ചരിത്രം

പ്രാചീന കേരളത്തിന്റെ ചരിത്രത്തോളം പഴക്കമുണ്ട് കൊന്നത്തടിയുടെ ചരിത്രത്തിന്. ഇവിടെ നിലനിന്നിരുന്ന ഏതോ പുരാതന സംസ്കാരത്തിന്റെ ഭാഗമായി കണ്ടെടുത്തിട്ടുള്ള പുരാവസ്തുക്കള്‍ ഈ സംസ്ക്കാരത്തിന്റെ മഹത്വം വിളിച്ചോതുന്നവയാണ്. കമ്പിളികണ്ടം, മുനിയറ, കൊമ്പൊടിഞ്ഞാല്‍ എന്നിവിടങ്ങളില്‍ കാണുന്ന മുനിയറകള്‍, പാറത്തോട്ടില്‍ നിന്നും, കരിമലയില്‍ നിന്നും കണ്ടെടുത്തിട്ടുള്ള മണ്‍പാത്രങ്ങള്‍, ആയുധങ്ങള്‍ എന്നിവയ്ക്ക് കേരളത്തിന്റെ മറ്റ് പ്രദേശങ്ങളില്‍ നിന്നും കണ്ടെടുത്തിട്ടുള്ള മഹാശിലായുഗ അവശിഷ്ടങ്ങളോടുള്ള സാമ്യം കണക്കിലെടുക്കുമ്പോള്‍ ഇവിടെ ബി.സി 700 നും 400 നും ഇടയില്‍ ജനവാസം ഉണ്ടായിരുന്നു എന്ന് അനുമാനിക്കാം. കുടിയേറ്റ സമയത്ത് ഇവിടെ കണ്ടിരുന്ന ഗിരിവര്‍ഗ്ഗക്കാര്‍ക്ക് നിഗ്രോറ്റോസ് വംശജരുമായുള്ള സാമ്യം ഈ ചിന്താഗതിക്ക് കൂടുതല്‍ ബലമേകുന്നു.  പഞ്ചായത്തിന്റെ ആധുനിക ചരിത്രം ആരംഭിക്കുന്നത് 20-ാം നൂറ്റാണ്ടിന്റെ മദ്ധ്യത്തോടെയാണ്. ഘോരവനങ്ങളില്‍ അധിവസിക്കുന്ന ഗിരിവര്‍ഗ്ഗക്കാരില്‍ (മന്നാന്‍) നിന്നും ലഭിച്ച അറിവുകളാണ് കൃഷിക്കാരെ ഇവിടേക്ക് ആകര്‍ഷിച്ചത്. അങ്ങനെ ആധുനിക ചരിത്രം കുടിയേറ്റ ചരിത്രത്തോടെ ആരംഭിക്കുന്നു. മൂന്നു വശങ്ങളും നദികളാല്‍ ചുറ്റപ്പെട്ട ഫലഭൂയിഷ്ഠമായ ഈ ഭൂമിയിലേക്ക് വഴി തെളിച്ച സാഹചര്യങ്ങള്‍ ശ്രദ്ധേയമാണ്. സ്വാതന്ത്ര്യാനന്തര ഭാരതത്തില്‍ ഉണ്ടായ ഭക്ഷ്യക്ഷാമം പരിഹരിക്കുന്നതിനായി വനാന്തരങ്ങളിലെ ചതുപ്പുകളില്‍ കൃഷി ചെയ്യുവാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയത് കുടിയേറ്റത്തിന് വഴി തെളിച്ചു. 1947-ല്‍ തന്നെ ഭാഷാ സംസ്ഥാനങ്ങള്‍ക്ക് വേണ്ടിയുള്ള മുറവിളി ഉയര്‍ന്നു കഴിഞ്ഞിരുന്നു. തമിഴ് ഭാഷാഭൂരിപക്ഷത്തിന്റെ പേരില്‍ തിരുവിതാംകൂറിന്റെ  നെല്ലറയായിരുന്ന നാഞ്ചിനാടന്‍ പ്രദേശം കൈവിട്ടുപോയി. പീരുമേട്, ദേവികുളം, ഉടുമ്പന്‍ചോല താലൂക്കുകളില്‍പ്പെട്ട