ചരിത്രം

സാമൂഹ്യ-സാംസ്കാരികചരിത്രം

1952-ലാണ് ഈ പഞ്ചായത്ത് രൂപീകൃതമായത്. അതിനുമുന്‍പും ഒരു ഭരണ സംവിധാനം മറ്റൊരു വിധത്തില്‍ ഇവിടെ നിലനിന്നിരുന്നു. 21 വയസ്സു പൂര്‍ത്തിയായ നികുതിദായകരും, പത്താം തരമോ (6-ാം ഫോറം) അതില്‍ ‍കൂടുതലോ വിദ്യാഭ്യാസ യോഗ്യതയുള്ളവരുമായിരുന്നു അക്കാലത്ത് വോട്ടവകാശമുള്ള പൌരന്മാര്‍. ഇവരാല്‍ തെരഞ്ഞെടുക്കപ്പെട്ട ഒരു പ്രസിഡന്റും അദ്ദേഹത്താല്‍ നാമനിര്‍ദ്ദേശം ചെയ്യപ്പെട്ട വോട്ടവകാശമുള്ള നാലുപേരുമടങ്ങിയ അഞ്ചംഗസമിതിയായിരുന്നു അന്നത്തെ ഭരണസംവിധാനം നിര്‍വ്വഹിച്ചിരുന്നത്. വഴിവിളക്കുകള്‍ സ്ഥാപിക്കുക, റോഡുകള്‍ ശൂചീകരിക്കുക, റോഡുകള്‍ നന്നാക്കുക ഇങ്ങനെ പരിമിതമായ അധികാരങ്ങളും ചുമതലകളും മാത്രമുള്ള ഒരു ഭരണസമിതിയായിരുന്നു അത്. 1952-ല്‍ ഈ പഞ്ചായത്ത് നിലവില്‍ വരുമ്പോള്‍ തെരഞ്ഞെടുക്കപ്പെട്ട ഏഴംഗങ്ങളാണ് ഉണ്ടായിരുന്നതെങ്കില്‍ ഇന്നത് പന്ത്രണ്ടാണ്. 1973-ല്‍ 10 വാര്‍ഡുകളും, 1988-ല്‍ 11 വാര്‍ഡുകളും, 1995-ല്‍ 12 വാര്‍ഡുകളുമായി. 1952-ല്‍ ഈ പഞ്ചായത്തില്‍ റോഡുസൌകര്യം പരിമിതമായിരുന്നു. ഇന്നത്തെ ദേശീയപാതയുടെ സ്ഥാനത്ത് മെറ്റല്‍ ചെയ്ത വഴിയായിരുന്നു (പഴയ എന്‍എച്ച്). നാലുകെട്ടുറോഡ്, മംഗലശ്ശേരി റോഡ്, പുളിക്കകടവ് റോഡ്, ആറ്റപ്പാടം റോഡ്, കൂട്ടാലപ്പാടം റോഡ് എന്നീ വഴികള്‍ ഉണ്ടായിരുന്നങ്കിലും അവയെല്ലാം കുണ്ടനിടവഴികളായിരുന്നു. അക്കാലത്ത് ഏകദേശം 700 ഓളം വീടുകളിലായി അയ്യായായിരത്തിനും ആറായിരത്തിനും ഇടയില്‍ വരുന്നത്ര ജനങ്ങളായിരുന്നു താമസിച്ചിരുന്നത്. ഇവിടത്തെ ഫലഭൂയിഷ്ഠമായ മണ്ണില്‍ ആദ്യകാലങ്ങളില്‍ നെല്ല്, കവുങ്ങ്, കുരുമുളക്, കശുവണ്ടി, എള്ള്, പയറുവര്‍ഗ്ഗങ്ങള്‍ (മുതിര, ഉഴുന്ന്), പഞ്ഞപ്പുല്ല്, ഇഞ്ചിപ്പുല്ല്, കിഴങ്ങുവര്‍ഗ്ഗങ്ങള്‍, വാഴ, പച്ചക്കറി എന്നിവ കൃഷിചെയ്തിരുന്നു. പെരുമ്പിതോട്, കടവനപ്പാടം