ചരിത്രം

സാമൂഹിക വികസന ചരിത്രം

കൂരാച്ചുണ്ടിന്റെ വിരിമാറില്‍ക്കൂടി വളഞ്ഞൊഴുകുന്ന പുഴയില്‍ വര്‍ഷങ്ങള്‍ക്കുമുമ്പേ ഭയങ്കരമായ ഒരു കുഴിയുണ്ടായിരുന്നു. ആ കുഴിയില്‍ കൂരാത്തി എന്നു പറയപ്പെടുന്ന ഒരുതരം മത്സ്യം ധാരാളമായി കാണപ്പെട്ടിരുന്നു. കൂരാത്തിയുള്ള കുണ്ട് എന്ന അര്‍ത്ഥത്തില്‍ കൂരാത്തിക്കുണ്ട്-കൂരാച്ചിക്കുണ്ട് എന്നും അത് ലോപിച്ച് കൂരാച്ചുണ്ട് ആയതാണെന്നും പറയപ്പെടുന്നു. ഇന്ന് രാജ്യം മുഴുവന്‍ അറിയപ്പെടുന്ന കായണ്ണ പോലീസ് ഔട്ട്പോസ്റ്റ്് 2.2.1959-ല്‍ കൂരാച്ചുണ്ടില്‍ പ്രവര്‍ത്തനമാരംഭിച്ചു. കൊയിലാണ്ടി സര്‍ക്കിളിന്റെ കീഴില്‍ 20.02.1963 മുതല്‍ ഇത് പോലീസ് സ്റ്റേഷനായി ഉയര്‍ത്തപ്പെട്ടു. അടിയന്തരാവസ്ഥയുടെ നാളുകളില്‍ നടന്ന കുപ്രസിദ്ധമായ കായണ്ണ പോലീസ് സ്റ്റേഷന്‍ ആക്രമണവും തുടര്‍ന്നുണ്ടായ രാജന്‍ കേസും രാജ്യത്താകമാനവും വിശിഷ്യാ കേരളത്തിലും കോളിളക്കം സൃഷ്ടിക്കുകയും ഒരു മന്ത്രി സഭയുടെ പതനത്തിനു തന്നെ കാരണമാവുകയും ചെയ്തു. 1959-ല്‍ പ്രവര്‍ത്തനം ആരംഭിച്ച കൂരാച്ചുണ്ടിലെ ഗവണ്‍മെന്റ് ആയുര്‍വേദ ആശുപത്രി കൂരാച്ചുണ്ട് മേലേ അങ്ങാടിക്ക് സമീപം പ്രവര്‍ത്തിക്കുന്നു. കൂരാച്ചുണ്ട് പഞ്ചായത്തിലെ നൂറ് ശതമാനം ഭാഗങ്ങളും കുടിയേറ്റ പ്രദേശങ്ങളാണ്. 1940-ല്‍ ആണ് ഇവിടെ കുടിയേറ്റം ആരംഭിച്ചത്. നൂറ്റാണ്ടുകള്‍ക്കുമുമ്പ് ഇവിടെ ജനവാസം ഉണ്ടായിരുന്നതിന് പല തെളിവുകളായി അമ്പലങ്ങളുടെ അവശിഷ്ടങ്ങളും വിഗ്രഹങ്ങളും. ശില്പവേലകള്‍ ചെയ്തിട്ടുള്ള ശിലകളും കാണാനകും. പടയോട്ടം മൂലമോ, യുദ്ധഭീഷണി മൂലമോ, പകര്‍ച്ചവ്യാധികള്‍ കാരണമോ ആളുകള്‍ ഇവിടങ്ങളില്‍ നിന്നും ഒഴിഞ്ഞുപോകേണ്ടിവന്നതിനാല്‍ ഈ പ്രദേശങ്ങള്‍ വീണ്ടും വനഭൂമികളായി മാറി. കാട്ടുമൃഗങ്ങളുടെ ആവാസ കേന്ദ്രങ്ങളായിരുന്ന അത്യോടി-കല്ലാനോട് മലവാരത്തില്‍ ഏതാനും കുടുംബങ്ങള്‍ മാത്രമാണ് ആദ്യം കുടിയേറ്റം നടത്തിയത്. ബാലുശ്ശേരിക്കടുത്ത് ഉണ്ടായിരുന്ന കിഴക്കേടത്ത് കോവിലകത്തിലെ അവസാനത്തെ രാജാവായിരുന്ന രാജരാജ വീരകേരളവര്‍മ്മയുടെ ജന്മിത്വത്തിന്‍ കീഴിലായിരുന്നു കൂരാച്ചുണ്ടും സമീപ പ്രദേശങ്ങളുമെല്ലാം. തിരുവിതാംകൂറില്‍നിന്നും രണ്ടു മുതലാളിമാര്‍ ഇവിടെയെത്തി കിഴക്കെടത്ത് കോവിലകത്തുനിന്നും കുറെയധികം സ്ഥലങ്ങള്‍ ചാര്‍ത്തി വാങ്ങുകയും കുടിയേറ്റക്കാര്‍ക്ക് വിറ്റുതുടങ്ങുകയും ചെയ്തു. ഇതോടുകൂടി വന്‍തോതിലുള്ള കുടിയേറ്റം ഇവിടങ്ങളില്‍ ആരംഭിച്ചു. കൂരാച്ചുണ്ടിന്റെ ഹൃദയഭാഗങ്ങള്‍ ഉള്‍പ്പെടെയുള്ള എണ്ണൂറേകാല്‍ ഏക്കര്‍ സ്ഥലത്തിനുവേണ്ടി മുക്കണ്ണികേസ് എന്ന പേരില്‍ ഏറെക്കാലം കോടതിയില്‍ കേസും നിലനിന്നിരുന്നു. ഇക്കാലത്ത് കുടിയേറ്റ കര്‍ഷകര്‍ക്കുവേണ്ടി ആരാധനാലയങ്ങളും സ്കൂളുകളും സ്ഥാപിച്ചുതുടങ്ങി. വാഹനഗതാഗതമുള്ള റോഡുമായി കൂരാച്ചുണ്ടിനെ ബന്ധിപ്പിക്കുന്നതിനുള്ള ശ്രമത്തിലൂടെ പേരാമ്പ്ര-കൂരാച്ചുണ്ട്-കരിയാത്തുംപാററോഡ്, കൂരാച്ചുണ്ട്-കൂട്ടാലിട-ബാലുശ്ശേരി റോഡ്, കരിയാത്തുംപാറ-തലയാട് റോഡ് എന്നിവ വെട്ടിയുണ്ടാക്കി. മലയോരങ്ങളില്‍ കാര്‍ഷികാഭിവൃദ്ധിക്കു തുടക്കം കുറിച്ചതോടെ ജില്ലക്കകത്തുനിന്നും മറ്റു ജില്ലകളില്‍ നിന്നും തൊഴിലന്വേഷിച്ച് ആളുകള്‍ എത്തിത്തുടങ്ങി. അവരിലധികവും തൊഴിലുടമകളുടെ വീടുകളില്‍ താമസിച്ചുകൊണ്ട് അവിടുത്തെ കാര്‍ഷികജോലികളില്‍ ഏര്‍പ്പെട്ടിരുന്നു. പാര്‍ത്തുപണിക്കാര്‍ എന്നപേരില്‍ ഇവര്‍ അറിയപ്പെട്ടു. പിന്നീട് തൊഴിലുടമകള്‍ നല്‍കിയ തുണ്ട് ഭൂമികളില്‍ കൊച്ചുകൊച്ചു കൂരകള്‍ കെട്ടി ഇവര്‍ ഇവിടങ്ങളില്‍ കുടിപാര്‍പ്പാക്കുകയും ചെയ്തു. കാര്‍ഷികോല്‍പ്പന്നങ്ങളുടെ വിപണനത്തിനായി മറ്റുസ്ഥലങ്ങളില്‍ നിന്നെത്തിയവരും ക്രമേണ ഈ പ്രദേശങ്ങളില്‍ സ്ഥിരതാമസമാക്കി.ആദ്യകാലങ്ങളില്‍ കപ്പ, നെല്ല് മുതലായ കൃഷികള്‍ക്ക് പുറമെ നാണ്യവിളകളായി ഇഞ്ചിപ്പുല്ലും കൃഷി ചെയ്തിരുന്നു. ക്രമേണ കറുത്തപൊന്ന് ഈ പ്രദേശത്തെ ഏറ്റവും വലിയ വിളയായി മാറി. വിവിധ മേഖലകളില്‍ വ്യത്യസ്ത ആചാരത്തിലും സംസ്കാരത്തിലും ജീവിച്ചിരുന്ന ഹിന്ദുക്കളും മുസ്ളീങ്ങളും ക്രിസ്ത്യാനികളുമാണ് ഇവിടെ കുടിയേറിയത്..കുടിയേറ്റ കര്‍ഷകര്‍ക്ക് കാലാവധി പറഞ്ഞുള്ള ചാര്‍ത്തിന്‍മ്മേലാണ് ജന്മിമാര്‍ സ്ഥലം നല്‍കിയിരുന്നത്. ഈ വ്യവസ്ഥ പ്രകാരം കാലാവധി കഴിയുമ്പോള്‍ ചാര്‍ത്ത് പുതുക്കി എഴുതിക്കുകയോ ജന്മിക്ക് കര്‍ഷകനെ ഒഴിപ്പിക്കാനോ കഴിയുമായിരുന്നു.

വിദ്യാഭ്യാസ ചരിത്രം

ആരോഗ്യം, വിദ്യാഭ്യാസം, ഗതാഗതം തുടങ്ങിയ മേഖലകളില്‍ അവരുടെ അടിയന്തിര ശ്രദ്ധ പതിഞ്ഞത് വിദ്യാഭ്യാസത്തിലായിരുന്നു. കല്ലാനോട് പ്രദേശത്ത് അഗസ്റ്റിന്‍ കിഴുക്കാരക്കാട്ടും കൂരാച്ചുണ്ടില്‍ കുഴിപ്പള്ളി ആശാനും മുള്ളന്‍കുഴി ആശാനും കുടിപ്പള്ളിക്കൂടങ്ങള്‍ ആരംഭിച്ചത് വിദ്യാഭ്യാസം സാധാരണക്കാര്‍ക്കും ലഭ്യമാകുന്നതിന് സഹായകമായി. കുടിയേറ്റ മേഖലയില്‍ 1947-ല്‍ ആരംഭിച്ച സെന്റ് തോമസ് എലിമെന്ററി സ്കൂളാണ് ഇവിടുത്തെ ആദ്യത്തെ വിദ്യാലയം. 1948-ല്‍ കല്ലാനോടും ഒരു എലിമെന്റി സ്കൂള്‍ ആരംഭിച്ചു. 1954-55-ല്‍ കുളത്തുവയലില്‍ ഒരു ഹൈസ്കൂള്‍ സ്ഥാപിതമായതോടെ ഹൈസ്കൂള്‍ വിദ്യാഭ്യാസത്തിന് കുറേക്കുടി സൌകര്യം ലഭിച്ചു.