പ്രദേശങ്ങള്‍ തമിഴ് ഭൂരിപക്ഷത്തിന്റെ പേരില്‍ കൈവിട്ടു പോകാതിരിയ്ക്കാന്‍ സര്‍ക്കാര്‍ മൌനാനുവാദം  നല്‍കി. ഈ അനുകൂല സാഹചര്യങ്ങള്‍ മുതലെടുത്തുകൊണ്ട് തൊടുപുഴ-മീനച്ചില്‍ താലൂക്കുകളില്‍ നിന്നും മുതിരപ്പുഴയ്ക്ക് മറുകരയില്‍ എത്തിയ കൃഷിക്കാര്‍ 1949 മുതല്‍ ഈ മണ്ണിലേയ്ക്കുള്ള പ്രയാണം ആരംഭിച്ചു. മുതിരപ്പുഴ, കൊന്നത്തടി, പന്നിയാര്‍, പാറത്തോട്, ചിന്നാര്‍, മങ്കുവ എന്നിവയായിരുന്നു  ഇവരുടെ ആദ്യകാല കേന്ദ്രങ്ങള്‍. 1951-മുതല്‍ വ്യാപകമായി കൃഷി ചെയ്യാന്‍ ആരംഭിച്ചതോടെ വനപാലകരും, റവന്യൂ ഉദ്യോഗസ്ഥരും കുടിയൊഴിപ്പിക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചു. കാട്ടുമൃഗങ്ങളുടെ ഉപദ്രവങ്ങളില്‍ നിന്നും കൃഷിയെ രക്ഷിക്കാനും വെട്ടിപ്പിടിച്ച ഭൂമി കൈവിട്ടുപോകാതിരിക്കാനും കൃഷിക്കാര്‍ സംഘം ചേര്‍ന്ന് തങ്ങളുടെ കൂട്ടായ്മ ശക്തിപ്പെടുത്താന്‍ തീരുമാനിച്ചു. 1952-ല്‍ കൃഷിക്കാര്‍ ഉത്പാദിപ്പിക്കുന്ന നെല്ലിന്റെ പകുതി സര്‍ക്കാരിന് പാട്ടമായി നല്‍കണമെന്ന ഉത്തരവ് വന്നതോടെ പോരാട്ടങ്ങള്‍ ശക്തി പ്രാപിച്ചു. കര്‍ഷക സംഘത്തിന്റെ നേതൃത്വത്തില്‍ വലിയ പ്രതിഷേധ സമരങ്ങള്‍ സംഘടിപ്പിക്കപ്പെട്ടു. ഇതിന്റെ ഫലമായി  ഏക്കറിന് ആറ് പറ എന്ന് നിജപ്പെടുത്തുവാന്‍ സര്‍ക്കാര്‍ തയ്യാറായി. ഈ വിജയം കൃഷിക്കാരില്‍ പുത്തന്‍ ഉണര്‍വ്വ് പകര്‍ന്നു. ജനകീയ സര്‍ക്കാര്‍ തകര്‍ന്നപ്പോള്‍  ശക്തനും, സേച്ഛാധിപതിയുമായ ഗവര്‍ണ്ണര്‍ പി.എസ്.റാവുവിന്റെ ഭരണം ആരംഭിച്ചു. കൃഷിക്കാരെ കയ്യേറ്റക്കാര്‍ എന്ന് മുദ്ര കുത്തി കുടിയൊഴിപ്പിക്കാന്‍ ഗവര്‍ണ്ണര്‍ തീരുമാനിച്ചതോടെ മലനാട്ടില്‍ വ്യാപകമായ പ്രക്ഷോഭപരിപാടികള്‍ ആരംഭിച്ചു. ഗവര്‍ണ്ണര്‍ ഭരണം അവസാനിച്ച് പട്ടം താണുപിള്ളയുടെ നേതൃത്വത്തില്‍ ജനകീയ മന്ത്രിസഭ അധികാരത്തില്‍ വന്നു. കര്‍ഷക സംഘത്തിന്റെ നേതൃത്വത്തില്‍ സര്‍ക്കാരിന് നല്‍കിയ നിവേദനത്തെ തുടര്‍ന്ന് മുഖ്യമന്ത്രി വെള്ളത്തൂവലില്‍ സന്ദര്‍ശനത്തിന് എത്തി. തന്നെ സ്വീകരിക്കാന്‍ എത്തിയ ആയിരക്കണക്കിന് കുടിയേറ്റ കര്‍ഷകരെ കണ്ടപ്പോള്‍ കുടിയൊഴിപ്പിക്കല്‍ നീതിരഹിതമാണെന്ന് മനസ്സിലാക്കിയ മുഖ്യമന്ത്രി ഭൂമി പതിച്ചു നല്‍കുവാന്‍ ഉത്തരവിട്ടു. എന്നാല്‍ നടപടികള്‍ പൂര്‍ത്തിയാക്കുന്നതിന് മുന്‍പ് ആ മന്ത്രിസഭ പിരിച്ചുവിട്ടതുമൂലം കര്‍ഷകരുടെ ആ സ്വപ്നം പൊലിഞ്ഞു. എങ്കിലും ഭൂമി കൈവിട്ടു പോകില്ലാ എന്ന വിശ്വാസത്തോടെ സ്ഥിര ദേഹണ്ഡങ്ങള്‍ വച്ചു പിടിപ്പിക്കാന്‍ തുടങ്ങി. കുടിയേറ്റ ഭൂമിയായ കൊന്നത്തടിയില്‍ സ്കൂളിന് വേണ്ടിയുള്ള ശ്രമം ആരംഭിക്കുന്നത് 1951-നോട് കൂടിയാണ്. 1954-ല്‍ സര്‍വ്വോദയ സംഘം മുക്കുടം കേന്ദ്രമായി ഒരു ജൂനിയര്‍ ബേസിക് സ്കൂള്‍ ആരംഭിച്ചു. ഈ സ്കൂളാണ് ഇന്ന് മുക്കുടത്ത് പ്രവര്‍ത്തിക്കുന്ന വിജ്ഞാനം എല്‍.പി.സ്കൂള്‍. 1957-ല്‍ പാറത്തോട്ടില്‍ ഒരു എല്‍.പി സ്കൂള്‍ ആരംഭിച്ചു. പിന്നീട് ഇത് യു.പിയും എച്ച്.എസ്.ഉം ആയി വളര്‍ന്ന് പഞ്ചായത്തിലെ ഏറ്റവും വലിയ സ്കൂളായി മാറി. ഇതിനോടടുത്ത് പണിക്കന്‍കുടിയില്‍ ഒരു ട്രൈബല്‍ സ്കൂള്‍ ആരംഭിക്കുകയും, പിന്നീട് ഇത് യു.പിയും എച്ച്.എസും ആയി വളര്‍ന്നു. ഇവ കൂടാതെ കോതമംഗലം രൂപതയുടെ കീഴില്‍ പൊന്‍മുടിയില്‍ ഒരു എച്ച്.എസ് സ്കൂളും, പനംകൂട്ടി, മങ്കുവ എന്നിവിടങ്ങളില്‍ ഓരോ യു.പി സ്കൂളുകളും പ്രവര്‍ത്തിക്കുന്നുണ്ട്. കൊന്നത്തടി പഞ്ചായത്തിന്റെ സാംസ്കാരിക രംഗം പ്രബുദ്ധമാണ്. മതസ്ഥാപനങ്ങളോട് അനുബന്ധിച്ചുള്ള തിരുനാളുകളും, ഉത്സവങ്ങളുമാണ് പ്രധാനപ്പെട്ട ആഘോഷങ്ങള്‍. ഈ ആഘോഷങ്ങളില്‍ ജാതിമതഭേദമെന്യെ എല്ലാവരും പങ്കു കൊള്ളുന്നു. ഇവിടെ ക്രിസ്ത്യന്‍ ഹിന്ദു മുസ്ലീം സമുദായത്തില്‍പ്പെട്ട ആളുകള്‍ സൌഹാര്‍ദ്ദത്തോടെ കഴിയുന്നു. ക്രിസ്ത്യന്‍ വിഭാഗത്തില്‍ കത്തോലിക്കരും ഹിന്ദു വിഭാഗത്തില്‍ ഈഴവരുമാണ് അധികവും. ഇരുപതോളം ക്രിസ്ത്യന്‍ ആരാധനാകേന്ദ്രങ്ങളും, പത്തോളം അമ്പലങ്ങളും ഒരു മോസ്കുമാണ് പ്രവര്‍ത്തിക്കുന്നത്.