കൂവപ്പടി

എറണാകുളം ജില്ലയില്‍ കുന്നത്തുനാട് താലൂക്കിലാണ് കൂവപ്പടി ബ്ളോക്ക് പഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. അശമന്നൂര്‍, മുടക്കുഴ, വേങ്ങൂര്‍, രായമംഗലം, ഒക്കല്‍, കൂവപ്പടി എന്നീ ആറു ഗ്രാമപഞ്ചായത്തുകള്‍ ഉള്‍പ്പെടുന്നതാണ് കൂവപ്പടി ബ്ളോക്ക് പഞ്ചായത്ത്. കോടനാട്, അശമന്നൂര്‍, വേങ്ങൂര്‍ വെസ്റ്റ്, കോമ്പനാട്, രായമംഗലം, കൂവപ്പടി, വേങ്ങൂര്‍ ഈസ്റ്റ്, കൂവപ്പടി, ചേലമറ്റം എന്നീ വില്ലേജുകളിലായി വ്യാപിച്ചുകിടക്കുന്ന കൂവപ്പടി ബ്ളോക്ക് പഞ്ചായത്തിന് 372 ചതുരശ്രകിലോമീറ്റര്‍ വിസ്തീര്‍ണ്ണവും, 13 ഡിവിഷനുകളുമുണ്ട്. വടക്കുഭാഗത്ത് അങ്കമാലി ബ്ളോക്കും, പെരിയാര്‍ നദിയും, കിഴക്കുഭാഗത്ത് കോതമംഗലം, മൂവാറ്റുപുഴ ബ്ളോക്കുകളും, തെക്കുഭാഗത്ത് മൂവാറ്റുപുഴ, വടവുകോട് ബ്ളോക്കുകളും, പടിഞ്ഞാറുഭാഗത്ത് വാഴക്കുളം ബ്ളോക്കും, പെരുമ്പാവൂര്‍ മുനിസിപ്പാലിറ്റിയുമാണ് കൂവപ്പടി ബ്ളോക്ക് പഞ്ചായത്തിന്റെ അതിരുകള്‍. 1957-ലാണ് കൂവപ്പടി ബ്ളോക്ക് രൂപീകൃതമായത്. ഭൂപ്രകൃതിയനുസരിച്ച് ബ്ളോക്കുപ്രദേശത്തിനെ വനപ്രദേശം, ഉയര്‍ന്ന കുന്നിന്‍പ്രദേശം, ചെരിവുപ്രദേശം, ഉയര്‍ന്ന സമതലം, വയല്‍ എന്നിങ്ങനെ തരംതിരിക്കാം. ചെങ്കല്‍ കലര്‍ന്ന മണ്ണ് (ലാറ്ററൈറ്റ്), റസിഡ്യുവല്‍ സോയില്‍, അലുവിയല്‍ സോയില്‍ എന്നിവയാണ് ഈ പ്രദേശത്തെ പ്രധാന മണ്ണിനങ്ങള്‍. ആദ്യകാലത്ത് ബ്ളോക്കിന്റെ പ്രവര്‍ത്തനപരിധിയില്‍ നാലു പഞ്ചായത്തുകളാണുണ്ടായിരുന്നത്. ഈ ബ്ളോക്കിലുള്‍പ്പെടുന്ന പ്രദേശങ്ങള്‍, എ.ഡി 9-ാം ശതകം വരെ തമിഴകത്തിന്റെ ഭാഗമായിരുന്നു. പിന്നീട് എ.ഡി.1100 വരെ വടവൂര്‍ രാജ്യത്തിന്റെ കീഴിലും, തുടര്‍ന്ന് വേണാടിന്റെ ഭാഗമായും, പിന്നീട് തിരുവിതാംകൂര്‍ നാട്ടുരാജ്യത്തിന്റെ ഭാഗവുമായും മാറിയ പ്രദേശമാണ് കൂവപ്പടി. തിരു-കൊച്ചി സംസ്ഥാനം രൂപം കൊണ്ടപ്പോള്‍ തൃശൂര്‍ ജില്ലയിലുള്‍പ്പെട്ടിരുന്ന കൂവപ്പടി കേരളപ്പിറവിക്കുശേഷമാണ് എറണാകുളം ജില്ലയുടെ ഭാഗമാവുന്നത്. എം.സി.റോഡും, എ.എം.റോഡുമാണ് ബ്ളോക്കുപ്രദേശത്തിലൂടെ കടന്നുപോകുന്ന പ്രധാന റോഡുകള്‍. ഈ പ്രദേശത്തെ മുഖ്യ ആരാധനാലയമായ കല്ലില്‍ക്ഷേത്രം പ്രാചീനകാലത്ത് ഹൈന്ദവോദ്ധാരണാധിനിവേശത്തില്‍ തകര്‍ന്നടിഞ്ഞുപോയ ജൈനമതക്ഷേത്രമാണ്.