തോട് (കൂട്ടാലപ്പാടം), മുടപ്പുഴതോട്, കണ്ണംതാഴം തോട്, ചൂരക്കുളം, തൂമ്പുങ്ങപ്പാടം തോട് എന്നീ തോടുകളിലെ ജലത്തെ ആശ്രയിച്ചായിരുന്നു അന്ന് നെല്‍കൃഷി നടന്നിരുന്നത്. ഈ പഞ്ചായത്തില്‍ ആദ്യകാലങ്ങളില്‍ ധാരാളം കന്നുകാലികള്‍ ഉണ്ടായിരുന്നു. അതുവഴി ജൈവ വളങ്ങള്‍ പാടശേഖരങ്ങളില്‍ നിക്ഷേപിക്കപ്പെടും. പ്രത്യേകിച്ച് പണം മുടക്കി തീറ്റ കൊടുക്കേണ്ട ആവശ്യം ഇല്ലായിരുന്നു. അതുകൊണ്ട് കന്നുകാലികള്‍ക്ക് രോഗങ്ങള്‍ വളരെ കുറവായിരുന്നു. 80 ശതമാനം വീടുകളിലും കാലികളെ വളര്‍ത്തിയിരുന്നു. കാലിവളര്‍ത്തല്‍ ഗ്രാമീണരുടെ ജീവിതത്തിന്റെ ഭാഗം തന്നെയായി കരുതപ്പെട്ടു. കാളവണ്ടികള്‍ എവിടേയും കാണാമായിരുന്നു. വീടുകളും ജനങ്ങളും കുറവായിരുന്നതുകൊണ്ട് കന്നുകാലിവളര്‍ത്തല്‍ ലാഭകരമായിരുന്നു. ആദ്യകാലങ്ങളില്‍ കന്നുകാലികളെ വളര്‍ത്തുവാന്‍ കൊടുക്കുക എന്നോരു പതിവുണ്ടായിരുന്നു. പ്രധാനമായും കിടാരി, ആട്, കോഴി എന്നിവയായിരുന്നു ഇങ്ങനെ കൈമാറ്റം ചെയ്യപ്പെട്ടിരുന്നത്. ആദ്യപ്രസവത്തിലെ കുട്ടിയും കറവയും വളര്‍ത്തുന്നവര്‍ക്ക് നല്‍കിയിരുന്നു. രണ്ടാമത്തെ പ്രസവത്തോടെ തള്ളയേയും കുട്ടിയേയും തിരിച്ചേല്‍പ്പിക്കുക എന്നതായിരുന്നു വ്യവസ്ഥ. ആദ്യകാലങ്ങളില്‍ കാളകളെ അല്ലെങ്കില്‍ പോത്തുകളെ പൂട്ടി കലപ്പ ഉപയോഗിച്ചാണ് നെല്‍കൃഷി ചെയ്തിരുന്നത്. ഇന്ന് അത് കാണുവാന്‍ പോലുമില്ല. കാലത്തിനൊത്ത് കോലം മാറിയിരിക്കുന്നു. കലപ്പയുടെ സ്ഥാനത്ത് യന്ത്രങ്ങള്‍ സ്ഥാനം പിടിച്ചിരിക്കുന്നു. ടിപ്പുവിന്റെ പടയോട്ടം തടയുന്നതിനായി ഈ ഗ്രാമത്തിന്റെ വടക്കേ അതിരില്‍ ഒരു കോട്ട കെട്ടിയിരുന്നു. അതിന്റെ അവിശിഷ്ടങ്ങള്‍ ഇന്നും കാണാവുന്നതാണ്. അതിനെ നെടുംകോട്ട എന്നാണ് ഇന്നും നാട്ടുകാര്‍ പറയുന്നത്. അക്കാലത്തെ കേരളത്തിന്റെ ഇതരഭാഗങ്ങളിലുണ്ടായിരുന്ന പോലെ സവര്‍ണ്ണ-നാടുവാഴി മേധാവിത്തം ഈ ഗ്രാമത്തിലും