ഗതാഗത ചരിത്രം

1940-കളില്‍ തിരുവിതാംകൂറിന്റെ മദ്ധ്യഭാഗങ്ങളില്‍ നിന്ന് കുടിയേറിയ കര്‍ഷകര്‍ കോഴിക്കോട്ട് നിന്ന് കരിഗ്യാസ് വണ്ടികളില്‍ പേരാമ്പ്ര എത്തി കരികുളം അമ്പായപ്പാറ വഴി ദര്‍ഭപ്പുല്ലും തൊട്ടാവാടിയും തള്ളിനീക്കി ഏതാണ്ട് ഒരു ദിവസത്തെ കാല്‍നടയായാണ് കൂരാച്ചുണ്ടില്‍ എത്തിച്ചേര്‍ന്നിരുന്നത്. പിന്നീട് കുളത്തുവയലിലും, കൂരാച്ചുണ്ടിലും പളളികളും മറ്റും നിര്‍മ്മിക്കുകയും പ്രസ്തുത പള്ളികളില്‍ വികാരിമാരായി വന്ന ഫാദര്‍ തോമസ് ആയല്ലൂര്‍, ഫാദര്‍ വര്‍ഗ്ഗീസ് തയ്യില്‍ എന്നിവരുടെ നേതൃത്വത്തില്‍ പേരാമ്പ്ര-കൂരാച്ചുണ്ട്, കൂരാച്ചുണ്ട്-ബാലുശ്ശേരി, തലയാട്-കരിയാത്തുംപാറ, കൂരാച്ചുണ്ട്-കരിയാത്തുംപാറ എന്നീ റോഡുകള്‍ കുടിയേറ്റ കര്‍ഷകരെ സംഘടിപ്പിച്ച് നൂറു ശതമാനവും ശ്രമദാനമായി വെട്ടിയുണ്ടാക്കി. കുടിയേറ്റം ശക്തമായതോടെ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് പുതിയ റോഡുകള്‍ കുടിയേറ്റ ജനത തന്നെ കൂട്ടായ അദ്ധ്വാനത്തിലൂടെ വെട്ടിത്തുറന്നു. കുറ്റ്യാടി എച്ച്.ഇ.പ്രോജക്ടിന്റെ നിര്‍മ്മാണവുമായി ബന്ധപ്പെടുത്തി എസ്റ്റേറ്റ് മുക്കില്‍ നിന്ന് കക്കയം ഡാം സൈറ്റ് വരെ ഈ പഞ്ചായത്തില്‍ ആദ്യമായി ടാര്‍ റോഡ് നിര്‍മ്മിക്കപ്പെട്ടു. പിന്നീട് ചെമ്പ്ര പുഴക്ക് പാലം തീര്‍ത്തതോടുകൂടി കൂരാച്ചുണ്ടിലേക്ക്, ടാര്‍ ചെയ്ത റോഡ് നീളുകയും കൂരാച്ചുണ്ട് പാലത്തിന്റെ നിര്‍മ്മാണത്തോടു കൂടി പേരാമ്പ്ര-കൂരാച്ചുണ്ട് റോഡ് പൂര്‍ണ്ണമായും ഗതാഗത യോഗ്യമായി തീരുകയും ചെയ്തു.

സാംസ്കാരിക ചരിത്രം

വൈവിധ്യ പൂര്‍ണ്ണങ്ങളായ പല കാലഘട്ടങ്ങളുടെയും സാംസ്കാരിക ചരിത്രമാണ് കൂരാച്ചുണ്ടിന്റേത്. വളരെ കാലം മുമ്പ് തന്നെ ജനവാസയോഗ്യമായ സ്ഥലമാണ് കൂരാച്ചുണ്ടെന്ന് പറയാന്‍ കഴിയും. പ്രദേശത്തിലെ പല ഭാഗങ്ങളിലും നിന്ന് കണ്ടെത്തിയ അവശിഷ്ടങ്ങള്‍ അതിന്റെ സാദ്ധ്യതകളിലേയ്ക്ക് വിരല്‍ ചൂണ്ടുന്നു. അത്യോടി കോവിലകവും, അതിനോടനുബന്ധിച്ച ആനപ്പന്തികളും, ക്ഷേത്രങ്ങളും, കുളങ്ങളും, കിണറുകളും അതിന്റെ ഉദാഹരണങ്ങളാണ്. ഹൈന്ദവാചാരങ്ങളും സംസ്കാരവും പാലിച്ചു