടെ പണി പൂര്‍ത്തിയായി. ഈ പാത കൊല്ലവും കടന്ന് കോട്ടയം വരെ നീണ്ടിരുന്നു. എം.സി റോഡും, കോട്ടയം-കുമിളി റോഡുമാണ് ഈ ജില്ലയിലൂടെ കടന്നു പോകുന്ന പ്രധാന സംസ്ഥാനപാതകള്‍. വേമ്പനാട്ട് കായലിന്റെ അതിമനോഹര തീരപ്രദേശങ്ങളായ കവണാറ്റിന്‍കര, കുമരകം എന്നീ പ്രദേശങ്ങള്‍ അന്താരാഷ്ട്ര ടൂറിസ്റ്റുകേന്ദ്രങ്ങളാണ്. സാഹസിക വിനോദസഞ്ചാരികള്‍ക്ക് ഏറെ പ്രിയപ്പെട്ട ടൂറിസ്റ്റ് കേന്ദ്രമാണ് ജില്ലയിലെ ഇലവീഴാപൂഞ്ചിറ എന്ന പ്രദേശം. അയൂമ്പാറ, മാര്‍മല അരുവി, കരിമ്പുകയം-മേലോരം, എരുമേലി, മണിയന്‍കുന്ന്, കയ്യൂര്‍, അരുവിക്കുഴി, സെന്റ് തോമസ് മൌണ്ട് എന്നീ സ്ഥലങ്ങളും പ്രമുഖ വിനോദസഞ്ചാര കേന്ദ്രങ്ങളായി വികസിച്ചുകൊണ്ടിരിക്കുന്നു. താഴത്തങ്ങാടി, കുമരകം എന്നിവിടങ്ങളിലെ വള്ളംകളി മേളകള്‍ പ്രസിദ്ധമാണ്. എം.ആര്‍.എഫ് ലിമിറ്റഡ് - വടവാതൂര്‍, ടെസല്‍ കെമിക്കല്‍സ് - ചിങ്ങവനം, കൊച്ചിന്‍ സിമന്റ്സ് - വെള്ളൂര്‍, ഹിന്ദുസ്ഥാന്‍ ന്യൂസ് പ്രിന്റ് ലിമിറ്റഡ് - വെള്ളൂര്‍ എന്നിവയാണ് കോട്ടയം ജില്ലയിലെ വന്‍കിട വ്യവസായസ്ഥാപനങ്ങള്‍. ഇന്ത്യയിലാദ്യമായി സമ്പൂര്‍ണ്ണസാക്ഷരത കൈവരിച്ച നഗരമാണ് കോട്ടയം. അക്ഷരനഗരി എന്നറിയപ്പെടുന്ന കോട്ടയത്തു നിന്നാണ് കേരളത്തിലെ ബഹുഭൂരിഭാഗം പ്രമുഖ പത്രമാധ്യമങ്ങളും, വാരികകളും, മാസികകളും പ്രസിദ്ധീകരിക്കപ്പെടുന്നത്. റബ്ബര്‍കൃഷിയുടെയും, റബ്ബര്‍ വ്യാപാരത്തിന്റെയും മേഖലയിലും ഇന്ത്യയില്‍ ഒന്നാംസ്ഥാനത്ത് നിലകൊള്ളുന്നത് കോട്ടയം ജില്ലയാണ്. ഹിന്ദു-മുസ്ളീം മത മൈത്രിയുടെ പ്രതീകമായ എരുമേലി ശ്രീധര്‍മ്മശാസ്താക്ഷേത്രം, വാവരുപള്ളി, ഏറ്റുമാനൂര്‍ മഹാദേവക്ഷേത്രം, അല്‍ഫോണ്‍സാമ്മയുടെ കബറിടം എന്നീ പ്രമുഖ തീര്‍ത്ഥാടന കേന്ദ്രങ്ങള്‍ കോട്ടയം ജില്ലയിലാണ്. ദക്ഷിണ മൂകാംബിക എന്നറിയപ്പെടുന്ന പനച്ചിക്കാട് സരസ്വതി ക്ഷേത്രം സൂര്യദേവപ്രതിഷ്ഠയുള്ള ദക്ഷിണേന്ത്യയിലെ ഏക ക്ഷേത്രമായ ആദിത്യപുരം ക്ഷേത്രം എന്നിവയും കോട്ടയത്താണ്. ഇവ കൂടാതെ പ്രസിദ്ധമായ ക്രിസ്ത്യന്‍ തീര്‍ത്ഥാടന കേന്ദ്രമായ കുരിശുമല ആശ്രമവും കുരിശുമലയും, മുസ്ളീം തീര്‍ത്ഥാടന കേന്ദ്രമായ കോലാഹലമേടും ഈ ജില്ലയിലാണ് സ്ഥിതിചെയ്യുന്നത്.