നിലനിന്നിരുന്നു. കൊരട്ടിസ്വരൂപത്തിലെ തമ്പാന്മാരായിരുന്നു നാടുവാഴികള്‍. സ്വാഭാവികമായും ഭൂസ്വത്തിന്റെ ഏറിയ പങ്കും സവര്‍ണ്ണജന്മികുടുംബങ്ങളുടേതായിരുന്നു. കൊരട്ടിസ്വരൂപം, മംഗലശ്ശേരിമന, പൂത്തടിമന, തെക്കേടത്തു പടനായര്‍, പള്ളിപ്പാടന്‍ പൌലോസ് തുടങ്ങിയ പ്രമാണിമാരായിരുന്നു ഭൂസ്വത്തുക്കളില്‍ ഭൂരിഭാഗവും കൈവശം വച്ച് അനുഭവിച്ചിരുന്നത്. ജനസംഖ്യയില്‍ ബാക്കിയുണ്ടായിരുന്ന ദരിദ്രരായ അധ:സ്ഥിതര്‍ കുടികിടപ്പുകാരോ തുണ്ടുഭൂമിയുടെ അവകാശികളോ ആയിമാത്രം കഴിഞ്ഞുപോന്നു. അങ്ങനെ ഫ്യൂഡലിസം അതിന്റേതായ എല്ലാ ജീര്‍ണ്ണതകളോടെയും ഈ ഗ്രാമത്തിലും നിലനിന്നിരുന്നു. ദേശീയപ്രസ്ഥാനം ശക്തി പ്രാപിച്ചതോടെ അതിന്റെ പ്രതിഫലനം രാജ്യത്തിന്റെ ഇതരഭാഗങ്ങളിലെന്നപോലെ ഈ പഞ്ചായത്തിലുമുണ്ടായി. സ്വാതന്ത്ര്യസമരം 1920-കളത്തിലെത്തിയതോടെ ഈ ഗ്രാമത്തിലും മാറ്റങ്ങള്‍ ദൃശ്യമായി. അതുവരെ അഭംഗുരം തുടര്‍ന്നുപോന്ന നാടുവാഴി മേധാവിത്വത്തില്‍ ക്രമേണ വിള്ളലുകള്‍ വീണുതുടങ്ങി. ക്രിസ്ത്യന്‍മിഷനറിമാരുടെ പ്രവര്‍ത്തനഫലമായി വിദ്യഭ്യാസരംഗത്തുണ്ടായ ഉണര്‍വ്വ് സവര്‍ണ്ണ-നാടുവാഴി മേധാവിത്വത്തിന്റേയും ഫ്യൂഡലിസത്തിന്റേയും നാശം ത്വരിതപ്പെടുത്തി. ജന്മിത്വത്തിനെതിരെയുള്ള പോരാട്ടത്തിന്റെ ഭാഗമായാണ് ദേശീയപ്രസ്ഥാനത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ഈ ഗ്രാമത്തില്‍ സജീവമാകുന്നത്. ക്ഷേത്രപ്രവേശനസമരവും സ്വദേശിപ്രസ്ഥാനവും ജനങ്ങള്‍ക്കിടയില്‍ വമ്പിച്ച സ്വാധീനം ചെലുത്തി. തികച്ചും ഒരു കാര്‍ഷികഗ്രാമമായിരുന്നു കൊരട്ടി. സ്വാതന്ത്ര്യത്തിനുമുന്‍പ് എടുത്തുപറയാവുന്ന ഒരു വ്യവസായവും ഈ ഗ്രാമത്തില്‍ ഉണ്ടായിരുന്നില്ല. 1952-ല്‍ തിരുക്കൊച്ചി ഗ്രാമപ്രമുഖന്‍ ശ്രീചിത്തിരതിരുനാള്‍ രാമവര്‍മ്മ മഹാരാജാവ്, ജമുന ത്രെഡ് മില്‍സ് എന്ന വ്യവസായസ്ഥാപനം കൊരട്ടിയില്‍ ഉദ്ഘാടനം ചെയ്യുകയുണ്ടായി. അതൊരു നല്ല