കോന്നി

പത്തനംതിട്ട ജില്ലയില്‍ കോഴഞ്ചേരി താലൂക്കിലാണ് കോന്നി ബ്ളോക്ക് പഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. കോന്നി, അരുവാപ്പുലം, പ്രമാടം, മൈലപ്ര, വള്ളിക്കോട്, തണ്ണിത്തോട്, മലയാലപ്പുഴ എന്നീ ഗ്രാമപഞ്ചായത്തുകള്‍ കോന്നി ബ്ളോക്കില്‍ ഉള്‍പ്പെടുന്നു. കോന്നി, കോന്നിതാഴം, മലയാലപ്പുഴ, ഐരവന്‍, അരുവാപ്പുലം, പ്രമാടം, വള്ളിക്കോട്, മൈലപ്ര, പത്തനംതിട്ട, റാന്നി, വടശ്ശേരിക്കര, തണ്ണിത്തോട് എന്നീ വില്ലേജുകളിലായി വ്യാപിച്ചു കിടക്കുന്ന കോന്നി ബ്ളോക്കിന് 841.27 ചതുരശ്രകിലോമീറ്റര്‍ വിസ്തീര്‍ണ്ണമുണ്ട്. മലനാടിന്റെ ഭാഗമാണ് കോന്നി. ഉയര്‍ന്ന മലനിരകളും പാടശേഖരങ്ങളും പലയിടങ്ങളിലായുളള പാറക്കെട്ടുകളും ചതുപ്പുനിലങ്ങളും വനവിഭവങ്ങളും നിറഞ്ഞതാണ് കോന്നിയൂര്‍ പ്രദേശം. കോന്നി എന്ന പ്രദേശത്തിന്റെ ആദ്യകാലനാമം കോന്നിയൂര്‍ എന്നായിരുന്നു. കോന്‍-ടി-ഊര് എന്നതിന്റെ ചുരുക്കരൂപമാണ് കോന്നിയൂര്‍. ‘കോന്‍’ എന്നാല്‍ രാജാവ് എന്നര്‍ത്ഥം. ‘കോന്‍ടിയൂര്‍’ എന്ന തമിഴ് വാക്കിന്റെ അര്‍ത്ഥം രാജാവ് പാര്‍ക്കുന്ന ഗ്രാമം എന്നാണ്. കോന്നിയൂര്‍ പില്‍ക്കാലത്ത് കോന്നിയായി. “അരുമൈപ്പുലം” (മനോഹരമായ കൃഷിസ്ഥലം) എന്ന തമിഴ് വാക്കാണ് അരുവാപ്പുലമായി മാറിയതെന്ന് വിശ്വസിക്കപ്പെടുന്നു. പ്രമാടം എന്ന് ഇന്ന് വിളിക്കപ്പെടുന്ന പ്രദേശത്ത് പുരാതനകാലം മുതല്‍ ബ്രാഹ്മണ കുടുംബങ്ങള്‍ താമസിച്ചിരുന്നു. അക്കൂട്ടത്തില്‍ ഏതോ ഒരു മഠത്തില്‍ ഉണ്ണി പിറക്കുകയും ഉണ്ണി പിറന്ന മഠം അങ്ങനെ പിറമഠം എന്നറിയപ്പെടുകയും ചെയ്തു. ക്രമേണ ഇത് പ്രമാടം എന്നു വിളിക്കാനിടയായി. മയിലുകള്‍ കൂട്ടമായി അധിവസിച്ചിരുന്ന പാറപ്രദേശം എന്ന നിലയില്‍ ആദ്യകാലത്ത് മയില്‍പ്പാറ എന്നു വിളിക്കപ്പെട്ട സ്ഥലമാണ് പില്‍ക്കാലത്ത് മൈലപ്ര ആയി തീര്‍ന്നത്. മകരച്ചൂടില്‍പ്പോലും ഒരിക്കലും വെള്ളം (തണ്ണി) തീര്‍ത്തു വറ്റാത്ത ജലസ്രോതസ്സുകള്‍ ഉണ്ടായിരുന്ന പ്രദേശത്തിനാണ് തണ്ണിത്തോടെന്ന പേരു ലഭിച്ചത്. താഴ്വരകള്‍, വയലുകള്‍, ചരിവുകള്‍, കാട്ടുപ്രദേശങ്ങള്‍, കുന്നിന്‍പ്രദേശം, സമതലങ്ങള്‍, കുന്നിന്‍ ചരിവുകള്‍, തട്ട് പ്രദേശങ്ങള്‍, കുന്നിന്‍പുറത്തുളള സമതലം, വെളളം കയറുന്ന പ്രദേശങ്ങള്‍, ഉയര്‍ന്ന മലകള്‍, കുത്തനെയുളള ചരിവുകള്‍, നദീതീരസമതലം എന്നിങ്ങനെ ഭൂപ്രകൃതി അനുസരിച്ച് ഈ ബ്ളോക്കിനെ തരം തിരിക്കാം. ധാരാളം വനഭൂമി ഈ ബ്ളോക്കിലുണ്ട്. കോന്നി ബ്ളോക്കിലുള്ള അരുവാപ്പുലം പഞ്ചായത്തിന്റെ മൂന്നിലൊന്ന് ഭാഗവും വനമാണ്. കരിമണ്ണ്, കളിമണ്ണ്, മണല്‍കലര്‍ന്ന കളിമണ്ണ്, കറുത്ത പശിമരാശി മണ്ണ്, ചരല്‍ കലര്‍ന്ന ചെമ്മണ്ണ്, ചരല്‍മണ്ണ്, പാറപ്രദേശം, ചെമ്മണ്ണ്, വെള്ളാരംകല്ല് കലര്‍ന്ന മണ്ണ്, എക്കല്‍മണ്ണ്, ഫലഭൂയിഷ്ഠമായ എക്കല്‍ മണ്ണ്, ഫലഭൂയിഷ്ഠമായ കറുത്ത മണ്ണ് എന്നിവയാണ് ബ്ളോക്കുപ്രദേശത്ത് കണ്ടുവരുന്ന പ്രധാന മണ്ണിനങ്ങള്‍. കോന്നി ബ്ളോക്ക് പഞ്ചായത്തിലുള്‍പ്പെടുന്ന ഓരോ ഗ്രാമങ്ങള്‍ക്കും സ്വന്തമായ സ്ഥലനാമചരിത്രങ്ങളുണ്ട്.