ചരിത്രം

സാമൂഹ്യസാംസ്കാരിക ചരിത്രം

പുരാതനകാലം മുതല്‍ തന്നെ തെക്കെ കോട്ടപ്പടി പ്രദേശങ്ങളില്‍ ജനവാസമുണ്ടായിരുന്നതായി സൂചനകളുണ്ട്. എ.ഡി. 1750-ല്‍ മാര്‍ത്താണ്ഡവര്‍മ വടക്കുംകൂര്‍ ആക്രമിച്ച് കീഴ്പ്പെടുത്തുന്നതുവരെ ഈ പ്രദേശത്ത് കോട്ടയില്‍ കര്‍ത്താക്കന്മാര്‍ ആയിരുന്നു ഭരണം നടത്തിയിരുന്നത്. കോലാലി കയറ്റാനും (കൊല്ലുക), കറുത്തേടം കടത്താനും (നാടു കടത്തുക) കര്‍ത്താക്കന്മാര്‍ക്ക് അധികാരമുണ്ടായിരുന്നു. കൊല നടത്തിയിരുന്ന സ്ഥലം കോലാലിമോളം എന്നാണ് ഇന്നും അറിയപ്പെടുന്നത്. 1800-നോടടുത്ത് ക്രിസ്ത്യന്‍ കുടുംബങ്ങളും, ടിപ്പുവിന്റെ പടയോട്ടക്കാലത്ത് വടക്കന്‍ മലബാറില്‍നിന്നും ഏതാനും നമ്പൂതിരി കുടുംബങ്ങളും തെക്കെ കോട്ടപ്പടിയില്‍ എത്തി വാസമുറപ്പിക്കുകയുണ്ടായി. അഞ്ചിക്കൈമള്‍മാരില്‍ പ്രധാനിയായ ചേരാനെല്ലൂര്‍ കര്‍ത്തായുമായി ബന്ധമുണ്ടായിരുന്ന കുടുംബക്കാരാണ് താഴശ്ശേരി കോട്ടകര്‍ത്താക്കന്മാര്‍. കോട്ടപ്പടി എന്ന സ്ഥലനാമം ഈ കുടുംബക്കാരുമായി ബന്ധപ്പെട്ടിരിക്കുന്നു. കോട്ടയുടെ പടിയാണ് കോട്ടപ്പടി ആയത്. കോട്ടേകര്‍ത്താക്കന്മാരുടെ മൂലക്ഷേത്രമായ കോട്ടേക്കാവും, ആനവാതില്‍ കോട്ടയും, സൌത്ത് കോട്ടപ്പടിയിലാണ് സ്ഥിതി ചെയ്യുന്നത്. സെന്റ് ഹെബ്രോന്‍ ചര്‍ച്ച്, നാഗഞ്ചേരി സെന്റ് ജോര്‍ജ്ജ് കല്‍ക്കുന്നല്‍ ചര്‍ച്ച്, കോട്ടപ്പടി സെന്റ് മേരീസ് ചര്‍ച്ച്, തോളേലി സെന്റ് സെബാസ്റ്റ്യന്‍ ചര്‍ച്ച്, കോട്ടപ്പടി സെന്റ് ജോര്‍ജ്ജ് ചര്‍ച്ച്, വടക്കുംഭാഗം ജുമാമസ്ജിദ്, ചാനൂപ്ര കോട്ടപ്പടി ജൂമാമസ്ജിദ്, സെന്റ് തോമസ് ഇവാഞ്ചലിക്കല്‍ ചര്‍ച്ച്, കുന്നുകുളങ്ങര ചൊറിയന്‍കാവ് ഭഗവതിക്ഷേത്രം, വടാശ്ശേരി പ്ളാമുടി പരത്തഹാന്‍ ദേവീക്ഷേത്രം, കേളംസ്സായി ക്ഷേത്രം, വാവേലി അയ്യപ്പക്ഷേത്രം, വടക്കുംഭാഗം കോട്ടപ്പാറ അയ്യപ്പക്ഷേത്രം, പന്തയ്ക്കല്‍ ദേവീക്ഷേത്രം, ഉപ്പുകണ്ടം ഹന്തനാര്‍ ക്ഷേത്രം, മുന്തൂര്‍ ആയപ്പാറ ഭഗവതിക്ഷേത്രം, മുല്ലയ്ക്കല്‍ കാവ് ഭഗവതി ക്ഷേത്രം, പാനിപ്രകാവ് കലയാംകുളം ശ്രീഭദ്രകാളി ദേവീക്ഷേത്രം എന്നിവയാണ് പഞ്ചായത്തിലെ പ്രധാന ആരാധനാലയങ്ങള്‍. ബാപ്പുജി വായനശാലയാണ് ഈ പഞ്ചായത്തിലെ ആദ്യത്തെ വായനശാല. ഹൈന്ദവരും, ക്രൈസ്തവരും, മുസ്ളീങ്ങളും ഒരുപോലെ പ്രതിനിധ്യം ഉള്ള പഞ്ചായത്താണിത്. ആയിരപ്പാറക്കാട്, പാനിപ്പറക്കാവ്, സെന്റ് സെബാസ്റ്റ്യന്‍ ചര്‍ച്ച്, നാഗഞ്ചേരി ചര്‍ച്ച്, മുസ്ളീം ജുമാമസ്ജിദ് മഠത്തില്‍പടി, പാനിപ്പാറ മുസ്ളീംപള്ളി എന്നിവിടങ്ങളില്‍ നടക്കുന്ന ഉത്സവങ്ങളിലും, പള്ളിപ്പെരുന്നാളിലും, ആണ്ടുനേര്‍ച്ചകളിലും നാനാജാതിമതസ്ഥര്‍ പരസ്പരം സഹായിച്ചും സഹകരിച്ചും പങ്കു ചേരുന്നു. ആരോഗ്യപരിപാലനരംഗത്ത് സജീവമായി പ്രവര്‍ത്തിച്ചുവരുന്ന നിരവധി ആശുപത്രികള്‍ പഞ്ചായത്തിലുണ്ട്. മൂന്ന് ആയുര്‍വ്വേദ ചികിത്സാകേന്ദ്രങ്ങളും, രണ്ട് ഹോമിയോ ക്ളിനിക്കുകളും ഇവിടെ പ്രവര്‍ത്തിക്കുന്നു. കൂടാതെ അലോപ്പതി ക്ളിനിക്കും, മറ്റ് ആശുപത്രികളും സ്വകാര്യമേഖലയിലും പ്രവര്‍ത്തിക്കുന്നവയുണ്ട്. മെച്ചപ്പെട്ട വിദ്യാഭ്യാസനിലവാരം പുലര്‍ത്തുന്ന പഞ്ചായത്താണ് കോട്ടപ്പടി. 11-ഓളം സര്‍ക്കാര്‍-സര്‍ക്കാരേതര വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പഞ്ചായത്തിലിന്നുണ്ട്.