കൊരട്ടി

തൃശ്ശൂര്‍ ജില്ലയിലെ മുകുന്ദപുരം താലൂക്കില്‍ ചാലക്കുടി ബ്ലോക്കിലാണ് കൊരട്ടി ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. മുരിങ്ങൂര്‍ തെക്കുംമുറി, കൊരട്ടി, കിഴക്കുംമുറി എന്നീ വില്ലേജുകളുടെ പരിധിയില്‍ ഉള്‍പ്പെടുന്ന കൊരട്ടി ഗ്രാമപഞ്ചായത്തിന് 23.42 ചതുരശ്രകിലോമീറ്റര്‍ വിസ്തൃതിയുണ്ട്. പഞ്ചായത്തിന്റെ അതിരുകള്‍ വടക്കുഭാഗത്ത് മേലാറ്റൂര്‍ പഞ്ചായത്തും, പടിഞ്ഞാറുഭാഗത്ത് കാടുകുറ്റി, അന്നമനട പഞ്ചായത്തുകളും, തെക്കുഭാഗത്ത് പാറക്കടവ്, കറുകുറ്റി പഞ്ചായത്തുകളും, കിഴക്കുഭാഗത്ത് കറുകുറ്റി പഞ്ചായത്തുമാണ്. കൊരട്ടി പഞ്ചായത്തില്‍ 19 വാര്‍ഡുകളുണ്ട്. 32 അംഗനവാടികള്‍ കൊരട്ടി ഗ്രാമപഞ്ചായത്തില്‍ നിലവിലുണ്ട്. ആധുനിക ഗ്യാസ് ക്രിമിറ്റോറിയം, മാര്‍ക്കറ്റ്, കളിസ്ഥലം, കമ്മ്യൂണിറ്റി ഹാള്‍ എന്നിവ കൊരട്ടി ഗ്രാമപഞ്ചായത്തിന്‍റെ ഉടമസ്ഥതയില്‍ ഉണ്ട്. ടിപ്പുവിന്റെ പടയോട്ടം തടയുന്നതിനായി ഈ ഗ്രാമത്തിന്റെ വടക്കേ അതിരില്‍ തിരുവിതാംകൂര്‍ രാജാക്കന്മാര്‍ ഒരു കോട്ട കെട്ടിയിരുന്നു. നെടുംകോട്ട എന്നു വിളിക്കപ്പെടുന്ന ഈ കോട്ടയുടെ അവിശിഷ്ടങ്ങള്‍ ഇന്നും അവിടവിടെയായി കാണാവുന്നതാണ്. എന്‍.എച്ച്-47 കൊരട്ടി പഞ്ചായത്തിലൂടെ കടന്നുപോകുന്നു. വിവിധഭാഷകളുടേയും, സംസ്കാരങ്ങളുടേയും, മതവിഭാഗങ്ങളുടേയും ഒരു സങ്കരഭൂമിയാണ് കൊരട്ടി. കേരളീയര്‍ ഓണം ആഘോഷിക്കുന്നതുപോലെയാണ് കൊരട്ടിനിവാസികള്‍ കൊരട്ടിമുത്തിയുടെ തിരുനാള്‍ ആഘോഷിക്കുന്നത്. 1952 ലാണ് ഈ പഞ്ചായത്ത് രൂപീകൃതമായത്. 1952 ല്‍ ഈ പഞ്ചായത്ത് നിലവില്‍ വരുമ്പോള്‍ തെരഞ്ഞെടുക്കപ്പെട്ട ഏഴംഗങ്ങളാണ് ഉണ്ടായിരുന്നതെങ്കില്‍ ഇന്നത് പന്ത്രണ്ടാണ്. 1952-ല്‍ ഈ പഞ്ചായത്തില്‍ റോഡുസൌകര്യം പരിമിതമായിരുന്നു. ഇന്നത്തെ ദേശീയപാതയുടെ സ്ഥാനത്ത് മെറ്റല്‍ ചെയ്ത വഴിയായിരുന്നു (പഴയ എന്‍.എച്ച്). നാലുകെട്ടുറോഡ്, മംഗലശ്ശേരിറോഡ്, പുളിക്കകടവ് റോഡ്, ആറ്റപ്പാടംറോഡ്, കൂട്ടാലപ്പാടംറോഡ് എന്നീ വഴികള്‍ ഉണ്ടായിരുന്നങ്കിലും അവയെല്ലാം കുണ്ടനിടവഴികളായിരുന്നു. വ്യാവസായികമായി പിന്നോക്കമല്ലാത്ത ഒരു പഞ്ചായത്താണ് കൊരട്ടി.