കൂരോപ്പട

കോട്ടയം ജില്ലയിലെ കോട്ടയം താലൂക്കില്‍ പാമ്പാടി ബ്ളോക്കില്‍ കൂരോപ്പട വില്ലേജ് ഉള്‍പ്പെടുന്ന ഗ്രാമപഞ്ചായത്താണ് കൂരോപ്പട ഗ്രാമപഞ്ചായത്ത്. 27.42 ചതുരശ്ര കിലോമീറ്റര്‍ വിസ്തീര്‍ണ്ണമുള്ള പഞ്ചായത്തിന്റെ അതിരുകള്‍ വടക്ക് അയര്‍കുന്നം, അകലക്കുന്നം പഞ്ചായത്തുകള്‍, കിഴക്ക് അകലക്കുന്നം, പള്ളിക്കത്തോട്, വാഴൂര്‍ പഞ്ചായത്തുകള്‍, പടിഞ്ഞാറ് അയര്‍കുന്നം, പാമ്പാടി, വിജയപുരം പഞ്ചായത്തുകള്‍, തെക്ക് വാഴൂര്‍, പാമ്പാടി പഞ്ചായത്തുകള്‍ എന്നിവയാണ്. കൂരോപ്പട വില്ലേജ് മുഴുവനായും പാമ്പാടി, ആനിക്കാട് വില്ലേജുകളിലെ ഏതാനും ഭാഗങ്ങളും ചേര്‍ത്ത് 1953 ല്‍ കൂരോപ്പട പഞ്ചായത്ത് രൂപീകരിച്ചു. പുള്ളോലിക്കല്‍ അഡ്വ.പി.എം.തോമസായിരുന്നു പഞ്ചായത്തിന്റെ ആദ്യത്തെ പ്രസിഡന്റ്. മുളന്താനത്ത് രാമന്‍ നായര്‍ വക കെട്ടിടത്തിലാണ് പഞ്ചായത്താഫീസ് ആദ്യം പ്രവര്‍ത്തിച്ചിരുന്നത്. പഞ്ചായത്തിലെ സാമൂഹിക സാമ്പത്തിക മേഖലയില്‍ മാറ്റം വരുത്താനിടയാക്കിയ കൂരോപ്പട പഞ്ചായത്ത് സര്‍വ്വീസ് സഹകരണ ബാങ്ക് 1956 ല്‍ സ്ഥാപിക്കപ്പെട്ടു. പഞ്ചായത്തിലെ ആദ്യത്തെ പോസ്റ്റോഫീസ് കൂരോപ്പടയിലാണാരംഭിച്ചത്. ക്ഷേത്രങ്ങള്‍, പള്ളികള്‍ തുടങ്ങിയ ആരാധനാലയങ്ങളും അവയുമായി ബന്ധപ്പെട്ടിട്ടുള്ള യുവജനസാംസ്കാരിക സംഘടനകളും എന്‍. എസ്. എസ്., എസ്. എന്‍. ഡി. പി. വിശ്വകര്‍മ്മ സഭ തുടങ്ങിയ സംഘടനകളും ഈ ഗ്രാമത്തിന്റെ തനിമയും സംസ്കാരവും കാത്തുസൂക്ഷിക്കുന്നതില്‍ ജാഗ്രത പുലര്‍ത്തിയിട്ടുണ്ട്. സ്ഥലനാമ സംബന്ധമായ ഐതിഹ്യം കൂരോപ്പടയ്ക്ക് സ്വന്തമായുണ്ട്. വെന്നിമല ആസ്ഥാനമാക്കി എ. ഡി.1100 ല്‍ രാജ്യം ഭരിച്ച തെക്കുംകൂര്‍ രാജാവിന്റെ ഭടന്മാരെ പാര്‍പ്പിച്ചിരുന്ന സ്ഥലമാണ് കൂരോപ്പട. ‘കൂറ് അകത്തുള്ള പട‘ വസിച്ചിരുന്ന ഈ പ്രദേശം കൂരോപ്പടയായി അറിയപ്പെട്ടു. കൌരവന്മാര്‍ പടയിറങ്ങിയ സ്ഥലം എന്നും, ഊരഹപ്പുഴ ലോപിച്ച് കൂരോപ്പുഴയും പിന്നീട് കൂരോപ്പടയുമായി എന്നെല്ലാമുള്ള വാമൊഴികളും സ്ഥലനാമസംബന്ധിയായി നിലനില്‍ക്കുന്നുണ്ട്. കൊച്ചിയുടെ സാമന്തരായിരുന്ന തെക്കുംകൂര്‍ രാജാക്കന്മാര്‍ തിരുവിതാംകൂറിനെതിരായ യുദ്ധത്തില്‍ കായംകുളവുമായും മറ്റ് വടക്കന്‍ രാജ്യങ്ങളുമായും സഹകരിച്ചതിന്റെ പേരില്‍ തിരുവിതാംകൂര്‍ ഭരണാധികാരിയായിരുന്ന മാര്‍ത്താണ്ഡവര്‍മ്മ തെക്കുംകൂര്‍ രാജ്യം തിരുവിതാംകൂറിനോടു ചേര്‍ത്തു. ചോറ്റി (കാഞ്ഞിരപ്പള്ളി) മുതല്‍ വേമ്പനാട്ടുകായല്‍ വരെ വിസ്തൃതമായ ഭൂവിഭാഗത്തിന്റെ ഉടമസ്ഥതയുണ്ടായിരുന്ന അമ്പഴത്തുങ്കല്‍ കര്‍ത്താക്കന്മാരുടെ സ്വന്തമായിരുന്നു കൂരോപ്പടയും, കോത്തലമാടപ്പാട് കരകളും. ഇത് സംബന്ധിച്ച രേഖകള്‍ കുടുംബ അവകാശമായി കര്‍ത്താക്കന്മാര്‍ നില നിര്‍ത്തി പോരുന്ന പളളിക്കത്തോട് ശ്രീകൃഷ്ണ ക്ഷേത്രത്തില്‍ സൂക്ഷിച്ചിട്ടുണ്ട്.