ജില്ലയിലൂടെ

പുരാതന കുലശേഖര സാമ്രാജ്യത്തിന്റെ ഭാഗമായിരുന്ന വഞ്ചുനാട്, വെമ്പൊലിനാട്, നന്റുഴൈനാട് എന്നീ പ്രദേശങ്ങള്‍ ചേര്‍ത്താണ് ഇന്നത്തെ കോട്ടയം ജില്ല രൂപീകരിച്ചത്. “കോട്ടയുടെ അകം” എന്നര്‍ത്ഥം വരുന്ന “കോട്ട”, “അകം” എന്നീ രണ്ടു പദങ്ങളില്‍ നിന്നാണ് കോട്ടയം എന്ന സ്ഥലനാമം രൂപപ്പെട്ടതെന്ന് പറയപ്പെടുന്നു. വടക്കുഭാഗത്ത് എറണാകുളം, ഇടുക്കി എന്നീ ജില്ലകള്‍ വരേയും, കിഴക്കുഭാഗത്ത് ഇടുക്കി ജില്ല വരേയും, തെക്കുഭാഗത്ത് പത്തനംതിട്ട, ആലപ്പുഴ ജില്ലകള്‍ വരേയും, പടിഞ്ഞാറുഭാഗത്ത് വേമ്പനാട്ടുകായല്‍, ആലപ്പുഴ ജില്ല എന്നിവിടങ്ങള്‍ വരേയും വ്യാപിച്ചുകിടക്കുന്ന കോട്ടയം ജില്ലയ്ക്കു 2203 ചതുരശ്രകിലോമീറ്റര്‍ വിസ്തീര്‍ണ്ണമുണ്ട്. വൈക്കം, കടുത്തുരുത്തി, ഏറ്റുമാനൂര്‍, ഉഴവൂര്‍, ളാലം, ഈരാറ്റുപേട്ട, പാമ്പാടി, പള്ളം, മാടപ്പള്ളി, വാഴൂര്‍, കാഞ്ഞിരപ്പള്ളി എന്നിങ്ങനെ 11 ബ്ളോക്കുപഞ്ചായത്തുകളാണ് കോട്ടയം ജില്ലാ പഞ്ചായത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുന്നത്. മേല്‍പ്പറഞ്ഞ 11 ബ്ളോക്കുകളിലായി 73 ഗ്രാമപഞ്ചായത്തുകളും 95 വില്ലേജുകളും സ്ഥിതി ചെയ്യുന്നു. കോട്ടയം, ചങ്ങനാശ്ശേരി, വൈക്കം, പാലാ എന്നിങ്ങനെ 4 മുനിസിപ്പാലിറ്റികള്‍ കോട്ടയം ജില്ലയിലുണ്ട്. മീനച്ചില്‍, കാഞ്ഞിരപ്പള്ളി, കോട്ടയം, ചങ്ങനാശ്ശേരി, വൈക്കം എന്നിങ്ങനെ അഞ്ചു താലൂക്കുകളിലായി ഈ ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ വ്യാപിച്ചുകിടക്കുന്നു. 2203 ചതുരശ്ര കിലോമീറ്റര്‍ വിസ്തീര്‍ണ്ണമുള്ള കോട്ടയം ജില്ലാപഞ്ചായത്തില്‍ ആകെ 23 ഡിവിഷനുകളുണ്ട്. ഭൂപ്രകൃതിയനുസരിച്ച് കോട്ടയം ജില്ലയെ പാടശേഖരങ്ങളും ചതുപ്പുകളും നീര്‍ച്ചാലുകളും ചേര്‍ന്നുകിടക്കുന്ന തീരസമതലം, ചെറിയ കുന്നുകളും താഴ്വരകളും സമതലങ്ങളും ചേര്‍ന്ന നിമ്നോന്നതമായ ഇടനാട്, ഹൈറേഞ്ചിന്റെ സവിശേഷതകള്‍ പുലര്‍ത്തുന്ന ഉയര്‍ന്ന കുന്നുകളും മലഞ്ചെരിവുകളുമുള്ള മലനാട് എന്നിങ്ങനെ മൂന്നായി തരം തിരിക്കാം. മണല്‍മണ്ണ്, മണലും ചെളിയും കലര്‍ന്ന മണ്ണ്, വെട്ടുകല്ല്, ചുവന്ന ചെമ്മണ്ണ്, എക്കല്‍മണ്ണ് എന്നിവയാണ് ഈ ജില്ലയില്‍ കാണപ്പെടുന്ന പ്രധാന മണ്ണിനങ്ങള്‍. വേമ്പനാട്ട് കായലിന്റെ അതിമനോഹര തീരപ്രദേശങ്ങളായ കവണാറ്റിന്‍കര, കുമരകം എന്നീ പ്രദേശങ്ങള്‍ അന്താരാഷ്ട്ര ടൂറിസ്റ്റുകേന്ദ്രങ്ങളാണ്. സാഹസിക വിനോദസഞ്ചാരികള്‍ക്ക് ഏറെ പ്രിയപ്പെട്ട ടൂറിസ്റ്റ് കേന്ദ്രമാണ് ജില്ലയിലെ ഇലവീഴാപൂഞ്ചിറ എന്ന പ്രദേശം. അയൂമ്പാറ, മാര്‍മല അരുവി, കരിമ്പുകയം-മേലോരം, എരുമേലി, മണിയന്‍കുന്ന്, കയ്യൂര്‍, അരുവിക്കുഴി, സെന്റ് തോമസ് മൌണ്ട് എന്നീ സ്ഥലങ്ങളും പ്രമുഖ വിനോദസഞ്ചാര കേന്ദ്രങ്ങളായി വികസിച്ചുകൊണ്ടിരിക്കുന്നു. താഴത്തങ്ങാടി, കുമരകം എന്നിവിടങ്ങളിലെ വള്ളംകളി മേളകള്‍ പ്രസിദ്ധമാണ്. എം.ആര്‍.എഫ് ലിമിറ്റഡ് - വടവാതൂര്‍, ടെസല്‍ കെമിക്കല്‍സ് - ചിങ്ങവനം, കൊച്ചിന്‍ സിമന്റ്സ് - വെള്ളൂര്‍, ഹിന്ദുസ്ഥാന്‍ ന്യൂസ് പ്രിന്റ് ലിമിറ്റഡ് - വെള്ളൂര്‍ എന്നിവയാണ് കോട്ടയം ജില്ലയിലെ വന്‍കിട വ്യവസായസ്ഥാപനങ്ങള്‍. ഇന്ത്യയിലാദ്യമായി സമ്പൂര്‍ണ്ണസാക്ഷരത കൈവരിച്ച നഗരമാണ് കോട്ടയം. അക്ഷരനഗരി എന്നറിയപ്പെടുന്ന കോട്ടയത്തു നിന്നാണ് കേരളത്തിലെ ബഹുഭൂരിഭാഗം പ്രമുഖ പത്രമാധ്യമങ്ങളും, വാരികകളും, മാസികകളും പ്രസിദ്ധീകരിക്കപ്പെടുന്നത്. റബ്ബര്‍ കൃഷിയുടെയും, റബ്ബര്‍ വ്യാപാരത്തിന്റെയും മേഖലയിലും ഇന്ത്യയില്‍ ഒന്നാംസ്ഥാനത്ത് നിലകൊള്ളുന്നത് കോട്ടയം ജില്ലയാണ്. കോട്ടയം ജില്ലയില്‍ 1991 ഫെബ്രുവരി 15-ാം തിയതിയാണ് ജില്ലാ കൌണ്‍സില്‍ അധികാരത്തില്‍ വന്നത്.