പോന്നിരുന്ന ഒരു ജനത ഈ പ്രദേശങ്ങളിലുണ്ടായിരുന്നു. പിന്നീട് 40-കളില്‍ മദ്ധ്യതിരുവിതാംകൂറില്‍ നിന്നുള്ള കുടിയേറ്റ കര്‍ഷകരുടെ വരവ് കൂരാച്ചുണ്ടില്‍ ഒരു പുതു സംസ്കാരത്തിന് നാമ്പുകളിടുകയായിരുന്നു. ഭൂമി സ്വന്തമാക്കുന്നതോടൊപ്പം തങ്ങളുടെ ആചാരങ്ങളും അനുഷ്ഠാനങ്ങളും പാലിക്കുവാന്‍ ദേവാലയങ്ങള്‍ക്ക് രൂപം കൊടുക്കുവാനും അവര്‍ മറന്നില്ല. ആദ്യം കൂരാച്ചുണ്ടിലും (1946) പിന്നീട് കല്ലാനോട്ടും ക്രൈസ്തവ ദേവാലയങ്ങള്‍ കെട്ടിപ്പടുത്തു. അതിന്റെ ഭാഗമായി സാംസ്കാരിക പ്രവര്‍ത്തനങ്ങളും തുടങ്ങി. ഇതിന്റെ പ്രാരംഭമായി വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ സ്ഥാപിച്ചു. കൂരാച്ചുണ്ട് ആസ്ഥാനമായി സെന്റ് തോമസ് എലിമെന്ററി സ്കൂള്‍ പ്രവര്‍ത്തനമാരംഭിച്ചു. കച്ചവട ആവശ്യങ്ങള്‍ക്കായി ഇവിടെ എത്തിയവരില്‍ ഭൂരിപക്ഷവും ഇസ്ളാമിക ആചാരങ്ങളുള്ള ജനതയായിരുന്നു. അവരുടെ ആചാരാനുഷ്ഠാനങ്ങള്‍ക്കായി കൂരാച്ചുണ്ടിലൊരു മുസ്ളീം പള്ളിയും സ്ഥാപിക്കുകയുണ്ടായി. മധ്യതിരുവിതാംകൂറിലെയും സമീപ പ്രദേശങ്ങളിലെയും മുസ്ളീം സഹോദരങ്ങള്‍ വ്യത്യസ്ത സംസ്കാരത്തിന്റെ ഭാഗങ്ങളായിരുന്നു. കാലത്തിനനുസരിച്ച് സാംസ്കാരിക മുന്നേറ്റം ഇവിടുത്തെ ജനതയിലുമുണ്ടായി. സാംസ്കാരിക പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ക്ളബുകളും കലാകേന്ദ്രങ്ങളും രൂപം കൊള്ളാന്‍ തുടങ്ങി. നാടകങ്ങളാടാനും ആസ്വദിക്കാനും ജനങ്ങള്‍ മുന്നാട്ട് വന്നു. നിര്‍മല ആര്‍ട്സ് ക്ളബ് എന്ന സാംസ്കാരിക പ്രസ്ഥാനത്തിന് പഞ്ചായത്തില്‍ തുടക്കം കുറിച്ചു. ഒട്ടേറെ നാടകങ്ങള്‍ ഈ ക്ളബിലൂടെ അവതരിപ്പിച്ചു.പഞ്ചായത്തിലെ സാംസ്കാരികനിലയം കല്ലാനോട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്നു. മുമ്പിത് കല്ലാനോട് പബ്ളിക് ലൈബ്രറി എന്നാണറിയപ്പെട്ടിരുന്നത്. കവിയും ചിത്രകാരനുമായ പോള്‍ കല്ലാനോടിനെപ്പോലെയുള്ളവര്‍ സാംസ്കാരിക രംഗത്ത് ഈ നാടിന്റെ സംഭാവനയാണ്. പഞ്ചായത്തിലെ ആദിവാസികളായ പണിയ സമുദായങ്ങളുടെ ഇടയില്‍ ഉടുക്കുകൊട്ട്, കോല്‍ക്കളി തുടങ്ങിയ കലകള്‍ നിലനിന്നിരുന്നു.