തുടക്കമായിരുന്നു. തുടര്‍ന്ന് 1965-ല്‍ ഗവണ്‍മെന്റ് ഓഫ് ഇന്ത്യാ പ്രസ്സും 1985-ല്‍ കാര്‍ബോറാണ്ടം യുണിവേഴ്സലും വുഡ്ഹൌസും ആരംഭിച്ചു. ഇതേ കാലയളവില്‍തന്നെ നിരവധി എഞ്ചിനീയറിങ്ങ് സ്ഥാപനങ്ങളും ചെറുകിടവ്യവസായ യൂണിറ്റുകളും പഞ്ചായത്തിന്റെ നാനാഭാഗങ്ങളിലായി തുടങ്ങുകയുണ്ടായി. തല്‍ഫലമായി കൊരട്ടിയിലെ കാര്‍ഷികാന്തരീക്ഷം ക്രമേണ വ്യാവസായിക അന്തരീക്ഷത്തിന് വഴി മാറികൊടുത്തു. ആരംഭകാലത്ത് പഞ്ഞിയില്‍ നിന്ന് സ്വീയിംഗ് ത്രെഡ് നിര്‍മ്മാണം ഉള്‍പ്പെടെയുള്ള എല്ലാ പ്രവര്‍ത്തനഘട്ടങ്ങളും കോട്സില്‍ ഉണ്ടായിരുന്നു. പിന്നീട് സ്പിന്നിംഗ് വിഭാഗം നിര്‍ത്തലാക്കി. ആദ്യകാലത്ത് മൂന്നു ഷിഫ്റ്റുകളിലായി ഏകദേശം മൂവായിരത്തോളം തൊഴിലാളികള്‍ക്ക് നേരിട്ടും നൂറുകണക്കിനാളുകള്‍ക്ക് പരോക്ഷമായും തൊഴില്‍ നേടിക്കൊടുത്തിരുന്ന ഒരു ഫാക്ടറി ആയിരുന്നു കോട്സ്. എന്നാല്‍ 1992-ല്‍ ലോക്കൌട്ട് ചെയ്യപ്പെടുമ്പോള്‍ രണ്ടായിരത്തിഅഞ്ഞൂറില്‍പരം തൊഴിലാളികളേ ഈ സ്ഥാപനത്തിലുണ്ടായിരുന്നുള്ളൂ. കൊരട്ടിയുടെ സാമ്പത്തികമേഖലയ്ക്ക് ഈ ഫാക്ടറിയുടെ ലോക്കൌട്ട് ഏല്‍പ്പിച്ച ആഘാതത്തില്‍ നിന്നും ഇന്നും ഈ ഗ്രാമം മുക്തി നേടിയിട്ടില്ലെന്നുള്ളത് ഒരു പരമസത്യം മാത്രമാണ്. സെക്യൂരിറ്റിപ്രസ്സാണ് കൊരട്ടിയില്‍ ആരംഭിക്കുവാന്‍ ഉദ്ദേശിക്കപ്പെട്ടിരുന്നതെങ്കിലും നിര്‍ഭാഗ്യവശാല്‍ അതെങ്ങനെയോ ഒരു സാധാരണപ്രസ്സായി. ഇന്ന് ഈ സ്ഥാപനം സര്‍ക്കാരിന് ആവശ്യമായ വിവിധ ഫോമുകള്‍ മാത്രം അച്ചടിക്കുന്ന ഒരു സാധാരണ അച്ചുകൂടമാണ്. 1950-കളില്‍ കൊരട്ടി നിവാസികളുടെ ജീവിതത്തിന്റെ സമസ്തമേഖലകളിലും ബഹുജനപ്രസ്ഥാനങ്ങളുടെ സ്വാധീനമുണ്ടായി. കര്‍ഷകതൊഴിലാളിസമരങ്ങളും ഫാക്ടറിതൊഴിലാളി സമരങ്ങളും ഇവിടെയും അനിവാര്യമായി മാറി. 1956-ലെ ജമുന ത്രെഡ് ലോക്കൌട്ടിനെതിരെയുണ്ടായ സമരവും, 1969-ലെ ജെ & പി കോട്സ് ബോണസ്സ് സമരവും സെപ്റ്റംബര്‍ 4-ാം തീയതിയിലെ വെടിവയ്പും പ്രത്യേകം പരാമര്‍ശിക്കപ്പെടുന്ന സംഭവങ്ങളാണ്. 