കൊട്ടാരക്കര

കൊല്ലം ജില്ലയില്‍, കൊട്ടാരക്കര താലൂക്കിലാണ് കൊട്ടാരക്കര ബ്ളോക്ക് പഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. വെളിയം, പൂയപ്പള്ളി, കരീപ്ര, എഴുകോണ്‍, നെടുവത്തൂര്‍, കൊട്ടാരക്കര എന്നീ ഗ്രാമപഞ്ചായത്തുകള്‍ ഈ ബ്ളോക്കില്‍ ഉള്‍പ്പെടുന്നു. വെളിയം, ഓടനാവട്ടം, പൂയപ്പള്ളി, കരീപ്ര, എഴുകോണ്‍, പുത്തൂര്‍, നെടുവത്തൂര്‍, കൊട്ടാരക്കര എന്നീ വില്ലേജുകളിലായി വ്യാപിച്ചുകിടക്കുന്ന കൊട്ടാരക്കര ബ്ളോക്ക് പഞ്ചായത്തിന് 133.1 ചതുരശ്ര കിലോമീറ്റര്‍ വിസ്തീര്‍ണ്ണമുണ്ട്. കൊട്ടാരക്കര ബ്ളോക്കു പ്രദേശത്തെ എല്ലാ ഗ്രാമങ്ങള്‍ക്കും നൂറ്റാണ്ടുകള്‍ പഴക്കമുള്ള തനതുചരിത്രവും സംസ്കാരവുമുണ്ട്. പ്രാചീനകാലത്ത് ബുദ്ധമതസംസ്കാരം നിലനിന്നിരുന്ന നിരവധി പ്രദേശങ്ങള്‍ ഈ ബ്ളോക്കിലുണ്ട്. വെളിയവും പൂയപ്പള്ളിയും എഴുകോണുമെല്ലാം ഉദാഹരണം. നൂറ്റാണ്ടുകള്‍ പഴക്കമുള്ള നിരവധി ക്ഷേത്രങ്ങളും രാജകൊട്ടാരങ്ങളും കൊട്ടാരക്കരയിലും ഈ ബ്ളോക്കിലുള്‍പ്പെടുന്ന മറ്റു ഗ്രാമങ്ങളിലുമുണ്ട്. കൊട്ടാരങ്ങളുടെ കരയാണ് കൊട്ടാരക്കരയായത്. കൊട്ടാരക്കര ഗണപതിക്ഷേത്രം പെരുന്തച്ചന്‍ പ്രതിഷ്ഠ നടത്തിയതെന്നു വിശ്വസിക്കപ്പെടുന്നതും കേരളത്തിലെ ഏറ്റവും പ്രസിദ്ധവും പ്രധാനപ്പെട്ടതുമായ ക്ഷേത്രങ്ങളിലൊന്നാണ്. ചെറിയ ചെറിയ നാട്ടുരാജ്യങ്ങളായിരുന്ന ഈ പ്രദേശങ്ങളിലെ പ്രധാന രാജവംശം കൊട്ടാരക്കര ഇളയിടത്തു സ്വരൂപമാണ്. കേരളത്തിന്റെ സ്വന്തം കലാരൂപമായ കഥകളിയുടെ ഈറ്റില്ലം കൊട്ടാരക്കരയാണ്. കൊട്ടാരക്കര തമ്പുരാനായിരുന്നു ഈ ക്ളാസ്സിക് കലയുടെ ഉപജ്ഞാതാവ്. ഇടത്തരം ചെരിവുകള്‍, ചെരിവുകള്‍, താഴ്വരകള്‍, കുന്നിന്‍പുറങ്ങള്‍, ഉയര്‍ന്ന കുന്നിന്‍ പ്രദേശങ്ങള്‍, മലമുകള്‍, സമതലം എന്നിങ്ങനെ ഇവിടത്തെ ഭൂപ്രദേശത്തെ തരംതിരിക്കാം. ഫലഭൂയിഷ്ഠിയുള്ള എക്കല്‍ കലര്‍ന്ന മണ്ണ്, കരിമണ്ണ്, പശിമരാശി മണ്ണ്, ചരല്‍ കലര്‍ന്ന മണ്ണ്, പാറ പൊടിഞ്ഞുണ്ടാകുന്ന ചരല്‍ മണ്ണ്, ലാറ്ററൈറ്റ് മണ്ണ്, ചെളിമണ്ണ്, വെട്ടുകല്‍ മണ്ണ്, കളിമണ്ണ് ചേര്‍ന്ന എക്കല്‍ മണ്ണ് എന്നീ മണ്ണിനങ്ങളാണ് ഈ പ്രദേശത്ത് കണ്ടുവരുന്നത്. കൊല്ലം-മധുര ദേശീയപാത-208, തിരുവനന്തപുരം-അങ്കമാലി എം.സി റോഡ് എന്നീ സുപ്രധാന ഗതാഗത പാതകള്‍ കൊട്ടാരക്കര ബ്ളോക്കിന്റെ ഹൃദയഭാഗത്തുകൂടി കടന്നുപോകുന്നു.