1957-ലെ ഭൂപരിഷ്കരണനിയമത്തിന്റെ ഫലമായി കൃഷിക്കാരനു കൃഷിഭൂമിയും കുടിയാന്മാര്‍ക്ക് കുടികിടപ്പവകാശവും ലഭിച്ചു. ഈ പഞ്ചായത്തില്‍ ചെറുകിടവ്യവസായയൂണിറ്റുകളുടെ എണ്ണം ഏറെയാണ്. തൃശൂര്‍ജില്ലയില്‍ ചെറുകിട വ്യവസായയൂണിറ്റുകള്‍ ഏറ്റവും കൂടുതല്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടുള്ള പഞ്ചായത്താണ് കൊരട്ടി. തൊഴില്‍മേഖലയിലെ പങ്കാളിത്തം പരിശോധിക്കുമ്പോള്‍ കാണുന്ന വസ്തുത വ്യവസായ മേഖലയിലാണ് ഏറ്റവും അധികം തൊഴിലാളികള്‍ ജോലി ചെയ്യുന്നതെന്നാണ്. തൊട്ടു പിന്നാലെ കാര്‍ഷികമേഖലയിലും. വ്യാവസായികമായി പിന്നോക്കമല്ലാത്ത ഒരു പഞ്ചായത്താണ് കൊരട്ടി. വന്‍കിട വ്യവസായ സ്ഥാപനങ്ങളായ മദുരാകോട്സ്, കാര്‍ബോറാണ്ടം യൂണിവേഴ്സല്‍, മലബാര്‍ ക്ലേ പ്രോഡക്ടസ്, വുഡ് ഹൌസ്, ഗവ. ഓഫ് ഇന്ത്യ പ്രസ്സ് എന്നീ സ്ഥാപനങ്ങള്‍ ഈ പഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്നു. 3400-ഓളം തൊഴിലാളികള്‍ ഈ സ്ഥാപനങ്ങളില്‍ പണിയെടുക്കുന്നു. 1952 മുതല്‍ സ്വകാര്യമേഖലയില്‍ വിദേശമൂലധനം മുടക്കി തയ്യല്‍ നൂല്‍ ഉല്പാദനം ആരംഭിച്ച സ്ഥാപനമാണ് മദുര കോട്സ്. കൊരട്ടിയുടെ കിഴക്കന്‍പ്രദേശത്ത് 1985 മുതല്‍ പ്രവര്‍ത്തിച്ചുവരുന്ന ഒരു സ്ഥാപനമാണ് കാര്‍ബോറണ്ടം യൂണിവേഴ്സല്‍ കമ്പനി.   വാലുങ്ങാമുറി, മംഗലശ്ശേരി, മൂടപ്പുഴ, മേലൂര്‍, കാടുകുറ്റി, മുരിങ്ങൂര്‍ എന്നീ സ്ഥലങ്ങളിലായി സ്ഥാപിച്ച 17 വിദ്യാലയങ്ങളും സവര്‍ണ്ണ മേധാവിത്വം ശക്തമായിരുന്ന കാലഘട്ടത്തില്‍ പിന്നോക്ക ദുര്‍ബ്ബലവിഭാഗങ്ങളുടെ വിദ്യാഭ്യാസത്തിന് ശക്തമായ അടിത്തറപാകി. ചിറങ്ങര, മംഗലശ്ശേരി ഭാഗങ്ങളില്‍ താമസക്കാരായ നിലത്തെഴുത്താശാന്മാര്‍ ആദ്യകാലപ്രാഥമിക വിദ്യാഭ്യാസത്തിന് അനുഷ്ഠാനപരമായ സേവനം നല്‍കിയത് ഏറെ പ്രയോജനകരമായിരുന്നു. ഇന്ത്യന്‍ സ്വാതന്ത്ര്യസമരകാലത്തില്‍തന്നെ പ്രദേശത്ത് അനൌപചാരിക വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിരുന്നു. ദേശീയപ്രസ്ഥാനത്തിന്റെ സ്വാധീനം ഇത്തരം പ്രവര്‍ത്തനങ്ങളെ വലിയതോതില്‍ സ്വാധീനിക്കുകയും പ്രവര്‍ത്തനങ്ങള്‍ക്ക് ആക്കം കൂട്ടുകയും ചെയ്തു. 1940-കളില്‍ നിശാപാഠശാലകള്‍ വഴിയായിരുന്നു വിദ്യാഭ്യാസപ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നത്. വിദ്യാഭ്യാസത്തിന് മുന്‍കൈയ്യെടുത്തത് ക്രിസ്ത്യന്‍ മിഷനറിമാരായിരുന്നു. പഞ്ചായത്തിലെ അയിത്തജാതി പിന്നോക്കക്കാര്‍ക്കിടയില്‍ സംഘടിപ്പിച്ച 1950-കളിലെ നിശാപാഠശാലകള്‍ ഏറെ സ്മരണീയമാണ്. സര്‍ക്കാര്‍ സാങ്കേതികവിദ്യാഭ്യാസ മേഖലയില്‍ 50 വര്‍ഷം മുമ്പ് ജൂനിയര്‍ ടെക്നിക്കല്‍ സ്കൂള്‍ സ്ഥാപിച്ചു. വിവിധഭാഷകളുടേയും സംസ്കാരങ്ങളുടേയും മതവിഭാഗങ്ങളുടേയും സങ്കരഭൂമിയാണ് കൊരട്ടി. കേരളീയര്‍ ഓണം ആഘോഷിക്കുന്നതു പോലെയാണ് കൊരട്ടിനിവാസികള്‍ കൊരട്ടിമുത്തിയുടെ തിരുനാള്‍ ആഘോഷിക്കുന്നത്. കൊരട്ടി സെന്റ് മേരീസ് പള്ളിയിലെ കൊരട്ടിമുത്തിയുടെ തിരുനാളാഘോഷങ്ങള്‍ കൊരട്ടി പ്രദേശത്തിന്റെ ദേശീയ ഉത്സവമായിട്ടാണ് ആഘോഷിച്ചുപോരുന്നത്. എട്ടു ദിവസം നീണ്ടുനില്ക്കുന്ന ആഘോഷങ്ങളില്‍  കൊരട്ടിയിലെ മാത്രമല്ല ചാലക്കുടി, മേലൂര്‍, കറുകുറ്റി, കാടുകുറ്റി മുതലായ സ്ഥലങ്ങളിലെ എല്ലാവിഭാഗം ജനങ്ങളും പങ്കെടുക്കുന്നു. മതസൌഹാര്‍ദ്ദത്തിന്റെ പ്രതീകമായ ഒരു ഉത്സവം ഒക്ടോബര്‍ മാസത്തിലെ രണ്ടാംവാരം മുതല്‍ ആരംഭിക്കുന്നു. ഈ പഞ്ചായത്തില്‍ നിരവധി ക്രൈസ്തവ ദേവാലയങ്ങളും ഹൈന്ദവ ക്ഷേത്രങ്ങളും മുസ്ലീം പള്ളികളുമുണ്ട്. കേരളത്തിലെ ചില പ്രമുഖ അനുഷ്ഠാനകലകളും തനതുകലകളും കൊരട്ടിയില്‍ വളരെ സജീവമായി നിലനില്ക്കുന്നുണ്ട്. മുടിയേറ്റ്, കളമെഴുത്ത്, കരകാട്ടം, നന്തുണ്ണിപ്പാട്ട് തുടങ്ങിയവ അവയില്‍ ചിലതു മാത്രം.